22 Sunday
December 2024
2024 December 22
1446 Joumada II 20

നിഖാബ്: ഒരു നാട്ടാചാരം എ അബ്ദുല്‍ഹമീദ് മദീനി

മനുഷ്യന്‍ വസ്ത്രം ധരിക്കുന്നത് അവന്റെ നഗ്‌നതയും ശാരീരികമായ മറ്റു ന്യൂനതകളും മറയ്ക്കുവാനും അലങ്കാരത്തിനുമാണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: ”ആദം സന്തതികളെ നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും ഇറക്കിത്തന്നിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാവട്ടെ അതാണ് കൂടുതല്‍ ഉത്തമം (7/26)
മേല്‍വചനത്തില്‍ മനുഷ്യന്റെ വസ്ത്ര സങ്കല്പം എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്നു. നഗ്‌നത മറയ്ക്കലാണ് വസ്ത്രത്തിന്റെ മുഖ്യ ദൗത്യം. മുട്ടു പൊക്കിളിനിടയിലുള്ള ഭാഗമാണ് പുരുഷന്‍ നിര്‍ബന്ധമായും മറയ്‌ക്കേണ്ടത്. വ്യക്തിത്വത്തിന്റെ പ്രകടനം കൂടി വസ്ത്രധാരണത്തിലുണ്ടെന്നതാണ് അതിനെ അലങ്കാരമെന്ന് വിശേഷിപ്പിക്കാന്‍ കാരണം. ഇസ്‌ലാമിക മര്യാദകള്‍ ഇതില്‍ പാലിച്ചിരിക്കണം.  സ്ത്രീകള്‍ക്കാകട്ടെ, മുഖവും മുന്‍കൈയും ഒഴിച്ചുള്ളവ നിര്‍ബന്ധമായും മറച്ചിരിക്കണം. പ്രായാധിക്യമുള്ളവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്.
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് സ്ത്രീയുടെ മുഖം ഔറത്താണോ? അത് മറക്കേണ്ടതുണ്ടോ? എന്ന വിഷയമാണ്. ഈ വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും എന്ത് പറയുന്നു എന്ന് നോക്കാം. ”സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ” (അന്നൂര്‍ 31)
ഇവിടെ (ഇല്ലാമാ ളഹറ മിന്‍ഹാ) എന്നതിനെ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അല്ലാഹു നേരിട്ട് അധികാപ്പെടുത്തിയ മുഹമ്മദ് നബി(സ) പറഞ്ഞത്, മുഖവും മുന്‍കയ്യും ഒഴിച്ചു എന്നാണ്. ഒരിക്കല്‍ നബി(സ)യുടെ ഭാര്യാസഹോദരി അസ്മാ നബി(സ)യുടെ അടുത്ത് വളരെ നേര്‍ത്ത ഒരു വസ്ത്രം ധരിച്ചുവന്നു. ഇതുകണ്ട നബി അവരില്‍നിന്ന് മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. അസ്മാ സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളില്‍ നിന്ന് മുഖവും മുന്‍കയ്യുമല്ലാതെ കാണപ്പെടാന്‍ പാടില്ല(അബൂദാവൂദ്)
