15 Wednesday
January 2025
2025 January 15
1446 Rajab 15

നിത്യ സ്മൃതിയില്‍ ഫേണ്‍ഹില്‍ – മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

വൈകുന്നേരമാണ് ഞങ്ങള്‍ കോഴിക്കോട് നിന്ന് മേപ്പാടി, പന്തല്ലൂര്‍ വഴി ഊട്ടിക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ യാത്ര തിരിക്കുന്നത്. ഒക്‌ടോബര്‍ മാസമായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 1993 ഒക്ടോബര്‍ അവസാന വാരം. കിടുകിടാ വിറയ്ക്കുന്ന തണുപ്പ്. വയനാട്ടില്‍ എത്തിയപ്പോഴേക്ക് തന്നെ തണുപ്പ് അസഹ്യമായി തുടങ്ങിയിട്ടുണ്ട്. ഇരു വശത്ത് നിന്നും അകത്തു കയറുന്ന ശീതക്കാറ്റ് എല്ലുകള്‍ തുളച്ചു തണുപ്പിനെ ശരീരത്തിന്റെ അകത്തേക്ക് കയറ്റുന്നുണ്ടായിരുന്നു. ബസ്സാണെങ്കില്‍ മുക്കി മുരണ്ട് സാവകാശമേ പോകുന്നുമുള്ളൂ. യാത്രക്കാര്‍ എല്ലാവരും കമ്പിളിയില്‍ കൂനിക്കൂടി ഇരിക്കുകയാണ്. ഈ കൊടും തണുപ്പ് കാലത്ത് ഒരു സ്വെറ്റര്‍ പോലും കരുതാതെ ആരെങ്കിലും ഊട്ടിക്കു പോകുമോ!.
മുന്നൊരുക്കമോ ആലോചനകളോ ഇല്ലാത്ത അതിസാഹസികതകളുടെ ആവേശമാണല്ലോ യുവത്വം.
‘നേരെ പോയി ഒരു മുറിയെടുത്ത് സുഖമായി ഉറങ്ങാം. ബാക്കി ഒക്കെ നാളെ’. റിയാസ് അഹമ്മദ് പറഞ്ഞു.
‘അതെ. ഭക്ഷണം ഒന്നും കഴിച്ചില്ലെങ്കിലും വേണ്ടില്ല. ഈ തണുപ്പിന് ആശ്വാസം തരുന്ന ഒരു മുറി കിട്ടിയാല്‍ മതി’.
റിയാസിന് ഊട്ടിയൊക്കെ നേരത്തെ പരിചയമുണ്ട്. ഞങ്ങള്‍ പെട്ടെന്ന് തന്നെ മുറിയെടുത്തു. ഹീറ്റര്‍ ഉള്ള മുറിയാണ്. കമ്പിളിയും ഉണ്ട്. ഭക്ഷണം ചെറുതായി എന്തോ കഴിച്ചു ഞങ്ങള്‍ ബെഡില്‍ ചുരുണ്ട് കൂടി.
പിറ്റേന്ന് കാലത്ത് എട്ടു മണിയായി കാണും. ഒരു ഓട്ടോ പിടിച്ചു ഞങ്ങള്‍ ഫേണ്‍ ഹില്ലിലേക്ക് പുറപ്പെട്ടു. ഗുരുകുലത്തില്‍ പരിചയമുള്ളവര്‍ ആരുമില്ല. നിത്യചൈതന്യയതി ഒരു മഹാജ്ഞാനിയും മനശാസ്ത്ര ചിന്തകനും പ്രതിഭാധനനായ ഗുരുവും ആണെന്ന് അറിയാമെങ്കിലും അന്ന് അദ്ദേഹത്തെ കൂടുതലായി വായിച്ചിരുന്നില്ല. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ചില ലേഖനങ്ങളും ഒന്നോ രണ്ടോ പുസ്തകങ്ങളും വായിച്ചിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ചിന്തകളും ഉള്‍ക്കൊള്ളാനുള്ള ശേഷിയും അപ്പോള്‍ ആയിട്ടുണ്ടായിരുന്നില്ല. കുത്തനെയുള്ള നടപ്പാത നേരെ ഗുരുകുലത്തിലേക്കുള്ളതാണ്. ഓട്ടോ ആശ്രമ കവാടത്തിനു മുന്നില്‍ ഞങ്ങളെ ഇറക്കി മടങ്ങി.
ഫേണ്‍ഹില്‍
ഗേറ്റ് കടന്നു അകത്തു കയറിയപ്പോള്‍ പുഞ്ചിരിയോടെ ഒരാള്‍ അവിടെ നില്‍ക്കുന്നത് കണ്ടു. ആശ്രമത്തിന്റെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ഡോ. തമ്പാന്‍ ആയിരുന്നു അത്. ഒരു മെഡിക്കല്‍ ഡോക്ടര്‍ ആയ തമ്പാന്‍ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു ആശ്രമത്തില്‍ കഴിയുകയാണ്.
‘കുട്ടികള്‍ എവിടെ നിന്നാ വരണേ’.
