നിക്കി ഹാലി രാജിവെച്ചു
യു എന്നിലെ യു എസ് അംബാസിഡറായിരുന്ന നിക്കി ഹാലിയുടെ പൊടുന്നനെയുള്ള രാജിയാണ് അമേരിക്കയിലെ ഏറ്റവും ചൂടുള്ള വാര്‍ത്ത. ട്രംപും നിക്കി ഹാലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക പുലര്‍ത്തുന്ന പല വിദേശ നയങ്ങളും യു എന്നില്‍ അവതരിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നത് നിക്കി ഹാലിയായിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കക്കായി യു എന്നില്‍ വാദിച്ചതും ഹാലിയായിരുന്നു. യു എന്‍ പിന്തുടരുന്ന ഫലസ്തീന്‍ നയത്തില്‍ അമേരിക്ക തങ്ങളുടെ താല്പര്യക്കുറവ് പ്രകടിപ്പിക്കുകയും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കിവന്ന ഫണ്ട് പൊടുന്നനെ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഈ നീക്കങ്ങളുടെയൊക്കെ ചുക്കാന്‍ പിടിച്ചത് ഹാലിയായിരുന്നു. ഈ ഡിസംബര്‍ 31 വരെ മാത്രമേ താന്‍ ഈ പദവിയില്‍ തുടരൂവെന്ന് കഴിഞ്ഞ ദിവസം പൊടുന്നനേ നിക്കി ഹാലി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ട്രംപിന്റെ വിമര്‍ശകയായിരുന്ന ഇവര്‍ 2017 മുതല്‍ ട്രംപിന്റെ അടുത്ത വൃത്തത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ ട്രംപ് പുലര്‍ത്തിയ നിലപാടുകളെ ന്യായീകരിച്ച് കൊണ്ട് യു.എന്നില്‍ ഉറച്ചു നിന്ന് പോരാടിയ വ്യക്തി കൂടിയായിരുന്നു ഹാലി. റഷ്യന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച് നിലപാടും ഉപരോധവും തൊട്ടാണ് ഹാലിയും ട്രംപും തമ്മില്‍ അകലാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.