ഇവിടെ സ്ത്രീകളുടെ മുന്‍കയ്യും മുഖവും ഔറത്തല്ലെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കി. അതിനാല്‍ അത് മറയ്‌ക്കേണ്ടതില്ല. അപ്പോള്‍ സൂറത്ത് അഹ്‌സാബില്‍ ജില്‍ബാബ് താഴ്ത്തിയിടാന്‍ പറഞ്ഞത് മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ഭാഗങ്ങളിലാണെന്ന് വ്യക്തമായി. അമാനി മൗലവി തന്റെ തഫ്‌സറില്‍ പറയുന്നു. പര്‍ദയെക്കുറിച്ച് വന്നിട്ടുള്ള ഖുര്‍ആന്റെ പ്രസ്താവനകളും നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാല്‍, ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്നു കാണാം. സ്ത്രീകള്‍ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിര്‍ബന്ധമില്ല. സാധാരണ ഗതിയില്‍ രണ്ടിലൊന്നില്‍ നിര്‍ബന്ധം ചെലുത്താനും പാടില്ല. പ്രത്യേക ചുറ്റുപാടനുസരിച്ച് മുഖം മറക്കല്‍ നന്നായിരിക്കും ചിലപ്പോള്‍ അത്യാവശ്യവുമായിരിക്കും (3/2620)
ഈ അഭിപ്രായം തന്നെയാണ് നാസറുദ്ദീന്‍ അല്‍ബാനി സ്വീകരിച്ചിട്ടുള്ളത്. അതില്‍ സ്ത്രീ മുഖം മറക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മുഖം മറക്കല്‍ നിര്‍ബന്ധമായത് നബി(സ)യുടെ ഭാര്യമാര്‍ക്ക് മാത്രമാണെന്ന് ഹിജാബിന്റെ ആയത്ത് വ്യക്തമാക്കുന്നുണ്ട്. ഈ ഹിജാബ് വസ്ത്രം കൊണ്ടുതന്നെ വേണമെന്നില്ല. ചുമരുകള്‍ക്കപ്പുറത്ത് നിന്ന് കൊണ്ടോ ഏതെങ്കിലും തരത്തിലുള്ള മറകള്‍ക്കപ്പുറത്തുനിന്നുകൊണ്ടോ ആകാവുന്നതാണ്. സാധാരണ സ്ത്രീകളെ സംബന്ധിച്ചു മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ മുഖം മറക്കാന്‍ നബി(സ) കല്പിച്ചു എന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ ഹദീസ് ദുര്‍ബലമാണെന്ന് നാസറുദ്ദീന്‍ അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട് (അര്‍റദ്ദുല്‍മുഫ്ഹീം 1/48)
സൂറത്തുന്നൂര്‍ 30,31 വചനങ്ങളില്‍ സ്ത്രീകളോടും പുരുഷന്മാരോടും അവരുടെ കണ്ണുകള്‍ താഴ്ത്താന്‍ കല്പിക്കുന്നു. അതിന്റെ അര്‍ഥം സ്ത്രീകള്‍ക്ക് പുരുഷന്മാരെയും പുരുഷന്മാര്‍ക്ക് സ്ത്രീകളെയും നോക്കാന്‍ പാടില്ല എന്നാകുന്നു. എന്നാല്‍ സാധാരണ സ്ത്രീകള്‍ക്ക് മുഖം മറക്കല്‍ നിര്‍ബന്ധമാണെങ്കില്‍ പിന്നെ അവരെ നോക്കരുത് എന്നു പറയുന്നതിന് അര്‍ഥമില്ല. മുഖമടക്കം ശരീരം മുഴുവന്‍ വസ്ത്രംകൊണ്ട് മൂടിയ ഒരു സ്ത്രീയെ ആരും നോക്കുകയില്ല. അപ്പോള്‍ സ്ത്രീകള്‍ മുഖം തുറന്നിടാറുള്ളതുകൊണ്ടാണ് പുരുഷന്മാരോട് അവരെ നോക്കരുത് എന്ന് പറഞ്ഞത്. മദ്ഹബുകളുടെ ഇമാമുമാരും സ്ത്രീകളുടെ മുഖവും മുന്‍കയ്യും ഔറത്തല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അല്‍മദാഹിബുല്‍ അര്‍ബഅ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അന്യപുരുഷന്മാരുടെ മുന്നില്‍ സ്ത്രീയുടെ ഔറത്ത് മുഖവും മുന്‍കയ്യും ഒഴിച്ചുള്ളതാണ്. (1/168)
