22 Sunday
December 2024
2024 December 22
1446 Joumada II 20

നബിദിനാഘോഷം ഇസ്‌ലാമികവിരുദ്ധം – അബ്ദുല്‍അലി മദനി

പ്രവാചകന്മാര്‍, പുണ്യവാന്മാര്‍, മഹാന്മാര്‍ എന്നിവരുടെ ജനന മരണ ദിനങ്ങള്‍ ആഘോഷിക്കുകയെന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ് ചിലര്‍ കാണുന്നത്. എന്നാല്‍ ദൈവദൂതന്മാരിലൂടെ അറിയിക്കപ്പെട്ട സന്ദേശങ്ങളിലൊന്നും ഈ സമ്പ്രദായത്തെസ്സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാനാവില്ല. എന്നിട്ടും ക്രിസ്തീയരും ജൂതന്മാരും മുസ്‌ലിംകളിലെ ചിലരും ഇതിനെ ന്യായീകരിക്കുന്നവരാണ്. മതപുരോഹിതരായി സമൂഹം അംഗീകരിച്ചിട്ടുള്ളവര്‍ ഇത്തരം അനാചാരത്തെ സദാചാരമാക്കിത്തീര്‍ക്കാന്‍ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ജനന മരണ ദിവസങ്ങളെ സാഘോഷം കൊണ്ടാടുന്നതിനോ ചില ദിവസങ്ങളില്‍ ദു:ഖാചരണം നടത്തുന്നതിനോ മതപരമായി ഒരു പിന്‍ബലവുല്ല. മതാധ്യക്ഷന്മാര്‍ ഇതിന്നായി അവതരിപ്പിക്കുന്ന വാദഗതികളൊന്നും അതുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്.
നോമ്പ്, സക്കാത്ത് തുടങ്ങിയ ആരാധനകള്‍ വര്‍ഷത്തിലൊരിക്കല്‍ നിര്‍വഹിക്കുന്നതിനാല്‍ അത് വാര്‍ഷികാഘോഷമായും ജന്മദിനാഘോഷത്തിന് തെളിവായും ചില അല്പ ജ്ഞാനികള്‍ എഴുന്നള്ളിക്കാറുണ്ട്. ഇസ്‌ലാമിലെ ആരാധനകളൊന്നും തന്നെ ജനന മരണദിനാചാരണങ്ങളുമായി ബന്ധപ്പെട്ടുള്ളവയല്ല. എന്തിനധികം നേര്‍ച്ചയെന്ന ആരാധന പോലും വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടപ്പെടേണ്ടതാണെന്ന് മതം പഠിപ്പിച്ചിട്ടില്ല. സാധാരക്കാര്‍ കണ്ടു ശീലിച്ചിട്ടുള്ളത് ആണ്ടു നേര്‍ച്ചയായതിനാല്‍ അവരിലധികവും കരുതുന്നത് നേര്‍ച്ചയെന്നത് വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന ആഘോഷമാണെന്നതാണ്. ആയതിനാല്‍ ആണ്ടു നേര്‍ച്ചയെന്ന പദപ്രയോഗം തന്നെ ശരിയല്ല. മറിച്ച്, നേര്‍ച്ച എപ്പോഴുമാകാമെന്നാണ് മതാധ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്. ധാരാളം പേര്‍ ഒത്തുകൂടി വരിയും പിരിവുമെടുത്ത് സ്വരൂപിക്കുന്ന പണം കൊണ്ട് ഭക്ഷണമുണ്ടാക്കിക്കഴിക്കല്‍ ഇത്തരം നേര്‍ച്ചകളുടെ ഒരു ഭാഗമാണ്. അത്തരമൊരു രീതി മതം പഠിപ്പിക്കുന്നില്ല. മദ്‌റസകളില്‍ പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും മഹല്ലു ജമാഅത്തുകാരും ഒന്നിച്ചു വരിയിട്ടു പിരിവെടുത്ത് നടത്തേണ്ട ഒരു വാര്‍ഷിക ഇബാദത്താണ് നബിദിനാഘോഷമെന്ന് കരുതുന്നവരും സമൂഹത്തിലുണ്ട്.
മതവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അനാചാരങ്ങളില്‍ (ബിദ്അത്ത്) ശക്തമായ(മുഅക്കദായ) ഒരനാചാരമാണ് ഇത്തരം ജന്മദിനാഘോഷങ്ങള്‍, പുതിയതായി ഉടലെടുത്തുകൊണ്ടിരിക്കുന്ന സ്വലാത്തു നഗറുകളില്‍ പോകാനാവാതെ മരണപ്പെട്ട മുസ്‌ലിം സഹോദരങ്ങള്‍ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവരാവുകയില്ലെങ്കില്‍ നബിദിനം ആഘോഷിക്കാതെ മരണപ്പെട്ടുപോയ ഉത്തമ നൂറ്റാണ്ടുകളിലെ മഹാരഥന്മാരായ ആളുകള്‍ എങ്ങനെയാണ് മതം കൈയൊഴിച്ചവരാകുക?
മദ്‌റസകളില്‍ സദ്‌റായും മുഅല്ലിമായും ജോലി ചെയ്യുന്നവര്‍ വലിയ ഉസ്താദായി പരിഗണിക്കപ്പെടുക അവിടുത്തെ നബിദിനം കൊഴുപ്പിക്കുന്നതിലെ അയാളുടെ പ്രാവീണ്യം തെളിയിക്കുമ്പോഴാണ്. നീട്ടിവലിച്ചു ഈണത്തിലും രാഗത്തിലും താളാത്മകമായി അറബി ബൈത്തുകള്‍ പാടാന്‍ കഴിവുണ്ടായാല്‍ അയാള്‍ക്ക് ഉസ്താദാകാം. ഇത്തരക്കാര്‍ നേതൃത്വം നല്‍കി പ്രചരിപ്പിക്കുന്ന അനിസ്‌ലാമികമായ അനാചാരങ്ങളുടെ അനന്തര ഫലം എത്രമാത്രം ഗുരുതരമായതാണെന്ന് അവര്‍ ആലോചിക്കുന്നുപോലുമില്ല.
ലക്ഷത്തിലേറെ ദൈവദൂതന്മാരില്‍ നിന്ന് രണ്ടു പ്രവാചകന്മാരുടെ (ഈസാ (അ), മുഹമ്മദ് നബി (സ)) മാത്രം ജന്മദിനങ്ങളാണ് പ്രത്യേകം ആഘോഷിക്കപ്പെടുന്നത്. പ്രവാചകന്മാരില്‍ വിശ്വാസമര്‍പ്പിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. എങ്കിലും, അവരുടെ ജനന മരണ ദിനങ്ങള്‍ എന്നായിരുന്നെന്ന് അറിയല്‍ യഥാര്‍ഥമായൊരു വിശ്വാസിയാകാന്‍ നിബന്ധനയില്ല. ആവശ്യവുമില്ല. ലോകത്തുള്ള ഒരു വിശ്വാസിക്കും അതറിയുകയുമില്ല. അറിയാന്‍ ഒരു വഴിയുമില്ല. പ്രവാചകന്മാര്‍ക്കുപോലും അവരുടെ മുന്‍കഴിഞ്ഞുപോയ പ്രവാചകന്മാരുടെ ജന്മദിനങ്ങളെന്നാണെന്ന് പറഞ്ഞുതരാന്‍ കഴിഞ്ഞിട്ടില്ല.
