നിലപാടുകളില്‍ ആത്മാര്‍ഥതയുള്ള പണ്ഡിതന്‍
ഹാറൂന്‍ കക്കാട്
കേരള മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ മായാത്ത അധ്യായങ്ങള്‍ രചിച്ച ബഹുമുഖ പണ്ഡിതനായിരുന്നു എം സി സി അഹ്‌മദ് മൗലവി. അഗാധമായ പാണ്ഡിത്യവും ധീരമായ നിലപാടുകളും ചടുലമായ ഇടപെടലുകളും മഹിതമായ സേവന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഉമ്മു റാബിയയുടെയും മകനായി 1904 ജനുവരി നാലിന് പരപ്പനങ്ങാടിയിലാണ് ജനനം. പിതാവ് നേതൃത്വം നല്‍കിയ വാഴക്കാട് ദാറുല്‍ ഉലൂമില്‍ 1913 ല്‍ സഹോദരന്‍ എം സി സി അബ്ദുറഹ്‌മാന്‍ മൗലവിയോടൊപ്പം അദ്ദേഹവും വിദ്യാര്‍ഥിയായി ചേര്‍ന്നു. 1914ല്‍ കുഞ്ഞഹമ്മദ് ഹാജി ചില അനിവാര്യ കാരണങ്ങളാല്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ മക്കളും അദ്ദേഹത്തെ അനുഗമിച്ചു. 1914 ല്‍ ചാലിലകത്ത് പുളിക്കലില്‍ സ്ഥാപിച്ച മുനവ്വറ മദ്‌റസയിലായിരുന്നു തുടര്‍ന്നു പഠിച്ചത്. പിന്നീട് പിതാവ് മണ്ണാര്‍ക്കാട്ട് ദര്‍സ് ആരംഭിച്ചപ്പോള്‍ ഇരുവരും അങ്ങോട്ടേക്ക് പഠനം മാറ്റി. ഇവിടുത്തെ പഠനത്തിനിടക്കാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വിയോഗമുണ്ടായത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും മറ്റും യാതൊരു പ്രയാസവും നേരിടാതിരിക്കാന്‍ ശിഷ്യന്മാരും കുടുംബവും പ്രത്യേകം ശ്രദ്ധിച്ചു.
മണ്ണാര്‍ക്കാട് പഠനത്തിനുശേഷം മൗലവി മലപ്പുറം ചെമ്മങ്കടവ് ദര്‍സില്‍ ചേര്‍ന്നു. സഹോദരീ ഭര്‍ത്താവായ കെ എം മൗലവിയായിരുന്നു ഇവിടെ ദര്‍സ് നടത്തിയിരുന്നത്. പിന്നീട് വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് കോളേജിലേക്ക് ഉപരിപഠനത്തിന് പോയി. ഇ കെ മൗലവി, കെ എം സീതി സാഹിബ് എന്നിവരായിരുന്നു ഇതിനുള്ള സഹായങ്ങള്‍ നല്‍കിയത്. മൗലവിയുടെ നേതൃത്വത്തില്‍ വെല്ലൂര്‍ കോളേജില്‍ മലയാളി വിദ്യാര്‍ഥികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വെല്ലൂരില്‍ നിന്ന് ബാഖവി ബിരുദം നേടിയ അഹ്‌മദ് മൗലവി സ്വദേശത്തേക്ക് മടങ്ങി. 1935 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമാ പരീക്ഷ പാസായി.
പിന്നീട് ഇസ്ലാഹി നവോത്ഥാന മുന്നേറ്റത്തില്‍ മാതൃകാപരമായ ഇടപെടലുകളാല്‍ ധന്യമായ ദിനരാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. കേരള മുസ്ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെയും വിവിധ നവോത്ഥാന സംരംഭങ്ങളില്‍ അദ്ദേഹം മുന്നിട്ടിറങ്ങി. കണ്ണൂര്‍ വളപട്ടണം, കോഴിക്കോട് അത്തോളി, തൃശൂര്‍ വലപ്പാട് എന്നിവിടങ്ങളില്‍ അഹ്‌മദ് മൗലവി ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഗോളശാസ്ത്രം, മാസപ്പിറവി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരവധി പഠനാര്‍ഹമായ പ്രഭാഷണങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ മൗലവി നടത്തിയിട്ടുണ്ട്.
കോമുക്കുട്ടിയാക്കന്റെ പള്ളി എന്ന പേരില്‍ പ്രശസ്തമായ അഞ്ചപുര ജുമുഅത്ത് പള്ളിയിലാണ് പരപ്പനങ്ങാടി ഏരിയയില്‍ ആദ്യമായി നവോത്ഥാനത്തിന്റെ ശബ്ദമുയര്‍ന്നത്. അഹ്‌മദ് മൗലവിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു ഈ പള്ളി. അഞ്ചപുര പള്ളി കേന്ദ്രീകരിച്ച് കെ കെ എം ജമാലുദ്ദീന്‍ മൗലവി, രണ്ടത്താണി സൈദ് മൗലവി, വെട്ടം അബ്ദുല്ല ഹാജി, അവറാന്‍ മൗലവി തുടങ്ങിയവരും നിരവധി പരിഷ്‌കരണ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഒരിക്കല്‍ ചൊല്ലിയിലെ ബാവ ഹാജിയുടെ വീട്ടില്‍ വെച്ച് പനയത്തില്‍ പള്ളിയിലെ മുസ്ല്യാരുമായി അഹ്‌മദ് മൗലവിക്ക് ചില മതകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവസരമുണ്ടായി. ദീര്‍ഘനേരത്തെ സംസാരം ഒരു വാദപ്രതിവാദത്തിന്റെ വക്കിലെത്തി. ബദ്‌രീങ്ങളെ കാക്കണേ എന്ന് വിളിക്കുന്നത് ബഹുദൈവ വിശ്വാസം അല്ല എന്നായിരുന്നു മുസ്ല്യാര്‍ വാദിച്ചത്. എന്നാല്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ എന്ന ഇസ്ലാമിന്റെ അടിസ്ഥാനപരമായ വിശ്വാസം അഹ്‌മദ് മൗലവി കൃത്യമായി അവിടെ വിശദീകരിച്ചു. സംസാരം തുടര്‍ന്നപ്പോള്‍ കടപ്പുറം ഭാഗത്തുള്ള കുറെ ആളുകളും കേള്‍വിക്കാരായി ചുറ്റിലും കൂടി. അതിനിടെ ഒരാള്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ച് അഹ്‌മദ് മൗലവിയുടെ നേരെ എറിഞ്ഞു. അതു തുണിയില്‍ തട്ടി തീപിടിച്ചു. ബദ്‌രീങ്ങളെ കുറ്റം പറഞ്ഞതിനുള്ള ഗുരുത്തക്കേടാണ് ഇത് എന്ന് പറഞ്ഞ് യാഥാസ്ഥിതികര്‍ മുദ്രാവാക്യമുയര്‍ത്തി പിരിഞ്ഞുപോവുകയായിരുന്നു. സത്യമാണെന്ന് ബോധ്യമായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ശരിയായ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്യുക എന്നത് മൗലവിയുടെ പതിവായിരുന്നു.