സ്‌നേഹപൂര്‍വ്വം അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ അദ്ദേഹത്തോട് കുറച്ചു നേരം സംസാരിച്ചു. ഗുരുവിനെ കാണുകയും അദ്ദേഹത്തെ കോഴിക്കോട്ടേക്ക് ക്ഷണിക്കുകയുമാണ് ഉദ്ദേശ്യമെന്നും പറഞ്ഞു. ലോകത്ത് അറിയപ്പെടുന്ന ഒരു വലിയ മനുഷ്യനോടു സംസാരിക്കാനാണ് രണ്ടു വിദ്യാര്‍ഥികള്‍ വന്നിരിക്കുന്നത്. അതോര്‍ത്തപ്പോള്‍ എനിക്ക് ഒരു ജാള്യത തോന്നാതിരുന്നില്ല.
ആശ്രമത്തിനകത്തേക്ക് അദ്ദേഹം ഞങ്ങളെ കൊണ്ട് പോയി. ഇരിക്കാന്‍ പറഞ്ഞു. പ്രാതല്‍ കഴിച്ചോ എന്നന്വേഷിച്ചു. കുടിക്കാന്‍ ചായ കൊണ്ട് വന്നു തന്നു. മനുഷ്യരുടെ വിശപ്പും ദാഹവും തീര്‍ക്കുന്നതിലാണ് യഥാര്‍ഥ ആത്മീയത എന്ന ഒരു പാഠം ഡോ. തമ്പാന്റെ പെരുമാറ്റങ്ങളില്‍ നിന്ന് ഞങ്ങള്‍ വായിച്ചെടുത്തു. ഗുരുകുലങ്ങളില്‍ എവിടെ പോയാലും ഒരു മനുഷ്യനും ആഹാരം കിട്ടാതെ പട്ടിണിയാവില്ല. ഉള്ളതില്‍ ഒരു പങ്ക് അവിടങ്ങളിലെ സന്ദര്‍ശകര്‍ക്കും അവകാശപ്പെട്ടതാണ്.
‘ഞാന്‍ ഗുരുവോട് നിങ്ങള്‍ വന്ന കാര്യം പറഞ്ഞിട്ട് വരാമേ.. കുട്ടികള്‍ ഇരിക്കൂ’. അദ്ദേഹം യതിയുടെ മുറിയിലേക്ക് പോയി.
ഞങ്ങള്‍ ഇരിക്കുന്ന സ്വീകരണ മുറി ഒരു പ്രാര്‍ഥനാ മുറി കൂടിയാണ്. മതപരമായ ചടങ്ങ് എന്ന നിലയിലുള്ള ഔപചാരിക പ്രാര്‍ഥനകള്‍ ഗുരുകുലത്തില്‍ പതിവില്ല. നാനാ ജാതി മതസ്ഥരായ സന്ദര്‍ശകര്‍ക്ക് തങ്ങളുടേതായ രീതിയില്‍ ഇവിടെ വെച്ച് പ്രാര്‍ഥിക്കാം. പ്രാര്‍ത്ഥനകളില്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് മൗനമായി ഇരിക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യാം. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളാണ് ഗുരുകുലങ്ങള്‍ പിന്തുടരുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതാണല്ലോ ആ ദര്‍ശനം. വിഗ്രഹാരാധനയെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നില്ലല്ലോ. പില്‍ക്കാലത്ത് അദ്ദേഹം തന്നെ വിഗ്രഹവല്‍ക്കരിക്കപ്പെട്ടു എന്നത് മറ്റൊരു കഥ. എങ്കിലും ഗുരുകുലങ്ങള്‍ അതിനെതിരാണ്. ഗുരുകുലത്തിലെ പ്രാര്‍ഥനാമുറിയില്‍ ഒരു ദൈവങ്ങളുടെയും രൂപങ്ങളോ വിഗ്രഹങ്ങളോ കാണാന്‍ കഴിഞ്ഞില്ല.
ഗുരുകുലം
കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ മുഖ്യനായ ശ്രീനാരായണഗുരുവിന് ഒരു സാമൂഹിക വിപ്ലവത്തിന് വേണ്ട പ്രായോഗിക ആശയങ്ങള്‍ നല്‍കിയത് ഡോ. പല്‍പ്പു(പത്മനാഭന്‍) ആയിരുന്നു. സംഘടന രൂപീകരണം, വിദ്യാഭാസ പ്രചാരണം, ജാതിക്കെതിരിലുള്ള സംഘടിത പോരാട്ടങ്ങള്‍ തുടങ്ങിയവയിലേക്ക് നാരായണഗുരുവിനെ പ്രേരിപ്പിച്ചത് പല്‍പ്പു ആയിരുന്നു. പല്‍പ്പു ഒരു ഭിഷഗ്വരന്‍ കൂടിയായിരുന്നു. ഡോ. പല്‍പ്പുവിന്റെ മകനായ നടരാജഗുരുവാണ് ഊട്ടിയിലെ ഫേണ്‍ഹില്‍ നാരായണ ഗുരുകുലം സ്ഥാപിച്ചത്. നടരാജഗുരുവിന്റെ ശിഷ്യനും പിന്‍ഗാമിയുമാണ് നിത്യ ചൈതന്യ യതി.
