9 Friday
May 2025
2025 May 9
1446 Dhoul-Qida 11

പാണ്ഡിത്യത്തിന്റെ മഹിമ ജീവിതത്തിലെ എളിമ – ഡോ. ഇബ്‌റാഹിം മുറാദ്

മദീനയിലെ പണ്ഡിതനും ഇമാമുമായിരുന്നു സലമത്ബ്‌നു ദീനാര്‍. താബിഉകളില്‍ പ്രമുഖനായ അദ്ദേഹം എണ്ണമറ്റ സ്വഹാബികളെ കാണുകയും അവരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. ഭക്തിയും വിരക്തിയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്ര. പാണ്ഡിത്യത്തിന്റെ മഹിമ നിലനില്‍ക്കുന്നത് ജീവിതത്തിലെ എളിമയിലും ലാളിത്യത്തിലുമാണെന്ന് സലമത്ബ്‌നു ദീനാറിന്റെ ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.
ഹിജ്‌റ 97-ല്‍ ഉമവി ഖലീഫ സുലൈമാനുബ്‌നു അബ്ദുല്‍ അസീസ് മദീന സന്ദര്‍ശിച്ച സന്ദര്‍ഭം. സ്ഥലത്തെ പ്രധാന വ്യക്തികള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി അവിടെയെത്തിയിരുന്നു. പക്ഷേ, മദീനയിലെ ഖാസിയും ഇമാമുമായ സലമത്ബ്‌നു ദിനാറിന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നില്ല. ഖലീഫ സദസ്യരോട് പറഞ്ഞു: ”ഇടയ്ക്കിടക്ക് ഓര്‍മിപ്പിക്കുകയും തുടച്ചു മിനുക്കുകയും ചെയ്യാന്‍ ആളില്ലെങ്കില്‍ ലോഹങ്ങളെപ്പോല മനസ്സും തുരുമ്പു പിടിക്കും. അതുകൊണ്ട് സ്വഹാബികളുടെ ശിഷ്യന്മാരില്‍ പ്രമുഖനായ സലമത്‌നു ദിനാറിനെ ഉപദേശം നല്‍കാനായി കൂട്ടിക്കൊണ്ടുവരണം” -ഖലീഫയുടെ ക്ഷണം സ്വീകരിച്ച് സലമത്ബ്‌നുദിനാര്‍ അദ്ദേഹത്തിന്റെ സന്നിധിയിലെത്തി.
ഖലീഫയുടെ ചോദ്യങ്ങള്‍ക്ക് പണ്ഡിതോചിതമായ മറുപടി അദ്ദേഹം നല്‍കി. ഖലീഫ ചോദിച്ചു: ”മനുഷ്യരില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠന്‍?” ”മനുഷ്യത്വവും ഭയഭക്തിയുമുള്ളവന്‍” എന്നായിരുന്നു മറുപടി. ഖലീഫ ചോദ്യം ആവര്‍ത്തിച്ചു: ”ഏറ്റവും ബുദ്ധിശൂന്യനായ മനുഷ്യനാരാണ്?” ”സുഹൃത്തിന്റെ തന്നിഷ്ടങ്ങള്‍ക്കു വഴങ്ങുന്നവന്‍. അന്യന്റെ ഇഹലോകത്തിന് വേണ്ടി തന്റെ പരലോകത്തെ വില്‍ക്കുകയാണവന്‍ ചെയ്യുന്നത്.” സലമത്ബ്‌നു ദിനാറിന്റെ മറുപടിയും വിശദീകരണവും കേട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ഖലീഫക്ക് കൂടുതല്‍ മതിപ്പു തോന്നി.
അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ലെന്ന് ഖലീഫ ഓര്‍മിപ്പിച്ചു. ഏതാവശ്യവും നിറവേറ്റിത്തരാന്‍ ഖലീഫ സന്നദ്ധനാണെന്ന് അറിയിച്ചെങ്കിലും മൗനമായിരുന്നു സലമത്ബ്‌നു ദീനാറിന്റെ മറുപടി. സ്വര്‍ഗപ്രവേശവും നരക മോചനവും ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് ഐഹിക ജീവിതത്തില്‍ നിന്നുള്ള യാതൊന്നും ഖലീഫയോട് ആവശ്യപ്പെടാനുണ്ടായിരുന്നില്ല. പ്രാര്‍ഥിക്കണമെന്ന് പരസ്പരം ഉപദേശിച്ച് സംഭാഷണം തുടരുന്ന മധ്യേ സലമത്ബ്‌നു ദീനാര്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: ”അമീറുല്‍ മുഅ്മിനീന്‍, ഭരണാധികാരികള്‍ പണ്ഡിതന്മാരുടെ പക്കലുള്ള വിജ്ഞാനമാഗ്രഹിച്ച് അവരെ സമീപിക്കുന്ന ഒരു പൂര്‍വകാലം നമുക്കുണ്ടായിരുന്നു. പണ്ഡിതന്മാര്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും ലഭിച്ചിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഭരണാധികാരികളില്‍ നിന്ന് ഭൗതിക നേട്ടങ്ങളും സുഖജീവിതവും ആഗ്രഹിച്ചു വിജ്ഞാനം നേടിയ ചിലര്‍ അവരെ പില്‍ക്കാലത്ത് സമീപിക്കുന്ന സാഹചര്യമുണ്ടായി. ധനാര്‍ത്തി കൊണ്ട് പാണ്ഡിത്യത്തിന്റെ ആദരവ് സ്വയം കളഞ്ഞുകുളിച്ച് അവര്‍ ഏറ്റവും നിന്ദ്യരായ വിഭാഗമായി അധപ്പതിക്കുകയായിരുന്നു. ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിക്കാതെ പണ്ഡിതന്മാര്‍ ഭരണാധികാരികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയിരുന്നെങ്കില്‍ അവര്‍ക്ക് അന്തസ്സും അഭിമാനവും ഉണ്ടാകുമായിരുന്നു.” സലമത്ബ്‌നു ദീനാറിന്റെ വൈജ്ഞാനിക ഉപദേശങ്ങള്‍ ഖലീഫയെ വികാരാധീനനാക്കി. ആ കൂടിക്കാഴ്ചക്ക് തല്‍ക്കാലം വിരാമമിട്ട് സലമതബ്‌നു ദീനാര്‍ വീട്ടിലേക്ക് മടങ്ങി.
അല്പസമയത്തിനകം ദീനാറുകള്‍ നിറച്ച ഒരു പണക്കിഴിയുമായി ഖലീഫയുടെ ദൂതനും ആ വീട്ടിലെത്തി. ഈ പണം ചെലവഴിക്കാനും കൂടുതല്‍ ഇനിയും കൊടുത്തയക്കാമെന്നും പറഞ്ഞുകൊണ്ട് ഖലീഫ എഴുതിയ കുറിപ്പ് ദൂതന്‍ അദ്ദേഹത്തെ ഏല്പിച്ചു. പണക്കിഴി മടക്കിക്കൊണ്ട് സലമത്ബ്‌നു ദീനാര്‍ ഖലീഫക്ക് മറുപടിക്കത്ത് എഴുതി: ”അമീറുല്‍ മുഅ്മിനീന്‍! എന്നോടുള്ള താങ്കളുടെ ചോദ്യങ്ങളും അതിന് ഞാന്‍ നല്‍കിയ മറുപടിയും വൃഥാ വേലയാവാതിരിക്കാന്‍ അല്ലാഹുവിനോട് ഞാന്‍ കാവല്‍ തേടുന്നു. ഈ ദീനാറുകള്‍ ഞാന്‍ അങ്ങയോട് സംസാരിച്ചതിന്റെ പ്രതിഫലമാണെങ്കില്‍ അതിലും എനിക്ക് അഭികാമ്യം പന്നിമാംസവും ശവവും ഭുജിക്കലാണ്. പൊതുഖജനാവില്‍ നിന്ന് എനിക്കുള്ള അവകാശമാണെങ്കില്‍ ഇതില്‍ മറ്റുള്ള പൗരന്മാരെയും തുല്യ പങ്കാളികളായി താങ്കള്‍ പരിഗണിക്കാതെ ഇത് എനിക്ക് സ്വീകരിക്കാന്‍ നിര്‍വാഹമില്ല.” ധനമോഹമോ സുഖജീവിതത്തോടുള്ള അഭിനിവേശമോ ഒട്ടുമില്ലാതെ ഖലീഫയുടെ സ്‌നേഹസമ്മാനം പോലും തിരസ്‌ക്കരിച്ച സലമത്ബ്‌നു ദീനാര്‍ പാണ്ഡിത്യത്തിന്റെ മഹത്വമാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.