ഇബ്‌നു അബ്ദില്‍ബര്‍റ് പറയുന്നു. സ്ത്രീയുടെ മുഖവും മുന്‍കയ്യും ഒഴിച്ചുള്ളതെല്ലാം ഔറത്താണ്. ഇത് ഇമാമുകളുടെയും ശിഷ്യന്മാരുടെയും ഔസാഇയുടെയും അബൂസൗറിന്റെയും മറ്റു ഭൂരിപക്ഷപണ്ഡിതന്മാരുടെയും അഭിപ്രായമാണ് (അത്തംഹീദ് 6/364)
അബൂജഅഫറുത്ത്വഹാവി പറയുന്നു മനുഷ്യര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അന്യസ്ത്രീകളുടെ മുഖത്തേക്കും മുന്‍കയ്യിലേക്കും നോക്കാവുന്നതാണ്. നബി(സ)യുടെ ഭാര്യമാരുടെ മുഖത്തേക്കും മുന്‍കയ്യിലേക്കും നോക്കാന്‍ പാടില്ല. ഈ അഭിപ്രായമാണ് ഇമാം അബൂഹനീഫയും അബൂയൂസുഫും മുഹമ്മദും പറഞ്ഞിട്ടുള്ളത് (ശറഹുല്‍മആസി 2/392, 393)
ജരീറുബ്‌നുഅബ്ദില്ല റിപ്പോര്‍ട്ട്: ഞാന്‍ റസൂല്‍(സ)യോട് യാദൃശ്ചികമായി ഒരു സ്ത്രീയെ നോക്കുന്നതിനെപ്പറ്റി ചോദിച്ചു. എന്നോടവിടുന്ന് പിന്നീട് ദൃഷ്ടി തിരിക്കാന്‍ പറഞ്ഞു (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി)
ഒരിക്കല്‍ അലി(റ) യാദൃശ്ചികമായി ഒരു സ്ത്രീയുടെ മുഖത്ത് നോക്കുന്നതിനെപ്പറ്റി ചോദിച്ചു. നബി(സ) പറഞ്ഞു. അലി, നിനക്ക് ആദ്യത്തെ കാഴ്ച അനുവദനീയമാണ്. തുടര്‍ന്ന് നോക്കാന്‍ പാടില്ല (അബൂദാവൂദ്, തിര്‍മിദി)
ഇബ്‌നുഹസം പറയുന്നു. സ്ത്രീകളോട് അവരുടെ മക്കന മാറിടത്തിലേക്ക് താഴ്ത്തിയിടാന്‍ അല്ലാഹു കല്പിച്ചു. ഈ കല്പനയില്‍ നിന്ന് പിരടിയും മാറിടവും ഉള്‍പ്പെടെയുള്ള ഭാഗം മറയ്ക്കല്‍ നിര്‍ബന്ധമാണെന്നും മുഖം തുറന്നിടാമെന്നും മനസ്സിലാക്കാം (അല്‍മുഹല്ലാ 3/216,217)
സുബൈഇയ്യബിന്‍തുല്‍ഹാരിസില്‍ നിന്ന് റിപ്പോര്‍ട്ട്. ഇവര്‍ ബദിരിയായ സഈദുബ്‌നു ഖൗലയുടെ ഭാര്യയായിരുന്നു. അദ്ദേഹം ഹജ്ജതുല്‍വിദാഇല്‍ മരണപ്പെട്ടു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. പ്രസവശേഷം ആ സഹാബി വനിതയെ അബുസനാബില്‍ബ്‌നു ബഅഖ് എന്ന സഹാബി അവര്‍ മൈലാഞ്ചി ഇട്ടതായും കണ്ണില്‍ സുറുമ എഴുതിയതായും കണ്ടു. അപ്പോള്‍ അദ്ദേഹം ഭര്‍ത്താവ് മരിച്ച് 4 മാസവും പത്തുദിവസവും കഴിയാതെ നീ മറ്റൊരു വിവാഹത്തെ ആഗ്രഹിക്കുന്നോ? എന്നു ചോദിച്ചു. അങ്ങിനെ അവര്‍ നബി(സ)യുടെ അടുത്തുചെന്നു. അബൂസനാബില്‍ തന്നോട് പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു. പ്രസവത്തോടെ നിന്റെ ഇദ്ദകാലം അവസാനിച്ചു എന്നാണ്. ഇവിടെ സഹാബിയത്തായ ഒരു സ്ത്രീ കണ്ണെഴുതി മൈലാഞ്ചി ഇട്ടു സുന്ദരിയായി തന്നെ മറ്റു പുരുഷന്മാര്‍ കണ്ട് വിവാഹാന്വേഷണം നടത്താന്‍ വേണ്ടിയാണിങ്ങനെ ചെയ്തത്. ഏതായാലും വിഷയം നബി(സ)യോടെ മുന്നിലെത്തി. അദ്ദേഹം അവളോട് മുഖം മറക്കാന്‍ പറയുകയല്ല ചെയ്തത്. പ്രസവത്തോടെ നിന്റെ ഇദ്ദകാലം കഴിഞ്ഞ നിലക്ക് നിനക്കങ്ങനെ ചെയ്യാം എന്നാണ് പറഞ്ഞത്.