പ്രകൃതിയുടെ സൗന്ദര്യം പൂത്തു പ്രകാശിക്കുന്ന നീലഗിരി മലകളുടെ നടുവിലാണ് ഈ ആശ്രമം. പ്രകൃതിയും മനുഷ്യന്റെ ആത്മാന്വേഷണങ്ങളും തമ്മിലുള്ള അഗാധമായ ബന്ധം ഇവിടെ ഇരിക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കും. കാടിന്റെ അടക്കവും പക്ഷികളുടെ കൂജനങ്ങളും ചെരിവുകളിലൂടെ ഊര്‍ന്നു ഒലിച്ചിറങ്ങുന്ന അരുവികളുടെ സംഗീതവും എല്ലാം ചേര്‍ന്ന് മനസ്സിന്റെ ആഴങ്ങളില്‍ സൃഷ്ടിക്കുന്ന ധ്യാന നിര്‍വൃതിയില്‍ നമ്മള്‍ അറിയാതെ പ്രപഞ്ചത്തിന്റെ പൊരുളുകളിലേക്ക് കണ്ണ് തുറക്കും.
നാലേക്കര്‍ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുരുകുലത്തില്‍ നിറയെ കൃഷികള്‍. ഗുരുകുലത്തിലെ താമസക്കാര്‍ തന്നെയായിരുന്നു കൃഷിക്കാരും. എല്ലാവരും അവരവരുടേതായ സ്ഥലത്ത് ഇഷ്ടപ്പെട്ട പച്ചക്കറികള്‍ ഉണ്ടാക്കുന്നു. കൃഷി അവനവനു വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടി. വിശക്കുന്ന എല്ലാ മനുഷ്യര്‍ക്കും പക്ഷികള്‍ക്കും ജീവികള്‍ക്കും വേണ്ടി. സ്വാര്‍ഥതയുടെ കളകളില്‍ നിന്ന് ഹൃദയത്തെ ശുദ്ധിയാക്കുന്ന ഒരു പ്രക്രിയ കൂടിയായിരിക്കണം ഗുരുകുലത്തിലെ ഈ കൃഷി!.
പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും എല്ലാവരും ഒന്നിച്ചു തന്നെ. എല്ലാവരും ചേര്‍ന്നാണ് പാചകം ചെയ്യുന്നതും. സ്ഥിരതാമസക്കാര്‍ക്കൊപ്പം ഹ്രസ്വ സന്ദര്‍ശകരും അടുക്കളയില്‍ പച്ചക്കറി മുറിക്കാനും അരി കഴുകാനുമൊക്കെ കാണും. അതില്‍ സ്വദേശി എന്നോ വിദേശി എന്നോ ഉള്ള വ്യത്യാസമില്ല. നിത്യചൈതന്യയതിയുടെ ആത്മകഥയില്‍ ഗുരുകുലത്തിലെ പാചകത്തെ വളരെ പ്രാധാന്യത്തോടെ പറയുന്നത് കാണാം.
ഗുരുകുലത്തില്‍ അതിഥികള്‍ക്ക് താമസിക്കാനായി മുറികള്‍ ഉണ്ട്. ആര്‍ക്കു വേണമെങ്കിലും ഇവിടെ താമസിക്കാം. ആരില്‍ നിന്നും വാടക വാങ്ങുന്നില്ല. പണപ്പിരിവുമില്ല. ഗുരുകുലത്തില്‍ വരുന്നവരോട് അവരുടെ മതം എന്ത് എന്ന് ആരും അന്വേഷിക്കില്ല. മതവിശ്വാസിയെ മാത്രമല്ല, യുക്തിവാദിയെയും ഗുരുകുലം ഒരുപോലെ കാണുന്നു. തര്‍ക്കമല്ല, അറിവും അന്വേഷണവുമാണ് ഗുരുകുലത്തിന്റെ മാര്‍ഗം. അതുകൊണ്ട് തന്നെ ആധ്യാത്മികതയും ദൈവശാസ്ത്രവും മാത്രമല്ല ഗുരുകുലത്തിലെ ചിന്താവിഷയങ്ങള്‍. പ്രാപഞ്ചിക ശാസ്ത്രങ്ങളും സാഹിത്യവും സംഗീതവും ചിത്രകലയുമെല്ലാം ഗുരുകുലത്തിലെ വിഷയങ്ങളാണ്. സകല ചരാചരങ്ങളിലും പ്രകാശിക്കുന്ന അറിവായ ആത്മാവ് ഏകമാണെന്നും അതില്‍നിന്ന് അന്യമായി ലോകത്തൊന്നുമില്ലെന്നുമാണ് ഗുരുകുലത്തിന്റെ കാഴ്ചപ്പാട്.
മഹാനായ ജ്ഞാനി
പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1923 നവംബര്‍ 2നാണ് ഗുരു ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടു വിട്ടിറങ്ങി ഭാരതം മുഴുവന്‍ സഞ്ചരിച്ചു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം അലഞ്ഞിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത ഭിക്ഷുക്ക ള്‍, രമണ മഹര്‍ഷി തുടങ്ങിയ ആധ്യാത്മിക ആചാര്യന്മാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യൂ സീ കോളേജില്‍ തത്ത്വശാസ് ത്ര പഠനത്തിനായി ചേര്‍ന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ്, ചെന്നൈ വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗ വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു.
രമണ മഹര്‍ഷിയില്‍ നിന്നാണദ്ദേഹം നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. 1951ല്‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അദൈ്വത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യയതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനാണ് ഗുരു.
