നരേന്ദ്രമോദി രാഷ്ട്ര പിതാവ് ‘ ഗാന്ധിജിയെ പരിഹാസ്യമാക്കുന്ന വിലകുറഞ്ഞ പ്രസ്താവന – ഉമ്മന്‍ചാണ്ടി
അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഇന്ത്യയുടെ രാഷ്ട്രപിതാവ്’ എന്നു വിശേഷിപ്പിച്ചത് ആകസ്മികമാണോ? പരസ്പരം പുകഴ്ത്തി മുന്നേറുന്നതിനിടയില്‍ ട്രംപ് ഇത്തരമൊരു പ്രയോഗം നടത്തിയത് നേരത്തേ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്.
മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ഇന്ത്യയിലും ലോകമെമ്പാടും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലും ആഘോഷിക്കുമ്പോള്‍, ഗാന്ധിജിയെ ഇന്ത്യയുടെ ആത്മാവില്‍ നിന്നു മുറിച്ചുമാറ്റാനികില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ, മതേതര, ബഹുസ്വര രാജ്യമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു ഗാന്ധിജി നമ്മുടെ ഇടയില്‍ ജീവിച്ചതുകൊണ്ടാണ്. ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ ആദ്യം ഗാന്ധിജിയെ ജനമനസ്സുകളില്‍ നിന്നു പിഴുതെറിയണമെന്നു സംഘപരിവാര്‍ ശക്തികള്‍ക്ക് വ്യക്തമായി അറിയാം. അതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗാന്ധിജിക്കു പകരം മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ചത് ഇത്തരം അജന്‍ഡകളുടെ ഭാഗമാണ്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ഇതിനെ അപലപിച്ചു രംഗത്തുവരണമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ശിങ്കിടികളെ ഇറക്കി പ്രസ്താവനയ്ക്ക് ആധികാരികത നല്കാനാണ് ശ്രമിക്കുന്നത്. ഖാദി കലണ്ടറില്‍ ചര്‍ക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ക്ക തിരിക്കുന്ന ചിത്രം ചേര്‍ത്തതും ആകസ്മികമല്ല.
ഹിന്ദു മഹാസഭ സെക്രട്ടറി പൂജ ഷക്കൂണ്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേരേ വെടിയുതിര്‍ത്താണ് ഇക്കഴിഞ്ഞ രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഇന്ത്യന്‍ കറന്‍സിയില്‍ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടതു ഹരിയാനയിലെ ബി ജെ പി മന്ത്രി അനില്‍ വിജ്. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ ‘മഹാനായ രാജ്യസ്‌നേഹി’ എന്നു വിശേഷിപ്പിച്ചത് ബി ജെ പി എംപി സാക്ഷി മഹാരാജ്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ മൂലമാണ് രാജ്യത്ത് ഭീകരവാദം ഉണ്ടായത് എന്നാണ് ഹിന്ദുമഹാസഭാ നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞത്. ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയ്ക്കുവേണ്ടി ഗ്വാളിയറില്‍ ക്ഷേത്രം വരെ പണിതത് ഹിന്ദുമഹാസഭ.
മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനു ഭീഷണിയാണെന്നു പ്രസ്താവിച്ച ആര്‍ എസ് എസ് നേതാക്കളായ മാധവ് സദാശിവ ഗോല്‍വര്‍ക്കറും വിനായക ദാമോദര്‍ സവര്‍ക്കറുമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത്. ഹിന്ദു മുസ്‌ലിം മൈത്രിക്കു വേണ്ടിയും മതേതരത്വത്തിനുവേണ്ടിയും സ്വന്തം ജീവന്‍ വെടിഞ്ഞ ഗാന്ധിജി അങ്ങനെ സംഘപരിവാരങ്ങള്‍ക്ക് ആജന്മശത്രുവായി.
