പാട്ടുകള്‍ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്
ഇ കെ എം പന്നൂര്‍ /ഷബീര്‍ രാരങ്ങോത്ത്
ഇസ്‌ലാഹിന്റെ വെള്ളിവെളിച്ചം സമൂഹത്തില്‍ ശക്തമായി പ്രവഹിക്കുന്നതില്‍ ഇസ്‌ലാഹി ഗാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. സമൂഹത്തില്‍ വേരുറച്ചിരുന്ന അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പാട്ടു കൊണ്ട് പോരടിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. തൗഹീദിന്റെയും ആത്മസംസ്‌കരണത്തിന്റെയും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒട്ടേറെ ഗാനങ്ങള്‍ അക്കാലത്ത് പിറവി കൊണ്ടു. പലതും ഇസ്വ്ലാഹിന്റെ കനപ്പെട്ട ആശയങ്ങള്‍ പേറുന്ന വരികളായിരുന്നു. പാട്ടുകള്‍ മനുഷ്യമനസുകളെ വല്ലാതെ സ്വാധീനിച്ചു. ഇസ്‌ലാഹിന്റെ വഴി തേടി ആളുകള്‍ വന്നുതുടങ്ങി. ഒരു പ്രഭാഷണം കൊണ്ട് സാധിക്കുന്നതിലും എത്രയോ മടങ്ങ് ആശയ കൈമാറ്റം ഒരു പാട്ടു കൊണ്ടുതന്നെ സാധിച്ചു.
ഇ കെ എം പന്നൂര്‍, അബ്ദുറഹ്മാന്‍ അന്‍സാരി, കെ എസ് കെ തങ്ങള്‍ എന്നിവരായിരുന്നു പല ഗാനങ്ങളും രചിച്ചത്. ആ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്ന ഓരോ വാക്കിനും മൂര്‍ച്ചയേറെയുണ്ടായിരുന്നു. അവ മനസുകളിലേക്ക് ഇരമ്പിക്കയറി. ഈ മനുഷ്യന്മാര്‍ക്കൊരു ചുക്കും തിരിയൂല, ചുവരില്‍ ഒരു ഘടികാരം, പൊന്നുഷസിന്‍ പുഞ്ചിരിയില്‍, പാപങ്ങളേറെ പിണഞ്ഞോരടിമ ഞാനേ തുടങ്ങി നിരവധി ശ്രദ്ധേയമായ ഗാനങ്ങള്‍ രചിച്ച എഴുത്തുകാരനും വാഗ്മിയുമായ ഇ കെ എം പന്നൂര്‍ തന്റെ എഴുത്തുജീവിതത്തെക്കുറിച്ച് ശബാബുമായി സംസാരിക്കുകയാണിവിടെ.
? ബാല്യം നമ്മെ രൂപപ്പെടുത്തുന്ന ഒന്നാണല്ലോ. എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വഴികളില്‍ ബാല്യം പ്രചോദനം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നു തീര്‍ച്ചയാണ്. താങ്കളുടെ ബാല്യത്തെക്കുറിച്ച് സംസാരിക്കാമോ.
ചെറുപ്പകാലം പട്ടിണിയുടെ കാലമായിരുന്നു. 1948-ലാണ് ഞാന്‍ ജനിച്ചത്. സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷം തികയുന്നതിനു മുമ്പ്. അന്ന് നാടൊട്ടാകെ പട്ടിണിയാണ്. ഒരു വലിയ ഗ്രാമത്തില്‍ രണ്ടോ മൂന്നോ വീട്ടിലേ ഊണുണ്ടാവൂ. ബാക്കി വീടുകളിലെല്ലാം കഞ്ഞിയാണ്. കപ്പയുടെ തോട് അരിഞ്ഞ് ഉപ്പേരി വെച്ച് കഴിക്കുന്ന ഒരു കാലമായിരുന്നു അത്. ഹൈസ്‌കൂളിലൊക്കെ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യണം. പന്നൂരുള്ള ഒരു കുട്ടി 5 കിലോമീറ്റര്‍ യാത്ര ചെയ്ത് കൊടുവള്ളി വരെ പോകണം. ചുറ്റുവട്ടത്ത് മറ്റെവിടെയും സ്‌കൂളുകളില്ല. കൊടുവള്ളി സ്‌കൂളില്‍ പ്രവേശനം കിട്ടിയില്ലെങ്കില്‍ താമരശ്ശേരിയോ കുന്ദമംഗലത്തോ പോകണം. അതുകൊണ്ടുതന്നെ എസ് എസ് എല്‍ സിക്കാരുടെ എണ്ണമൊക്കെ കുറയും. എനിക്ക് കൊടുവള്ളി ഹൈസ്‌കൂളില്‍ തന്നെ പ്രവേശനം ലഭിക്കുകയും അവിടെ നിന്നുതന്നെ എസ് എസ് എല്‍ സി പാസാവുകയും ചെയ്തു. അന്ന് ഞങ്ങളുടെ ക്ലാസിലുള്ള ഒരൊറ്റ കുട്ടിക്കു പോലും ചെരുപ്പുണ്ടായിരുന്നില്ല. സ്‌കൂളുകളിലേക്കുള്ള കിലോമീറ്റര്‍ കണക്കിലുള്ള യാത്ര ചെരുപ്പില്ലാതെ നഗ്‌നപാദരായിട്ടാവും. ഓരോ വര്‍ഷത്തെയും റിസല്‍ട്ട് അറിയുന്നതിനു മുമ്പുതന്നെ മേലേ ക്ലാസിലുള്ളവരുടെ പുസ്തകം ബുക്ക് ചെയ്തിട്ടുണ്ടാവും. വളരെ പ്രയാസപ്പെട്ടാണ് അക്കാലത്ത് ആളുകള്‍ വിദ്യാഭ്യാസം നേടിയിരുന്നത്.
