22 Sunday
December 2024
2024 December 22
1446 Joumada II 20

പട്ടില്‍ പൊതിഞ്ഞ  നിയമങ്ങള്‍ക്ക് മാത്രം രക്ഷിക്കാനാവുമോ  പെണ്ണിനെ – എ ജമീല ടീച്ചര്‍

പെണ്ണിനോടുള്ള ഇശ്ക് ഭരണതലങ്ങളില്‍ കൂട് പൊട്ടി കുളിരുകോരിയിടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇടയ്ക്കിടെ നിയമങ്ങളും പ്രഖ്യാപനങ്ങളുമായി അത് പെയ്‌തൊഴിയാറുമുണ്ട്. വനിതാ കമ്മീഷന്‍, കുടുംബശ്രീ മിഷനറികള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക മന്ത്രാലയം, ബേഠി ബച്ചാവോ ബേഠി പഠാവോ, ചൈല്‍ഡ്‌ലൈന്‍, ബാലനീതി നിയമം, ഗാര്‍ഹിക പീഡനനിയമം, പോക്‌സോ നിയമം തുടങ്ങി സ്ത്രീസുരക്ഷാനിയമങ്ങള്‍ക്ക് ഇവിടെ ഒട്ടും കുറവില്ല.
എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നാണ്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക എന്നത് തന്നെ. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്ന് ഈയിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച മന്‍കീ ബാത്ത് പദ്ധതി വിളിച്ച് പറയുന്നുണ്ട്. എന്നിട്ടും ഈ നിയമ മഴകളില്‍ നനഞ്ഞുകുതിര്‍ന്ന് സംരക്ഷിക്കപ്പെടേണ്ടതിന് പകരം മുമ്പെങ്ങുമില്ലാത്ത വിധം പെണ്‍പീഡനങ്ങളും പിഞ്ചു കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങളും വര്‍ധിക്കുകയാണിവിടെ. പുതിയ നൂറ്റാണ്ടിലെങ്കിലും ഇന്ത്യയിലെ സാമൂഹികാവസ്ഥ പെണ്ണിനെ മാനിക്കുവാന്‍ മടിച്ചുനില്‍ക്കുന്നു. പെണ്‍മാനം കവര്‍ന്നും പെണ്ണിനെ ചുട്ട് കത്തിച്ചും കെട്ടിത്തൂക്കിയും കൊണ്ട് തള്ളുന്ന വാര്‍ത്തകളാണ് നിത്യേന കേട്ടുകൊണ്ടിരിക്കുന്നത്.
പിറന്ന മണ്ണില്‍ വാവിട്ട് കരഞ്ഞും ആര്‍ത്തലച്ചും ഇല്ലാതായിത്തീരുന്ന അവള്‍ക്ക്് സ്വന്തം ജീവനോടൊപ്പം പേരും നഷ്ടപ്പെടുന്നു. കാശ്മീരിലെ കഠ്‌വ മുതല്‍ ഉന്നാവ, സൂര്യനെല്ലി തുടങ്ങി വാളയാര്‍ വരെയുള്ള സ്ഥലനാമങ്ങള്‍ പെണ്ണിന്റെ മാനം പിച്ചിച്ചീന്തി വലിച്ചെറിയപ്പെട്ടതിന്റെ സാക്ഷ്യങ്ങള്‍ തന്നെ. സ്ത്രീസൗഹൃദ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ പേര് പറയാന്‍ പോലും ഇന്ന് ലോകം കൂട്ടാക്കുന്നില്ല. മറിച്ച് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത നാടിന്റെ സ്ഥാനത്താണ് ഇന്ത്യയുള്ളത്. ലൈംഗികാതിക്രമത്തിനും അടിമവൃത്തിക്കും സ്ത്രീകളെ ഉപയോഗിക്കുന്നു എന്ന ദുഷ്‌പേര് ഇന്ത്യക്ക് ചാര്‍ത്തപ്പെട്ട് കഴിഞ്ഞു.
