നമ്മള്‍ അറിയുന്നുണ്ടോ അങ്ങാടി വാണിഭം!
ഹബീബ് റഹ്മാന്‍ കരുവന്‍പൊയില്‍
രാജ്യത്തും സംസ്ഥാനത്തും സകലതിനും വില വര്‍ധിച്ച് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പലചരക്ക്, മത്സ്യമാംസാദികള്‍ തുടങ്ങി എല്ലാത്തിന്റെയും വില വലിയ തോതില്‍ വര്‍ധിച്ചു. സാധനങ്ങളുടെ ദൗര്‍ലഭ്യവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന വിലക്കയറ്റത്തെക്കാള്‍ പൂഴ്ത്തിവെപ്പ് മൂലമാണ് വില വര്‍ധിക്കുന്നതെന്ന് വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സകല സാധനങ്ങള്‍ക്കും പിടിച്ചാല്‍ കിട്ടാത്ത വിലവര്‍ധന. അതും 10 ശതമാനം മുതല്‍ 200 ശതമാനം വരെ ഒക്കെയാണ് പല വസ്തുക്കളുടെയും വില ഒരാഴ്ചക്കുള്ളില്‍ വര്‍ധിക്കുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ ജി എസ് ടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചു. നിലവില്‍ ജി എസ് ടി ഇല്ലാതിരുന്ന തൈര്, മോര്, ലസി, പനീര്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കു പോലുമിപ്പോള്‍ ജി എസ് ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇവയ്‌ക്കെല്ലാം 5 ശതമാനത്തോളം ജി എസ് ടി ഏര്‍പ്പെടുത്തുമ്പോള്‍ ഒന്നര രൂപയോളം വില വര്‍ധിക്കും.
ഇതിനൊക്കെ പൊതുജനത്തോട് പറയാന്‍ രാഷ്ട്രീയക്കാര്‍ക്കും മാര്‍ക്കറ്റ് തന്ത്രജ്ഞര്‍ക്കും ലോകവിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലവ്യത്യാസം മുതല്‍ ഉക്രെയ്ന്‍ യുദ്ധമടക്കം നൂറായിരം കാരണങ്ങള്‍. ഈ കാരണങ്ങളിലെ ഏറ്റവും രസകരമായ വശം, ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ട് ബാധിക്കുന്ന രാജ്യങ്ങള്‍ക്കോ അതിന്റെ തൊട്ടയല്‍നാടുകള്‍ക്കോ ഇത്രയൊന്നും വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നില്ല എന്നതാണ്! വിപണിയെ പിടിച്ചുനിര്‍ത്തുകയും ജനജീവിതം സുഗമമാക്കുകയും ചെയ്യേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മാര്‍ക്കറ്റില്‍ ഇടപെട്ടുകൊണ്ട് വിലക്കയറ്റത്തെയും പൂഴ്ത്തിവെപ്പിനെയും തടയേണ്ടതുണ്ട്. വിലക്കയറ്റം അടുക്കളകളെയും വീടകങ്ങളെയും മാത്രമല്ല, ചെറുകിട ഹോട്ടലുകളെയും സ്റ്റാര്‍ ഹോട്ടലുകളെയുമൊക്കെ സാരമായി ബാധിച്ചുകഴിഞ്ഞു. പ്രളയ- കോവിഡ് ദുരിതങ്ങളില്‍ നിന്ന് കരകയറുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ വിലക്കയറ്റം. വിപണികളില്‍ ഇടപെട്ടും പൂഴ്ത്തിവെപ്പ് പരിശോധനകള്‍ കാര്യക്ഷമമാക്കിയും ഭക്ഷ്യവകുപ്പും സര്‍ക്കാറും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കോമാളിക്കളികളും സിനിമാ നടികളുടെയും സെലിബ്രിറ്റികളുടെയും ഗര്‍ഭരഹസ്യവും അയവിറക്കാനാണ് മാധ്യമങ്ങള്‍ ജാഗരൂകരാകുന്നത്. ജനങ്ങള്‍ക്കാവട്ടെ വിവാദങ്ങളിലും കക്ഷിമാത്സര്യങ്ങളിലും മതഭ്രാന്തിലുമൊക്കെയാണ് താല്‍പര്യവും. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിനിറങ്ങേണ്ട രാഷ്ട്രീയ കക്ഷികളെല്ലാം മൗനത്തിലാണ്.
പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നതിന് പ്രത്യേക കാരണമൊന്നും വേണ്ട. ഇതിനിടയില്‍ വല്ല അസുഖങ്ങളും പിടിപെട്ടാല്‍ കുടുങ്ങിയതുതന്നെ. നാമാരും മരുന്നുകളുടെ വില ചോദിക്കാറില്ല. പല അവശ്യമരുന്നുകളുടെയും ക്ഷാമവും നേരിടുന്നുണ്ട്. ചുരുക്കത്തില്‍, ഡോക്ടറെ കാണുക എന്നതും ആശുപത്രിയില്‍ പോവുക എന്നതും നരകതുല്യമായിത്തീര്‍ന്നിരിക്കുന്നു എന്നര്‍ഥം.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഭാരിച്ച ജീവിതച്ചെലവാണ് വരാന്‍ പോകുന്നത്. കാലാവസ്ഥാ വ്യതിയാനവും ഇടക്കിടെയുണ്ടാകുന്ന പേമാരിയും ന്യൂനമര്‍ദവും കൊടുങ്കാറ്റുകളും കൃഷിയെ മാത്രമല്ല, ഇനി കൃഷി ചെയ്യാനുള്ള താല്‍പര്യത്തെ പോലും അവതാളത്തിലാക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഭക്ഷ്യോല്‍പന്നങ്ങളെന്നോ നാണ്യവിളകളെന്നോ കയറ്റുമതി വിഭവങ്ങളെന്നോ വ്യത്യാസമില്ല. കടല്‍ക്ഷോഭങ്ങളും സമുദ്ര താളപ്പിഴകളും കാരണം കടല്‍വിഭവങ്ങളില്‍ പോലും കുറവു വന്നതായാണ് അനുഭവം. കഷ്ടപ്പെട്ടുണ്ടാക്കുന്ന വിളകള്‍ക്കാകട്ടെ തുച്ഛമായ വിലയും. സാധാരണക്കാരെ സംബന്ധിച്ചേടത്തോളം ജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു എന്നര്‍ഥം.