മൂസാ, ഈസാ(അ) നബിമാരുടെ ജന്മസമയത്തുണ്ടായിരുന്ന പശ്ചാത്തലം കണക്കിലെടുത്താല്‍ അതിനേക്കാള്‍ സങ്കീര്‍ണമായൊരു പശ്ചാത്തലവും മുഹമ്മദ് നബിയുടെ ജനന സമയത്തുണ്ടായിട്ടില്ലെന്നതിന്ന് ഖുര്‍ആന്‍ സാക്ഷിയാണ്. ആദം(അ)യുടെ സൃഷ്ടിപ്പുണ്ടായ ദിവസം ഒരാഘോഷമാക്കാന്‍ സാധിക്കാത്ത പോലെത്തന്നെ ആകാശ ഭൂമികളിലുള്ള സൃഷ്ടിപ്പുണ്ടായ ദിവസം പ്രപഞ്ചനാഥന്റെ സിംഹാസനാരോഹണ ദിനവും ആഘോഷിക്കാന്‍ കഴിയുകയില്ലല്ലോ. അതൊക്കെ എന്നായിരിക്കുമെന്ന് അറിയുകയുമില്ലല്ലോ.
ജനനസമയത്തുണ്ടായ അത്ഭുതങ്ങള്‍ കണക്കിലെടുത്താല്‍ ഈസാ(അ)യുടേതാണ് ആഘോഷിക്കാന്‍ ഏറെ അര്‍ഹതയുള്ളത്. എന്നാല്‍ ആദം(അ)യുടെ കാര്യത്തില്‍ നിങ്ങള്‍ അത്തരമൊരു ഗൗരവം എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്നാണ് ഖുര്‍ആനിന്റെ ചോദ്യം. അഥവാ, ആദമിന്റെ സൃഷ്ടിപ്പാണ് ഈസാ(അ)യുടെ ജന്മത്തേക്കാള്‍ സങ്കീര്‍ണമായി നില്‍ക്കുന്നതെന്ന് സാരം. കൂടാതെ ഈസാ നബിക്കു മാതാവുണ്ടെങ്കില്‍ ആദമിന്ന് മാതാവും പിതാവുമില്ലല്ലോ. വിശുദ്ധ ഖുര്‍ആന്‍ ഇവരെയൊന്നും ദൈവാവതാരമായി സമര്‍പ്പിക്കുന്നില്ല. എന്നാലിവിടെ അതീവ ഗുരുതരമായൊരു വിശ്വാസ സംഹിതയാണ് ക്രിസ്തീയര്‍ ഈസാനബിയുടെ ജന്മവുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയതെങ്കില്‍ സമാനതയുള്ളൊരു വിശ്വാസം തന്നെയാണ് മുഹമ്മദ് നബിയുടെ ജന്മവുമായി യാഥാസ്ഥികരും മെനഞ്ഞുണ്ടാക്കിയിട്ടുള്ളത്.
മനുഷ്യരെല്ലാം ജന്മനാ പാപികളായാണ് ജനിച്ചിട്ടുള്ളതെന്നും സര്‍വ മനുഷ്യരുടെയും പാപമോചനത്തിനുവേണ്ടി സാക്ഷാല്‍ ദൈവം മനുഷ്യാകാരം പൂണ്ട് ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ഇറങ്ങിവന്നതാണ് യേശു (ഈസാനബി) യെന്നും അതിന്നുവേണ്ടിയാണ് കുരിശാരോഹരണം സംഭവിച്ചതെന്നുമൊക്കെയാണവര്‍ കരുതിയിരുന്നത്. ഇത് ഈസാനബിയോ ബൈബിളോ പഠിപ്പിച്ചതല്ല. പിന്നീട് രൂപപ്പെടുത്തിയുണ്ടാക്കിയ വികലമായൊരു വിശ്വാസമാണത്.
അതുപോലെ തന്നെയാണ് പ്രപഞ്ച സൃഷ്ടിപ്പിന്റെ രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബിയുടെ പ്രകാശത്തെ അല്ലാഹു സൃഷ്ടിച്ചുവെന്നും പ്രസ്തുത ‘നൂര്‍’ (ഒളിവ്) ആദം(അ)യെ സൃഷ്ടിക്കാനായി സ്വരൂപിച്ച മണ്ണില്‍ കൂട്ടിക്കലര്‍ത്തിയെന്നും ശേഷം മഹത്തായ ആ പ്രകാശം പരിശുദ്ധന്മാരായ പുണ്യവാന്മാരുടെ മുതുകുകളിലൂടെ വന്നുവന്ന് ആമിനയെന്നവരുടെ ഗര്‍ഭാശയത്തിലെത്തിയെന്നും അതുവഴി ഭൂമിയില്‍ പിറന്നു വീണ യോഗ്യനായ കുട്ടിയാണ്, ദിവ്യപ്രകാശമാണ് മുഹമ്മദ് നബിയെന്നുമുള്ള ചിലരുടെ ധാരണ. (മന്‍കൂസ് മൗലിദ്).
