പാര്‍ലമെന്ററി പ്രാതിനിധ്യം: മുസ്‌ലിം സംവരണ മണ്ഡലങ്ങള്‍ വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: രാജ്യത്തെ ജനസംഖ്യയില്‍ മൂന്നില്‍ ഒന്ന് വരുന്ന മുസ്‌ലിം ജനവിഭാഗം പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ നിന്നു പൂര്‍ണമായി അന്യവത്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിലും അസംബ്ലിയിലും മന്ത്രിസഭകളിലും മുസ്‌ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നടപടി വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 544 അംഗ പാര്‍ലിമെന്റില്‍ കേവലം 24 പേര്‍ മാത്രമാണ് മുസ്‌ലിംകളുള്ളത്. മിക്ക സംസ്ഥാനങ്ങളില്‍ നിന്ന് ഒരാള്‍ പോലും മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരില്ല. കുറച്ചു വര്‍ഷങ്ങളായി കേന്ദ്ര മന്ത്രിസഭയില്‍ മുസ്‌ലിം പ്രതിനിധികളില്ല. ഇന്‍ഡ്യ മുന്നണിയിലെ പ്രബല കക്ഷികള്‍ പോലും ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തയ്യാറായിട്ടില്ല. മുസ്‌ലിം സമുദായത്തോടുള്ള ഈ കടുത്ത വിവേചനം അവസാനിപ്പിക്കാന്‍ മുസ്‌ലിം സംവരണ മണ്ഡലങ്ങള്‍ക്കായി ഭരണഘടനാ ഭേദഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇന്ത്യാ സഖ്യകക്ഷികള്‍ അതിനായി പ്രയത്‌നിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിദ്വേഷ രാഷ്ട്രീയവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ബുള്‍ഡോസര്‍ രാഷ്ട്രീയവും ശക്തിപ്പെടുത്തുന്ന സംഘ് പരിവാര്‍ ഗൂഢപദ്ധതിക്കെതിരെ മതേതര ശക്തികള്‍ ശക്തമായി പ്രതികരിക്കണം. സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കണം. അധികാര, ഉദ്യോഗ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ജാതിമത സ്ഥിതി വിവര കണക്കുകള്‍ പുറത്ത് വിടണം. മുസ്‌ലിം സമുദായത്തെ അന്യായമായി വേട്ടയാടുന്നവരെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണം. മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, എം അഹമ്മദ്കുട്ടി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സി അബ്ദുലത്തീഫ്, സി മമ്മു കോട്ടക്കല്‍, കെ പി ഖാലിദ്, ഫൈസല്‍ നന്മണ്ട, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് മങ്കട, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, പി പി ഖാലിദ്, ഡോ. ജാബിര്‍ അമാനി, ശംസുദ്ദീന്‍ പാലക്കോട്, കുഞ്ഞമ്മദ് മദനി, പി അബ്ദുല്‍അസീസ് മദനി, ബി പി എ ഗഫൂര്‍, കെ പി അബദുറഹ്‌മാന്‍ സുല്ലമി, ഫാറൂഖ് സ്വലാഹി, ഷിയാസ് സലഫി പ്രസംഗിച്ചു.