10 Saturday
May 2025
2025 May 10
1446 Dhoul-Qida 12

നിരപരാധിയെ തൂക്കിലേറ്റുന്ന കോമ

‘കോമ കില്‍ഡ് എ മാന്‍’ എന്ന ഒരു കഥയുണ്ട്. ഒരു കൊലക്കേസ് വിചാരണക്കൊടുവില്‍ ന്യായാധിപന്‍ വിധിന്യായമെഴുതി. ‘പ്രതിയെ തൂക്കിലേറ്റേണ്ടതില്ല, വെറുതെ വിടുക.’ കോടതി ഗുമസ്തന്‍ വിധിന്യായം പകര്‍ത്തിയെഴുതിയപ്പോള്‍ ന്യായാധിപന്‍ നല്‍കിയ ഒരു കോമ സ്ഥലം മാറി ഇട്ടുപോയി. വിധി നടപ്പിലാക്കുന്നവന്‍ വിധി ന്യായം വായിച്ചത് ഇങ്ങനെ. ‘പ്രതിയെ തൂക്കിലേറ്റുക, വെറുത വിടരുത്.’ നിരപരാധിയെന്ന് കോടതി കണ്ടെത്തിയ ഒരാളെ തൂക്കിലേറ്റാന്‍ കാരണം സ്ഥാനം തെറ്റി വന്ന ഒരു കോമയായിരുന്നു. ഇതാണ് കഥ.
മുകളില്‍ പറഞ്ഞത് കഥയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യയില്‍ ഇതു കഥയല്ല, യാഥാര്‍ഥ്യമാണ്. സുപ്രീംകോടതിയുടെ വിധി പ്രസ്താവത്തില്‍ ഈ ആധുനിക കാലത്ത്, കോമ മാറിപ്പോവുകയും ന്യായാധിപരുടെ വിധിയുടെ വിപരീതാശയം വെബ്‌സൈറ്റില്‍ അപ്്‌ലോഡ് ചെയ്യപ്പെടുകയുമാണ് എന്ന വ്യത്യാസമേയുള്ളൂ. റിപ്പോര്‍ട്ട് ഇവിടെ  പകര്‍ത്താം. ‘എറിക്‌സന്‍ കമ്പനിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ അനില്‍ അംബാനി ഹാജരാകണമെന്ന ഉത്തരവ് ഹാജരാകേണ്ടതില്ല എന്നാക്കി തിരുത്തി സുപ്രീം കോടതി വെബ്‌സൈറ്റിലിട്ട കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെ ചീഫ് ജസ്റ്റിസ് അത്ജന്‍ ഗൊഗോയി പുറത്താക്കി. ജസ്റ്റിസ് രോഹിങ് ടന്‍ നരിമാന്‍, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇരുവരും അട്ടിമറിച്ചത്. എറിക്‌സ് ഇന്ത്യ കമ്പനിക്ക് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 550 കോടി രൂപ കൊടുത്തുവീട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തതിനാണ് റിലയന്‍സ് കമ്പനി മേധാവികള്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി വിമര്‍ശിച്ചത് റിലയന്‍സ് കമ്പനി മേധാവികള്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി വെബ് സൈറ്റില്‍ വിധി പ്രസ്താവം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ പ്രതികള്‍ ഹാരജാകണമെന്ന ഭാഗം ിീ േചേര്‍ത്ത് ഹാജരാകേണ്ടതില്ല എന്നാക്കി മാറ്റുകയായിരുന്നു.’
സുപ്രീംകോടതിയില്‍ ഒരുപക്ഷേ ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം. എന്നാല്‍ ഈ സംഭവം നല്‍കുന്ന സന്ദേശമെന്താണ്? അതിനുത്തരവും ഒരു പഴമൊഴിയാണ്. ‘പണത്തിനു മീതെ ആരും പറക്കില്ല.’ ഇന്ത്യയെ വില കൊടുത്തു വാങ്ങാന്‍ മാത്രം സാമ്പത്തിക ശേഷിയുള്ള അംബാനിക്ക് രാജ്യഭരണത്തില്‍ ഇത്ര സ്വാധീനമുണ്ട് എന്നല്ല അംബാനിയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് എന്ന സത്യമാണ് ദിനേന വാര്‍ത്താമാധ്യമങ്ങള്‍ നമുക്ക് എത്തിച്ചുതരുന്നത്.
സമ്പദ് സമൃദ്ധിയുണ്ടാവുന്നത് നല്ല കാര്യമാണ്. സമ്പന്നരുടെ  ശേഷി സമൂഹത്തിനും രാജ്യത്തിനും സഹായകമായി വര്‍ത്തിക്കണം. എന്നാല്‍ രാജ്യത്തിന്റെ ശേഷിയും സംവിധാനങ്ങളും വൈയക്തികമായ നേട്ടങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുമ്പോള്‍ അത് രാജ്യദ്രോമായി മാറുന്നു. ഇന്ത്യയില്‍ പൊതുവിലും കേരളത്തിലുമെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്പന്നര്‍ കയ്യടക്കുകയും സാധാരണക്കാരും പാവപ്പെട്ടവരും അതിനിടയില്‍ കിടന്നു വലയുകയും ചെയ്യുന്ന കാഴ്ചയാണ് അവിടെയുള്ളത്. ഇതാണ് നിരവധി ഉദാഹരണങ്ങള്‍ സമകാല സംഭവത്തിലൂടെ നമ്മുടെ മുന്നിലെത്തുന്നത്.