മുജാഹിദ് നേതൃത്വവുമായി ചില വിഷയങ്ങളില്‍ അഹ്‌മദ് മൗലവിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് ജുമുഅ നമസ്‌കാരം നിര്‍ബന്ധമാണെന്നും തറാവീഹ് നമസ്‌കാരം എട്ടില്‍ കുറക്കുകയോ കൂട്ടുകയോ ചെയ്യാന്‍ പാടില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇക്കാര്യം സ്ഥാപിക്കുന്നതിനായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു. ആത്മാര്‍ഥതയും സൂക്ഷ്മതയും പുലര്‍ത്തിക്കൊണ്ട് മതവിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ കര്‍ക്കശ നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറായില്ല.
ഇസ്ലാഹി പണ്ഡിതനായ കെ ഉമര്‍ മൗലവി ഇക്കാര്യം അനുസ്മരിച്ചിട്ടുണ്ട്: ”സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമാണ് എന്ന വാദം വളരെ ശക്തിയായി എഴുതിയ പണ്ഡിതനായിരുന്നു എം സി സി അഹ്‌മദ് മൗലവി. ഒരു ഗുരുനാഥന്റെ ആദരവോടെ ഞാന്‍ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ വാദം സമ്മതിച്ചുകൊടുക്കാന്‍ വിനീതനായ എനിക്ക് കഴിയുമായിരുന്നില്ല. അദ്ദേഹം വാദിച്ചതിനേക്കാള്‍ കൂടുതല്‍ ശക്തിയില്‍ ഞാന്‍ അതിനെ എതിര്‍ത്തു. എം സി സി അഹ്‌മദ് മൗലവിയുടെ പുതിയ വാദങ്ങള്‍ അല്‍മനാര്‍ മാസികയില്‍ ഞാന്‍ തുടര്‍ച്ചയായി ഖണ്ഡനം എഴുതി. ആരും ചെറിയവനായ എന്നെ ആക്ഷേപിച്ചില്ല. വലിയവനായ മൗലവിയെ കുറ്റപ്പെടുത്തിയതും ഇല്ല. വലിയ മനുഷ്യരുടെ സ്വഭാവ വിശേഷതയാണത്.” (ഓര്‍മകളുടെ തീരത്ത്, പേജ് 99)
രചനാലോകത്ത് സുവര്‍ണമുദ്രകള്‍ പതിപ്പിച്ച വ്യക്തി കൂടിയാണ് അഹമദ് മൗലവി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മദ്‌റസാ പാഠപുസ്തകങ്ങളും മറ്റു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ശരീഅത്ത് കിതാബ് (2 ഭാഗങ്ങള്‍), സ്വഹീഹുല്‍ ബുഖാരി പരിഭാഷ, കാലദേശനിര്‍ണയം, ജ്യോകോഷ്ടം, സമയം നിര്‍ണയം, ദിഗംശ നിര്‍ണയം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളാണ്. അവ്വലുല്‍ മുസ്ലിമൂന്‍, തറാവീഹ്, ശിശു പരിപാലനം, അനന്തരാവകാശ നിയമം, മാസപ്പിറവി തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ അല്‍ മുര്‍ഷിദ്, ചിന്തകന്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മദ്ഹബുകള്‍ എന്ന വിഷയത്തില്‍ ഒരു ഗ്രന്ഥരചനയിലായിരുന്നു അദ്ദേഹം അവസാനകാലത്ത്. രോഗത്തിന്റെയും അവശതയുടെയും ഇടയില്‍ പ്രയാസപ്പെട്ട് രചന പൂര്‍ത്തിയാക്കിയെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല.
പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, സഹോദരന്മാരായ എം സി സി അബ്ദുറഹ്‌മാന്‍ മൗലവി, എം സി സി ഹസന്‍ മൗലവി എന്നിവരെ പോലെ നവോത്ഥാന കൈരളി ഒരിക്കലും മറക്കാത്ത നാമമാണ് എം സി സി അഹ്‌മദ് മൗലവിയുടേത്. അവസാനകാലത്ത് ഒന്നര വര്‍ഷത്തോളം വാതരോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. വലപ്പാട് ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ 1962 സപ്തംബര്‍ 27ന് രാത്രി 9.25ന് എം സി സി അഹ്‌മദ് മൗലവി അന്തരിച്ചു.