 എന്നാല്‍ ഇത്തരമൊരു വിശ്വാസം പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടേയില്ല. ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരൊന്നും ഇത് കേട്ടിട്ടുമില്ല. ‘നൂര്‍ മുഹമ്മദ് സല്ലല്ലാഹ്’ എന്ന പ്രയോഗം തന്നെ അനിസ്‌ലാമികമാണ്. പരിശുദ്ധന്മാരുടെ മുതുകുകളിലൂടെ (പരമ്പരകളിലൂടെ) യാണ് മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ട ദിവ്യവെളിച്ചം ഭൂമിയില്‍ ഉദയം ചെയ്തതെങ്കില്‍ മുഹമ്മദ് നബിയുടെ ഇരുപത് ഉപ്പാപ്പമാരുടെ പരമ്പര വന്നു ചേരുമ്പോള്‍ തന്നെ പ്രസ്തുത പരിശുദ്ധിയുടെ പരിപാവനമായ കണ്ണികള്‍ മുറിഞ്ഞുപോകുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കേവലബുദ്ധി പോലും ആവശ്യമില്ല.
നബി(സ)യുടെ ഇരുപത് ഉപ്പാപ്പമാരുടെ നാമങ്ങള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനകളൊന്നും ഉണ്ടാവാറില്ലല്ലോ. അതായത് ‘റളിയല്ലാഹു അന്‍ഹു’ എന്നും മറ്റും. തന്നെയുമല്ല, ഹഖ്, ജാഹ്, ബറക്കത്ത് എന്നിവ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കാറുള്ള യാഥാസ്ഥികരൊന്നും ഇവരുടെ ഹഖ്, ജാഹ്, ബറക്കത്ത്, കറാമത്ത് എന്നിവ ദുആയില്‍ ഉള്‍പ്പെടുത്താറുമില്ല. കൊടുത്ത കഴിവില്‍ നിന്നാണ് ഞങ്ങള്‍ ചോദിക്കുന്നതെന്ന് പറയാറുള്ള അന്ധവിശ്വാസികളൊന്നും നബി(സ)യുടെ പിതാവിന്റെ പരമ്പരയിലെ ഈ ഇരുപത് ഉപ്പാപ്പമാര്‍ക്ക് നല്കപ്പെട്ട കഴിവെന്തെന്നത് വ്യക്തമാക്കാറുമില്ല. ഇതാണ് വസ്തുതയെങ്കില്‍ മന്‍കൂസ് മൗലീദുകാരന്‍ മൗലീദ് കിത്താബിന്റെ തുടക്കത്തില്‍ തന്നെ വായനക്കാരെ അറിയിക്കുന്ന ഈ നുണക്കഥ മുസ്‌ലിംകള്‍ക്കു വിശ്വസിക്കാന്‍ പാടുള്ളതാണോ? ചിന്തിക്കുക.