ഏതൊരു രാജ്യത്തിന്റെയും റവന്യൂ വരുമാനത്തിന്റെ മുഖ്യഘടകം നികുതിയാണ്. ഓരോ തലത്തിലും ഓരോ തരത്തിലുള്ള നികുതി വ്യവസ്ഥയുണ്ട്. നികുതിയടയ്ക്കാതിരിക്കുക എന്നത് വലിയ കുറ്റമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ സ്വാതന്ത്ര്യ സമരം നയിച്ച നമ്മുടെ മുന്‍ഗാമികള്‍ എടുത്തു പയറ്റിയ വലിയൊരായുധമായിരുന്നു നികുതി നിഷേധം. നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് നിയമ നടപടികൡലൂടെ അത് പിടിച്ചെടുക്കാന്‍ രാജ്യത്ത് നിയമമുണ്ട്. പക്ഷേ, നാം കാണുന്ന കാഴ്ചയെന്താണ്? സാധാരണക്കാര്‍ക്ക് നികുതി കുടിശ്ശികയുണ്ടെങ്കില്‍ അവരുടെ സ്ഥാവര ജംഗമങ്ങള്‍ ജപ്തി ചെയ്ത് അത് ഈടാക്കുന്നു. എന്നാല്‍ ശതകോടികള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയ വന്‍ വ്യവസായികള്‍ക്കെതിരെ നപടിയെടുക്കാന്‍ ആരും ധൈര്യപ്പെടാറില്ല. ഒരേ സമയത്ത് രണ്ട് അനീതികള്‍; ദേശീയ സാമ്പത്തിക നഷ്ടവും പൗരന്മാര്‍ക്കിടയില്‍ വിവേചനവും.
ജനാധിപത്യ ക്രമത്തില്‍ ജനപ്രതിനിധികളാണ് ഭരണം നടത്തുന്നത്. ജനപ്രതിനിധികളാകട്ടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും. രാഷ്ട്രീയ പാര്‍ട്ടികളും വന്‍കിട മുതലാളിമാരും തമ്മിലുള്ള ബന്ധങ്ങള്‍ ഏറെ സുദൃഢവും. ആയതിനാല്‍ ഏതു രാഷ്ട്രീക്കാര്‍  ഭരണത്തിലെത്തിയാലും വന്‍കിടക്കാര്‍ക്ക് യാതൊരു പ്രയാസവും നേരിടേണ്ടി വരില്ല. നിയമങ്ങളും നിയന്ത്രണങ്ങളും സാധാരണക്കാര്‍ക്കു മാത്രം. കേന്ദ്രസംസ്ഥാന ബജറ്റുകള്‍ അവ സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് മന്ത്രിസഭാംഗങ്ങള്‍ക്കുപോലും അറിയില്ല. എന്നാല്‍ വന്‍  വ്യവസായികള്‍ക്ക് നേരത്തെ വിവരം ലഭിക്കുന്നു. അല്ല, അവരുടെ താത്പര്യങ്ങളാണ് പലപ്പോഴും ബജറ്റ് നിര്‍ദേശങ്ങളായി പുറത്തുവരുന്നത്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയതു തന്നെ അംബാനിയടക്കം ഇന്ത്യയിലെ വന്‍ വ്യവസായികളുടെ  തോളിലേറിയാണ്. ഇന്ന് ഇന്ത്യയാകെ കോളിളക്കം സൃഷ്ടിച്ച റഫാല്‍ ഇടപാടില്‍ അതീവ രഹസ്യമായി പ്രധാന മന്ത്രിതല നീക്കങ്ങള്‍ നടക്കുമ്പോള്‍ അതിനു മുന്‍പേ അംബാനി ഫ്രാന്‍സിലെത്തിയിരുന്നു എന്ന വെളിപ്പെടുത്തലാണ് ഏറ്റവും പുതിയ വിവരം. ഇക്കണ്ടതാണ് ജനാധിപത്യമെങ്കില്‍, ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള രാജാക്കന്‍മാര്‍ക്ക് സ്തുതിയായിരിക്കട്ടെ.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ കോടതികളാണ് പൗരന്റെ ഏക ആശ്രയം. ലാലുവിനെ അകത്താക്കിയതും തോമസ് ചാണ്ടിയെ പുറത്താക്കിയതും നീതി വ്യവസായ സംവിധാനമായിരുന്നുവല്ലോ. എന്നാല്‍ അതിന്റെ പരമോന്നത സ്ഥാനമായ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ വിധി പ്രസ്താവമാണ് പുഴുവരിച്ചിരിക്കുന്നത്. അതും അംബാനിക്കുവേണ്ടി! ആ പാതകികളെ ‘പുറത്താക്കി’യാല്‍ മതിയോ? അവരല്ലേ യഥാര്‍ഥ രാജ്യദ്രോഹികള്‍? വിധിന്യായത്തില്‍ കോമ മാറ്റിയിടുന്നവരെയും ‘നോട്ട്’ ചേര്‍ക്കുന്നവരെയും കരുതിയിരിക്കുക.
Back to Top