നാലു വര്‍ഷ ബിരുദം: ആശങ്ക വിട്ടൊഴിയുന്നില്ല
ശംസുദ്ദീന്‍ കാമശ്ശേരി വാഴക്കാട്
‘നാലു വര്‍ഷ ബിരുദ പഠനവും വിദ്യാര്‍ഥികളുടെ ഇഷ്ടവും’ ഡോ. സുബൈര്‍ വാഴമ്പുറം എഴുതിയ ലേഖനം ശ്രദ്ധേയമായി. ലേഖനത്തിലെ ചില കാര്യങ്ങളോട് വിയോജിക്കുന്നു. ഇപ്പോഴും പല സ്ട്രീമുകളുടെയും സിലബസില്‍ പൂര്‍ണ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാമെന്ന് പറയുമ്പോഴും, ഒരു വിഷയത്തിലും ആഴത്തിലുള്ള പഠനം സാധ്യമല്ല എന്ന് ഒട്ടുമിക്ക വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, രണ്ടു സെമസ്റ്റര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ മൈനര്‍ വിഷയം മേജര്‍ വിഷയമാക്കി മാറ്റാം. പഠിപ്പിക്കല്‍, പഠനം, വിലയിരുത്തല്‍ എന്നിവ സമൂലമായി മാറുമെന്നു പറയുമ്പോള്‍ തന്നെ അത് എങ്ങനെയൊക്കെയാണ് നടപ്പാക്കുക എന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവും കാണുന്നില്ല.
21ാം നൂറ്റാണ്ടിലെ പുതിയ നൈപുണികള്‍ (സെശഹഹ ലെെേ) വിദ്യാര്‍ഥികള്‍ക്ക് സ്വായത്തമാക്കാം എന്നത് വളരെ നല്ല കാര്യമാണെങ്കിലും, ഇത് നിലവിലുള്ള അധ്യാപകരെ വെച്ച് നടപ്പാക്കുന്നത് എത്രത്തോളം പ്രായോഗികമാവും എന്നത് ഒരു ചോദ്യചിഹ്നമാണ്. ജോലിസാധ്യത കൂടുമെന്നു പറയുമ്പോഴും അത് എങ്ങനെ നടപ്പാക്കുമെന്നും ഇന്‍ഡസ്ട്രിയുമായുള്ള കൊളാബറേഷന്‍, ഇന്റേണ്‍ഷിപ് മാര്‍ഗരേഖ എന്നിവയ്ക്കുള്ള വ്യക്തമായ ആസൂത്രണവും കാണാന്‍ സാധിക്കുന്നില്ല. വിദേശ ജോലിക്കും ഉപരിപഠനത്തിനും പോകുന്നവര്‍ക്ക് നാലു വര്‍ഷ ബിരുദ പഠനം വളരെയധികം ഉപകാരപ്പെടും, ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് സിസ്റ്റമാണ്, (വിദേശത്തെ ബിരുദ പഠനം നാലു വര്‍ഷമാണ്), അതോടൊപ്പം പ്രൊഫഷണല്‍ കോഴ്‌സിനെപ്പോലെ ജോലിസാധ്യതയും വര്‍ധിക്കും എന്നതെല്ലാം ശരിയാണ്. പക്ഷേ, ഇത് വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിക്കാത്തപക്ഷം നമ്മുടെ മക്കളുടെ നാലു വര്‍ഷം നഷ്ടപ്പെടും എന്നതിലും സംശയമില്ല. സര്‍ക്കാരിന്റെ പല പ്രൊജക്റ്റുകളും പരാജയപ്പെടാനുള്ള കാരണം വിഷന്‍ ഇല്ലാത്തതിന്റെ കുറവല്ല, നടപ്പാക്കുന്ന രീതിയിലുള്ള പ്രശ്‌നങ്ങളാണ്. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ്.