അന്ന് നാടൊട്ടുക്കും അന്ധവിശ്വാസങ്ങളായിരുന്നു. ചെകുത്താന്‍ കൂക്കില്ലാത്ത ഒരു വീടു പോലും ഉണ്ടായിരുന്നില്ല. മഗ്രിബായാല്‍ ‘കൂ… കൂ…’ എന്ന ശബ്ദം നാടൊട്ടുക്കും മുഴങ്ങും. എല്ലാവരുടെയും കൈയിലും അരയിലുമൊക്കെ ഏലസുകളുണ്ടാവും. എന്റെ ദേഹത്ത് മൂന്ന് ഏലസുണ്ടായിരുന്നു. അങ്ങനെയൊക്കെയുള്ള ഒരു കാലമായിരുന്നു അത്. വിദ്യാഭ്യാസം സാര്‍വത്രികമായതോടെ അതിനൊക്കെ മാറ്റം വരുകയാണുണ്ടായത്.
അന്നത്തെ ടെക്സ്റ്റ് ബുക്കുകളൊക്കെ ഓരോരുത്തര്‍ക്കും തോന്നിയതായിരുന്നു. ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. മൊത്തത്തില്‍ കുറേ കവിതകളും ഗുണപാഠ കഥകളും പഠിക്കണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്‌കൂളിലെ ടെക്സ്റ്റ് ബുക്കാവില്ല മറ്റൊരു സ്‌കൂളില്‍. എന്നാല്‍ കുട്ടികള്‍ക്ക് അറിവുണ്ടാകും. പിന്നീടാണ് ടെക്സ്റ്റ് ഏകീകരണമൊക്കെ നടക്കുന്നത്.
? പിന്നീട് അധ്യാപനത്തിലേക്ക് എത്തിപ്പെട്ടല്ലോ. തുടര്‍പഠനം എങ്ങനെയായിരുന്നു.
പന്നൂര്‍ എല്‍ പി സ്‌കൂള്‍, നെടിയനാട് മൂര്‍ഖന്‍കുണ്ട് എ യു പി സ്‌കൂള്‍, കൊടുവള്ളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു എസ് എസ് എല്‍ സി വരെയുള്ള പഠനം. പിന്നീട് മീഞ്ചന്ത ഹിന്ദി കോളജില്‍ മൂന്നു വര്‍ഷം. തുടര്‍ന്ന് തിരുവനന്തപുരം ഗവ. ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അധ്യാപക യോഗ്യത നേടി. പിന്നീട് പ്രൈവറ്റ് ആയി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളത്തില്‍ ബിരുദം കരസ്ഥമാക്കി. അവിടെ നിന്നുതന്നെ പൊളിറ്റിക്കല്‍ സയന്‍സില്‍ പി ജിയും നേടി. ശേഷം കൊച്ചിന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് ജേണലിസത്തില്‍ പി ജി ഡിപ്ലോമയും. മിക്ക കോഴ്‌സുകളും റഗുലര്‍ ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാതെ തന്നെ സ്വയം പഠിച്ചെടുത്ത് നേടിയതാണ്. ധാരാളം വായിക്കാന്‍ മടിയില്ലാതിരുന്നതുകൊണ്ട് പരീക്ഷയ്‌ക്കൊന്നും വലിയ ബുദ്ധിമുട്ട് നേരിട്ടിട്ടില്ല.
? ഏതു ഘട്ടത്തിലാണ് എഴുത്തിലേക്ക് എത്തിപ്പെടുന്നത്.
