നല്ല ബിദ്അത്തോ? പി മുസ്തഫ നിലമ്പൂര്‍
ഭാഷാപരമായി പരാമര്‍ശിച്ച നല്ല ബിദ്അത്ത് എന്ന പദത്തെ അവലംബിച്ചാണ് ചിലര്‍ നല്ലത് ബിദ്അത്ത് എന്ന് പേരില്‍ മതത്തില്‍ പുതുനിര്‍മിതികള്‍ കൊണ്ടുവരുന്നത മതപരമായ കാര്യത്തില്‍ ബിദ്അത്തിന്റെ ഗൗരവവും ശാസനയും നാം മനസ്സിലാക്കിയതാണ്. ഇത് സംബന്ധിച്ചാണ് നബി(സ)യുടെ ഉല്‍ബോധനങ്ങളിലെല്ലാം ആവര്‍ത്തിച്ചിട്ടുള്ളത്. ”ഏറ്റവും നല്ല വര്‍ത്തമാനം അല്ലാഹുവിന്റെ കലാമാണ്. ചര്യകളില്‍ ഏറ്റവും നല്ലത് നബി(സ)യുടെ ചര്യയാണ്.” ദീനിലെ എല്ലാ പുതുനിര്‍മിതികളും ബിദ്അത്തും എല്ലാ ബിദ്അത്തും നരകത്തിലുമാണ്. (സുനനു നസാഈ 3:188)ഇര്‍ബാളുബ്‌നു സാരിയ(റ) പറയുന്നു: ”റസൂല്‍(സ) പറഞ്ഞു: പുതു നിര്‍മിതികളായ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ പുതു നിര്‍മിതികളും ബിദ്അത്തും എല്ലാ ബിദ്അത്തുകളും വഴികേടിലുമാണ്.” (അബൂദാവൂദ് 4067)ആഇശ(റ) പറയുന്നു: ”നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) ഇല്ലാത്തത് ആരെങ്കിലും പുതുതായി നിര്‍മിച്ചാല്‍ അത് തള്ളപ്പെടേണ്ടതാകുന്നു.” (ബുഖാരി 2697, മുസ്‌ലിം 1718)ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രവാചകന്മാര്‍ പോലും പ്രവര്‍ത്തിക്കുന്നില്ല എന്നിരിക്കെ, മറ്റാര്‍ക്കാണ് അതിന് അവകാശമുണ്ടാവുക? ”യഥാര്‍ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്.” (വി.ഖു 10:32). (നബിയേ) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായിത്തീര്‍ന്നവരെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹിക ജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍; അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.” (വി.ഖു 18:103,104). ”അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്‌നിയില്‍ പ്രവേശിക്കുന്നതുമാണ്.” (88:3-5)ക്ഷീണിക്കുവോളം അധ്വാനിച്ചിട്ടും പരലോകത്ത് നിന്ദ്യതയാല്‍ തല താഴ്ത്തി വരികയും നരകാഗ്നിയില്‍ എരിയേണ്ടി വരികയും ചെയ്യുന്ന നഷ്ടകാരികള്‍, നല്ലതാണെന്ന് കരുതി പിഴവിലായി പോയവരാണെന്ന് മേല്‍ വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.രാത്രിയിലെ അവസാന പ്രാര്‍ഥനയില്‍ വബിനബിയ്യിക ല്ലദീ അര്‍സല്‍ത എന്ന് പറയേണ്ട സ്ഥാനത്ത് വബി റസൂലിക ല്ലദീ അര്‍സല്‍ത എന്ന് ചൊല്ലിയ ബാഅ്ബ്‌നു ആസിബിനെ(റ) നബി(സ) തിരുത്തുകയും വബി നബിയ്യിക എന്നു തന്നെ ചൊല്ലാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന സംഭവം ബുഖാരി തന്റെ 6311-ാം നമ്പര്‍ ഹദീസായി കൊടുത്തിരിക്കുന്നു. നബിയ്യിക എന്ന പദത്തിനേക്കാള്‍ വിപുലവും ശ്രേഷ്ഠവുമായ പദമാണ് റസൂലിക എന്നത്. എന്നിട്ടും ആ പദം മാറ്റാന്‍ നബി(സ) അനുവദിക്കുന്നില്ല.ഇമാം നവവി(റ) ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ”നബി(സ)ക്ക് വഹ്‌യ് ലഭിച്ചത് വബി നബിയ്യിക എന്ന പദത്തിലായിരിക്കും. അതിനാല്‍ ആ അക്ഷരങ്ങളില്‍ തന്നെ അത് നിര്‍വഹിക്കല്‍ അനിവാര്യമായി. ഇതാണ് നല്ല അഭിപ്രായം (ശറഹ് മുസ്‌ലിം, കിതാബുദ്ദഅ്‌വാത്)ഇബ്‌നു ഉമറിന്റെ(റ) സന്നിധിയില്‍ വെച്ച് ഒരാള്‍ തുമ്മി. എന്നിട്ടദ്ദേഹം പറഞ്ഞു: അല്‍ഹംദുലില്ലാഹ്, വസ്സലാമു അലാറസുലില്ലാ. അപ്പോള്‍ ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ഇത് പറയാന്‍ നബി(സ) പഠിപ്പിച്ചിട്ടില്ല. നബി(സ) പഠിപ്പിച്ചത് അല്‍ഹംദുലില്ലാഹ് അലാ കുല്ലിഹാല്‍ എന്ന് പറയാനാണ്. (തിര്‍മിദി 2738, മിശ്കാത്ത് 4744)നഖ്‌ല പള്ളിയില്‍ തസ്ബീഹും തഹ്മീദും തക്ബീറും തഹ്‌ലീലും ചൊല്ലി കല്ലുകൊണ്ട് എണ്ണം പിടിച്ചവരെ ഇബ്‌നു മസ്ഊദ്(റ) ശാസിച്ച സംഭവം പ്രസിദ്ധമാണ്. അവരോടദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ”നിങ്ങള്‍ നിങ്ങളുടെ പാപങ്ങളാണ് എണ്ണേണ്ടത്. നിങ്ങളുടെ പുണ്യങ്ങള്‍ (എണ്ണം പിടിച്ചില്ലെങ്കിലും) ഒന്നും നഷ്ടമാവുകയില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം. മുഹമ്മദ് നബി(സ)യുടെ ഉമ്മത്തേ, നിങ്ങള്‍ എത്ര പെട്ടെന്നാണ് നശിച്ചുപോയത്. നിങ്ങളുടെ പ്രവാചകന്റെ അനുചരന്മാര്‍ ഇതാ ഇവിടെ തന്നെയുണ്ട്. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ നുരുമ്പിയിട്ടില്ല. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങള്‍ ഉടഞ്ഞിട്ടില്ല. എന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവന്‍ തന്നെ സത്യം! നിങ്ങള്‍ മുഹമ്മദ് നബി(സ)യുടെ മാര്‍ഗത്തേക്കാള്‍ ഉത്തമമായ മാര്‍ഗത്തിലാണോ? അതോ ദുര്‍മാര്‍ഗത്തിന്റെ വാതില്‍ നിങ്ങള്‍ തുറക്കുകയാണോ. (സുനനു ദാരിമി 210, തഹ്ദീബുതഹ്്ദീബ് 8:38).ബാങ്ക് വിളിക്കുന്നതിന്റെ മുമ്പായി നബി(സ)യുടെ മേല്‍ സ്വലാത് ചൊല്ലുന്നത് സംബന്ധിച്ച് ഇബ്‌നുഹജറില്‍ ഹൈതമി(റ) പറയുന്നു: ”ബാങ്കിന്റെ മുമ്പ് നബി(സ)യുടെ മേല്‍ സ്വലാത് ചൊല്ലുന്നതിനെ സംബന്ധിച്ചോ അതിനുശേഷം മുഹമ്മദുര്‍റസുലുല്ലാഹ് എന്നു പറയുന്നതിനെ സംബന്ധിച്ചോ ഹദീസുകളിലൊന്നിലും പരാമര്‍ശിച്ചതായി ഞാന്‍ കേട്ടിട്ടില്ല. നമ്മുടെ ഇമാമുകളുടെ പ്രസ്താവനയിലും ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ ആ രണ്ടു കാര്യങ്ങള്‍ തല്‍സ്ഥാനങ്ങളില്‍ സുന്നത്തില്ല. അത് സുന്നത്താണെന്ന് വിശ്വസിച്ചു ചെയ്യുന്നവനെ നിരോധിക്കുകയും തടയുകയും ചെയ്യേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ തെളിവില്ലാതെ മത നിയമം നിര്‍മിക്കലാണത്. തെളിവില്ലാതെ മതം നിര്‍മിക്കുന്നവനെ ശകാരിക്കുകയും വിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. (ഫതാവാ അല്‍ഖുബ്‌റാ, ബാബുല്‍ അദാന്‍)ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ വുദു പുതുക്കുന്നതിനെ സംബന്ധിച്ച് ഇമാം റംലി(റ)യുടെ ഫത്‌വ ഇപ്രകാരമാണ്: ”അത് പുതുക്കല്‍ അയാള്‍ക്ക് നല്ലതല്ല.” (ഫതാവാ റംലി, കിതാബു ത്വഹാറത്)അസ്വ്‌ല് സ്ഥിരപ്പെട്ടാല്‍ നല്ല ബിദ്അത്ത് ചെയ്യാമെന്ന് ജല്പിക്കുന്നവര്‍ മേല്‍ ഉദ്ധരണികള്‍ സശ്രദ്ധം ഗ്രഹിക്കേണ്ടതുണ്ട്. ദിക്‌റും സ്വലാതും സലാമും വുദു നിര്‍വഹിക്കലും അസ്വ്‌ലിയായി സ്ഥാപിതമായ പുണ്യകര്‍മങ്ങളാണ്. എന്നിട്ടും അത് ഒരു പ്രത്യേക ആചാരമാക്കുന്നത് ബിദ്അത്തും ശകാരിക്കപ്പെടേണ്ടതുമാണെന്ന് ശാഫി മദ്ഹബിന്റെ മുഫ്തിമാര്‍ തന്നെ ഫത്‌വ നല്‍കുന്നു.നബി(സ)യുടെ താക്കീത് ഗൗരവതരമാണ്. അവിടുന്ന് പറഞ്ഞു: ”ഏതൊരു സമുദായവും അവരുടെ പ്രവാചകന് ശേഷം അവരുടെ മതത്തില്‍ ഒരു ബിദ്അത്ത് നിര്‍മിക്കുമ്പോള്‍ അതിന് തുല്യമായ സുന്നത്ത് പാഴാക്കുന്നു. (ഫൈളുല്‍ ക്വദീര്‍ 7999)