പരിസ്ഥിതിയുടെ സംരക്ഷണം മനുഷ്യ വംശത്തിന്റെ ജന്മ ബാധ്യത – ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി
മൂന്ന് ബന്ധങ്ങളാണ് പ്രധാനമായി അല്ലാഹുവും നബി(സ)യും നിശ്ചയിച്ചിരിക്കുന്നത്. അല്ലാഹുവമായുള്ള ബന്ധമാണ് അതില്‍ പ്രഥമ സ്ഥാനത്തുള്ളത്. തൗഹീദില്‍ അധിഷ്ഠിതമായ വിശ്വാസവും അനുബന്ധ ആരാധനകളും ഈ ബന്ധം നിലനിര്‍ത്തുകയും ഭദ്രമാക്കുകയും ചെയ്യുന്നു. മനുഷ്യരുമായുള്ള ബന്ധമാണ് രണ്ടാമത്തേത്. ധര്‍മ സദാചാര ബോധവും ഉല്‍കൃഷ്ട സ്വഭാവ മൂല്യങ്ങളുമാണ് മനുഷ്യര്‍ക്കിടയിലെ സ്‌നേഹസൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യം. പ്രപഞ്ചവുമായി നമുക്കുള്ള ബന്ധമാണ് മറ്റൊന്ന്. ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ദൈവികമായി തന്നെ സംവിധാനിച്ചിരിക്കുന്ന ഭൂമിയും അതിലെ ആവാസ വ്യവസ്ഥയും പ്രവര്‍ത്തനങ്ങളും ഒരു ഭംഗവുമില്ലാതെ നിലനില്‍ക്കേണ്ടത് പ്രപഞ്ചത്തിന്റെ സുരക്ഷക്ക് അനിവാര്യമാണ്. സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ജൈവ സമ്പന്നവും വിഭവ സമൃദ്ധവുമായ പ്രപഞ്ചം ദൈവസാക്ഷ്യമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
മുസ്‌ലിമിന് പ്രപഞ്ചവുമായുള്ള ബന്ധങ്ങളുടെ ഭാഗമായാണ് പരിസ്ഥിതി പഠനവും സംരക്ഷണവും നടക്കേണ്ടത്. ഭൂമിയും ആവാസ വ്യവസ്ഥയും പ്രപഞ്ചവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ ഭാഗമാണെങ്കിലും അവയ്ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൃത്യമായ പാരസ്പര്യമുണ്ട്. അനന്തകോടി നക്ഷത്ര ഗ്രഹങ്ങളില്‍ എവിടെയെങ്കിലും സംഭവിക്കുന്ന താളപ്പിഴ പോലും പെട്ടെന്നോ സമയമെടുത്തോ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ബാധിക്കുന്നമെതില്‍ സംശമില്ല. ദൈവബോധത്തിന്റെ ഭാഗമായി നില്‍ക്കുന്ന സൂക്ഷ്മത ആരാധനകളില്‍ അനിവാര്യമാണെന്നതുപോലെ ഭൂമിയോടും പ്രപഞ്ചത്തോടും അത് ഏറെ അനിവാര്യമാണ്. ഭൂമിയിലെ ആവാസ വ്യവസ്ഥയില്‍ ഇടപെടുമ്പോഴും പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുമ്പോഴും നാം പുലര്‍ത്തേണ്ട ജാഗ്രതയാണ് ഈ സൂക്ഷ്മത.
പരിസ്ഥിതി പഠനങ്ങളില്‍ പ്രധാനമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് പ്രപഞ്ചവും അതുള്‍ക്കൊള്ളുന്ന സംവിധാനങ്ങളും ആര്‍ക്കുവേണ്ടി സൃഷ്ടിച്ചു എന്നതാണ്. ”അവനാകുന്നു ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചവന്‍”(ഖുര്‍ആന്‍ 2:29) എന്ന ദിവ്യവചനം ഇതിന് ഉത്തരം നല്‍കുന്നു. ഇത് രണ്ട് സങ്കല്പങ്ങളാണ് നമുക്ക് നല്‍കുന്നത്. സൂക്ഷ്മതയോടെ മിതമായി ആവശ്യങ്ങള്‍ക്ക് മാത്രം ഭൂമിയിലെ അനുഗ്രഹങ്ങള്‍ ഉപയോഗിക്കുക. മറ്റൊന്ന് ഭൂമിയും അതിലുള്ളതെല്ലാം നമുക്ക് മാത്രമാണെന്ന ചിന്തയില്‍ മറ്റാര്‍ക്കും മിച്ചം വെക്കാതെ അഹങ്കരിച്ചു ജീവിക്കുക. രണ്ടാമത്തെ സങ്കല്പം അപകടകരമാണെന്നും, അത്തരം വ്യക്തികളും സ്ഥാപനങ്ങളും ഭൂമിയെയും പ്രപഞ്ചത്തെയും നശിപ്പിക്കുമെന്നുമാണ് മതം പറയുന്നത് (2:204,205)