ഹിന്ദി കോളജില്‍ പഠിക്കുന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ എഴുതിത്തുടങ്ങുന്നത്. കോളജിന്റെ തൊട്ടടുത്താണ് രാമകൃഷ്ണ മിഷന്‍ ഹൈസ്‌കൂള്‍. ഒരു ചുവരിന്റെ വ്യത്യാസം മാത്രം. അവിടെയായിരുന്നു അന്ന് കുഞ്ഞുണ്ണി മാഷ്. അന്ന് അദ്ദേഹം എ കുഞ്ഞുണ്ണി നായര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറെ പ്രശസ്തനായപ്പോഴാണ് അദ്ദേഹം കുഞ്ഞുണ്ണി മാഷ് ആയത്. അദ്ദേഹത്തെ ഞങ്ങള്‍ കോളജില്‍ പല കാര്യങ്ങള്‍ക്കും വിളിക്കും. അദ്ദേഹം കവിതയെഴുതാന്‍ പ്രോത്സാഹിപ്പിച്ചു. ഞാന്‍ ഒരു കവിയായി അറിയപ്പെടാന്‍ തുടങ്ങി. ഞാന്‍ മോശക്കാരനല്ലാത്ത ഒരു കവിയാണ് എന്ന ഒരഹംഭാവം എനിക്കു തന്നെ തോന്നിത്തുടങ്ങിയിരുന്നു. ഞാനൊരു പത്തുപതിനഞ്ച് കവിതകളുമായി കുഞ്ഞുണ്ണി മാഷെ സമീപിച്ചു. അത് പരിശോധിച്ച അദ്ദേഹം ‘ഇതില്‍ ഒരുപാട് വെള്ളമുണ്ട്. ആറ്റിക്കുറുക്കണം. അതാണ് കവിത’ എന്നാണ് പറഞ്ഞത്. അതോടുകൂടി കവി എന്ന എന്റെ അഹങ്കാരം ഉടഞ്ഞു തകര്‍ന്നുപോയി. കവി എന്ന ഭാവം ഞാന്‍ കൊണ്ടുനടക്കില്ല എന്ന ഒരു തീരുമാനം അന്നു ഞാനെടുത്തു.
പിന്നീട് ഞാന്‍ കവിത കുറുക്കാന്‍ തുടങ്ങി. ഏറ്റവും ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ആശയം വ്യക്തമാക്കണം. മൂന്നുനാലു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ നാലു കവിതകളുമായി കുഞ്ഞുണ്ണി മാഷുടെ അടുത്തു ചെന്നു. അതിലൊരു കവിത അദ്ദേഹം എടുത്തുവെച്ചു. ‘ഇത് മാതൃഭൂമിയില്‍ കൊടുക്കും’ എന്ന് അദ്ദേഹം പറഞ്ഞു.
എന്നുടെ വെള്ളക്കുപ്പായത്തിന്‍
കീറപ്പുള്ളികള്‍ പോല്‍
എന്റെ മുഖത്തില്‍ ശോഭിക്കുന്ന
വസൂരിക്കുത്തുകള്‍ പോല്‍
എന്നമ്മൂമ്മ മുറുക്കിത്തുപ്പിയ
ചോരത്തുള്ളികള്‍ പോല്‍
വിണ്ണില്‍ മിന്നി മിനുങ്ങീടുന്നു
നക്ഷത്രക്കൂട്ടം.
ഈ കവിത 1969-ല്‍ മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചുവന്നു. മാതൃഭൂമി ബാലപംക്തിയില്‍ വന്നാല്‍ അതൊരു പേരാണ്. ഇതിനു ശേഷമാണ് ചന്ദ്രികയില്‍ എന്റെ കവിതകള്‍ വന്നുതുടങ്ങിയത്. കുഞ്ഞുണ്ണി മാഷാണ് എന്റെ ഗുരു എന്നര്‍ഥം.
? കവിതകളില്‍ നിന്ന് പാട്ടെഴുത്തിലേക്ക് വരുന്നതെങ്ങനെയാണ്.
പാട്ട് ഒരു ആവശ്യമായി വന്നപ്പോഴാണ് ഞാന്‍ പാട്ടെഴുത്തിലേക്ക് കടന്നുവരുന്നത്. മുജാഹിദ് സമ്മേളനങ്ങളുടെ ആശയപ്രചാരണത്തിനായി പാട്ട് ആവശ്യമായിരുന്നു. അതുപോലെത്തന്നെ ആകാശവാണിയിലേക്കും പാട്ടുകള്‍ ആവശ്യമായി വന്നിരുന്നു. അതൊക്കെയാണ് എന്നെ പാട്ടെഴുത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്നു പറയാം. ആകാശവാണിയില്‍ എന്റെ ധാരാളം പാട്ടുകള്‍ വന്നിട്ടുണ്ട്. പിന്നീട് സമ്മേളന സന്ദര്‍ഭങ്ങളില്‍ അതേ പാട്ടുകള്‍ തന്നെ റെേക്കാര്‍ഡ് ചെയ്ത് കാസറ്റാക്കി പുറത്തിറക്കുകയുണ്ടായി.
? ഇസ്ലാഹി പ്രസ്ഥാനം പ്രഭാഷണങ്ങളേക്കാള്‍ ഫലപ്രദമായി പാട്ടുകളിലൂടെ സംവദിച്ചിരുന്ന ഒരു കാലമായിരുന്നല്ലോ അത്.
