പശ്ചിമേഷ്യന്‍ കടലിലെ ആക്രമണം ഇറാഖിന്റേതെന്ന് അമേരിക്ക
ഈയടുത്ത് പശ്ചിമേഷ്യന്‍ കടലിടുക്കില്‍ വെച്ച് സൗദി അറേബ്യയുടെ എണ്ണക്കപ്പലുകള്‍ക്കും പൈപ് ലൈനുകള്‍ക്കും നേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്തത് ഇറാഖാണെന്ന ആരോപണവുമായി അമേരിക്ക മുന്നോട്ട് വന്നതും കഴിഞ്ഞയാഴ്ചയിലെ സുപ്രധാനമായ ഒരു അന്താരാഷ്ട്രാ വാര്‍ത്തയായിരുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടിലാണ് ഈ വിവരം അമേരിക്ക അറിയിച്ചിരിക്കുന്നത്. നേരത്തെ, യമനാണ് ഈ അക്രമണങ്ങളുടെ പിന്നിലെന്നായിരുന്നു ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആരോപണങ്ങളെ ഇറാഖ് നിഷേധിച്ചു. ഉത്തരവാദിത്വമില്ലാത്ത ആരോപണമെന്നാണ് ഇറാഖ് ഇതിനോട് പ്രതികരിച്ചത്. തങ്ങള്‍ക്കെതിരേയുള്ള ഒരു തെളിവെങ്കിലും ഹാജരാക്കാനും അവര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഒരു വലിയ പദ്ധതിയുമായാണ് അമേരിക്ക ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാ ണ് പൊതുവേ ഉയരുന്ന ആരോപണം. ഇറാനെ ആക്രമിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വിട്ടും മറ്റ് രാഷ്ട്രങ്ങളെ ശിഥിലീകരിക്കാനുള്ള പദ്ധതികള്‍ ഒരുക്കിയും രാഷ്ട്രീയമായി മേഖലയെ ശിഥിലീകരിക്കുകയാണ് അമേരിക്ക ഇപ്പോള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശങ്ങള്‍. തങ്ങളെ ആക്രമിച്ചാല്‍ അതിനുള്ള പ്രതിവിധി തങ്ങള്‍ തന്നെ കണ്ടെത്തുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇറാനില്‍ നിന്ന് ശ്രദ്ധ മാറ്റിയ മട്ടിലാണ് അമേരിക്ക. തങ്ങള്‍ ജനാധിപത്യം നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിച്ച ഇറാഖിനെ പറ്റി തന്നെ അമേരിക്ക ഇങ്ങനെ പറയുന്നതിലെ നാണക്കേടിനെയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.