നൂറിടങ്ങളില്‍ വാഹനയാത്രികര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
ഒമാനില്‍ ആഭ്യന്തര ടൂറിസം മേഖലക്ക് ഉണര്‍വ് പകരുക യെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാഹനയാത്രികര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. ആഭ്യന്തര ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പദ്ധതി. വിശ്രമകേന്ദ്രങ്ങള്‍, റസ്റ്റാറന്റുകള്‍, കടകള്‍, കുട്ടികളുടെ കളിസ്ഥലം, വൈഫൈ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയുള്ളതാകും ഓരോ വിശ്രമകേന്ദ്രവും. പദ്ധതിക്ക് ഭൂമി കൈമാറുന്നത് സംബന്ധിച്ച കരാറില്‍ ഒമാന്‍ ടൂറിസം മന്ത്രാലയവും ലീജിയണ്‍ ഇന്റര്‍നാഷനല്‍ എല്‍ എല്‍ സി എന്ന സ്വദേശി കമ്പനിയും 25 വര്‍ഷത്തേക്കുള്ള ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസം മേഖലക്ക് ഗുണകരമായ രീതിയില്‍ ആസൂത്രണം ചെയ്ത സമാന പദ്ധതികളുടെ മാതൃകയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങള്‍ സമഗ്രമായി കൂട്ടിയിണക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പെട്രോള്‍ സ്‌റ്റേഷനുകളോട് ചേര്‍ന്ന് കാര്‍ റിപ്പയറിങ് കേന്ദ്രങ്ങള്‍ അടക്കം തുടങ്ങാനും പദ്ധതിയുണ്ട്. ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളില്‍ സൗകര്യക്കുറവ് കാരണം സഞ്ചാരികള്‍ എത്താന്‍ മടിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇത് മറികടക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വദേശി വിദേശി ടൂറിസ്റ്റുകള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.