അതെ, എത്രയോ പാട്ടുകള്‍. ‘ഈ മനുഷന്മാര്‍ക്കൊരു ചുക്കും തിരിയൂലാ/ ഈ മണ്ണിന്നടിയിലെ ശൈഖന്മാരെ വിളിച്ചാല്‍ കേള്‍ക്കൂലാ’ പോലുള്ള പാട്ടുകള്‍.
‘യുഗാന്തരങ്ങളില്‍ പുളകമുണര്‍ത്തിയ വിശുദ്ധ വിപ്ലവ നാദം/ നംറൂദും ഫിര്‍ഔനും കേട്ടു വിറച്ചൊരു നാദം.’
ഇതൊക്കെ അക്കാലത്ത് ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ പ്രചാരം നേടിയ പാട്ടുകളാണ്. പാട്ടിന് സമൂഹത്തില്‍ നല്ല രീതിയില്‍ മാറ്റം വരുത്താന്‍ കഴിയും. അതു മനസിലാക്കിക്കൊണ്ടു തന്നെയാണ് ഞാന്‍ ആ ഗാനങ്ങള്‍ എഴുതിയത്. കമ്യൂണിസ്റ്റുകാരില്‍ നിന്നാണ് ഈ ആശയം പഠിച്ചത്. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ, സഖാക്കളേ മുന്നോട്ട് പോലുള്ള ഗാനങ്ങളൊക്കെ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇസ്ലാഹി ആദര്‍ശവും ഇതേ രീതിയില്‍ പ്രചരിപ്പിച്ചാല്‍ ആളുകളില്‍ മാറ്റം വരുമെന്നു തോന്നി. ‘അന്ത്യപ്രവാചകന്‍ യാത്ര പറഞ്ഞപ്പോള്‍ എന്തു പറഞ്ഞു മുസല്‍മാനേ’ എന്ന പാട്ടു കേട്ടിട്ടു തന്നെ അടിമുടി മാറിയ ആളുകളുണ്ട്. ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ അനുഭവത്തില്‍ ആ ഗാനം കൊണ്ട് അഞ്ചു കുടുംബങ്ങള്‍ മാറിയതായി പറഞ്ഞിട്ടുണ്ട്. പാട്ടിന് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
? ആഘോഷങ്ങളുമായി ബന്ധപ്പെട്ടും താങ്കള്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ടാവുമല്ലോ.
പെരുന്നാളുമായി ബന്ധപ്പെട്ട് അനേകം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. യൂട്യൂബ് ചാനലുകള്‍ക്ക് വേണ്ടിയാണ് അവയില്‍ അധികവും രചിക്കപ്പെട്ടത്. ചിലതൊക്കെ ഹുസൈന്‍ പന്നൂരിന്റെ യൂട്യൂബ് ചാനലില്‍ ഉണ്ട്. കഴിഞ്ഞ നാലഞ്ചു വര്‍ഷം എല്ലാ പെരുന്നാളിനും പാട്ടെഴുതിയിട്ടുണ്ട്.
? പല തലമുറകളുടെയും പെരുന്നാളുകളെ കണ്ടിട്ടുണ്ടാവുമല്ലോ. താങ്കളുടെ പെരുന്നാള്‍ ഓര്‍മകള്‍ പങ്കുവെക്കാമോ.
എന്റെ ചെറുപ്പത്തിലെ പെരുന്നാള്‍ ദിനങ്ങളില്‍ ഒമ്പതു മണിക്ക് നമസ്‌കരിച്ച ഉടനെയാണ് ചോറ്. ‘കുളിച്ച് ബെയ്ക്ക’ എന്നാണ് പറയുക. തേങ്ങാച്ചോറും പരിപ്പിന്റെ കറിയുമുണ്ടാകും. അന്ന് പരിപ്പൊക്കെ വല്ലപ്പോഴും മാത്രം കിട്ടുന്ന ഒന്നായിരുന്നു. പട്ടിണിക്കാലത്തും പെരുന്നാള്‍ ഉഷാറാക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. ചെറിയ പെരുന്നാളിനോ വലിയ പെരുന്നാളിനോ, രണ്ടിലൊന്നിനേ പുതുവസ്ത്രമുണ്ടാകൂ. അത് അങ്ങനെത്തന്നെ സൂക്ഷിക്കും. പിന്നീട് ഏതെങ്കിലും കല്യാണം പോലുള്ള വിശേഷാവസരങ്ങളിലേ എടുക്കൂ.
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ സഹപാഠികളായി ഉണ്ടായിരുന്നു. മൂന്നു പേര്‍ക്കും ഷര്‍ട്ടുണ്ടായിരുന്നില്ല. ഒരു തുണിയും തലയില്‍ തട്ടവുമുണ്ടാവും. മാറു കനക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് കുപ്പായം കിട്ടിയിരുന്നത്. എഴുപതുകളുടെ മധ്യത്തോടെ ഈ ദാരിദ്ര്യം നീങ്ങിപ്പോയിട്ടുണ്ട്.