ഗുരു സന്നിധിയില്‍
ഡോക്ടര്‍ തമ്പാന്‍ തിരിച്ചെത്തി. ‘ഗുരു എഴുതുകയായിരുന്നു. കുട്ടികള്‍ വന്നെന്നു പറഞ്ഞപ്പോള്‍ എഴുത്ത് നിര്‍ത്തി. ഗുരു വിളിക്കുന്നുണ്ട്. വരൂ…’ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചു. റിയാസിന്റെ കൈവശം ഗുരുവിനു സമ്മാനിക്കാനുള്ള ചില പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തോട് എന്താണ് സംസാരിക്കേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. ഒരു പുരുഷായുസ്സില്‍ നൂറ്റി അന്‍പതോളം പുസ്തകങ്ങള്‍ രചിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമാണോ? അതും വ്യത്യസ്തമായ വിജ്ഞാന ശാഖകളില്‍. അങ്ങനെയുള്ള ഒരു മനീഷിയുടെ മുന്നിലേക്കാണ് ഞങ്ങള്‍ പോകുന്നത്. ആകെ കൂടി ഒരു ഭയം.
ആശ്രമത്തിലെ നന്നേ ചെറിയ ഒരു മുറിയിലാണ് യതി താമസിക്കുന്നത്. മുറിയുടെ ഒരു മൂലയ്ക്ക് ഒരാള്‍ക്ക് മാത്രം കിടക്കാന്‍ വിസ്താരമുള്ള ഒരു കട്ടില്‍. അതിന്റെ ഒരു വശത്തായി അല്പം കൂടി വലിയ ഒരു മുറിയുണ്ട്. ഇവിടെ ഇരുന്നാണ് യതി എഴുതുന്നത്. അവിടെ അനവധി ഗ്രന്ഥങ്ങള്‍ അടങ്ങിയ നാല് അലമാരകള്‍ സ്ഥാപിച്ചിട്ടുണ്ട്. ധാരാളം  മ്യൂസിക് സിഡികളും അതില്‍ സൂക്ഷിച്ചിരിക്കുന്നു.
യതി തന്റെ എഴുത്ത് മുറിയില്‍ ഇരിക്കുന്നു. മുടി ചീകി ഒതുക്കിയിട്ടുണ്ട്. നരച്ച നീണ്ട താടി. സ്വറ്ററിന് മുകളില്‍ ഒരു കമ്പിളി ഷാള്‍ ചുറ്റിയിട്ടുണ്ട്. കട്ടി കണ്ണടയിലൂടെ തിളങ്ങുന്ന കണ്ണുകള്‍. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് തൊഴുകയ്യോടെ ഞങ്ങളെ സ്വാഗതം ചെയ്തു. എഴുത്ത് മേശക്കു മുന്നിലുള്ള  കസേരകളിലേക്ക് ചൂണ്ടി ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
”തണുപ്പുണ്ട് അല്ലെ?”
”നല്ല തണുപ്പുണ്ട്’ ഞാന്‍ പറഞ്ഞു. തല കുലുക്കി അദ്ദേഹം ചിരിച്ചു.
”കാപ്പി കുടിച്ചോ?”
”കുടിച്ചു.” അതിനിടെ റിയാസ് സമ്മാനപ്പൊതി അദ്ദേഹത്തിന് ന ല്‍കി. അദ്ദേഹം കവര്‍ തുറന്നു പുസ്തകങ്ങള്‍ എടുത്തു നോക്കി അവ മേശപ്പുറത്തു വെച്ചു.
അദ്ദേഹം ഞങ്ങളുടെ വീടും നാടും എവിടെയാണെന്ന് അന്വേഷിച്ചു. എന്താണ് പഠിക്കുന്നത് എന്ന് ചോദിച്ചു. ഞങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധയോടെ അദ്ദേഹം കേട്ടു. കണ്ണുകള്‍ കൊണ്ട് ചിരിച്ചു തലയാട്ടിയുള്ള ആ ഇരുത്തം ഇപ്പോഴും ഓര്‍മയിലുണ്ട്. ഇങ്ങനെ താല്പര്യപൂര്‍വം കേള്‍ക്കുന്നവരോട് സംസാരിക്കാന്‍ ആവേശം കൂടും. പേടിയൊക്കെ പോകും. നിമിഷങ്ങള്‍ കൊണ്ട് തന്നെ വല്ലാത്ത ഒരടുപ്പം ഉണ്ടാക്കിയെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
പതുക്കെ പതുക്കെ ഒട്ടും ഉപചാരങ്ങള്‍ ഇല്ലാതെ അദ്ദേഹത്തോട് ഞങ്ങള്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ജാതി, മതം, ദൈവം തുടങ്ങിയ ആധ്യാത്മികമായ വിഷയങ്ങളും ബാബറി മസ്ജിദിന്റെ ധ്വംസനത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ അവസ്ഥകളുമെല്ലാം ആ സംസാരത്തിന് വിഷയമായി. (ആ അഭിമുഖം ശബാബ് 1993 ഒക്ടോബര്‍ 23 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു).
കുറെ സംസാരിച്ചിരുന്ന ശേഷം ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. ഞാന്‍ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അനുകൂലമായ ഒരു മറുപടി അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഞാന്‍. ഗുരു അല്‍പനേരം കണ്ണടച്ചിരുന്നു. പിന്നീട് കണ്ണട എടുത്ത് ഇരു കണ്ണുകളും തുടച്ചു കണ്ണട യഥാ സ്ഥാനത്ത് തന്നെ വെച്ചു. ഇറുകിയ കണ്ണുകള്‍ കൊണ്ട് ചെറുതായി ചിരിച്ചു തലയാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
‘ഞാന്‍ യാത്രയൊക്കെ കുറച്ചിരിക്കുകയാണല്ലോ മക്കളെ.. പ്രായമായില്ലേ ഓടി നടക്കാന്‍ ഒന്നും വയ്യാതായി. വര്‍ഷത്തില്‍ കുറച്ചു തവണ മാത്രമേ ഗുരുകുലം വിട്ടു പോകാറുള്ളൂ. വര്‍ക്കലയിലേക്കുള്ള പോക്ക് വരവ്‌പോലും കുറഞ്ഞു..’
