8 Friday
August 2025
2025 August 8
1447 Safar 13

നാല്‍പത്തിമൂന്ന് വര്‍ഷത്തിനു ശേഷം ക്യൂബ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ചു

43 വര്‍ഷത്തെ ഇടവേളക്കു ശേഷം ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം പ്രധാനമന്ത്രിയെ നിയമിച്ചു. ദീര്‍ഘകാലമായി ടൂറിസം മന്ത്രിയായ മാനുവല്‍ മരേരോ ക്രൂസിനെയാണ് പ്രസിഡന്റ് മിഖായേല്‍ ഡയസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976-നു ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്.
അധികാര വികേന്ദ്രീകരണത്തിന്റെയും തലമുറ മാറ്റത്തിന്റെയും ഭാഗമായാണ് 56 കാരനായ മേരേരോയുടെ നിയമനം. പ്രധാനമന്ത്രിയെ നിയമിക്കാനുള്ള നിര്‍ദേശത്തിന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗീകാരം നല്‍കിയതായി ദേശീയ അസംബ്ലിയില്‍ മരേരോയെ നാമനിര്‍ദേശം ചെയ്ത പ്രസിഡന്റ് കാനല്‍ പറഞ്ഞു. ഐകകണ്‌ഠ്യേനയാണ് ദേശീയ അസംബ്ലി പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രസിഡന്റും പാര്‍ട്ടി നേതാവുമായ റൗള്‍ കാസ്‌ട്രോ മരേരോയെ ഹസ്തദാനം ചെയ്തു.
രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖലയെ വളര്‍ത്തുന്നതില്‍ മരേരോ മികച്ച സംഭാവനയര്‍പ്പിച്ചതായി പ്രസിഡന്റ് കാനല്‍ പറഞ്ഞു. 2004 മുതല്‍ മരേരോ ടൂറിസം മന്ത്രിയാണ്. ഫിദല്‍ കാസ്‌ട്രോ, സഹോദരന്‍ റൗള്‍ കാസ്‌ട്രോ എന്നിവര്‍ക്കു ശേഷം കാനല്‍ സര്‍ക്കാറിലും ആ പദവിയില്‍ തുടര്‍ന്നു. സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഗവിയോട്ട ഹോട്ടല്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായി 1999ലാണ് മരേരോ പ്രവര്‍ത്തനമാരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം അതിന്റെ പ്രസിഡന്റായ അദ്ദേഹം 2004ല്‍ മന്ത്രിയാകുംവരെ ആ പദവിയില്‍ തുടര്‍ന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രവിശ്യ സര്‍ക്കാറുകളുടെയും മേലുള്ള നിയന്ത്രണം പ്രസിഡന്റിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിക്കായിരിക്കും.
1976ല്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുംവരെ ഫിദല്‍ കാസ്‌ട്രോയായിരുന്നു പ്രധാനമന്ത്രി. തുടര്‍ന്ന് ഭരണഘടന ഭേദഗതിയിലൂടെ പ്രധാനമന്ത്രി പദം ഇല്ലാതാക്കി. ഈ വര്‍ഷമാണ് പ്രധാനമന്ത്രി പദം പുനഃസ്ഥാപിക്കാന്‍ ക്യൂബ തീരുമാനമെടുത്തത്. രാജ്യത്തിന്റെ വികസനത്തിലും വരുമാനത്തിലും നിര്‍ണായകമായ ടൂറിസം മേഖലയിലെ വിപുലമായ പരിചയ സമ്പത്താണ് മരേരോക്ക് പ്രധാനമന്ത്രി പദത്തിലേക്ക് വഴിയൊരുക്കിയതെന്ന് കാലിഫോര്‍ണിയയിലെ ഹോളി നെയിംസ് സര്‍വകലാശാലയിലെ ക്യൂബ വിദഗ്ധന്‍ ആര്‍തര്‍ ലോപസ് ലെവി അഭിപ്രായപ്പെട്ടു.

Back to Top