പരിസ്ഥിതി സൗഹൃദ പ്രകൃതിവിഭവ വിനിയോഗ സംസ്‌കാരം വളര്‍ത്തിയെടുക്കണം -കേരള സ്‌കോളേഴ്‌സ് മീറ്റ്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റി കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മൂന്നാമത് സ്‌കോളേഴ്‌സ് മീറ്റ് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: പരിസ്ഥിതിയോടുള്ള ബാധ്യതകളും ചുമതലകളും തിരിച്ചറിഞ്ഞ് പ്രകൃതി വിഭവങ്ങളെ വിനിയോഗിക്കാന്‍ സമൂഹത്തെ സജ്ജമാക്കുന്നതിന് മതപണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് കേരള സ്‌കോളേഴ്‌സ്മീറ്റ്. പാരിസ്ഥിതിക സൗഹൃദത്തിലധിഷ്ഠിതമായ ഭൂവിനിയോഗം, കെട്ടിട നിര്‍മാണം, മാലിന്യ സംസ്‌കരണം, ജല വിനിയോഗ സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാന്‍ മതപണ്ഡിതന്മാര്‍ ബോധപൂര്‍വമായ ശ്രമം നടത്തണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതിയുടെ പഠന ഗവേഷണ പരിശീലന വിഭാഗമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റി ഫോര്‍ റിസര്‍ച്ച് ആന്റ്‌ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള സ്‌കോളേഴ്‌സ് മീറ്റ് പണ്ഡിത സമ്മേളനം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സന്തുലനവുമായി ബന്ധപ്പെട്ട ദൈവിക ദര്‍ശനം സമൂഹത്തെ ബോധ്യപ്പെടുത്തണം. ഭൂമിയിലെ വെള്ളവും വെളിച്ചവും വായുവും മണ്ണും എല്ലാ മനുഷ്യര്‍ക്കും വരും തലമുറക്കും അര്‍ഹതപ്പെട്ടതാണെന്ന ബോധ്യം സമൂഹത്തില്‍ വളര്‍ത്തിയെടുക്കണം. പ്രകൃതിവിഭവങ്ങളെ അക്രമാസക്തമായി ചൂഷണം ചെയ്യുന്നതും വിഷലിപ്തമാക്കുന്നതും ചെറുക്കുന്നതിന് മതസ്ഥാപനങ്ങള്‍ക്കും മതനേതൃത്വങ്ങള്‍ക്കും ബാധ്യതയുണ്ട്. കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രളയവും പ്രകൃതി ദുരന്തങ്ങളും മുന്നില്‍വെച്ച് പ്രകൃതി വിഭവങ്ങളെ കരുതലോടെയും ശാസ്ത്രീയവുമായും ഉപയോഗപ്പെടുത്താന്‍ കേരളീയ സമൂഹം സജ്ജമാവണമെന്നും സ്‌കോളേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സ്‌കോളേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷഹീന്‍ പാറക്കോട്ടില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ.ടി ശോഭീന്ദ്രന്‍ എന്നിവര്‍ക്കുള്ള ഉപഹാരം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) പ്രസിഡന്റ് ഡോ. ഇ കെ അഹ്്മദ് കുട്ടി സമ്മാനിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഒ ഹാമിദലി, ടി പി എം റാഫി, ഡോ. ജാബിര്‍ അമാനി, പ്രഫ. കെ പി സകരിയ്യ, എരോത്ത് ഷൗഖത്തലി, ഡോ. മുസ്തഫ കൊച്ചിന്‍, പി കെ ശബീബ്, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, സി സി ശക്കീര്‍ ഫാറൂഖി, പി അബ്ദുല്‍ അലി മദനി, അലി മദനി മൊറയൂര്‍, നൗഷാദ് കാക്കവയല്‍, എം അഹ്മദ് കുട്ടി മദനി, അബ്ദുസ്സലാം പുത്തൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