ലിംഗനീതിയുടെ കാര്യത്തില്‍ നമ്മുടെ നാട് വളരെ പിന്നിലാണെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ലോകത്ത് നാലാം സ്ഥാനത്ത്് ഇന്ത്യയാണെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് ട്രസ്റ്റ് ലോ വിമണ്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ മറ്റൊരു പഠനത്തിലും പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗങ്ങളായ 193 രാജ്യങ്ങളിലാണ് ഫൗണ്ടേഷന്‍ പഠനം നടത്തിയത്. പൊതു ഇടങ്ങളിലും കുടുംബത്തിനകത്തും പുതിയ കാലത്തെ വനിത സ്വയം അടയാളപ്പെടുത്തിയതെങ്ങനെ എന്നത് ഒരു വലിയ ചോദ്യമാണ്. അതിനുത്തരം കണ്ടെത്താന്‍ മറ്റെങ്ങും പരതേണ്ട ആവശ്യമില്ല. സ്വന്തം നാട്ടിലെ സാഹചര്യങ്ങളില്‍ തന്നെ നോക്കിയാല്‍ മതിയല്ലോ.
നാണവും മാനവും പോകുമോ എന്ന് പേടിച്ച്് അഭ്യസ്തവിദ്യരായ സ്ത്രീകള്‍ വരെ പൊതു ഇടങ്ങളോട് അത്രകണ്ട് താല്‍പര്യം കാണിക്കുന്നില്ല. ഈയിടെ അബോളയെന്ന ഒരു സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണിത്. പൊതു ഇടങ്ങള്‍ എന്തുകൊണ്ട് സ്ത്രീവിരുദ്ധമാകുന്നു എന്നത് ആരും അന്വേഷിക്കുന്നില്ലെന്ന് ബോളിവുഡ് താരം സ്വരാ ഭാസ്‌ക്കറും കുറ്റപ്പെടുത്തുകയുണ്ടായി. മാംസക്കച്ചവടത്തിനായി  സ്ത്രീകളെ മനുഷ്യക്കടത്ത് നടത്തുന്നതിന്റെ കേന്ദ്രമായി ഇന്ത്യ മാറുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നത് പൗരന്റെ മൗലികാവകാശങ്ങളില്‍ പെട്ടതാണല്ലോ. ഇതുമായി ബന്ധപ്പെട്ട കരാറില്‍ മറ്റു രാജ്യങ്ങളോടൊപ്പം ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. എന്നിട്ടും ലോകരാജ്യങ്ങള്‍ക്കിടയില്‍ 2012-ല്‍ തന്നെ സ്ത്രീകളുടെ വിഷയത്തില്‍ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇന്ത്യയുള്ളത്.
സ്ത്രീധന കൊലപാതകങ്ങള്‍, ബലാത്സംഗം, ബാലികാബാലന്മാരെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴിലാളികളാക്കല്‍ തുടങ്ങി ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ക്രൂരമായ ലൈംഗികാതിക്രമം എടുത്ത് കാണിച്ച് ബ്രിട്ടണ്‍, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രാകാര്യത്തില്‍ തങ്ങളുടെ ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുമുണ്ട്. നിയമങ്ങളുടെ കുറവല്ല, അത് നടപ്പില്‍ വരുത്തുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന അലംഭാവമാണ് ഇങ്ങനെയൊരു ശോചനീയാവസ്ഥ വന്നുചേരാനുള്ള മുഖ്യകാരണം. ഒന്നും ഊഹത്തിന്റെ നിഴല് കണ്ട് പൊട്ടിക്കുന്ന വെടിയുണ്ടകളല്ല, മറിച്ച് കണക്കിന്റെ കൃത്യത വെച്ചുകൊണ്ട് തന്നെയാണ് അവരൊക്കെ സംസാരിക്കുന്നത്.  ദേശീയതലത്തില്‍ ദിവസം 90 ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. വര്‍ഷം മുപ്പതിനായിരം എന്ന തോതില്‍ ഈ എണ്ണം പെരുകുന്നുമുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2011-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗക്കേസുകള്‍ 24,206 ആണ്. തട്ടിക്കൊണ്ട് പോയ 25000-ത്തോളം കേസുകളും 38,000 മാനഭംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുറംലോകമറിഞ്ഞ കേസുകള്‍ മാത്രമാണിവയെല്ലാം. അല്ലാത്തവ ഇതിലും കൂടുതല്‍ വരും. ഓരോ 34 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു.
