പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടാകില്ലെന്ന് ഇറാന്‍
ഏത് നിമിഷവും അമേരിക്ക ഇറാനെ അക്രമിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന ഒരു പ്രതീതി പശ്ചിമേഷ്യയില്‍ നിലനിര്‍ത്താന്‍ അമേരിക്ക ശ്രമിച്ച് വരുന്നതിനിടെ, മേഖലയില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകുമെന്ന് തങ്ങള്‍ ഒട്ടും വിശ്വസിക്കുന്നില്ലെന്ന ഇറാന്റെ അഭിപ്രായത്തെ ലോക മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖമായ അന്താരാഷ്ട്രാ മാധ്യമങ്ങളുടെ മിഡില്‍ ഈസ്റ്റ് പേജുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ആസന്നമായ ഒരു യുദ്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ആശങ്കകളുമാണ്. ചൈനീസ് സന്ദര്‍ശനത്തിനിടെയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇങ്ങനെയൊരഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യന്‍ തീരം ലക്ഷ്യമാക്കി യാത്ര തിരിച്ച പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ പശ്ചിമേഷ്യയിലേക്ക് ഉറ്റ് നോക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഇറാന്റെ പ്രതികരണവും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്ക നടത്തുന്നത് കേവലമായ ഒരു മനശാസ്ത്ര യുദ്ധം മാത്രമാണെന്നും അമേരിക്ക ഇറാനെ അക്രമിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നുമാണ് ജവാദ് സരീഫ് പറഞ്ഞത്. യുദ്ധങ്ങളിലൂടെയുള്ള പരിഹാരങ്ങളെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും തങ്ങള്‍ യുദ്ധത്തെ ആഗ്രഹിക്കുന്നില്ലെന്നും ജവാദ് സരീഫ് പറഞ്ഞത്. അമേരിക്കന്‍ ഭീഷണി ഇറാന് മേല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് ഇറാന്‍ ചൈനയില്‍ എത്തിയത്.