? കോവിഡ് എല്ലാ പതിവുകളെയും തെറ്റിച്ച കാലമാണല്ലോ. ആ കാലം എങ്ങനെയാണ് കടന്നുപോ യത്.
കോവിഡ് വന്ന കാലത്താണ് എന്റെ കണ്ണ് ഓപറേഷന്‍. കോവിഡ് കാരണം അത് നീണ്ടുനീണ്ടുപോയി. എന്റെ കണ്ണിലാണെങ്കില്‍ ഭയങ്കര പ്രയാസവും. മദ്‌റസയില്‍ ടോര്‍ച്ചടിച്ചു നോക്കിയാണ് ഖുര്‍ആന്‍ ഓതി പഠിപ്പിച്ചിരുന്നത്. കോവിഡ് അല്‍പം ശാന്തമായപ്പോള്‍ ഓപറേഷന്‍ നടത്തി. കാഴ്ച തിരികെ കിട്ടിയ ആ കാലത്ത് ഏഴു ദിവസം കൊണ്ട് ഞാന്‍ ഒരു ഖത്തം തീര്‍ക്കുമായിരുന്നു. ഒരു മാസത്തില്‍ നാല് ഖത്തം. കോവിഡ് കാലത്ത് 14 തവണ ഞാന്‍ ഖത്തം തീര്‍ക്കുകയുണ്ടായി. എനിക്ക് കാഴ്ച തിരികെ കിട്ടിയല്ലോ എന്ന സന്തോഷം കൊണ്ടുള്ള നന്ദിപ്രകടനമായിരുന്നു അത്. കോവിഡ് കാലം എന്നെ സംബന്ധിച്ച് വളരെ ഫലപ്രദമായിരുന്നു. എഴുത്തും വായനയും നന്നായി നടന്നു. കോവിഡിനെക്കുറിച്ചു തന്നെ ഞാന്‍ പാട്ടെഴുതിയിരുന്നു. കോവിഡ് കാലത്തെ പെരുന്നാള്‍ നമസ്‌കാരം ഒളിച്ചും പാത്തും കള്ളന്മാരെപ്പോലുള്ളതായിരുന്നു. എന്നാല്‍, ഫര്‍ദ് നമസ്‌കാരമൊക്കെ നന്നായി തന്നെ അനുഷ്ഠിക്കാന്‍ സാധിക്കുകയും ചെയ്തു.
? അന്ധവിശ്വാസങ്ങളൊക്കെ പഴയതിനേക്കാള്‍ ശക്തിയില്‍ തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ മീഡിയകളിലൂടെയാണ് ഇപ്പോള്‍ അതിന്റെ പ്രസരണം. പണ്ട് പാട്ട് കൊണ്ട് പ്രതിരോധം തീര്‍ത്തിരുന്നു. ഇന്ന് അത്തരത്തിലുള്ള പ്രതിരോധങ്ങള്‍ കാണുന്നില്ല. അതെന്തുകൊണ്ടാവും.
ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞതായിരിക്കാം ഒന്നാമത്തെ കാരണം. ആ രീതിയില്‍ എഴുതുന്നവരിലും കുറവുകള്‍ ഉണ്ടായിട്ടുണ്ട്. എസ് എ ജമീല്‍, ഞാന്‍, അബ്ദുറഹ്മാന്‍ അന്‍സാരി എന്നിങ്ങനെയുള്ളവരൊക്കെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഗാനങ്ങള്‍ എഴുതിയിരുന്നു. അന്ന് അത് സ്വീകരിക്കാനും ആളുകളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അങ്ങനെയല്ല. ലക്ഷ്യം വെച്ചുകൊണ്ടുള്ള എഴുത്തിനും കുറവു വന്നു.
ഇന്ന് യൂട്യൂബ് വഴിയാണ് പാട്ടുകള്‍ ഇറങ്ങുന്നതെന്നതിനാല്‍, ഇറങ്ങുന്നവ തന്നെ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. പണ്ട് കൂടിയിരുന്ന് പാട്ടു കേള്‍ക്കുകയായിരുന്നു പതിവ്. കാസറ്റുകള്‍ വാങ്ങി കൂടിയിരുന്ന് പാട്ടു കേള്‍ക്കുന്ന സംവിധാനങ്ങള്‍ അന്യമാകുന്നതോടെ സ്വാഭാവികമായും നല്ല പാട്ടുകളുടെ ഒഴുക്ക് നിലയ്ക്കുകയാണുണ്ടായത്.