കേരളവും പിറകിലല്ല
ആരോഗ്യവിദ്യാഭ്യാസ- സ്ത്രീ ശാക്തീകരണ രംഗങ്ങളില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ് കേരളം. സ്ത്രീപീഡന വിഷയത്തില്‍ കേരളത്തിനും സല്‍പേര് നഷ്ടപ്പെട്ടു. നാടിന്റെ പേരില്‍ അറിയപ്പെടേണ്ടിവരുന്ന പെണ്‍കുട്ടികളുടെ എണ്ണം കേരളത്തിലും പെരുകിക്കൊണ്ടിരിക്കുകയാണ്. 1996-ല്‍ സൂര്യനെല്ലി എന്ന പേരില്‍ തുടങ്ങിവെച്ച ആ പരമ്പര സൗമ്യയും ജിഷയും കടന്നു ഇന്ന് വാളയാറിലെത്തി നില്‍ക്കുന്നു. ദേശീയ ശരാശരിയെക്കാള്‍ കുറവാണെങ്കിലും പ്രതിദിനം അഞ്ച് ബലാത്സംഗങ്ങള്‍ ഇവിടെയും നടക്കുന്നു എന്നതാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 2019-ലെ ആദ്യ ആറ് മാസത്തിനിടയില്‍ കേരളത്തില്‍ നിന്ന് കാണാതെ പോയ കുട്ടികളുടെ എണ്ണം 111. കഴിഞ്ഞ വര്‍ഷം 185. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 2250 കേസ് കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തു. ഇതില്‍ കൂടുതലും സ്ത്രീകളാണുതാനും. ഇതില്‍ 90 ശതമാനം പീഡനത്തിനിരയായവരാണത്രെ. കുട്ടികളുടെ എണ്ണവും കുറവല്ല. 2019 ജൂണ്‍ മാസത്തില്‍ മാത്രം കേരളത്തില്‍ 589 കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ദിവസേന ശരാശരി 19 കുട്ടികള്‍ വെച്ച് പീഡിപ്പിക്കപ്പെടുന്നുമുണ്ട്. മൂന്ന് വര്‍ഷത്തോളമായിട്ട് പോക്‌സോ കേസില്‍ വര്‍ധനവ് മാത്രമാണുള്ളത്. 1645 പീഡനക്കേസുകളും പലവിധ ഉപദ്രവങ്ങളിലുമായി 7000-ലധികം കേസുകളും റജിസ്റ്റര്‍ ചെയ്തതായി  പറയപ്പെടുന്നു.
പോക്‌സോക്കുമാകുന്നില്ല
പീഡനങ്ങളെ തടുക്കാന്‍
2012-ലാണ് പോക്‌സോ നിയമം നടപ്പില്‍ വരുന്നത്. കുട്ടികള്‍ക്കെതിരിലുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നതാണ് അതിന്റെ ലക്ഷ്യം. കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഏഴ് വര്‍ഷത്തില്‍ കുറയാത്തതോ ജീവപര്യന്തമോ ആയ തടവാണ് ശിക്ഷ. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷക്ക് വരെ ശിപാര്‍ശ ചെയ്യും. എന്നിട്ടും കുട്ടികള്‍ക്കെതിരെയുള്ള ബലാത്സംഗങ്ങള്‍  പെരുകിക്കൊണ്ടേയിരിക്കുന്നു. പ്രത്യേക പോക്‌സോ കോടതികളുടെ അഭാവവും കേസിന് തീര്‍പ്പ് കല്പിക്കുന്നതിലുള്ള അലംഭാവവും അതിനു കാരണമാകാം. വാര്‍ത്തകള്‍ കോളിളക്കമുണ്ടാക്കുമ്പോള്‍ മാത്രം പ്രഖ്യാപനങ്ങള്‍ പെരുമഴക്കാലമാകുന്നു എന്നതല്ലാതെ പരിഹാര മാര്‍ഗങ്ങളാകുന്നില്ല. പീഡിത നിയമത്താല്‍ പരിരക്ഷിക്കപ്പെടേണ്ടതിന് പകരം പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ പേരില്‍ നിയമങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നു. ഇടക്കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതി, കേരളത്തിന്റെ വകയായി നിഴല്‍ പദ്ധതി ഇവയെല്ലാം ഇങ്ങനെ പീഡിപ്പിക്കപ്പെട്ട പെണ്ണിനാല്‍ ചുട്ടെടുക്കപ്പെട്ടവയാണല്ലോ.
