2 Wednesday
July 2025
2025 July 2
1447 Mouharrem 6

പഠനത്തിലെ പിന്നോക്കാവസ്ഥ- ഡോ. പി എന്‍ സുരേഷ് കുമാര്‍

സാര്‍വത്രികമായി വിദ്യാഭ്യാസത്തിന്റെ ആവശ്യകത പരക്കെ അംഗീകരിക്കപ്പെട്ട ഒന്നാണ്. സ്‌കൂളില്‍ പ്രവേശനത്തിനു അര്‍ഹത നേടുന്ന എല്ലാ വിദ്യാര്‍ഥികളും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു കൊള്ളണമെന്നില്ല.  അധ്യാപകര്‍, മനോരോഗവിദഗ്ധര്‍, സ്‌കൂള്‍ ഡോക്ടര്‍, മനശ്ശാസ്ത്രജ്ഞന്‍ എന്നിവരുടെ സംഭാവനകള്‍ അപര്യാപ്തമായ പഠന പ്രകടനങ്ങളുടെ കാരണങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സഹായകരമാണ്.
കാരണങ്ങള്‍
. ശാരീരിക വൈകല്യങ്ങള്‍
കാഴ്ചക്കുള്ള തകരാറുകള്‍കൊണ്ട് കാഴ്ച മങ്ങല്‍, വായിക്കുവാനുള്ള പ്രയാസം എന്നിവയും കേള്‍വിയിലുള്ള തകരാറുകള്‍ കൊണ്ട് വിശദീകരണങ്ങള്‍, ബോധനങ്ങള്‍ എന്നിവ ഗ്രഹിക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. പേശീ ഏകോപനത്തിലെ തകരാറുകള്‍ മോശമായ കയ്യക്ഷരത്തിലേക്കും, എഴുത്തിന്റെ വേഗത കുറഞ്ഞു വരുന്നതിലേക്കും നയിക്കപ്പെടുന്നു. ഹൃദ്രോഗം, ആസ്തമ തുടങ്ങിയ ദീര്‍ഘകാല അസുഖങ്ങള്‍ മൂലം കുട്ടിക്ക് ദീര്‍ഘകാലം സ്‌കൂളില്‍ പോകുന്നതിനായി സാധിക്കാതെ വരികയും അതു കുട്ടിയുടെ ആത്മവിശ്വാസവും പ്രകടനവും കുറയ്ക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെയുള്ള ശാരീരിക പരിശോധന, വൈഷമ്യങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് പരിഹാരം തേടല്‍, തൃപ്തികരമല്ലാത്ത പഠന നിലവാരത്തെക്കുറിച്ചുള്ള കാരണങ്ങള്‍ തിരിച്ചറിയുക, അധ്യാപകരുടെ അവസരോചിതമായ ഇടപെടലുകള്‍ എന്നിവയാണ് ഈ പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍. കുറ്റപ്പെടുത്തല്‍, പരാതിപ്പെടല്‍ എന്നിവ പരിഹാരമാര്‍ഗങ്ങളല്ല; മറിച്ച് അവ കുട്ടിയില്‍ കൂടുതല്‍ ദുരിതം അടിച്ചേല്‍പിക്കുകയാണ് ചെയ്യുന്നത്.
. വൈകാരികമായ  ഇടപെടലുകള്‍
മെച്ചപ്പെട്ട ശാരീരിക ആരോഗ്യം, ബുദ്ധിശക്തി എന്നിവ തൃപ്തികരമായ വിദ്യാഭ്യാസ  പ്രകടനത്തിനു അനിവാര്യമാണെങ്കിലും അതുകൊണ്ട് മാത്രമാവുന്നില്ല. ”കുട്ടിക്ക് പഠിക്കുവാനുള്ള താല്പര്യമുണ്ടെങ്കില്‍ മാത്രമേ അവന്‍ മെച്ചപ്പെടുകയുള്ളൂ”എന്ന വിമര്‍ശനം അധ്യാപകര്‍ കുട്ടികളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. പലപ്പോഴും കേള്‍ക്കപ്പെടുന്ന ഇത്തരം വിമര്‍ശനങ്ങളില്‍ പഠിക്കുവാനുള്ള താല്പര്യത്തില്‍ കുട്ടിയെ അശക്തനാക്കപ്പെടുന്ന ഘടകങ്ങള്‍ ഉണ്ടായേക്കാമെന്ന വസ്തുത വിസ്മരിക്കപ്പെടുന്നു.
നഴ്‌സറിയിലെ ലഘുകവിതകള്‍, അക്ഷരമാല, ലളിതമായ ഗണിതങ്ങള്‍ തുടങ്ങിയവ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വം വര്‍ഷങ്ങളോളം പഠിപ്പിച്ചതിനുശേഷമാണ് മിക്ക കുട്ടികളും സ്‌കൂളില്‍ എത്തിച്ചേരുന്നത്. പലപ്പോഴും എന്തിനുവേണ്ടിയാണോ കുട്ടികള്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്നത് അതിനോട് അവര്‍ക്ക് ഒരു നിഷേധാത്മകമായ മനോഭാവം ഉണ്ടാവുന്നു.
ഉദാ: ബലപ്രയോഗത്തിലൂടെയുള്ള ഭക്ഷണം നല്‍കല്‍ ഭക്ഷണത്തോടുളള വിമുഖതക്ക് കാരണമാവുന്നു. സ്‌കൂളില്‍ പഠിപ്പിച്ച വിഷയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം വീണ്ടും  മാതാപിതാക്കള്‍ പഠിപ്പിക്കുന്നത് പഠനത്തോട് വിമുഖതയുണ്ടാക്കുന്നു.