ആഇശ(റ) റിപ്പോര്‍ട്ട്: വിശ്വാസിനികളായ ഞങ്ങള്‍ നബി(സ)യുടെ കൂടെ മൂടിപ്പുതച്ചുകൊണ്ട് സുബ്ഹി നമസ്‌കാരത്തില്‍ പങ്കെടുക്കുകയും നമസ്‌കാരശേഷം വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇരുട്ടുമൂലം ഞങ്ങളെ ആരും തിരിച്ചറിയുമായിരുന്നില്ല. ഇതില്‍നിന്ന് മനസ്സിലാവുന്നത് ഇരുട്ടുകൊണ്ടാണ് അവര്‍ക്ക് പരസ്പരം തിരിച്ചറിയാന്‍ കഴിയാതിരുന്നത്. സാധാരണ അവരുടെ മുഖംകണ്ടുകൊണ്ടാണ് തിരിച്ചറിയാറ് പതിവ്.  മറ്റൊരു റിപ്പോര്‍ട്ടില്‍ ഞങ്ങളുടെ മുഖം പരസ്പരം തിരിച്ചറിയുമായിരുന്നില്ല എന്ന് വന്നിട്ടുണ്ട് (ജില്‍ബാബ് 1/66 അല്‍ബാനി)
സഹ്‌ലുബ്‌നുസഅ്ദ് റിപ്പോര്‍ട്ട്. ഒരു സ്ത്രീ നബി(സ)യുടെ മുമ്പില്‍വന്നു. അവര്‍ പറഞ്ഞു. പ്രവാചകരേ, ഞാന്‍ എന്നെ അങ്ങേക്ക് നല്‍കാന്‍ വേണ്ടി വന്നതാണ്. അപ്പോള്‍ നബി(സ) അവളെ മുഖമുയര്‍ത്തിനോക്കി. പിന്നെ നബി(സ) തലതാഴ്ത്തി ഇരുന്നു. അപ്പോള്‍ മറ്റൊരു സഹാബി വന്നു പറഞ്ഞു. നബിയേ അങ്ങേക്കവളെ ആവശ്യമില്ലെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം. അങ്ങനെ അവളെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. ആ സ്ത്രീ മുഖവും മുന്‍കയ്യും മറച്ചുകൊണ്ടല്ല നബി(സ)യുടെ മുന്നില്‍ വന്നത് എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. മറ്റു സ്ത്രീകളെ കാണുമ്പോള്‍ വൈകാരികത അനുഭവപ്പെടുന്നുവെങ്കില്‍ ഭാര്യയെ സമീപിക്കട്ടെ എന്ന് നബി(സ) പറയുന്നു.
സ്ത്രീകളെ പുരുഷന്മാര്‍ നോക്കുന്നതുപോലെ തന്നെയാണ് സ്ത്രീകള്‍ പുരുഷന്മാരെ നോക്കുന്നതും. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്താന്‍ പറയുക (അന്നൂര്‍). അപ്പോള്‍ സ്ത്രീകളും പുരുഷന്മാരും പരസ്പരം നോക്കുന്നത് ഒരുപോലെയാണെന്ന് വ്യക്തം. അതിനാല്‍ പുരുഷന്മാരും നിഖാബ് ധരിക്കണമെന്ന് ഏതെങ്കിലും പണ്ഡിതന്മാര്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. പ്രശസ്ത ഹദീസ് പണ്ഡിതനായ നാസറുദ്ദീന്‍ അല്‍ബാനി ഈജിപ്തില്‍ നടന്ന ഒരു സംഭവം തന്റെ അര്‍റദ്ദുല്‍ മുഫ്ഹിം എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു. ഈജിപ്തില്‍ അബുല്‍ഹസന്‍ എന്ന പ്രസിദ്ധ പ്രാസംഗികന്‍  സ്ഥിരമായി ക്ലാസ് നടത്താറുണ്ടായിരുന്നു. തന്റെ ക്ലാസില്‍ സ്ത്രീകളും പുരുഷന്മാരും ധാരാളമായി പങ്കെടുക്കുമായിരുന്നു. സ്ത്രീകള്‍ തന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോകാതിരിക്കാന്‍ അദ്ദേഹം മുഖം മറയുന്ന ബുര്‍ഖ ഇടുമായിരുന്നു (താരീഖുബഗ്ദാദ് 12/75)