യൂട്യൂബിലേക്കായി ഇപ്പോഴും ഞാന്‍ പാട്ടുകള്‍ എഴുതി നല്‍കുന്നുണ്ട്. ‘മുത്ത് ഹബീബുല്ലക്കായിരം സ്വല്ലല്ലാ/ ഉമ്മത്തിന്നെന്നും ഖൈറേകിടല്ലാ’ പോലുള്ള പാട്ടുകള്‍ ഒട്ടേറെ ഇപ്പോഴും എഴുതി നല്‍കുന്നുണ്ട്. അവയും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
? റിയാലിറ്റി ഷോകളിലും താങ്കളുടെ ‘അയ്യൂബ് നബി കരഞ്ഞു’ പോലുള്ള രചനകള്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായല്ലോ.
അതെയതെ. പക്ഷേ, ‘അയ്യൂബ് നബി കരഞ്ഞു’ ഒക്കെ ആളുകള്‍ വല്ലാതെ തെറ്റിച്ചുകളഞ്ഞു. ഞാന്‍ ഒരാള്‍ക്കെതിരെ മാനനഷ്ടക്കേസു വരെ കൊടുത്തിട്ടുണ്ടായിരുന്നു. ‘ഒറ്റ നന്ദിവാക്കു പോലും റബ്ബിനോടു ചൊല്ലിടാതെ’ എന്നൊക്കെ പാടിക്കളഞ്ഞു. കാസര്‍കോട്ടുകാരനായ ഒരാള്‍ അങ്ങനെയായിരുന്നു റെേക്കാര്‍ഡ് ചെയ്തത്. ഞാന്‍ അയാള്‍ക്കൊരു വക്കീല്‍ നോട്ടീസയച്ചു, പ്രവാചക നിന്ദ വരുന്ന രീതിയില്‍ എന്റെ പാട്ട് മാറ്റിയിട്ടുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട്. അങ്ങനെ ആളുകള്‍ വീട്ടില്‍ വന്ന് മാപ്പപേക്ഷിക്കുകയായിരുന്നു. ഇപ്പോഴും ആളുകള്‍ക്ക് തെറ്റുന്നുണ്ട്. അയ്യൂബ് നബിയുടെ പാട്ടിലാണ് ആളുകള്‍ക്ക് ഏറ്റവുമധികം തെറ്റു വരുന്നത്.
? ചിലയാളുകള്‍ കുഷ്ഠരോഗം എന്നൊക്കെ പാടിയത് ഞാന്‍ കേട്ടിരുന്നു.
കുഷ്ഠരോഗം എന്നത് ഞാന്‍ പ്രയോഗിച്ചതു തന്നെയായിരുന്നു. പിന്നീട് ഞാന്‍ തന്നെ അത് തിരുത്തി. ‘കഷ്ടപ്പാട് വന്നുപെട്ടു/ നിത്യരോഗിയായി നബി’ എന്നാക്കി മാറ്റി. ആദ്യം ‘കുഷ്ഠരോഗം വന്നുപെട്ടു’ എന്നായിരുന്നു എഴുതിയിരുന്നത്. അതു കേട്ട ഒരു പണ്ഡിതന്‍ എന്റെയരികെ വന്ന് പ്രവാചകന്മാര്‍ക്ക് കുഷ്ഠരോഗം പോലുള്ള അസുഖങ്ങള്‍ വരില്ല എന്ന് ഉണര്‍ത്തുകയുണ്ടായി. പിന്നീടാണ് ഞാന്‍ അതിങ്ങനെ തിരുത്തിയത്. അത് ഏറ്റവുമധികം പാടിക്കൊണ്ടിരിക്കുന്ന ഒരു പാട്ടാണ്.
? ശബാബ് വാരികയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഒരാളാണല്ലോ താങ്കള്‍. ഒരുപാട് അനുഭവങ്ങളുണ്ടാകുമല്ലോ മനസില്‍.
ശബാബിനെപ്പറ്റിയുള്ള ഓര്‍മകള്‍ ധാരാളമുണ്ട്. 1982 ഡിസംബറിലാണ് എനിക്ക് ശബാബ് ഏറ്റെടുക്കേണ്ടിവന്നത്. ഒരു നിര്‍ബന്ധിത സാഹചര്യമായിരുന്നു. ഞാനും കെ എന്‍ എം ജന. സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയും ഒരേ മുറിയിലാണ് രണ്ടു വര്‍ഷത്തോളം താമസിച്ചിരുന്നത്. അന്ന് ഞാന്‍ ചന്ദ്രിക വാരികയിലും മറ്റു ആനുകാലികങ്ങളിലും കവിതകള്‍ എഴുതാറുണ്ടായിരുന്നു. ചന്ദ്രികയിലെ ഒരു കവിത കണ്ട അദ്ദേഹം അല്‍മനാറിലേക്ക് ഒരു കവിതയെഴുതാനായി ആവശ്യപ്പെട്ടു. ഇസ്ലാമിക ഗാനമായിരുന്നു വേണ്ടത്. ഞാന്‍ പറഞ്ഞു: ”എനിക്ക് ഇസ്ലാമികമായി പാട്ടെഴുതാനുള്ള ഒരറിവുമില്ല. അതിനു കഴിയില്ല.”