മനുഷ്യന്‍ ഖലീഫ
ഉപര്യുക്ത ഖുര്‍ആന്‍ വചനത്തിന്റെ തുര്‍ച്ചയായി വരുന്നത് ഭൂമിയില്‍ നിശ്ചയിക്കുവാന്‍ പോകുന്ന ഖലീഫയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. ആ സ്ഥാനത്തേക്ക് നിയോഗിക്കുന്ന മനുഷ്യന് അഹങ്കാരവും അതിക്രമ ചിന്തയും ഉണ്ടെങ്കിലും അതിലുപരി ആദ്യത്തെ സങ്കല്പ പ്രകാരം ഭൂമിയിലെ ആവാസ വ്യവസ്ഥയുമായി സഹകരിച്ചു ജീവിക്കാന്‍ കഴിയുമെന്നാണ് അല്ലാഹു അറിയിക്കുന്നത്. ‘ദൈവിക സംവിധാനങ്ങളുടെ മഹത്വം മനസ്സിലാക്കി ദൈവഹിതമനുസരിച്ച് ബാധ്യതകള്‍ നിര്‍വഹിക്കുന്നവന്‍’ എന്നതാണ് ഖലീഫ പദവിയിലുള്ള മനുഷ്യന് ചേര്‍ന്ന നിര്‍വചനം. ഭൂമിയെ കീറിമുറിച്ചും ദൈവ വിഭവങ്ങള്‍ കൊള്ളടിച്ചും പ്രകൃതിയെ പരിക്കേല്‍പിക്കുന്നവര്‍ മതനിയമങ്ങള്‍ പാലിച്ച് ആരാധനാ നിരതരായി ജീവിച്ചാലും അല്ലാഹുവിന്റെ പക്കല്‍ കുറ്റക്കാര്‍ തന്നെയായിരിക്കും.
ഭൂമിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ട മനുഷ്യന്‍ അതിക്രമിയും സ്വാര്‍ഥനുമാകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഖുര്‍ആന്‍ പറയുന്നു. ”കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു, മനുഷ്യന്റെ പ്രവര്‍ത്തനഫലമായി, അതിന്റെ ഫലമായി അവരുടെ പ്രവര്‍ത്തനമൂല്യങ്ങളില്‍ ചിലതൊക്കെ അവരെ അവന്‍ അനുഭവിപ്പിക്കുകയും ചെയ്യും.” (ഖുര്‍ആന്‍ 30:41)
പാരസ്പര്യവും സന്തുലിതത്വവും
ആവാസ വ്യവസ്ഥയുള്‍പ്പെടെ പ്രപഞ്ച സംവിധാനങ്ങളില്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്ന അന്യൂന പാരസ്പര്യ സന്തുലിതത്വം വളരെ പഠനാര്‍ഹമാണ്. ‘റഹ്മാനായ അല്ലാഹുവിന്റെ സൃഷ്ടി സംവിധാനത്തില്‍ ഒരുതരത്തിലള്ള ഏറ്റക്കുറച്ചിലുകളും നിങ്ങള്‍ക്ക് കാണാന്‍ സാധ്യമല്ല” (മുല്‍ക് 03) എന്ന വചനം പ്രാപഞ്ചിക സംവിധാനങ്ങളുടെ അന്യൂനത വ്യക്തമാക്കുന്നു. പരിസ്ഥിതിയുടെ മുഖ്യഭാഗമായ ഭൗമിക ആവാസവ്യവസ്ഥയിലും ഇത് ദര്‍ശിക്കാം. ജലദ്രവ്യ ഖര പദാര്‍ഥങ്ങളുടെ വിന്യാസവും അവയുടെ അനുപാതവും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ പാകത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചു. അവയ്ക്ക് നിശ്ചിത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു (ഫുര്‍ഖാന്‍ 2) സൃഷ്ടി ജാലങ്ങള്‍ക്കിടയിലെ പാരസ്പര്യമാണിവിടെ സൂചിപ്പിക്കുന്നത്. ”ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും എല്ലാ വസ്തുക്കളെയും സന്തുലിതാവസ്ഥയില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു (ഹിജ്ര്‍ 19). ജൈവലോകത്തെ സസ്യസമ്പത്താണ് ആവാസവ്യവസ്ഥയിലെ പ്രധാന ഘടകം. അവയുടെ നിലനില്പിനും ഊര്‍ജശേഖരണത്തിനും അവ സ്വയം നടത്തുന്ന ജൈവപ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെയും സുരക്ഷയ്ക്ക് സഹായകമായി വര്‍ത്തിക്കുന്നു. സസ്യലോകത്ത് കാണുന്ന വൈവിധ്യം ഖുര്‍ആന്‍ 35:27ല്‍ വേറെയും വിവരിക്കുന്നുണ്ട്.