മുഹമ്മദ് നബിയുടെ പിതാമഹന്മാരുടെ പേരുകള്‍ അറിയല്‍ ഇസ്‌ലാമിലെ നല്ലൊരു കാര്യമാണ്. പ്രവാചകന്‍(സ)യെപ്പറ്റി അദ്ദേഹം മാലാഖയായിരുന്നോ, അവതാരമായിരുന്നോ, ആത്മീയമായി മാലാഖയും ഭൗതികമായി മനുഷ്യനുമായിരുന്നെന്നോ എ ന്നൊന്നും പില്‍ക്കാലത്ത് ആരും തന്നെ പറയാതിരിക്കാനും കൂടിയാണത്. മനുഷ്യരായ ഇരുപത് വ്യക്തികളുടെ കുടുംബ പരമ്പരയിലൂടെ വന്ന ഒരാള്‍ എങ്ങനെയാണ് മാലാഖയും ദൈവാവതരവുമാവുക? പ്രവാചകന്‍ മുഹമ്മദ് നബി മനുഷ്യനായിരുന്നെന്ന് വിശ്വസിക്കും പോലെത്തന്നെ ലക്ഷക്കണക്കായ പ്രവാചകന്മാരെല്ലാം മനുഷ്യര്‍ തന്നെയായിരുന്നെന്ന് അംഗീകരിച്ചേ മതിയാകൂ. സാധാരണ മനുഷ്യന്‍ മാത്രം പ്രവര്‍ത്തിക്കുന്നതും മാലാഖമാര്‍ക്കില്ലാത്തതുമായ കാര്യങ്ങളാണ് പ്രവാചകന്മാര്‍ ചെയ്തിട്ടുള്ളത്. ഭക്ഷണം കഴിക്കുക, വിസര്‍ജനം നടത്തുക, വിവാഹം കഴിക്കുക, കച്ചവടം നടത്തുക, ആടിനെ മേയ്ക്കുക തുടങ്ങിയതെല്ലാം പ്രവാചകന്മാരും നിര്‍വഹിച്ചിരുന്നുവല്ലോ. പിതാവ്, പുത്രന്‍ പിതാമഹന്‍, മക്കള്‍, മാതാവ് എന്നിങ്ങനെയുള്ളവരുടെ തറവാടിന്റെ മഹത്വവും പരിശുദ്ധിയും കണക്കിലെടുത്ത് ജനിക്കുന്ന കുട്ടികളെയും വാഴ്ത്തപ്പെടുകയെന്ന ഒരു കീഴ്‌വണക്കം തന്നെ ഇസ്‌ലാമില്‍ ഇല്ലെന്ന് വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്.
ക്രിസ്ത്യാനികള്‍ ഈസാ(അ)യെ പുകഴ്ത്തിപ്പറഞ്ഞു വലുതാക്കിയത് പോലെത്തന്നെയാണ് മൗലീദു കിതാബുകളിലും ഏടുകളിലും മുഹമ്മദ് നബിയെപ്പറ്റിയും വിശദീകരിച്ചിട്ടുള്ളത്. ഖുര്‍ആന്‍ സൂക്തങ്ങളോട് കിട പിടിക്കുന്നതും  സമാനത തോന്നിപ്പിക്കും വിധമാണ് മന്‍കൂസ് മൗലീദ് തുടങ്ങുന്നതു തന്നെ. ഈ കാര്യം ബോധ്യമാകാന്‍ സൂറത്തുല്‍ ഇസ്‌റാഇന്റെ ആദ്യവചനവും മന്‍കൂസ് മൗലീദിന്റെ തുടക്കവും താരതമ്യം ചെയ്തുനോക്കുക.
നബി(സ)യോട് അല്ലാഹു ‘ലൗലാക്കലൗലാക്കലമാ ഖലക്തുല്‍ അഫ്‌ലാക്ക്’ എന്ന് പറഞ്ഞതായി ഒരു വമ്പന്‍ നുണയും ഇവരുടെ സ്റ്റേജുകളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ടല്ലോ. എന്താണിതിന്റെയര്‍ഥം? പ്രവാചകരേ, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ പ്രപഞ്ചത്തെ തന്നെ സൃഷ്ടിക്കുകയില്ലായിരുന്നു എന്ന് അല്ലാഹു നബിയോട് പറഞ്ഞുവത്രേ. ഇതാണിതിന്റെ ആശയം. ഇത് സത്യത്തിനു നിരക്കുന്നതാണോ എന്ന് പോലും ആലോചിക്കുന്നില്ല. മുഹമ്മദ് നബിയുടെ ജനനം സംഭവിക്കുന്നതിനു മുമ്പും ശേഷവും നിലനില്‍ക്കുന്ന ഈ പ്രപഞ്ചം നബി(സ) യില്ലായിരുന്നെങ്കില്‍ അല്ലാഹു സൃഷ്ടിക്കുകയില്ലായിരുന്നു എന്നു പറഞ്ഞ് ആരെയൊക്കെയാണിവര്‍ കബളിപ്പിക്കുന്നത്? നബി(സ)ക്ക് വേണ്ടി ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതാണെന്നോ അതോ, പ്രപഞ്ചത്തിനു വേണ്ടി നബി(സ)യെ നിയോഗിച്ചതാണെന്നോ എന്താണ് വിശ്വസിക്കേണ്ടത്? അല്ലാഹു പറയുന്നത് പ്രവാചകരെ താങ്കളെ നാം ലോകര്‍ക്ക് അനുഗ്രഹമായിട്ടില്ലാതെ നിയോഗിച്ചിട്ടില്ലെന്നാണ്.