ആ മറുപടി കേട്ട് എന്റെ മുഖം വാടി. ഉറപ്പൊന്നുമില്ലെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കില്ലെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ പിന്നീട് ഒന്നും പറഞ്ഞില്ല. നിര്‍ബന്ധിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയില്ലെന്ന് തോന്നി.
‘എന്നാ, ഞങ്ങള്‍ ഇറങ്ങട്ടെ..’
‘ലഞ്ച് കഴിച്ച ശേഷം പോയാല്‍ മതി. കുറെ വിദേശികള്‍ ഒക്കെ ഉണ്ട് ഇവിടെ താമസക്കാര്‍. അവരെ ഒക്കെ പരിചയപ്പെടൂ.. ഉച്ച കഴിഞ്ഞു മടങ്ങാം..’ ഞങ്ങള്‍ സമ്മതിച്ചു.
യതിയുടെ എഴുത്ത് മുറിയില്‍ നിന്ന് പുറത്തു കടന്നു ഞങ്ങള്‍ ആശ്രമത്തിനു ചുറ്റും നടന്നു. അന്നവിടെ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. വിദേശികളായ ചിലര്‍ ഞങ്ങളെ പരിചയപ്പെട്ടു. ഉച്ച ഭക്ഷണ സമയമായപ്പോള്‍ ഞങ്ങള്‍ തീ ന്‍മുറിയിലേക്ക് നടന്നു. അധികം വിഭവങ്ങള്‍ ഒന്നുമില്ല. ലളിതമായ ഊണ്‍.
ഞങ്ങളെ യാത്രയാക്കാന്‍ ഡോ. തമ്പാന്‍ ആശ്രമ മുറ്റത്തേക്കിറങ്ങി വന്നു. അപ്പോള്‍ യതി അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം യതിയുടെ മുറിയിലേക്ക് പോയി മടങ്ങി വന്നു, ഓരോ കവറുകള്‍ ഞങ്ങള്‍ക്കു തന്നു. ‘ഇത് യതി തന്നയച്ചതാണ്, സമ്മാനമായി അദ്ദേഹം എഴുതിയ ചില കൃതികള്‍. നിങ്ങളുടെ ഫോ ണ്‍ നമ്പറും വിലാസവും ഗുരു ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വരാന്‍ പറ്റുമോ എന്ന് നോക്കി അടുത്ത ആഴ്ച വിവരം അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.’
ഞങ്ങള്‍ ഊട്ടിയില്‍ നിന്ന് മടങ്ങി. അദ്ദേഹം പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ലായിരുന്നു. ഒന്നാമത്, അദ്ദേഹം പൊതു പരിപാടികള്‍ക്ക് പോകുവാന്‍ താല്പര്യപ്പെടുന്നില്ല. ദീര്‍ഘദൂരം യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതിയുമില്ല. രണ്ടാമത്, വിദ്യാര്‍ഥികളായ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു യതിയെ പോലെ വലിയ ഒരാള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതിലും ഔചിത്യമില്ല. എന്നാല്‍ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട്, ഗുരുകുലത്തില്‍ നിന്നും ഫോണ്‍ വന്നു. ഗുരു ഞങ്ങളുടെ ക്ഷണപ്രകാരം കോഴിക്കോട് വരാന്‍ സമ്മതിച്ചിരിക്കുന്നു എന്നായിരുന്നു ഫോ ണ്‍ സന്ദേശം!
ഗുരു കോഴിക്കോട്ട്
മാവൂര്‍ റോഡിലുള്ള ഒരു ശിഷ്യന്റെ വീട്ടില്‍ എത്തി വിശ്രമിക്കുകയായിരുന്ന യതിയെ ഞങ്ങള്‍ കാറുമായി സ്വീകരിക്കാന്‍  ചെന്നു. യതിയും കൂടെ ഡോക്ടര്‍ തമ്പാനും ഉണ്ടായിരുന്നു. ആ വീട്ടിന്റെ പൂമുഖത്ത് മറ്റൊരാള്‍ കൂടി ഇരിക്കുന്നത് കണ്ടു. യതി അറിയിച്ച പ്രകാരം അദ്ദേഹത്തെ കാണാന്‍ എത്തിയ അബ്ദുസമദ് സമദാനി ആയിരുന്നു അത്. ഞങ്ങള്‍ അദ്ദേഹത്തെയും പരിപാടി നടക്കുന്ന ടാഗോര്‍ ഹാളിലേക്ക് ക്ഷണിച്ചു. അദ്ദേഹം കൂടെ വരികയും ചെയ്തു.
