8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

പാമ്പുകള്‍ക്ക് മാളമുണ്ട്

മാളത്തിലെ പാമ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസിലെ ഷഹ്‌ല ഷെറിന് ക്ലാസ് സമയത്ത് ക്ലാസില്‍ നിന്നു പാമ്പുകടിയേറ്റു. ചികിത്സ കിട്ടാതെ മരിച്ചു (14-11-2019). ഈ സംഭവം സംസ്ഥാനത്തെ പിടിച്ചു കുലുക്കി. മനസ്സാക്ഷിയെ ഞെട്ടിച്ചു.
വിഷപ്പാമ്പുകള്‍ മനുഷ്യനെ കടിക്കുക എന്നത് അസാധാരണമല്ല. പാമ്പുകടിയേറ്റവരില്‍ പലരും മരിക്കുന്നു. അത് അത്യപൂര്‍വ സംഭവവുമല്ല. സ്‌കൂളിലും ഓഫീസുകളിലും യൂണിവേഴ്‌സിറ്റിയിലും പാമ്പുകള്‍ കടന്നുവരുന്നതും കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നിട്ടുമെന്തേ ഷഹ്‌ലയുടെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തിയത് എന്നതാണ് ചിന്താവിഷയം. സ്‌കൂളിലെ അധ്യാപകരും ആശുപത്രിയിലെ ഡോക്ടര്‍മാരും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ഗുരുതരമായ അലംഭാവം കാണിച്ചതിനാല്‍ ആ കുട്ടിക്ക് മതിയായ ചികിത്സ നല്‍കാന്‍ കഴിയാതെ പോയി. തന്നിമിത്തം കുട്ടി മരിച്ചു. ഇതാണ് സംഭവം.
വിദ്യാഭ്യാസ വകുപ്പ് ഉണര്‍ന്നു. ആരോഗ്യ വകുപ്പ് സടകുടഞ്ഞു. സര്‍ക്കാര്‍ കണ്ണു തുറന്നു. ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഹൈക്കോടതി നേരിട്ടിടപെട്ടു. സംഭവ സ്ഥലവും പശ്ചാത്തലവും നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ജില്ലാ ജഡ്ജിയെ പറഞ്ഞയച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പുകളെ വിളിച്ചുണര്‍ത്തി. മീഡിയ ഉറക്കമൊഴിച്ച് റിപ്പോര്‍ട്ടിംഗില്‍ മുഴുകി. ചാനല്‍ ചര്‍ച്ചകള്‍ പൊടിപൊടിച്ചു.
വിദ്യാലയത്തില്‍ പാമ്പിന് കയറി നില്ക്കാവുന്ന മടകള്‍ അടയ്‌ക്കേണ്ടത് ആരാണ്? അറ്റകുറ്റപ്പണി ചെയ്യാത്തതെന്ത്? വിദ്യാലയത്തിന്റെ ഉടമ നഗരസഭയോ ജില്ലാ പഞ്ചായത്തോ? ഉത്തരവാദിത്വം ഇന്നത്തെ സര്‍ക്കാറിനോ മുന്‍ സര്‍ക്കാരുകള്‍ക്കോ…? ഇങ്ങനെ പോകുന്നു ചര്‍ച്ചകള്‍.
ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ തന്നെ. എന്നാല്‍ ഈ സംഭവത്തിലെ പ്രശ്‌നത്തിന്റെ മര്‍മം ഇതൊന്നുമല്ല. നിയമത്തിന്റെയോ സങ്കേതികത്വത്തിന്റെയോ അല്ല. അല്പം മനഷ്യത്വത്തിന്റെ പ്രശ്‌നമാണ്. ക്ലാസിലിരുന്നു കൊണ്ട് ഒരു കുട്ടി തന്നെ പാമ്പുകടിച്ചു, വേദനിക്കുന്നു, ചോരയൊലിക്കുന്നു എന്നു പറയുകയും സഹപാഠികള്‍ അത് ഉറക്കെ ഉണര്‍ത്തുകയും ചെയ്തിട്ടും അത് കാര്യമായി പരിഗണിക്കാതെ രക്ഷിതാവിന് ഫോണ്‍ ചെയ്ത് നിഷ്‌ക്രിയമായി ഇരുന്ന അധ്യാപകരും സഹപ്രവര്‍ത്തകരും വിദ്യാലയ മേധാവിയും ചെയ്ത അപരാധമാണ് കുട്ടിയെ മരണത്തിലേക്കെത്തിച്ചത്. വിഷപ്പാമ്പു കടിയേറ്റു എന്നു പറഞ്ഞ് രക്ഷിതാവ് ആശുപത്രിയിലെത്തിച്ച കുട്ടിയെ ലക്ഷണം പ്രകടമായിട്ടും ആന്റിവെനം ഉണ്ടായിട്ടും കാര്യമായി പരിഗണിക്കാതെ സാങ്കേതികത്വം പറഞ്ഞ് മടക്കി അയച്ച ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ചെയ്ത മാപ്പര്‍ഹിക്കാത്ത അപരാധം ഷഹ്‌ല എന്ന ബാലികയെ മരണത്തിലേക്കടുപ്പിച്ചു.