സസ്യജൈവധര്‍മം മുറതെറ്റാതെ നടക്കുവാനാണ് മതം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. ”ആര്‍ക്കെങ്കിലും ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷി ചെയ്യട്ടെ, അതല്ലെങ്കില്‍ തന്റെ സഹോദരന്‍ അതില്‍ കൃഷിയിറക്കട്ടെ” (മുസ്‌ലിം 1536) ഈ നബിവചനം കൃഷിയെന്നത് തൊഴില്‍ എന്നതിലുപരി ജീവിത സംസ്‌കാരം കൂടിയായിരിക്കണം എന്നാണ് പഠിപ്പിക്കുന്നത്. കണ്‍മുമ്പില്‍ ലോകം അവസാനിക്കുന്ന സന്ദര്‍ഭമാണെങ്കില്‍പോലും കൈയിലുള്ള ചെടി ഭൂമിയില്‍ കുഴിച്ചിടണമെന്ന നബിവചനവും(അഹ്മദ് 12981) ഇത് ആവര്‍ത്തിക്കുന്നു. ലോകം തകര്‍ന്നടിയുമ്പോള്‍ ചെടി നടുന്നതുകൊണ്ട് ഭൂമിക്കോ മനുഷ്യനോ ഒന്നും നേടാനില്ല. ഇത്രനാളും നമ്മെ താലോലിച്ച ഭൂമിയിയോട് നമുക്ക് നിര്‍വഹിക്കാനുള്ള അവസാനത്തെ ബാധ്യതപോലും ഗൗരവതരമാണെന്നാണ് നബി അറിയിക്കുന്നത്.
മനുഷ്യന്റെ ഉത്തരവാദിത്വം
ആകാശവും ഭൂമിയും പര്‍വതങ്ങളും ഏറ്റെടുക്കാത്ത ഉത്തരവാദിത്വമാണ് ഖലീഫ എന്ന പദവിയിലിരിക്കുന്ന മനുഷ്യന്‍ ഏറ്റെടുത്തിരിക്കുന്നത്. മനുഷ്യനെ വിശ്വസിച്ചേല്പിച്ചിരിക്കുന്ന (അമാനത്ത്) ഈ ചുമതല വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ അവന്‍ നിര്‍വഹിക്കേണ്ടതുണ്ട്. പരിസ്ഥിതി സൗഹൃദ ജീവിതമാണ് മതം അതിന്നായി നിശ്ചയിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയുടെ താളപ്പൊരുത്തത്തിന് അനുസൃതമായി മനുഷ്യന്‍ അവന്റെ മനോഭാവം രൂപപ്പെടുത്തണം. ദുര്‍മോഹം, അഹങ്കാരം, സ്വാര്‍ഥത, പണക്കൊതി, ആഡംബര ചിന്ത തുടങ്ങി മനസ്സിന്റെ രോഗവൈകല്യങ്ങള്‍ ആത്യന്തികമായി ബാധിക്കുന്നത് പരിസ്ഥിതി ആവാസവ്യവസ്ഥയെയാണ്. ആരാധനയുടെ ഭാഗമായിട്ടാണെങ്കില്‍പോലും ജലം അമിതമായി ഉപയോഗിക്കുന്നത് നബി (സ) വിലക്കുന്നു (ഇബ്‌നുമാജ). ജലാശയങ്ങള്‍ മലിനമാക്കുന്നതും വലിയ പാപമാണ്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത് എന്ന ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് മനുഷ്യന്‍ നടത്തുന്ന എല്ലാ അതിക്രമ പ്രവര്‍ത്തനങ്ങളുടെയും പരിക്കുകളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള ആഹ്വാനവും കൂടിയാണ്.
മാതൃസ്ഥാനത്ത് ഭൂമിയെ കാണുന്ന സംസ്‌കാരമാണ് ഇസ്‌ലാമിന്റെത്. നിങ്ങള്‍ ഭൂമിയെ സംരക്ഷിക്കുക, അത് നിങ്ങളുടെ മാതാവാണ് എന്ന ഇബ്‌നു അബ്ബാസിന്റെ(റ) വാക്കുകള്‍ ശ്രദ്ധേയമാണ്. മാതാവിനോടുള്ള വാത്സല്യവും കരുതിവെപ്പും പരിഗണനയും ഭൂമിയോടും ആവാസ വ്യവസ്ഥയോടും നാം കാണിച്ചാല്‍ പരിസ്ഥിതിസൗഹൃദ ജീവിതം എളുപ്പമായിരിക്കും. മണ്ണില്‍ നിന്ന് ജനിച്ച് മണ്ണില്‍ ജീവിച്ച് മണ്ണിലേക്ക് മടങ്ങേണ്ട മനുഷ്യന്റെ ജീവിതം ഒരിക്കലും മണ്ണിനെ മുറിവേല്പിച്ചുകൊണ്ടാവരുത്.