ഇതനുസരിച്ച് നമ്മുടെ പ്രാസംഗികന്മാര്‍ ഇനി മുതല്‍ നിഖാബ്,(മുഖാവരണം) ധരിച്ചുകൊണ്ടായിരിക്കണം സ്ത്രീകളും പുരുഷന്മാരും അല്ലെങ്കില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ക്ലാസുകള്‍ നടത്തേണ്ടത് എന്ന് പറയുന്നത് എത്രമാത്രം പരിഹാസ്യമായിരിക്കും. പുരുഷന്മാര്‍ സ്ത്രീകളുടെ മുഖം കാണുമ്പോഴുണ്ടാകുന്ന ഫിത്‌ന തന്നെയാണ് സ്ത്രീകള്‍ പുരുഷന്മാരുടെ മുഖം കാണുമ്പോഴും ഉണ്ടാകുന്നത്. ഈജിപ്തിലെ സമ്പന്ന കുടുംബങ്ങളിലെ തരുണീ മണികളെ ക്ഷണിച്ചുവരുത്തി സുലൈഖ ഒരു സല്‍ക്കാരം നടത്തിയത് പ്രസിദ്ധമാണ്. യുസുഫിനെ കണ്ടതോടെ സ്ത്രീകളെല്ലാവരും പഴം മുറിക്കുന്നതിനുപകരം അവരുടെ കൈകളാണ് മുറിച്ചത് എന്ന കഥ ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നു. ഇവിടെ യൂസുഫ് മുഖം മറച്ചിരുന്നുവെങ്കില്‍ സ്ത്രീകളാരും അവരുടെ കൈകള്‍ മുറിക്കുമായിരുന്നില്ല. അപ്പോള്‍ സുന്ദരന്മാരായ ചെറുപ്പക്കാര്‍ പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കണമെന്ന ഫത്‌വയില്‍ ഒട്ടും ഔചിത്യമില്ല.
ഇന്ന് ബാലലൈംഗിക പീഡനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമായി നടക്കുന്നതായാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പലതും പിടിക്കപ്പെടുന്നു. അധികവും പിടിക്കപ്പെടാതെയും പോകുന്നു. ഈ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ആണ്‍കുട്ടികള്‍ അവരുടെ മുഖം മറച്ചു മാത്രമേ സ്‌കൂളിലും മദ്‌റസയിലും വരാന്‍ പാടുള്ളൂ എന്നൊരു ഫത്‌വ വന്നാല്‍ എന്തായിരിക്കും അവസ്ഥ?  പ്രസിദ്ധ പണ്ഡിതനായ ഇബ്‌നുല്‍ഖുത്വാന്‍ പറയുന്നു. സ്ത്രീക്ക് പുരുഷന്റെ മുഖത്തേക്ക് നോക്കല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കറിയില്ല. (അന്നള്‌റത്തു ഫീ അഹ്കാമിന്നളര്‍ 1/64)
ഇന്ത്യാരാജ്യത്ത് ഒരാള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും തീരെ ധരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളുടെ സങ്കേതമാണ് നമ്മുടെ നാട്. എന്നാല്‍, ഏത് വസ്ത്രം ധരിച്ചാലും ഐഡന്റിറ്റി നഷ്ടപ്പെടാന്‍ പാടില്ല. ഇവിടെ മുസ്‌ലിം സ്ത്രീ മുഖം മറച്ചാല്‍ അവള്‍ക്ക് സുരക്ഷയല്ല, അരക്ഷയാണുണ്ടാക്കുക. സ്ത്രീകളുടെ പ്രത്യേക സദസ്സുകളിലേക്ക്, പള്ളികളില്‍ സ്ത്രീകള്‍ നമസ്‌കരിക്കുന്നിടത്തേക്ക്, ട്രെയിന്‍ യാത്രകളില്‍ സ്ത്രീകളുടെ റിസര്‍വേഷന്‍ കോച്ചിലേക്ക്,  ലേഡീസ് ഹോസ്റ്റലിലേക്ക് പുരുഷന്മാര്‍ നിഖാബ് ധരിച്ചുവന്നാല്‍ എന്താണ് സംഭവിക്കുക. പല ലേഡീസ് ഹോസ്റ്റലുകളിലും നിഖാബ് ധരിച്ച പുരുഷന്മാര്‍ വന്ന കഥകള്‍ നമുക്കറിയാം. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ക്ക് ആ സ്ഥാപനത്തിന്റെ മസ്‌ലഹത്ത് കണക്കിലെടുത്തുകൊണ്ട് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് ഇസ്‌ലാമികമായി തെറ്റാണെന്ന് പറഞ്ഞുകൂടാ.