ലോകത്ത് മനുഷ്യാരംഭം മുതല്‍ തന്നെ തുടക്കം കുറിച്ച ഒരു നടപടിക്രമമുണ്ട്. പ്രപഞ്ച സ്രഷ്ടാവ് പ്രവാചകന്മാരിലൂടെ ദിവ്യസന്ദേശം ജനങ്ങള്‍ക്ക് കൈമാറുകയും അതുവഴി സമൂഹത്തെ സംസ്‌കരിച്ചെടുക്കുകയും ചെയ്യുക എന്നതാണത്. ദൈവിക നിയമങ്ങള്‍ മനസ്സിലാക്കിയും ദൈവഹിതം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നും സമൂഹത്തെ സല്‍പാന്ഥാവിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ട മാതൃകാ പുരുഷന്മാരായിരുന്നു പ്രവാചകന്‍മാര്‍. ദിവ്യദൗത്യത്തിന്റെ നിര്‍വഹണം നിയോഗമായി ഏല്പിക്കപ്പെട്ട പ്രവാചകന്മാരുടെ പിന്‍തുടര്‍ച്ചക്കാരാണ് പണ്ഡിതന്മാര്‍. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന ശ്രേഷ്ഠ പദവിയാണ് പ്രവാചകത്വം. ഐഹികമായ കാര്യ ലാഭങ്ങളോ ഭൗതികമായ താല്പര്യങ്ങളോ ഒട്ടുമില്ലാതെ ദൈവപ്രീതി മാത്രം കാംക്ഷിച്ച് പ്രബോധനമെന്ന ദൗത്യം നിര്‍വഹിച്ച പ്രവാചകന്മാരുടെ പാതയാണ് നാം പിന്തുടരേണ്ടത്. മാനവ കുലത്തിന്റെ മാര്‍ഗദര്‍ശികളായ അവരെ അനുധാവനം ചെയ്യാനുള്ള ബാധ്യത വിശിഷ്യാ പണ്ഡിതന്മാര്‍ക്കുണ്ട്. കാരണം വഹ്‌യ് ആകുന്ന ദിവ്യജ്ഞാനം നല്‍കപ്പെട്ടിട്ടുള്ള പ്രവാചകന്മാരുടെ പ്രബോധന ദൗത്യത്തിന്റെ തുടര്‍ച്ച പണ്ഡിതന്മാരിലൂടെയാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. പ്രവാചകന്മാര്‍ നിര്‍വഹിച്ച അതിമഹത്തായ പ്രബോധന ദൗത്യത്തിന്റെ നേരവകാശികള്‍ പണ്ഡിതന്മാരാണ്. കാലദേശ ഭേദമില്ലാതെ സാന്മാര്‍ഗിക ചിന്തയും ദിശാബോധവും സമൂഹത്തിന് പകര്‍ന്നുനല്‍കേണ്ട നായകന്മാരായ പണ്ഡിതന്മാര്‍ ഭൗതിക താല്പര്യങ്ങളാലോ സ്വാര്‍ഥചിന്തകളാലോ നയിക്കപ്പെടുന്നവരാണ്. സമ്പത്തും സുഖജീവിതവും മോഹിച്ച പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളോ പാദസേവകരോ ആയി മാറുന്നതോടെ അധപ്പതനത്തിന്റെ ആഴങ്ങളിലേക്ക് നിപതിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തോടുള്ള ബാധ്യത, നിര്‍വഹണത്തില്‍ പണ്ഡിതന്മാര്‍ക്ക് സംഭവിക്കുന്ന വീഴ്ച അപരിഹാര്യമായ നഷ്ടത്തിലേക്കും പരാജയത്തിലേക്കും സമൂഹത്തെ നയിക്കുകയും ചെയ്യുന്നു. പണ്ഡിതന് സംഭവിക്കുന്ന മാര്‍ഗഭ്രംശം ലോകത്തിന്റെ പിഴവില്‍ കലാശിക്കണമെന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. പാണ്ഡിത്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ദൗത്യം നിര്‍വഹിക്കേണ്ടവരാണ് പണ്ഡിതന്മാരെന്ന് റസൂല്‍(സ)യുടെ വചനത്തില്‍ നിന്നും വായിച്ചെടുക്കാനാവും.