‘വിദ്യാഭ്യാസം മാനവ സംസ്‌കരണത്തിന്’ എന്ന പേരില്‍ എം എസ് എം നടത്തുന്ന പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനമാണ് ഗുരു നിത്യ ചൈതന്യയതി നിര്‍വഹിക്കാന്‍ പോകുന്നത്. കാഴ്ചക്ക് ഏതാണ്ട് അദ്ദേഹത്തെ പോലെ തോന്നിക്കുന്ന മറ്റൊരു ജ്ഞാന വൃദ്ധന്‍ കൂടിയുണ്ടായിരുന്നു വേദിയി ല്‍; കെ പി മുഹമ്മദ് മൗലവി. കെ പി അദ്ദേഹത്തെ ആലിംഗനം ചെയ്തു സ്വീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെയും മനുഷ്യ സംസ്‌കാരത്തെയും പറ്റി ശാന്ത ഗംഭീരമായ ഒരു പ്രസംഗമാണ് അന്ന് യതി നടത്തിയത്.
യുവത ബുക്‌സ് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷയുടെ ആദ്യ പതിപ്പും ആ വേദിയില്‍ വെച്ച് അദ്ദേഹം പ്രകാശനം ചെയ്തു. അന്ന് യതിക്കു മുന്‍പേ പ്രസംഗിച്ചവരുടെ പ്രസംഗത്തെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം നല്‍കിയ ഒരുപദേശം ഇന്നും പ്രസക്തമായി തോന്നുന്നു. ‘ദൈവത്തെയും ആധ്യാത്മികതയെയും കുറിച്ച് ഇത്രമേല്‍ ചടുലമായും ഘനസ്വരത്തിലും പ്രസംഗിക്കുന്നത് എന്തിന്?. ഒരു നദി ഒഴുകുന്ന പോലെ ശാന്തവും ധ്യാനപൂര്‍ണവുമായല്ലേ ആത്മീയമായ ശുശ്രൂഷകള്‍ നല്‍കേണ്ടത്?’.
ഒന്നാണ് മതങ്ങളുടെയെല്ലാം നൈതിക സങ്കല്പങ്ങള്‍
(ഗുരുകുലത്തില്‍ വെച്ച് നിത്യ ചൈതന്യ യതിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)
എന്താണ് മതം?മനുഷ്യ ജീവിതത്തിനു മതം ആവശ്യമാണോ? മതത്തെ കുറിച്ച് ഗുരുകുലത്തിന്റെ കാഴ്ചപ്പാട് എന്താണ്?
ജൂതം, ക്രൈസ്തവം, ഇസ്‌ലാം, ബൗദ്ധം, സിക്ക് എന്നിവ സംഘടിത മതങ്ങളാണ്. ജൈനം, ഹൈന്ദവം, ഷിന്റോ തുടങ്ങി ഒട്ടനേകം അസംഘടിതങ്ങളായ സംസ്‌കാരങ്ങളുണ്ട്. അവരില്‍ തന്നെ സംഘടിച്ചു നില്‍ക്കുന്ന ചില സമ്പ്രദായങ്ങളും സ്ഥാപനങ്ങളും ഇല്ലാതില്ല. രാഷ്ട്രീയമായ ചില അവകാശ വാദങ്ങള്‍ നടത്താനും ചില പരിഗണനകള്‍ ലഭിക്കുവാനും ഇടയാകുന്നുവെന്നല്ലാതെ വ്യക്തികളുടെ മനോവികാസത്തിലും മൂല്യാവിഷ്‌ക്കാരത്തി ലും മതത്തിന്റെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും പുരോഗതി വരുത്തുന്നതായി കാണുന്നില്ല. അതുകൊണ്ടു സംഘടിത മതത്തിലെ അംഗങ്ങളും പ്രവര്‍ത്തകരുമായവരില്‍ പരിപക്വ മാനസന്മാരില്ലെന്നോ, ഉന്നതാദര്‍ശം സാക്ഷാല്‍ക്കരിക്കാന്‍ അനവതരം ശ്രമക്കുന്നവരില്ലെന്നോ പറഞ്ഞുകൂടാ. അങ്ങനെയുള്ളവര്‍ ധാരാളമുണ്ട്. അവരില്‍ ഒട്ടുമുക്കാല്‍ പേ ര്‍ക്കും മതസ്ഥാപനങ്ങള്‍ നടത്തിപ്പോരുന്ന വിദ്യാലയങ്ങള്‍, സെമിനാരികള്‍, ഗ്രന്ഥാലയങ്ങള്‍, ദേവാലയങ്ങള്‍ മുതലായവ വളരെ പ്രയോജനപ്പെടുന്നുമുണ്ട്. മനുഷ്യനു പ്രയോജനമുള്ള ഏതു സ്ഥാപനവും വളര്‍ന്നു കാണുന്നതില്‍ ആര്‍ക്കാണ് താല്പര്യമില്ലാത്തത്?