”നിങ്ങള്‍ ശ്രമിച്ചുനോക്കൂ, കഴിയും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഞാനൊരു പാട്ടെഴുതി. ‘കരളുരുകി കേഴുന്നു…’ അതാണ് ഇസ്ലാമിക ഗാനമേഖലയിലേക്ക് എന്നെ പ്രവേശിപ്പിച്ചത്. ഞാന്‍ ലളിതഗാനങ്ങളും മറ്റു പാട്ടുകളും എഴുതാറുണ്ടായിരുന്നെങ്കിലും കെ പി ഇതു പറഞ്ഞപ്പോഴാണ് ഇസ്ലാമിക ഗാനമെന്ന നിലക്ക് ഒന്ന് എഴുതുന്നത്. അത് അല്‍മനാറില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ആകാശവാണിയിലേക്ക് കെ വി അബൂട്ടിക്ക് ശബ്ദപരിശോധനയ്ക്ക് അഞ്ച് പാട്ടുകള്‍ വേണമെന്നു പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന് ആദ്യം കൊടുത്ത ഗാനമാണ് ‘കരളുരുകി കേഴുന്നു’ എന്നത്. അതു പാടി അദ്ദേഹത്തിന് സെലക്ഷന്‍ ലഭിച്ചു. എന്റെ രചനകള്‍ ധാരാളമായി അതിലേക്ക് വരാന്‍ തുടങ്ങി.
ഇങ്ങനെ ഒരു പാട്ടെഴുതിച്ച കെ പി കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ”ശബാബ് ഒരു ആറു മാസക്കാലം നിങ്ങള്‍ നടത്തണം” എന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനുള്ള ഒരു കഴിവും എനിക്കില്ല എന്നു പറഞ്ഞൊഴിഞ്ഞിട്ടും അദ്ദേഹം നിര്‍ബന്ധിച്ചു. അങ്ങനെ ഞാന്‍ ആറു മാസം വളരെ ബുദ്ധിമുട്ടി അത് നടത്തി. അന്ന് ടാബ്ലോയിഡ് സൈസില്‍ എട്ടു പേജിലായിരുന്നു ശബാബ്. ദ്വൈവാരികയാണ്. സൈസും ലേഖനത്തിന്റെ ഡിസ്‌പ്ലേയുമൊന്നും ആകര്‍ഷകമായിരുന്നില്ല.
മുഖലേഖനമൊക്കെ ഉണ്ടായാല്‍ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നൊക്കെ എനിക്ക് ശബാബ് വായിക്കുമ്പോള്‍ തോന്നുമായിരുന്നു. എന്തായാലും കഷ്ടപ്പെട്ട് ആറു മാസം പൂര്‍ത്തിയാക്കി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. ആറുമാസം കഴിഞ്ഞു, എന്നെ ഒഴിവാക്കിത്തരണം എന്നതായിരുന്നു എന്റെ ആവശ്യം. എന്നാല്‍, ”ഇനി നിങ്ങള്‍ തന്നെ അങ്ങോട്ട് നടത്തണം” എന്നായിരുന്നു കെ പിയുടെ മറുപടി. അദ്ദേഹത്തിന്റെ ആജ്ഞ എനിക്ക് തിരസ്‌കരിക്കാന്‍ കഴിഞ്ഞില്ല.
എന്നെ ആദ്യം നിയോഗിക്കുന്ന സമയത്ത് ഐ എസ് എം പ്രസിഡന്റ് കെ എസ് കെ തങ്ങളും സെക്രട്ടറി കെ വി മൂസ സുല്ലമിയുമാണ്. എന്നാല്‍ രണ്ടാമത് തുടരാന്‍ നിബന്ധിക്കുമ്പോഴേക്ക് കമ്മിറ്റി മാറി ടി പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും കെ വി സെക്രട്ടറിയുമായി പുതിയ സമിതി വന്നിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഇങ്ങനെ ആകര്‍ഷകമാക്കാതെ നടത്തിക്കൊണ്ടുപോകുന്നതില്‍ ഒരര്‍ഥമില്ല, 12 പേജാക്കി മാറ്റണം എന്നും വാരികയാക്കണമെന്നും ടി പിയോട് പറയുന്നത്.