അബുദര്‍ദാഅ് പറയുന്നു: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം അല്ലാഹു അവന് എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം മലക്കുകള്‍ വിദ്യാര്‍ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍ – വെള്ളത്തിലെ മത്സ്യവും കൂടി – പണ്ഡിതന്റെ പാപമോചനത്തിനായി പ്രാര്‍ഥിക്കും. (വിവരമില്ലാത്ത) അടിമയെക്കാള്‍ വിവരമുള്ള അടിമക്കുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളെക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാരാകട്ടെ സ്വര്‍ണവും വെള്ളിയും അനന്തര സ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തര സ്വത്തായി വിട്ടേച്ചുപോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ നേടിയത്.” (സുനനുഅബൂദാവൂദ് 3641)
വ്യത്യസ്ത കാലഘട്ടത്തില്‍ വ്യത്യസ്ത സമൂഹങ്ങളിലേക്കായി നിയോഗിതരായ പ്രവാചകന്മാരുടെ ചരിത്രം ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഐഹിക ജീവിതത്തിലെ പ്രതിഫലമോ, പ്രത്യുപകാരമോ ഒട്ടും ആഗ്രഹിക്കാതെ പ്രബോധനമെന്ന ദൗത്യമായിരുന്നു അവര്‍ നിര്‍വഹിച്ചുപോന്നിരുന്നത്. ഭൗതികതയുടെ പ്രലോഭനങ്ങളില്‍ വീഴുന്നവരല്ല എന്ന് പ്രവാചകന്മാര്‍ കൃത്യമായി പ്രബോധിത സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്മാരുടെ പിന്‍തുടച്ചക്കാരായ പണ്ഡിതന്മാരും ഐഹിക താല്പര്യങ്ങളോ ഭൗതിക ചിന്തയോ ഒന്നുമില്ലാതെ പ്രബോധന ദൗത്യമാണ് നിര്‍വഹിക്കുന്നത് എന്ന് എളിമയും തെളിമയുള്ള ഒരു ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിയണം.
നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്ത്(അ), ശുഐബ്(അ) എന്നീ പ്രവാചകന്മാരുടെ ചരിത്രം വിവരിക്കവെ സൂറത്തു ശുഅറാഇല്‍ പ്രബോധിത സമൂഹത്തോടുള്ള ആ പ്രവാചകന്മാരുടെ ഒരു വാക്ക് അഞ്ച് സൂക്തങ്ങളിലായി ആവര്‍ത്തിക്കുന്നുണ്ട്: ”ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു” (26:109,127,145,164,180). ഈ ഒരു കാര്യം ആവര്‍ത്തിച്ച് സമൂഹത്തെ പ്രവാചകന്മാര്‍ ബോധ്യപ്പെടുത്തിയത് എന്തിന് വേണ്ടിയാണെന്ന് നാം ചിന്തിക്കണം. പ്രവാചകന്മാരുടെ ജീവിത വിശുദ്ധിയും നിഷ്‌കളങ്ക സമീപനം കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടത് അനിവാര്യമായതിനാലാണത്. പ്രവാചകന്മാരുടെ പ്രബോധന ദൗത്യത്തില്‍ രണ്ട് കാര്യങ്ങള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കിയത്. ഒന്ന്, വഹ്‌യ് ആകുന്ന ശ്രേഷ്ഠജ്ഞാനം പകര്‍ന്നു കൊടുക്കാന്‍. രണ്ട്, ദിവ്യജ്ഞാനത്തെ ആധാരമാക്കി സമൂഹത്തിന് ദിശാബോധം നല്‍കാന്‍. ഭൂമിയില്‍ ഒരടിമക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ഉത്കൃഷ്ട കര്‍മമാണിത്. ഇതിനായി അല്ലാഹു തിരഞ്ഞെടുത്ത പ്രവാചകന്മാര്‍ക്ക് പ്രതിസന്ധികള്‍ പലതും തരണം ചെയ്യേണ്ടതായി വന്നു. അധികാരം കയ്യാളിയിരുന്നവരുടെ ഭൗതിക പ്രലോഭനങ്ങളിലോ ആദര്‍ശ ശത്രുക്കളുടെ പ്രകോപനങ്ങളിലോ മനസ്സ് മടുക്കാതെ ദൗത്യം നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിച്ചത് വഹ്‌യ് ആകുന്ന ദിവ്യജ്ഞാനം നല്‍കപ്പെട്ടവര്‍ എന്ന ഔന്നത്യബോധമുള്ളതുകൊണ്ടായിരുന്നു. ഐഹികമായ കാര്യലാഭങ്ങള്‍ ഒന്നും പ്രബോധന ദൗത്യം നിര്‍വഹിക്കാന്‍ തടസ്സമായിക്കൂടായെന്ന നിര്‍ബന്ധ ബുദ്ധി അവര്‍ക്കുണ്ടായിരുന്നു. മതവിഷയത്തില്‍ പാണ്ഡിത്യമുണ്ടാക്കുക എന്നത് അല്ലാഹു ഒരടിമക്ക് ചെയ്തുകൊടുക്കുന്ന നന്മയുടെ അടയാളമായിട്ടാണ് നബി തിരുമേനി പഠിപ്പിക്കുന്നത്. ആ പാണ്ഡിത്യത്തെ സുഖലോലുപതയുടെ ഇച്ഛാപൂര്‍ത്തീകരണത്തിനോ താല്പര്യ സംരക്ഷണത്തിനോ ദുരുപയോഗം ചെയ്യുമ്പോള്‍ ഈ ലോകത്തും നഷ്ടവും പരാജയവുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി നേടാനുദ്ദേശിക്കുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവന് അത് പഠിച്ചത് ഐഹിക നന്മ ഉദ്ദേശിച്ച് മാത്രമാണ്. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗത്തിന്റെ വാസന പോലും അനുഭവിക്കുകയില്ല. (സുനനു അബൂദാവൂദ് – 3666)