ഈ ദൃശ്യപ്രപഞ്ചവും അതിലെ മുഴുവന്‍ പ്രതിഭാസങ്ങളും നബിക്കു വേണ്ടിയായിരുന്നെങ്കില്‍ ഇവിടെയുള്ള സര്‍വ വിഭവങ്ങളും ആസ്വാദനങ്ങളും എല്ലാവരേക്കാളുമധികം അനുഭവിക്കേണ്ടിയിരുന്നത് നബി(സ) യായിരുന്നുവല്ലോ. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലല്ലോ. മറിച്ച്, ഏറ്റവുമധികം ദുരിതവും കഷ്ടപ്പാടുകളുമാണല്ലോ പ്രവാചകന്‍ ആദ്യം മുതല്‍ അവസാനം വരെ അഭിമുഖീകരിച്ചത്. ആയതിനാല്‍ പ്രവാചകന്റെ മഹത്വങ്ങള്‍ പ്രകീര്‍ത്തിക്കുന്നവരായി ചമഞ്ഞ് അസംബന്ധങ്ങള്‍ കെട്ടഴിച്ചു വിടുന്നത് ഇസ്‌ലാമിനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല.
നിങ്ങളെയെല്ലാം നാളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന മോചകനാണ് ഞാന്‍ എന്ന് പ്രവാചകന്‍ ആരോടും പറഞ്ഞിട്ടില്ല. എന്നിട്ടും, മൗലിദ് കിതാബുകളില്‍ കാണുന്നത് നബിയോട് ‘അന്‍ത മുന്‍ജീനാഗദന്‍’ എന്നും ‘മുന്‍ജില്‍ ഖലായിക്കി മിന്‍ ജഹന്നം’ എന്നും പറഞ്ഞ് പ്രാര്‍ഥിക്കുന്ന വരികളാണ്. ഇതിന്റെയര്‍ഥം നകരശിക്ഷ ലഭിക്കുന്നവരെ രക്ഷപ്പെടുത്തുന്നവന്‍ എന്നാണ്. ജീവിതത്തിലൊരിക്കലും ഇസ്‌ലാമികാധ്യാപനങ്ങള്‍ കാത്തുസൂക്ഷിക്കാത്ത ഒരാള്‍ കേവലം ഒരു നബി ദിനറാലിയില്‍ പങ്കെടുത്ത് ഈ വരികള്‍ പാടിയാല്‍ രക്ഷപ്പെടുമെന്നാണ് ചിലര്‍ കരുതുന്നത്. അല്ല, അതാണ് മതപുരോഹിതന്മാര്‍ സാധാരണക്കാരെ പഠിപ്പിക്കുന്നത്.