ഒരു മുസ്‌ലിം സ്ത്രീയോട് പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കണമെന്ന് ഇസ്‌ലാം ഒരിക്കലും കല്പിച്ചിട്ടില്ല. ഈ സത്യം ലോകമുസ്‌ലിം പണ്ഡിതന്മാര്‍ എല്ലാവരും അംഗീകരിക്കുന്നു. പ്രശസ്ത ഹദീസ് പണ്ഡിതനായ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി തന്റെ അര്‍റദ്ദുല്‍മുഫ്ഹിം(സ്ത്രീകള്‍ മുഖം മറക്കണമെന്ന് പറയുന്നവര്‍ക്ക് വായടപ്പന്‍ മറുപടി) എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
പിന്നെ സുഊദി അറേബ്യപോലുള്ള നാടുകളില്‍ തദ്ദേശീയരായ സ്ത്രീകള്‍ മുഖം മറക്കുകയും വേലക്കാരികളായ സ്ത്രീകള്‍ മുഖം മറക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. അതിനാല്‍ മുഖം മറച്ചവരെ തറവാടികളായും അല്ലാത്തവരെ അടിമകളെപ്പോലെയുമാണവര്‍ കാണുന്നത്. ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി മദീനാ യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഭാര്യയും നിഖാബ് ധരിക്കുമായിരുന്നു. ഞാന്‍ സുഊദിയില്‍ എന്റെ ഭാര്യക്കും നിഖാബ് വാങ്ങിക്കൊടുത്തിട്ടുണ്ട്. നിഖാബ് സാമൂഹികാംഗീകാരത്തിന്റെ ചിഹ്‌നമായി കാണുമ്പോള്‍ അതുപയോഗിക്കുന്നത് വ്യക്തിത്വത്തിന്റെ ഭാഗമാകുന്ന സാഹചര്യമാണ് അറബു നാടുകളില്‍ ഉള്ളത്.
എന്റെ ഒരനുഭവം പറയാം. ഞാന്‍ എന്റെ മകന്‍ സുഊദിയില്‍ ജോലിയിലായിരിക്കുമ്പോള്‍ ഇടയ്ക്കിടെ അവിടെ പോവാറുണ്ട്. ജുബൈല്‍ പ്രദേശത്ത് റോയല്‍ കമ്മീഷന്റെ കോര്‍ട്ടേഴ്‌സിലായിരുന്നു ഞങ്ങളുടെ താമസം. ഞാന്‍ എല്ലാ ദിവസവും അസര്‍ നമസ്‌കാരത്തിനുശേഷം അടുത്തുള്ള ബീച്ചിലേക്ക് നടക്കാന്‍ പോകും. ധാരാളമാളുകള്‍ അവിടെ നടക്കാന്‍ വരാറുണ്ട്. എനിക്കറിയാവുന്ന ഒരു മലയാളി സ്ത്രീ കുറേ നടന്ന് ക്ഷീണം തീര്‍ക്കാന്‍ അവിടെയുള്ള ഒരു വിശ്രമകേന്ദ്രത്തില്‍ ഇരിക്കുകയാണ്. അപ്പോള്‍ ഒരറബിസ്ത്രീ വന്ന് മുഖം മറക്കാതിരിക്കുന്ന ഈ മലയാളി സ്ത്രീയെ കണ്ടപ്പോള്‍ ഏതോ വീട്ടിലെ പാവപ്പെട്ട വേലക്കാരിയാണെന്ന് കരുതി അഞ്ച് റിയാല്‍ കയ്യില്‍ വെച്ചുകൊടുത്തു. അവര്‍ കൈ കുടഞ്ഞു വേണ്ടാ എന്നാംഗ്യം കാണിച്ചു. പക്ഷേ അറബി സ്ത്രീ അത് അവരുടെ മടിയില്‍ ഇട്ടു നടന്നുപോയി. അപ്പോള്‍ ഇത്തരത്തിലുള്ള ഒരു സംസ്‌കാരം നിലവില്‍ ഉള്ള സ്ഥലങ്ങളില്‍ നമ്മുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ചിലപ്പോള്‍ നിഖാബ് ധരിക്കേണ്ടിവരും. അത് ഇസ്‌ലാമിക നിയമം എന്ന നിലയ്ക്കല്ല. ഒരു നാട്ടാചാരം എന്ന നിലയ്ക്ക് മാത്രമാണ്.
Back to Top