7 Saturday
March 2026
2026 March 7
1447 Ramadân 18

പത്രക്കടലാസ് ഇറക്കുമതി തീരുവ വര്‍ധനവ് പിന്‍വലിക്കണം: കെ എന്‍ എം

കോഴിക്കോട് നടന്ന കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: അച്ചടി മാധ്യമങ്ങളുടെ അടിത്തറ തകര്‍ക്കും വിധമുള്ള പത്രക്കടലാസിന്റെ ഇറക്കുമതി തീരുവ വര്‍ധന പിന്‍വലിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ എന്‍ എം മര്‍കസുദ്ദഅ്‌വ) സംസ്ഥാന എക്‌സിക്യുട്ടീവ് മീറ്റ് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പത്രക്കടലാസിന്റെ ക്രമാതീതമായ വില വര്‍ധനയ്ക്ക് വഴിവെക്കുന്ന തീരുമാനത്തിലൂടെ സാധാരണക്കാരന്റെ വായനാ സ്വാതന്ത്ര്യത്തിന്റെ കടക്ക് കത്തിവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ചെറുകിട പത്രങ്ങളെയും പ്രസാധനാലയങ്ങളെയും പാടെ തകര്‍ക്കുന്ന പത്രക്കടലാസിന്റെ ഇറക്കുമതി തീരുവ വര്‍ധനവ് ഒട്ടും നീതീകരിക്കാവതല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി. രാജ്യത്തെ മുസ്‌ലിംകളെയും ദലിത് പിന്നാക്ക വിഭാഗങ്ങളെയും കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന യു എ പി എ നിയമഭേദഗതിക്കെതിരെ രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വങ്ങള്‍ തുടര്‍ന്നുവരുന്ന കുറ്റകരമായ മൗനം ആശങ്കാജനകമാണ്. പാര്‍ലിമെന്റ് സമിതികളെ നോക്കുകുത്തിയായി നിര്‍ത്തി പാര്‍ലമെന്ററി മര്യാദ പാലിക്കാതെ ജനദ്രോഹ ബില്ലുകള്‍ നിയമമാക്കിയെടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്പ് വളര്‍ന്നുവരണം.
ലോകത്തിനുമുമ്പില്‍ ഇന്ത്യക്ക് ആത്മാഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാമായിരുന്ന വിവരാവകാശ നിയമവും ദേശീയ മനുഷ്യാവകാശ നിയമവും വനാവകാശ നിയമങ്ങളുമെല്ലാം തകര്‍ത്തെറിഞ്ഞ കേന്ദ്രസര്‍ക്കാറിന്റെ നടപടി രാജ്യത്തിന്റെ അസ്തിത്വത്തിനുതന്നെ വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കുമെതിരില്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ക്കും നേരെ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കെതിരെ കേരളീയ മനസ്സാക്ഷി ഒന്നിക്കണം. സമുദായത്തിനകത്തും പുറത്തും വിവേചനങ്ങള്‍ പ്രകടിപ്പിക്കാതിരിക്കാന്‍ പണ്ഡിതന്മാരും മതനേതൃത്വങ്ങളും വിശ്വാസികളെ പ്രബുദ്ധമാക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡോ. കെ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം അഹ്മദ്കുട്ടി മദനി സ്വാഗതം പറഞ്ഞു. എന്‍ എം അബ്ദുല്‍ജലീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ പി സകരിയ്യ പ്രവര്‍ത്തനരൂപരേഖയും, ബി പി എ ഗഫൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി അബ്ദുല്ലത്തീഫ്, ഡോ. ജാബിര്‍ അമാനി, എം എം ബശീര്‍ മദനി, അഡ്വ. എം മൊയ്തീന്‍കുട്ടി, ഡോ. അനസ് കടലുണ്ടി, ഡോ. അന്‍വര്‍ സാദത്ത്, സി എം സനിയ്യ, ഇസ്മാഈല്‍ കരിയാട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സൈതലവി എന്‍ജിനീയര്‍, ആബിദ് മദനി, ബശീര്‍ തിക്കോടി, സി സി ശക്കീര്‍ ഫാറൂഖി, അബ്ദുര്‍റഷീദ് മടവൂര്‍, അബ്ദുര്‍റഊഫ് കാസര്‍ക്കോട്, സലീം കരുനാഗപ്പള്ളി, സുബൈര്‍ ആലപ്പുഴ, ഉബൈദുല്ല പാലക്കാട്, അബ്ദുസ്സലാം പുത്തൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, ലബീദ് അരീക്കോട്, ബശീര്‍ ഫാറൂഖി ഇടുക്കി, പി പി ഖാലിദ് പ്രസംഗിച്ചു.

Back to Top