ഫാസിസത്തിന്റെ ഇടപെടലുകള്‍
നമ്മുടെ നാട്ടിലിന്ന് മേല്‍ക്കൈ നേടുന്നത് മാനവിക മൂല്യങ്ങളല്ല. അതിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നവോത്ഥാന സങ്കല്പങ്ങളല്ല. അതിനൊക്കെ എന്നേ ഇളക്കം തട്ടിക്കഴിഞ്ഞു. ജാതിവ്യവസ്ഥയാണ് എവിടെയും. അതിന് ഊന്നല്‍ കൊടുക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളാണിവിടെ വളര്‍ന്ന് കൊണ്ടിരിക്കുന്നത്. അടുത്തിടെ കാമ്പസിനകത്ത് ഫാസിസത്തിനെതിരെ പ്രതിഷേധിച്ച പെണ്ണിനോട് ബലാത്സംഗം ചെയ്യപ്പെടാനാണോ നിങ്ങള്‍ വന്നത് എന്ന് ചോദിച്ചത് അതിന്റെ ഉദാഹരണമാണ്.

നമ്മുടെ നിയമത്തില്‍ പെണ്‍സുരക്ഷക്കു വേണ്ടി പലതും എഴുതിച്ചേര്‍ത്തിട്ടുണ്ടായിരിക്കാം. പക്ഷേ, നിയമത്തെക്കുറിച്ച് പലരും അജ്ഞരാണ്. ഇതും ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണമായേക്കാം. ഇരകളുടെയും പ്രതികളുടെയും നേര്‍ചിത്രം പരിശോധിച്ചാല്‍ ഒരു സത്യം വെളിപ്പെടും. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായിരിക്കും ഇതില്‍ കൂടുതലും. ഉണ്ണാനില്ലാത്തവര്‍, ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍, ഉറങ്ങാനിടമില്ലാത്തവര്‍, കിട്ടിയത് തിന്നുന്നു. കണ്ടേടത്ത് കിടന്നുറങ്ങുന്നു. കാണുന്നവരെയൊക്കെ ഭോഗിക്കുന്നു. അതില്‍ സ്വന്തം മകളുണ്ടാകും, ഉറ്റവരുണ്ടാകാം. അല്ലാത്തവരാകാം, മദ്യത്തിലും മയക്കുമരുന്നിലും മയങ്ങിക്കിടക്കുന്ന അവനെന്ത് നീതി? എന്ത് നിയമം? ഇവരെയൊക്കെ ഈ നിലക്ക് തളര്‍ത്തിക്കിടത്തിയാണല്ലോ ദേശീയോദ്ഗ്രഥനം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാറിപ്പോള്‍ പാടുപെടുന്നത്. ഭാരതത്തില്‍ പൗരത്വ നിയമഭേദഗതിയും നടപ്പില്‍ വന്നാല്‍ ഇരയാക്കപ്പെടുന്ന പെണ്ണിന്റെ നിലവിളി ഒരിക്കലും നിലയ്ക്കാത്തതായി മാറാം. നിര്‍ഭയത്വവും നീതിബോധവുമുള്ള ഒരു സാമുദായിക നീതി സൃഷ്ടിച്ചടെുക്കാന്‍ ആരുണ്ടിവിടെ

Back to Top