എല്ലാ മതങ്ങള്‍ക്കും നൈതികത ഒരുപോലെ സ്വീകാര്യമാണ്. സത്യം, സ്‌നേഹം, ദയ, സേവനതല്പരത എന്നിവ വളര്‍ത്തുന്നതിനു മതം ഉത്തേജനം നല്‍കുന്നുവെങ്കില്‍ അത്രയ്‌ക്കെങ്കിലും മതം കൊണ്ടു പ്രയോജനമുണ്ട്. എല്ലാ മതങ്ങള്‍ക്കും ഒരു അന്വീക്ഷികീ തന്ത്രമുണ്ട്. അതില്‍ ശുദ്ധമായ സത്യനിരൂപണവും മതത്തിന്റെ സംഘടിതമായ ശക്തി നിലനിറുത്താനായി
കരുതിക്കൂട്ടി പറഞ്ഞുപോരുന്ന അര്‍ധസത്യങ്ങളും യാഥാസ്ഥിതികമായ മുരടിച്ച ആചാരങ്ങളും അബദ്ധജടിലമായ വിശ്വാസപ്രമാണങ്ങളും മനുഷ്യത്വത്തിന്റെ കടയ്ക്കു കത്തിവെക്കുന്ന സ്ഥാപിത താല്‍പര്യങ്ങളുമുണ്ട്. മതം കൂടുതല്‍ വ്യക്തിപരമായ സാധനയായിരിക്കുമ്പോള്‍ ഉല്‍കൃഷ്ടവും, കിരാതമായ സാമൂഹ്യശക്തിയായി പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യ സ്വാതന്ത്ര്യത്തെ ശ്വാസംമുട്ടിക്കു ന്ന മഹാരോഗവും ആയിത്തീരാറുണ്ട്.മതം പലപ്പോഴും ചരിത്രത്തി ല്‍ രാഷ്ട്രീയ ഛായയുള്ള രക്തം കൊതിക്കുന്ന ദുര്‍ദ്ദേവത ആയിരുന്നിട്ടുണ്ട്. നാളെയും അങ്ങനെത്തന്നെ ആയിരിക്കും. അതുകൊണ്ട് ഒരു മതത്തെയും വളര്‍ത്തിയെടുക്കുന്നതില്‍ നാരായണ ഗുരുകുലം താല്പര്യം കാണിക്കുകയില്ല. ഏതു മതം ശരിയെന്നുള്ള ചര്‍ച്ചയ്ക്കും ഞങ്ങള്‍ ഒരുക്കമല്ല.
ഒരു മതമന്യനു നിന്ദ്യമൊന്നിലോ തും
കരുവപരന്റെ കണക്കിനൂനമാ കും;
ധരയിലിതിന്റെ രഹസ്യമൊന്നുതാ നെ
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേ ണം
എന്ന നാരായണ ഗുരുവിന്റെ  അധ്യാപനം  തന്നെയാണ് ഞങ്ങളെ മത നിരൂപണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. തെറ്റായ മതം പോലും എതിര്‍പ്പുകൊണ്ടു വളരുകയേ ഉള്ളൂ. ബുദ്ധന്‍, സാരതുസ്ത്രാ, മഹാവീരന്‍, ലാവോട്‌സെ, ഗുരുനാനാക്ക് എന്നിവരുടെ വ്യക്തിപരമായ ജീവിതവും വിചാരധാരയും മിക്കവാറും സമ്പൂര്‍ണമായിത്തന്നെ അംഗീകാര യോഗ്യമാണെന്നതില്‍ സന്ദേഹമില്ല. അവരുടെ പിന്‍വാഴ്ചക്കാര്‍ വരുത്തുക്കൂട്ടിയ തെറ്റുകള്‍ക്കും അക്രമങ്ങള്‍ക്കും ഈ മഹാത്മാക്കളെ കുരുതി കഴിച്ചുകൂടാ. അതുകൊണ്ടു നാരായണ ഗുരുകുലം ഈ മഹാന്മാരുടെ ജീവിതമാതൃകകളെ തുറന്ന മനസ്സോടുകൂടി പഠിക്കുകയും അവരുടെ അമൃതവാണികളെ കൃതജ്ഞതയോടെ മനനം ചെയ്യുകയും ചെയ്തുപോരുന്നുണ്ട്.
യൂറോപ്പില്‍ മതം വരുത്തിക്കൂട്ടിയ ഇരുളിനെ കലവറയില്ലാതെ എതിര്‍ത്ത ബ്രൂണോ, ഗലീലിയോ, ലൂഥര്‍, ഡേവിഡ് ഹ്യൂം, സ്പിനോസ്, വോള്‍ട്ടയര്‍, കാറള്‍ മാര്‍ക്‌സ്, നീഷേ, ഫ്രോയിഡ് എന്നിവരും  മറവില്‍ നിന്ന് നിരൂപണം ചെയ്ത ഡെക്കാര്‍ട്ട്, ബര്‍ക്കിലി, സാര്‍ത്ര്, കാഫ്ക്കാ തുടങ്ങിയവരുമെല്ലാം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു.
ഈ പ്രപഞ്ചത്തിന് ദൈവമുണ്ടോ?.  താങ്കളുടെ ദൈവ സങ്കല്പം ഒന്ന് വിശദീകരിക്കുമോ?
ദൈവത്തില്‍ വിശ്വസിക്കുന്നതും, വിശ്വസിക്കാതിരിക്കുന്നതും ദൈവം എന്ന വാക്കുകൊണ്ട് ഒരാള്‍ എന്തു അര്‍ത്ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരിക്കല്‍ നടരാജ ഗുരുവിനോടു ദൈവത്തെ നിര്‍വചിക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, ”That Which is right even when you are wrong is god’ (നിങ്ങള്‍ക്കു തെറ്റു പറ്റുമ്പോഴും യാതൊന്നാണോ ശരിയായിരിക്കുന്നത്, അത് ദൈവമാകുന്നു) എന്നാണ്. നാരായണ ഗുരു,  ഉപനിഷത്തുകളില്‍ നിര്‍വചിക്കുന്നപോലെ ദൈവം സത്യവും ജ്ഞാനവും ആനന്ദവുമാണെന്ന് പറയുന്നു. അറിവിന്റെ നിറഞ്ഞുനില്‍ക്കുന്ന ആനന്ദഘനമായ സത്യത്തെ അദ്ദേഹം വാഴ്ത്തിപ്പാടുകയും ചെയ്യുന്നു. ഞാന്‍ ഈ സാമാന്യ തത്വങ്ങളുടെയെല്ലാം  ആകെത്തുകയെ ദൈവം എന്നു വിളിക്കുന്നു.