യാത്രാ സൗകര്യങ്ങളുള്ള വിദ്യാലയം, സ്വന്തം വാഹനമുള്ള അധ്യാപകര്‍ എല്ലാമുണ്ടായിട്ടും വിഷപ്പാമ്പു കടിയേറ്റ കുട്ടിയെ വാരിയെടുത്ത് ആശുപത്രിയിലേക്കോടാന്‍ അധ്യാപകര്‍ മടിച്ചു നിന്നത് എന്തുകൊണ്ടായിരുന്നു! പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ തരക്കേടില്ലാത്ത ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ ചുറ്റുപാടില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ‘റഫര്‍’ ചെയ്തയക്കാന്‍ മാത്രം, ബോധമില്ലാത്തവരായിരുന്നുവോ വയനാട്ടിലെ ഡോക്ടര്‍മാര്‍!
വന്നതു വന്നു. ഒരിക്കലും നികത്താനാവാത്ത നഷ്ടം. ഈ സംഭവം ഒരു പാഠമായെങ്കില്‍ എന്നാശിക്കുകയാണ്. പക്ഷേ, അതു മാത്രം നമുക്കുണ്ടാവില്ല. ഒരത്യാഹിതം വരുമ്പോള്‍ ഒന്നുണരും. മറ്റൊരനുഭവം വരുമ്പോള്‍ മറക്കും. പതിവുപോലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്, ഉപഡയറക്ടരുടെ കല്പന! വിദ്യാലയങ്ങളിലെ മടയടയ്ക്കാനും കാടുവെട്ടാനും ഏതാനും വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഉത്തരവു വന്നു; വിദ്യാലയത്തിനടുത്തുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന്. കാരണം ഒരു വിദ്യാലയത്തിനു മുകളിലേക്ക് മരം വീണു. ഒരു കണ്ടക്ടര്‍ ബസ്സിന്റെ വാതിലില്‍ നന്നും വീണുമരിച്ചു. രണ്ടു ദിവസം തകൃതിയായ വാതില്‍ പരിശോധന! പൂക്കിപ്പറമ്പില്‍ നടുറോഡില്‍ ബസ്സ് കത്തിച്ചാമ്പലായി. നിരവധി പേര്‍ മരിച്ചു. ഉടന്‍ വന്നു ഉത്തരവ്; എല്ലാ ബസ്സിലും എമര്‍ജന്‍സി ഡോര്‍ വേണമെന്ന്!
എല്ലാ പ്രശ്‌നങ്ങള്‍ക്കും അധികൃതര്‍ക്കു മാത്രമല്ല, ഉത്തരവാദിത്തമുള്ളത്; സമൂഹത്തിനുമുണ്ട്. വിദ്യാലയത്തിന്റെ ശോച്യാവസ്ഥയില്‍ ആശങ്കയുണ്ടാവേണ്ടത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമാണ്. അതാണല്ലോ പി ടി എ. പല അവസരങ്ങളിലും സമൂഹത്തിന്റെ തെറ്റായ ഇടപെടല്‍ കാരണമായി പല ഡോക്ടര്‍മാരും ‘റിസ്‌ക്’ എടുക്കാന്‍ മടിച്ചു എന്നുവരാം. ഒന്നോ രണ്ടോ അധ്യാപകരുടെ കുറ്റകരമായ നിലപാട് മറയാക്കി അധ്യാപക സമൂഹം താറടിക്കപ്പെട്ടുകൂടാ. തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളെ സ്വന്തം മക്കളെന്ന വിധം ശ്രദ്ധിക്കുന്ന ആയിരക്കണക്കിന് അധ്യാപകരുണ്ടിവിടെ എന്നു നാം മറക്കരുത്. ഷഹ്‌ല സംഭവം ദാരുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ ‘സര്‍വജന സ്‌കൂള്‍’ എന്ന പൊതുവിദ്യാലയം തകര്‍ന്നുകൂടാ. കണ്ട കാര്യങ്ങള്‍ നിഷ്‌കളങ്കമായി തുറന്നു പറഞ്ഞ കുട്ടികള്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. മാധ്യമങ്ങള്‍ അവരെ മറയാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കരുത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x