വിജയത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്ന പല കുട്ടികളിലും അവരുടെ അമിത ഉത്കണ്ഠ പഠനത്തെ ദോഷകരമായി ബാധിക്കപ്പെടുന്നു. എന്തിലും ഏതിലും കൃത്യതക്കായുള്ള അമിതമായ സമ്മര്‍ദ്ദവും കുട്ടിയുടെ പ്രകടനത്തെ തകരാറിലാക്കുന്നു. എപ്പോഴും പഠിക്കുന്നതിനുള്ള നിരന്തരമായി സമ്മര്‍ദത്തിനു അടിമപ്പെടുന്ന കുട്ടികള്‍ ക്ഷീണിച്ചു പോവുകയും ഫലപ്രദമായ പഠനത്തിനാവശ്യമായ ഉന്‍മേഷം ലഭിക്കാതെ പോവുകയും ചെയ്യുന്നു. കുടുംബാംഗങ്ങളുടെ അസുഖം, മരണം, മാതാപിതാക്കളില്‍ നിന്നുള്ള അവഗണന, പിതാവിന്റെ മദ്യപാനം, അധ്യാപകരുടെ കാര്‍ക്കശ്യ സ്വഭാവം തുടങ്ങിയവയും പഠന പ്രകടനങ്ങളുടെ താത്കാലികമായ മാന്ദ്യത്തിനു കാരണമായേക്കാം.
. ബുദ്ധിപരമായ  അപര്യാപ്ത 
ക്ലാസ്സിലെ മറ്റുകുട്ടികള്‍ അനായസകരമായി ചെയ്യുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കാതെ വരുന്നതിനാല്‍ ബുദ്ധിപരമായി അല്പം കുറവുള്ള കുട്ടികള്‍ പരാജയം, മോഹഭംഗം, മാനഹാനി എന്നിവ അനുഭവിക്കുന്നു, എപ്പോഴും കുറഞ്ഞ മാര്‍ക്ക് ലഭിക്കുകയും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവര്‍ക്ക്  തങ്ങളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളോടൊത്ത് പഠിക്കേണ്ടിവരുന്നു. പഠന പുരോഗതി നിര്‍ണയിക്കുന്ന കാര്‍ഡ് ലഭിക്കുമ്പോള്‍ വീട്ടില്‍ നിന്നും വിമര്‍ശനം നേരിടേണ്ടിവരുന്ന ഇവരെ മടിയന്‍മാരായി മുദ്രകുത്തപ്പെടുന്നു. പകല്‍ കിനാവുകാണല്‍, അലസത, വികൃതികള്‍ എന്നിവയില്‍ മാത്രമാണ് ഇവര്‍ക്ക് സംതൃപ്തി കണ്ടെത്തുവാന്‍ സാധിക്കുന്നത്.
ഇത്തരം കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ യാഥാര്‍ഥ്യം അംഗീകരിക്കുകയും തങ്ങളുടെ പ്രതീക്ഷകളെ കുട്ടിയുടെ കഴിവുമായി പൊരുത്തപ്പെട്ടുപോകുന്ന രൂപത്തിലുള്ളവയുമാക്കേണ്ടതുണ്ട്. കുട്ടിയുടെ ആത്മവിശ്വാസത്തിനു കോട്ടം വരുത്തിയേക്കാമെന്നതിനാല്‍ ക്ലാസ്സോ, സ്‌കൂളോ ഇടക്കിടെ മാറ്റം വരുത്തുന്നതും ഒഴിവാക്കേണ്ടതാണ്. കുട്ടിയുടെ മോശമായ പ്രകടനത്തിനു അധ്യാപകരെയോ, സ്‌കൂളിനെയോ കുറ്റപ്പെടുത്തുന്ന പ്രവണതയും ഉപേക്ഷിക്കേണ്ടതാണ്. ഇത്തരം കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ ഇവര്‍ക്ക് വളരെ സഹായകരമാണ്.
. പ്രത്യേകമായ ചില ബലഹീനതകള്‍
ചിലയവസരങ്ങളില്‍ കുട്ടി എല്ലാ വിഷയങ്ങളിലും മോശമാവുന്നില്ല. എന്നാല്‍ വായന, ഗണിതം, ഭാഷ തുടങ്ങിയ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ മാത്രം പിറകോട്ടുപോവുന്നു. മാതാപിതാക്കളില്‍ നിന്നും, അധ്യാപകരില്‍നിന്നുമുള്ള സമ്മര്‍ദ്ദം കുട്ടിക്ക് പഠിക്കുവാന്‍ പ്രയാസകരമായ മാര്‍ഗങ്ങളുടെ ഉപയോഗം, കുട്ടിയില്‍ ലജ്ജയുളവാക്കപ്പെടുന്ന കാര്യങ്ങള്‍ എന്നിവ ഇതിനു കാരണമായേക്കാം. തലച്ചോറിലെ ഞരമ്പു സംബന്ധമായ തകരാറുകള്‍, വ്യക്തിത്വ വൈകല്യങ്ങള്‍, വിദ്യാഭ്യാസപരമായ അവഗണന എന്നിവയും ഈ പ്രശ്‌നത്തിലേക്കു നയിച്ചേക്കാം. ഈ ഘടകങ്ങളെ നേരത്തെ വേര്‍തിരിച്ചറിയേണ്ടതും ദൂരീകരിക്കേണ്ടതുമാണ്. അല്ലെങ്കില്‍ കുട്ടിയെ സുഖപ്പെടുത്തുക ക്ലേശകരമായിരിക്കും. .
Back to Top