ദൈവം എന്ന വിവക്ഷയുടെ പേരില്‍ ക്രൂശുയുദ്ധങ്ങള്‍ നടത്തിയിട്ടില്ലേ?. പുരോഹിതന്മാര്‍ അവരെ വിശ്വസിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നില്ലേ?. അന്ധവിശ്വാസങ്ങള്‍ നിലനിറുത്താന്‍ ദൈവത്തെ മാപ്പുസാക്ഷിയാക്കുന്നില്ലേ?. കള്ളപ്രവചനങ്ങള്‍ നടത്തി ജനങ്ങളെ വ്യാമോഹിപ്പിക്കുവാന്‍ ദൈവത്തിന്റെ പേര്‍ ഉപയോഗിക്കുന്നില്ലേ?. ഈ ചോദ്യങ്ങള്‍ക്കെല്ലാം
 ‘ഉവ്വ്’ എന്നാണ് ഞങ്ങളുത്തരം പറുക. എന്നാല്‍ അതിന്റെയെല്ലാം കരണസ്ഥാനത്തു വെച്ചിരിക്കുന്ന ദൈവത്തെ ഉപേക്ഷിച്ചൂകൂടേ എന്നു ചോദിച്ചാല്‍, അതിനുള്ള ഉത്തരം പാടില്ലാ എന്നാണ്. ആറ്റംബോംബുണ്ടാക്കുന്ന ശാസ്ത്രത്തെ നാം ഉപേക്ഷിക്കുന്നില്ലല്ലോ?
ചന്തമേറിയ പൂവിലും
ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു
മീശനെ വാഴ്ത്തുവിന്‍!
എന്നിങ്ങനെ കുമാരനാശാന്‍ ഈശ്വരനെ വാഴ്ത്തിപ്പാടുമ്പോള്‍ ഏതു കശ്മലഹൃദയത്തിലാണു ചിന്തയുടെ മണിമന്ദിരം അവരോധിക്കപ്പെടാതിരിക്കുന്നത്? ആരാണ് ആ മനോവീട്ടിലെ വിളക്കായ നിസ്തുല കാന്തിയെ പ്രകീര്‍ത്തിക്കുവാന്‍ മടിക്കുന്നത്? അതൊന്നും ഒരിക്കലും ഒരാളെയും വഴി തെറ്റിക്കുന്ന വിചാരധാരയാവുകയില്ല. ഈ അതൃഷ്ട സത്യത്തില്‍ അനുരക്തരായ ശ്രീരാമകൃഷ്ണനും മന്‍സൂറും തുളസീദാസും ക്രൂശിത യോഹന്നാനും കബീറും മാനവ ചരിത്രത്തെ പ്രഫുല്ലമാക്കിയവരാണ്.
അവര്‍ തേടിപ്പോയ രഹസ്യത്തെ തന്നെ ഗണിതത്തിന്റെ അത്ഭുത പ്രതിഭാസങ്ങളില്‍ തുളച്ചുനിര്‍ത്താന്‍ ശ്രമിച്ച മാര്‍ക്‌സ് പ്ലാങ്കും, റുതര്‍ഫോര്‍ഡും, ഐന്‍സ്‌റ്റൈനും, ഹൈസന്‍ ബര്‍ഗും, ഷറോജഡിംഗറും സത്യത്തിന്റെ ഏകീകരണം വേറൊരു വശത്തുനിന്ന് സാക്ഷാത്ക്കരിച്ചുതന്നു. ഇതിനെയെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാണ് ഞങ്ങള്‍ ദൈവമെന്നു പറയുന്നത്. ആ ദൈവത്തിന് അകമലരര്‍പ്പിച്ച് നാമോവാകം പറയുന്നു.
നാരായണ ഗുരുകുലം പൊതുരംഗത്തു പ്രവര്‍ത്തിക്കുകയോ പ്രചരണ പരിപാടികള്‍ നടത്തുകയോ ചെയ്യുന്നുണ്ടോ?
ഇല്ല. ഇത് സത്യാന്വേഷികളായി ധ്യാനാത്മക ജീവിതം നയിക്കുന്ന ശാന്തചിത്തരായ ആളുകളുടെ ഒരു കൂട്ടായ്മയാണ്. ആത്മാന്വേഷണം വളര്‍ത്തനാണ് അവര്‍ ശ്രമിക്കുന്നത്.  മിഷണറി പ്രവര്‍ത്തനങ്ങളോ, പ്രചരണ പരിപാടികളോ ഒന്നും ഗുരുകുലത്തിനില്ല. ലോക വാസാന വെടിഞ്ഞ്, പോരാട്ടങ്ങള്‍ നിറഞ്ഞ കര്‍മപദ്ധതികളില്‍ നിന്നും വിമുഖരായി ശാന്തി തേടി വരുന്നവര്‍ക്കുള്ള അഭയസ്ഥാനമാണു ഗുരുകുലം.
(ശബാബ് ഒക്ടോ. 22, 1993)
Back to Top