ഉത്തമ നൂറ്റാണ്ടുകളിലെ മഹാരഥന്മാരാരും ചെയ്തിട്ടില്ലാത്ത ഇത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ അനുദിനം വ്യാപകമാവുകയാണ്. എല്ലാറ്റിനും ദുര്‍വ്യാഖ്യാനങ്ങളുടെ പഴുതുകള്‍ കണ്ടെത്താനായി ‘ഇജ്തിഹാദ്’ (ഗവേഷണം) ചെയ്യുകയാണിവര്‍. ഇജ്തിഹാദിന്റെ വാതില്‍ കൊട്ടിയടച്ചവര്‍ തന്നെ അനഭിലഷണീയ ഗവേഷണങ്ങള്‍ നടത്തുന്നു. സൂറത്തുല്‍ ബഖറയില്‍ സത്യവിശ്വാസികളോട് ‘റാഇനാ’ എന്ന് പറയരുതെന്നും ‘ഉന്‍ദ്വുര്‍നാ’ എന്ന് പറയണമെന്നും മര്യാദയായി പഠിപ്പിച്ചതിനെ തവസ്സുലിന്നും ഇസ്തിഗാസയ്ക്കും മൗലിദിന്നും തെളിവാക്കുന്ന ഇത്തരക്കാരുടെ കഥ മഹാ കഷ്ടം തന്നെയാണ്. ‘ഉന്‍ദ്വുര്‍നാ’ എന്ന് മാത്രം ഒരായിരം തവണ ചൊല്ലിയാല്‍ അതൊരു ദിക്‌റ് ആകുമെന്ന് കരുതുന്ന പാമരന്മാരുമുണ്ട്. റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രത്യേകമായി ഒരു സുന്നത്തുപോലും മതം കല്പിച്ചിട്ടില്ലാത്തതാണ്.
നബി(സ)യെ പ്രവാചകനാക്കി നിയോഗിച്ചയച്ച മാസത്തെയും ദിവസത്തെയും മുഖവിലക്കെടുക്കാത്തവര്‍ നബി(സ) യെത്തന്നെ വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നതും നാം കാണുന്നു. നബി(സ)യുടെ മുടി, കാഷ്ഠം, മൂത്രം, പാത്രം, വിയര്‍പ്പ് എന്നിവ അനുഗൃഹീതമാക്കപ്പെട്ടതാണെങ്കില്‍ തന്നെ ഇതെല്ലാം എവിടെയാണ് ലഭിക്കുക? എവിടെയുമില്ല. ഉണ്ടെന്ന് പറയുന്നതുതന്നെ വ്യാജമാണെന്നാണ് അവരില്‍ ചിലര്‍ പറയുന്നത്. ഇനി ഉണ്ടെങ്കില്‍ തന്നെ അത്  ഒരാള്‍ കെട്ടിപ്പൂട്ടി വെച്ച് സ്വന്തമായി വിറ്റു കാശാക്കാനുള്ളതാണോ? ഇതാണോ നബിയോടുള്ള സ്‌നേഹപ്രകടനം?
ഇസ്‌ലാം ജനനമരണ ദിവസങ്ങള്‍ക്കോ ഈ പ്രപഞ്ചത്തിലെ സൃഷ്ടിജാലങ്ങള്‍ക്കോ അതിരു വിട്ട ദിവ്യത്വവും മഹത്വവും നിശ്ചയിക്കുന്നില്ല. സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ കണ്ടെത്തി അവനെ മാത്രം ആരാധിക്കുക. ജനന മരണദിവസങ്ങള്‍ മഹത്വത്തിന്റെ മാനദണ്ഡമല്ല. സത്കര്‍മമാണ് ജീവിതവിജയത്തിന്നാധാരം. കര്‍മങ്ങളുടെ സ്വീകാര്യതയാണ് ഭയാനകമായ നരകശിക്ഷയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുന്നത്. അല്ലാഹുവാണത് തീരുമാനിക്കുന്നത്. മുഹമ്മദ് നബിക്ക് ആരെയും നരകത്തില്‍ നിന്ന് മോചിപ്പിക്കാനും സ്വര്‍ഗത്തിലാക്കാനും സ്വയം സാധ്യമല്ല. അങ്ങനെ വിശ്വസിക്കാനും പാടില്ല. പ്രവാചകന്റെ ജന്മദിനമാഘോഷിക്കല്‍ സുന്നത്തല്ല; പുണ്യകര്‍മമല്ല, അനിസ്‌ലാമികമാണ്; ദുരാചാരമാണ്.
Back to Top