1 Friday
May 2026
2026 May 1
1447 Dhoul-Qida 14

നബിവചനങ്ങളെ അക്ഷര വായനയില്‍ തളച്ചിടരുത്: കെ എന്‍ എം ഹദീസ് സമ്മേളനം

കണ്ണൂര്‍ ജില്ല കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കമ്മിറ്റി സംഘടിപ്പിച്ച ഹദീസ് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: മതപ്രമാണങ്ങളെ അക്ഷര വായനയില്‍ മാത്രം തളച്ചിടരുതെന്ന് ‘ഹദീസ് പ്രമാണവും പ്രയോഗവും’ പ്രമേയത്തില്‍ കണ്ണൂര്‍ ജില്ല കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കമ്മിറ്റി സംഘടിപ്പിച്ച ഹദീസ് സമ്മേളനം അഭിപ്രായപ്പെട്ടു. പ്രവാചക വചനങ്ങളിലെ സാഹിത്യ ഭംഗിയും സാഹചര്യ പ്രസക്തിയും മനസ്സിലാക്കാതെ നബിവചനങ്ങളെ കേവലം അക്ഷര വായനയില്‍ മാത്രം തളച്ചിടുന്ന പ്രവണത അപകടകരവും യാഥാസ്ഥിതികതയിലേക്കുള്ള തിരിച്ചുപോക്കുമാണ്.
നൂറ്റാണ്ടുകളായി വിവിധ മതസ്ഥര്‍ ഏകോദര സഹോദരങ്ങളായി കഴിഞ്ഞിരുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതപരമായി വിഭജിക്കാനുള്ള ഗൂഢനീക്കമാണ് പൗരത്വ ബില്ലിന്റെ പിന്നിലുള്ളതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള നീക്കങ്ങളാണ് സമീപകാലങ്ങളില്‍ ഭൂരിപക്ഷത്തിന്റെ മറവില്‍ ഭരണകൂട അനുകൂലതകള്‍ ഉപയോഗപ്പെടുത്തി ചിലര്‍ നടത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിലും മുഖ്യ പങ്കുവഹിച്ച മുസ്‌ലിം സമുദായത്തെ രാജ്യത്തു നിന്ന് പുറന്തള്ളാനുള്ള രഹസ്യ അജണ്ട പൗരത്വ ബില്ലില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ ഇന്ത്യയുടെ സ്ഥാനം ഹിറ്റ്‌ലറുടെ ജര്‍മ്മനിയോടും മുസോളനിയുടെ ഇറ്റലിയോടും ഒപ്പവുമായിട്ടായിരിക്കും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയെന്നും സമ്മേളനം ഓര്‍മ്മപ്പെടുത്തി.
ഹദീസ് സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അഹമ്മദ് കുട്ടി മദനി, കെ പി സക്കരിയ്യ, അബ്ദുല്‍അലി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, റാഫി പേരാമ്പ്ര പ്രഭാഷണം നടത്തി. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, അബ്ദുല്‍ജലീല്‍ ഒതായി, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, അശ്രഫ് മമ്പറം പ്രസംഗിച്ചു.

Back to Top