രണ്ടാഴ്ചയില്‍ ഒന്നു പോലും ഇറക്കാന്‍ കഴിയാത്ത നമുക്ക് എങ്ങനെയാണ് വാരിക ഇറക്കാനാവുക എന്ന് ടി പി തിരിച്ചു ചോദിച്ചു. അത് കഴിയും എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍, എന്നാല്‍ ഒരു പരീക്ഷണമെന്ന നിലക്ക് ദ്വൈവാരിക തന്നെ, എന്നാല്‍ 4 പേജ് വര്‍ധിപ്പിച്ചോളൂ എന്ന് ടി പി സമ്മതം മൂളി. അങ്ങനെ ആദ്യത്തെ ലക്കം ഇറങ്ങി. ഫുള്‍ കളര്‍ ആയിരുന്നു ആദ്യത്തേത്. ആ മാറ്റം ആളുകള്‍ക്ക് ആവേശമേകി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഐ എസ് എം കമ്മിറ്റി വാരികയാക്കാന്‍ തീരുമാനിച്ചു. അന്നും 12 പേജിലാണ് വാരിക.
അന്ന് അരീക്കോട് അറബിക് കോളജിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ വെച്ചായിരുന്നു ഇതിന്റെ പണികളൊക്കെ ചെയ്തിരുന്നത്. അന്ന് ബോര്‍ഡില്‍ ഞാനൊറ്റക്കായിരുന്നു. ഇത് വാരികയാക്കണം എന്ന സ്ഥിതി വന്നതോടെ ശബാബില്‍, എഴുത്തില്‍ താല്‍പര്യമുള്ള ഒരാളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി. അങ്ങനെയിരിക്കെ ഒരു ദിവസം സുമുഖനായ ഒരു ചെറുപ്പക്കാരന്‍ കയറിവന്നു. എന്താ കാര്യമെന്നു ചോദിച്ചപ്പോള്‍ ശബാബിലെ പരസ്യം കണ്ടു വന്നതാണെന്നു പറഞ്ഞു. ഞാന്‍ എഴുതി അയക്കാനാണല്ലോ പറഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ ആ യുവാവ് ചിരിച്ചു. പിന്നെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അങ്ങനെയാണ് അബൂബക്കര്‍ കാരക്കുന്നിനെ പ്രൂഫ് റീഡറായി നിയമിക്കുന്നത്. കഴിവുണ്ട് എന്ന് മനസിലായപ്പോള്‍ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് വിട്ടുകൊടുത്തു തുടങ്ങി. പംക്തികള്‍ക്കും മറ്റുമായി അദ്ദേഹത്തെ ഉപയോഗിച്ചു.
രാത്രി മൂന്നു മണിക്കൊക്കെയാണ് പ്രിന്റിംഗ് തീരുക. പ്രിന്റ് ചെയ്ത പേപ്പറുകള്‍ വരിഞ്ഞുകെട്ടി ഞാനും സലീം മേത്തലും കോഴിക്കോട്ടേക്ക് പോകും. ഞങ്ങളെ കാത്ത് പി ടി അബൂബക്കര്‍ കുട്ടിയുണ്ടാകും. അദ്ദേഹമാണ് അത് മടക്കുക. അദ്ദേഹമായിരുന്നു റാപ്പര്‍ മുതല്‍ മുഴുവന്‍ പണിയും ചെയ്യുക.
അന്ന് അറബിക് സംഘടനകളുടെ ചോദ്യപേപ്പര്‍ അവിടെ വെച്ചായിരുന്നു അച്ചടിച്ചിരുന്നത്. അത്തരം വര്‍ക്കുകളില്‍ നിന്ന് നല്ല വരുമാനം ലഭിക്കുകയും ശമ്പളക്കാര്യങ്ങള്‍ അതുകൊണ്ട് നടത്തുകയുമാണുണ്ടായിരുന്നത്.
ഞാനും അബൂബക്കര്‍ കാരക്കുന്നും ജ്യേഷ്ഠാനുജന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. സംഘടന പിരിഞ്ഞു രണ്ടു ചേരികളിലായിരുന്നപ്പോഴും ഞങ്ങള്‍ക്കിടയില്‍ ആ സ്‌നേഹം നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു മൂന്നു നാള്‍ മുമ്പു പോലും ഞങ്ങള്‍ ദീര്‍ഘനേരം സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞിരുന്നിട്ടുണ്ട്. അതാണെന്റെ ശബാബുമായി ബന്ധപ്പെട്ട ഓര്‍മ. ശബാബ് അന്ന് വലിയ ദൗത്യമാണ് നിര്‍വഹിച്ചിരുന്നത്. അന്ന് നമുക്ക് ആശ്രയിക്കാന്‍ ആഴ്ച തോറും ഇറങ്ങുന്ന ശബാബാണ് ഉണ്ടായിരുന്നത്. എന്റെ ആദ്യത്തെ ജോലി എന്ന നിലക്കും എന്റെ ലേഖനങ്ങളുടെ എഴുത്ത് എന്ന നിലക്കും ശബാബിനോട് നിറഞ്ഞ സ്‌നേഹമാണുള്ളത്. ശബാബ് കനപ്പെട്ട രീതിയില്‍ നടത്തുക എന്നതു മാത്രമാണ് എനിക്ക് പറയാനുള്ളത്.