ജനങ്ങളെ സല്‍പാന്ഥാവിലേക്ക് വഴി നടത്തേണ്ട പണ്ഡിതന്മാര്‍ സുഖലോലുപരും ഭൗതിക പ്രമത്തരും ആയി കാര്യങ്ങള്‍ ഐഹിക നേട്ടങ്ങള്‍ക്കായി സത്യത്തെ മറച്ചുവെക്കാനും വേദവാക്യങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യാനും യാതൊരു മടിയും കാണിക്കുകയില്ല എന്ന് യഹൂദി പണ്ഡിതന്മാരുടെ ചരിത്രമുദ്ധരിച്ച് ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നു. നശ്വരമായ നേട്ടങ്ങള്‍ക്കായി അനശ്വര സൗഭാഗ്യത്തെ നഷ്ടപ്പെടുത്തിയ ഇക്കൂട്ടര്‍ സ്വയം വഴി തെറ്റുന്നതോടൊപ്പം മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യുന്നു. അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നിന്ദ്യരായി മാറുന്ന ഇക്കൂട്ടരെക്കുറിച്ച് അല്ലാഹു പറഞ്ഞുതന്നു: ”അവര്‍ സന്മാര്‍ഗത്തിന് പകരം ദുര്‍മാര്‍ഗവും പാപമോചനത്തിന് പകരം ശിക്ഷയും വാങ്ങിയവരത്രെ. അപ്പോള്‍ നരകത്തെപ്പറ്റി അവര്‍ക്ക് (ഇത്രയേറെ) സഹനമുണ്ടാക്കിയതെന്താണ്? വേദവിജ്ഞാനങ്ങളും മതവിധികളും ഉള്‍ക്കൊണ്ട പണ്ഡിതന്മാര്‍ ഏത് കാലഘട്ടത്തിലും ദൗത്യം നിര്‍വഹിക്കാതെ സുഖാഡംബരങ്ങളില്‍ അഭിരമിക്കുന്നവരും തുച്ഛമായ കാര്യലാഭങ്ങള്‍ക്കായി വേദസത്യങ്ങളെ മറച്ചുവെക്കുന്നവരുമായി മാറിയാല്‍ അവര്‍ക്ക് നിന്ദ്യമായ പര്യവസാനവും വേദനാജനകമായ ശിക്ഷയുമുണ്ടെന്ന് അല്ലാഹു കടുത്ത ഭാഷയില്‍ താക്കീത് നല്‍കിയിട്ടുണ്ട് (9:34).
സത്യമുള്‍ക്കൊള്ളാനും സത്യസരണിയില്‍ മറ്റുള്ളവരെ വഴിനടത്താനും പാണ്ഡിത്യമെന്ന മഹാഭാഗ്യം സിദ്ധിച്ചവര്‍ ദൗത്യം നിര്‍വഹിച്ചിരുന്നെങ്കില്‍ അവരുടെ അന്തസ്സും പദവിയും ഇഹത്തിലും പരത്തിലും ഉയരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഭൗതിക പ്രമത്തത കൊണ്ട് അന്ധത ബാധിച്ച അവരുടെ കണ്ണുകള്‍ എപ്പോഴും പരതുന്നത് ഇഹത്തിലെ നിസ്സാര നേട്ടങ്ങളിലേക്കാണ്. അവരുടെ കുതിപ്പും കിതപ്പും ദുനിയാവിലെ നേട്ടങ്ങള്‍ക്ക് കോട്ടം തട്ടാതിരിക്കാനാണ്. വിജ്ഞാനവും വിശ്വാസവും കൊണ്ട് വാനോളം ഉയരാമായിരുന്ന ഇക്കൂട്ടരെ തന്നിഷ്ടക്കാരും സുഖലോലുപരുമായി അധപ്പതിപ്പിച്ചത് ജീവിതത്തിന്റെ ലക്ഷ്യം വിസ്മരിച്ചുകൊണ്ടുള്ള അപഥ സഞ്ചാരമാണ്. ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊണ്ട് സത്യമാര്‍ഗത്തെ സ്വീകരിക്കാന്‍ തയ്യാറാകാതെ പാണ്ഡിത്യം ലഭിച്ചിട്ടും ഐഹികമായ കാര്യലാഭങ്ങള്‍ക്കായി സത്യത്തെ തമസ്‌ക്കരിക്കുന്നവന്റെ ഉപമ അല്ലാഹു വിവരിച്ചുതരുന്നത് ഇപ്രകാരമാണ്: ”നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവനെ (ആ ദൃഷ്ടാന്തങ്ങള്‍) മൂലം നാം ഉയര്‍ത്തുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ച് കൊടുക്കുക. അവര്‍ ചിന്തിച്ചെന്ന് വരാം.” (7:176)
എളിമയും തെളിയുമുള്ളൊരു ജീവിതത്തിലൂടെ മാതൃകയാകേണ്ട പണ്ഡിതന്മാര്‍ ഐഹിക സുഖാസ്വാദനങ്ങള്‍ക്ക് പിന്നാലെ പോവുന്നത് അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് അവരെ വിധേയരാക്കുമെന്ന് ഖുര്‍ആന്‍ സഗൗരവം ഉണര്‍ത്തിയിട്ടുണ്ട്.
വിവ. സി കെ റജീഷ്
Back to Top