12 Friday
December 2025
2025 December 12
1447 Joumada II 21

നിലാ പ്രഭ – നിഖില സമീര്‍

ചിതറിയ തസ്ബീഹ് മാലയില്‍
നിന്‍ സ്‌നേഹ മുത്തുകള്‍
ചേര്‍ത്ത് കോര്‍ക്കുന്ന നാഥാ ..
എത്രമേല്‍ ഹൃത്തിടറിയിട്ടും
വേനലില്‍ വെന്തു നീറിയിട്ടും
ചെളി പുരളാ അംബുജം പോല്‍
ഉയിരില്‍ പ്രശാന്തിയേകുന്നോനെ ..
കൈവിട്ട് കളയാതെ
ചേര്‍ത്തണക്കുന്നവനേ ..
പ്രകാശത്തിന് മേല്‍ പ്രകാശമായവനേ ..
നിന്നില്‍ പൈതലായിരിക്കുന്ന
പ്രാണനിലേക്ക് എത്ര വേഗത്തിലാണ്
കുളിര്‍ മഴയായ് നീ പടര്‍ന്നിറങ്ങുന്നത് …
നിന്‍ നിശ്ചയങ്ങളൊന്നും പാഴല്ല.
ഇത്രയാഴത്തില്‍തീവ്ര
പ്രണയമാകുന്നവനേ ..
നിന്നിലേക്കലിയാനുള്ള അഗാധ
പ്രണയ വഴിയറിയാതെ
ഉഴറാകുകയാണീ എളിയ പ്രാണന്‍…
ഉമ്മയെ നീ വേഗം തിരിച്ചെടുത്തത്
നിന്നോളം ഉമ്മയാകാന്‍
മറ്റാര്‍ക്കുമാകില്ലെന്നു
ബോധ്യപ്പെടുത്താന്‍
ഉപ്പയെ കൊതിതീരും
മുന്‍പ് വിളിച്ചത്
നിന്റെ തണലോളം
മറ്റാരുമാകില്ലെന്ന്
അനുഭവമാക്കാന്‍
പല അശ്രദ്ധ നിമിഷങ്ങളും
പരീക്ഷണമാക്കിയത്
നിന്നോളം ശ്രദ്ധിക്കുന്ന
മറ്റാരുമില്ലെന്നോതി
ഒന്നായിരിക്കാന്‍ …
ക്ഷമയും സഹനവും തന്നത്
നിന്നോളം ക്ഷമിക്കുന്ന
മറ്റാരുമില്ലെന്നറിഞ്ഞു
സമാനതകളില്ലാതെ
പ്രണയ വസന്തമാകാന്‍ .
നിന്റെ സ്‌നേഹഭാരത്തോളം
വരില്ല ഒന്നുമെന്ന്
സുജൂദില്‍ പ്രണയാര്‍ദ്രയായ്
മൊഴിയട്ടേ ഞാന്‍.

Back to Top