പരാജയമൊരു വിജയമായി ഭവിക്കരുത് – ജൗഹര്‍ കെ അരൂര്‍
ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മതേതര ഇന്ത്യക്ക് വലിയ രീതിയിലുള്ള ആശ്വാസവുമായിട്ടാണ്. അഞ്ചിടത്തും സംഘ പരിവാറുകള്‍ക്ക് വലിയ രീതിയിലുള്ള പരാജയം ഏറ്റു വങ്ങേണ്ടി വരികയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച്ച വെക്കുകയും ചെയ്തു എന്നത് വലിയ ആശ്വാസം തന്നെ. ബി ജെ പി ജയിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്താറുള്ള അല്ലെങ്കില്‍ മതേതര സമൂഹം ഉയര്‍ത്താറുള്ള വോട്ടിങ് മെഷിന്‍ ക്രമക്കേട് ബി തെ പി വലിയ രീതിയില്‍ പരാജയപ്പെട്ടുപോയിട്ടും കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചില്ല എന്ന വസ്തുത ചില അപകട സൂചനകള്‍ നല്‍കുന്നില്ലേ എന്നൊരു സംശയം ന്യായമായും നമുക്കുണ്ടാവേണ്ടതുണ്ട്. വോട്ടിങ് മെഷിന്‍ മെഷീനില്‍ ക്രമക്കേടുകളൊന്നും തന്നെ ഇല്ല എന്ന് ഇന്ത്യന്‍ ജനതയെ തെറ്റിധരിപ്പിക്കാന്‍ വേണ്ടി വോട്ടിങ് മെഷിന്‍ സംവിധാനങ്ങളെ വെറുതെ വിട്ട് സത്യസന്ധമായി അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതാണോ എന്ന സംശയത്തിന് വേറെയും ചില കാരണങ്ങളുണ്ട്. അതിനാല്‍ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലുള്ള തിരഞ്ഞെടുപ്പുകളെ തിരികെക്കൊണ്ട് വരാനുള്ള മുറവിളികള്‍ നിശ്ചലമായിപ്പോകാതെ നോക്കേണ്ടത് മതേതര വിശ്വാസികളായ ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണ്.