നീതിക്കും രണ്ട് തട്ടോ? – മുഹമ്മദ് സി, ആര്‍പൊയില്‍
നമ്മുടെ നാട്ടില്‍ പറയാറുള്ളതു പോലെ ചങ്ങലകള്‍ക്കാണ് ഭ്രാന്ത് പിടിച്ചിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാരുടെ ജനാധിപത്യബോധവും മൂല്യബോധവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. യു ഡി എഫ് ഭരണത്തില്‍ സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പുമന്ത്രി കെ എം മാണി അവതരിപ്പിച്ചപ്പോള്‍ കേരള നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ കണ്ടവരാണ് നാമെല്ലാം (2015 മാര്‍ച്ച് 13). കേരള നിയമസഭയുടെ ചരിത്രത്തിലെ ലജ്ജാകരമായ ദിവസമായിരുന്നു അത്. രാഷ്ട്രീയ സദാചാരത്തിന്റെയും മര്യാദതയുടെയുമെല്ലാം അതിര്‍ത്തികള്‍ ലംഘിക്കുന്നവരുടെ കൂട്ടമെന്ന് നമുക്ക് പറയാം. നിയമ നിര്‍മാണ സഭകളിലാണെങ്കിലും നേതാക്കന്മാരുടെ പൊതു ജീവിതത്തിലായാലും നേതാക്കന്മര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. ജനങ്ങള്‍ വോട്ടു ചെയ്തയക്കുന്ന മെമ്പര്‍മാര്‍ മാതൃകാപരമായ നിലവാരം പുലര്‍ത്താന്‍ ബാധ്യസ്ഥരാണ്. തൃശൂര്‍ പാലിയക്കര ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ജനപ്രതിനിധിയായി തെരഞ്ഞെടുത്തയച്ച പി സി ജോര്‍ജ് എം എല്‍ എ ചെയ്തത് തനി തറയായിപ്പോയി.
ക്ഷുഭിതനായ എം എല്‍ എ വാഹനത്തില്‍ നിന്നിറങ്ങി സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്ത് യാത്ര തുടര്‍ന്നു. നമ്മുടെ നിയമസംവിധാനം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അതു തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ വിലയെന്ത്? കുറച്ചുമുമ്പ് ജീവനക്കാരനെയും പി സി ജോര്‍ജ് കയ്യേറ്റം ചെയ്തിരുന്നു. ഭക്ഷണ സമയം 20 മിനിറ്റ് വൈകിയതായിരുന്നു അതിന്റെ കാരണം. പട്ടിണിയുമായി അനേകമാളുകള്‍ മല്ലിടുന്ന നാടാണ് നമ്മുടേത്. അതിനെക്കുറിച്ചൊന്നും മേല്‍ പറഞ്ഞ ഉന്നതര്‍ ആലോചിക്കാറില്ല. മന്ത്രി സുനില്‍കുമാറും ചെരുപ്പ് അസംബ്ലിയില്‍ ഉയര്‍ത്തിത് നാം ചാനലിലൂടെ കണ്ടതാണ്. വോട്ടര്‍മാരായ നാം വിഡ്ഢികള്‍ എന്നല്ല പറയേണ്ടത്. പമ്പര വിഡ്ഢികള്‍ എന്ന് ഉറപ്പിച്ച് പറയണം. അവര്‍ക്ക് പോക്കിരികളാവാനുള്ള പ്രഫഷണല്‍ അധികാരമാണ് ജനങ്ങള്‍ കൊടുത്തത്. അവരില്‍ നിന്നുണ്ടാകുന്ന കയ്യേറ്റങ്ങള്‍ നിയമ പാലകര്‍ ശ്രദ്ധിക്കില്ല. ഒരുപക്ഷേ ശ്രദ്ധിക്കുന്ന ഉദ്യോഗസ്ഥരുണ്ടായാല്‍ തന്നെ അവര്‍ക്ക് പിന്നീട് സ്വസ്ഥമായി ജോലി ചെയ്യാന്‍ മേല്‍പറഞ്ഞ നേതാക്കള്‍ സമ്മതിക്കില്ല.
ഇനി എം എല്‍ എ മാരെയോ മന്ത്രിമാരെയോ മുന്‍മന്ത്രിമാരെയോ കോടതി ശിക്ഷിച്ചാല്‍ തന്നെ വിധി പ്രകാരമുള്ള ദിവസങ്ങള്‍ അവര്‍ ശിക്ഷ അനുഭവിക്കാറില്ല. മുന്‍മന്ത്രി ബാലകൃഷ്ണ പിള്ള ഉദാഹരണം. പ്രായം കൂടിയ നിരപരാധികളായ പാവപ്പെട്ട പലരും ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. സര്‍ക്കാറില്‍ നിന്ന് ഒരു ആനുകൂല്യവും അവര്‍ക്ക് കിട്ടാറില്ല. ഇനി ഉന്നതര്‍ ജയിലില്‍ കിടന്നാല്‍ തന്നെ വീട്ടിലെ സഹധര്‍മിണി കൂട്ടുനുണ്ടാവില്ല എന്ന് മാത്രം. മറ്റ് എല്ലാ സൗകര്യവും ജയിലിലുണ്ടാവുമെന്നര്‍ഥം. സുധാകരന്മാരും ജയരാജന്മാരും പുരുഷന്മാരെ അസംബ്ലിയില്‍ നിന്ന് പച്ചയായി കടിക്കുന്ന സ്ത്രീ എം എല്‍ എ മാരും അങ്ങനെ കുറേ മെമ്പര്‍മാരുണ്ട് നമുക്ക്. എത്ര വലിയ കോളിളക്കം സൃഷ്ടിക്കുന്ന കേസുകള്‍ ഇവരുടെ പേരില്‍ ചാര്‍ജ് ചെയ്താലും കക്ഷികള്‍ക്ക് അനകൂലമായി വരുന്നവ സര്‍ക്കാറുകള്‍ പിന്‍വലിക്കാറാണ് പതിവ്. കഷ്ടമെന്ന് വിചാരിക്കാനേ മാര്‍ഗമുള്ളൂ.