ഗാന്ധിജി ലോകത്തിന്
ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവുമായി അഞ്ചു തവണ ലോകസമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നിര്‍ദേശമുണ്ടായിട്ടും നിഷേധിക്കപ്പെട്ട നേതാവാണ് ഗാന്ധിജി. പിന്നീട് അതേ മേഖലയില്‍ നൊബേല്‍ സമ്മാനം നേടിയ എട്ടു ലോകനേതാക്കള്‍ തങ്ങളുടെ മാര്‍ഗദീപം ഗാന്ധിജിയാണെന്ന് നൊബേല്‍ പുരസ്‌കാരവേദിയില്‍ തന്നെ അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ലുതുലി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, ദലൈലാമ, ഓങ്‌സാന്‍ സൂചി, നെല്‍സണ്‍ മണ്ടേല, അഡോള്‍ഫോ പെരെസ് എസ്‌ക്വിവെല്‍, ബറക് ഒബാമ, കൈലാസ് സത്യാര്‍ത്ഥി എന്നിവരാണവര്‍.
ഗാന്ധിജിക്ക് നൊബേല്‍ സമ്മാനം നല്കാതെ പോയതില്‍ കമ്മിറ്റി അംഗങ്ങള്‍ പലവട്ടം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നൊബേല്‍ മ്യൂസിയത്തില്‍ മഹാത്മാഗാന്ധിയുടെ അഭാവം നികത്താനാകാത്ത നഷ്ടം എന്നാണ് നൊബേല്‍ മ്യൂസിയം ക്യുറേറ്റര്‍ പറഞ്ഞത്.
മൂന്നു ദശകത്തിലധികം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയും ഇന്ത്യയെയും നയിച്ച മഹാത്മാഗാന്ധിയാണ് നമ്മുടെ സമ്പത്തും ആത്മവിശ്വാസവും ദീപശിഖയും. അദ്ദേഹമാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമാണ് നമ്മുടെ പിതാവ്. ‘രാഷ്ട്രപിതാവേ…’ എന്ന നേതാജിയുടെ അഭിസംബോധന രാജ്യം ആദരവോടെ അംഗീകരിച്ചു. രവീന്ദ്രനാഥ ടാഗോര്‍ ‘മഹാത്മാ’ എന്നു വിളിച്ചപ്പോള്‍ കോടിക്കണക്കിനു കണ്ഠങ്ങള്‍ അതേറ്റു പറഞ്ഞു. ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഗാന്ധിജി ജന്മംകൊണ്ടോ സ്റ്റേജ് ഷോ കൊണ്ടോ അല്ല മഹാത്മാവായത്, മറിച്ച് കര്‍മം കൊണ്ടു മാത്രമാണ്.
വിട്ടുകൊടുക്കില്ല
ഗാന്ധിജി വിഭാവനം ചെയ്തതിന്റെ നേരേ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവുമധികം ആഗ്രഹിക്കുകയും സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിക്കുകയും ചെയ്തത് മതസൗഹാര്‍ദത്തിനു വേണ്ടിയായിരുന്നെങ്കിലും ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് അതിനെതിരെയാണ്. രാജ്യം നെടുകെയും കുറുകെയും വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത ഒരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റി. മറ്റുള്ളവരോട് രാജ്യം വിട്ടുപോകാന്‍ ആജ്ഞാപിക്കുന്നു.
അസഹിഷ്ണുത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബഹുസ്വരതയ്ക്കു മങ്ങലേല്‍ക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് ജയില്‍ അല്ലെങ്കില്‍ മരണം. ഒരു ചെറിയ വിഭാഗം സമ്പത്ത് കയ്യടക്കിയപ്പോള്‍, രാജ്യത്ത് അസമത്വവും അസംതൃപ്തിയും പടര്‍ന്നുപിടിക്കുന്നു.
രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. ഒരു മതാധിപത്യ രാജ്യത്തിനു വേണ്ടിയുള്ള കേളികൊട്ടാണ് ഉയരുന്നത്. അതിന് ഗാന്ധിജിയെ തന്നെ തമസ്‌കരിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ‘ഗാന്ധിജി അമര്‍ രഹേ’ എന്നു ദിഗന്തങ്ങള്‍ പൊട്ടുമാറ് വിളിച്ചുശീലിച്ച ഇന്ത്യന്‍ ജനത അങ്ങനെയൊന്നും ഗാന്ധിജിയെ വിട്ടുകൊടുക്കില്ല.
(എ ഐ സി സി ജനറല്‍
സെക്രട്ടറിയാണ് ലേഖകന്‍)