ധനസമ്പാദനവും ദാനധര്‍മങ്ങളും പി കെ മൊയ്തീന്‍ സുല്ലമി
ഇസ്‌ലാം എന്നത് കുറെ ആരാധകനാ കര്‍മങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന മതമല്ല. വ്യക്തിപരമായും സാമൂഹ്യമായും കുടുംബപരമായും ഒരുപാട് ബാധ്യതകളും ഉത്തരവാദിത്തങ്ങളും മുസ്‌ലിമിന് നിര്‍വഹിക്കാനുണ്ട്. അതെല്ലാം നിറവേറ്റുമ്പോള്‍ മാത്രമാണ് ഒരാള്‍ യഥാര്‍ഥ മുസ്‌ലിമായിത്തീരുന്നത്. വ്യക്തിക്ക് അല്ലാഹു നല്‍കിയ പരീക്ഷണാനുഗ്രഹമാണ് സമ്പത്ത്. സമ്പത്ത് മനുഷ്യന്റെ നിലനില്പിന് അത്യാവശ്യമാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങളുടെ നിലനില്പിനുള്ള മാര്‍ഗമായി നിശ്ചയിച്ചു തന്നിട്ടുള്ള നിങ്ങളുടെ സ്വത്ത് നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്കു കൈവിട്ടുകൊടുക്കരുത്”(നിസാഅ് 5).
‘ദുനിയാവ് ശവമാണെന്നും അത് സമ്പാദിക്കുന്നവര്‍ നായ്ക്കളാണെന്നുമുള്ള’ സൂഫി പുരോഹിതന്മാരുടെ വാദം വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമാണ്. സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അല്ലാഹു അരുളി: ”അല്ലാഹു നിങ്ങളില്‍ ചിലരെ ചിലരേക്കാള്‍ ഉപജീവനത്തിന്റെ കാര്യത്തില്‍ മെച്ചപ്പെടുത്തിയിരിക്കുന്നു”( നഹ്ല്‍ 71) അതേയവസരത്തില്‍ സമ്പത്ത് ഒരു പരീക്ഷണവും കൂടിയാണ്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു”(തഗാബുന്‍:15) സമ്പത്തുണ്ടാകുകയെന്നത് ഒരു വ്യക്തിയോട് അല്ലാഹുവിന്റെ ആദരവിന്റെയോ സ്‌നേഹത്തിന്റെയോ ലക്ഷണമൊന്നുമല്ല. അങ്ങനെ ചിന്തിക്കുന്നവരും കുറവല്ല.
അല്ലാഹു പറയുന്നു: ”എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ് പരീക്ഷിക്കുകയും ആദരിക്കുകയും അവന്ന് സൗഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും: എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവനെ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം കുടുസ്സാക്കുകയും ചെയ്താല്‍ അവന്‍ പറയും: എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്”(ഹജ്ര്‍ 15:16). ഭൂമിയും അതിലുള്ള സകല ചരാചരങ്ങളും മറ്റു വിഭവങ്ങളും സ്രഷ്ടാവിന്റേതാണ്. അത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹ പരീക്ഷണം എന്ന നിലയില്‍ കുറച്ചുകാലത്തേക്ക് ഏല്പിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയെയും അതിലുള്ളവരെയും അനന്തരമെടുക്കുന്നത്”(മര്‍യം 40). അതുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ അല്ലാഹു കല്പിച്ച മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കാന്‍ ബാധ്യസ്ഥരുമാണ്. സകാത്ത് സ്വദഖകള്‍ കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് പല കാര്യങ്ങളാണ്.
ഒന്ന്: തന്റെ സമ്പത്ത് അതിന്റെ സകാത്തിന്റെ വിഹിതം അവകാശികള്‍ക്ക് കൊടുത്തു കൈവശമുള്ളത് ശുദ്ധീകരിക്കുക. അഥവാ തന്റെ സകാത്തിന് അര്‍ഹരായവരുടെ അവകാശങ്ങള്‍ അവരുടെ കൈവശം എത്തിച്ചേരുമ്പോള്‍ മാത്രമേ ഒരു വ്യക്തിയുടെ സമ്പത്ത് ശുദ്ധീകരിക്കപ്പെടൂ. അല്ലാഹു പറയുന്നു: ”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സമ്പത്തില്‍ നിന്നും നീ വാങ്ങുകയും അവര്‍ക്കുവേണ്ടി താങ്കള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക”(തൗബ 103). രണ്ട്: പാവപ്പെട്ടവരെ അവരുടെ കഷ്ടപ്പാടുകളില്‍ നിന്നും സംരക്ഷിക്കുക. അത്തരക്കാരെ തിരിച്ചറിഞ്ഞ് തന്റെ സകാത്തിന്റെ വിഹിതം അവരുടെ കൈകളില്‍ എത്തിക്കേണ്ടതാണ്.
അല്ലാഹു പറയുന്നു: ”ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി നിങ്ങള്‍ ചെലവു ചെയ്യുക. അവരെ സംബന്ധിച്ച് അറിയാത്തവര്‍ അവരുടെ മാന്യത കണ്ട് അവര്‍ സമ്പന്നരാണെന്നു ധരിച്ചേക്കാം. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് താങ്കള്‍ക്ക് അവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് യാചിച്ച് വിഷമിപ്പിക്കുകയില്ല”(അല്‍ബഖറ 273). മേല്‍ വചനം സൂചിപ്പിക്കുന്നത് മാന്യരായ ദരിദ്രരെ സംബന്ധിച്ചാണ്. അവര്‍ അവരുടെ മാന്യതയും ലജ്ജയും കാരണം ആരോടും ഒന്നും ചോദിക്കുകയില്ല. ദാനധര്‍മങ്ങളില്‍ ഏറ്റവും പരിഗണന നല്‍കേണ്ടത് അടങ്ങിയൊതുങ്ങിക്കഴിയുന്ന ഇത്തരം മിസ്‌ക്കീന്‍മാര്‍ക്കാണ്. മിസ്‌ക്കീന്‍ എന്ന പദത്തിന്റെ അര്‍ഥം അടങ്ങിയൊതുങ്ങി ജീവിക്കുന്ന ദരിദ്രന്‍ എന്നാണ്. യാചന ഗത്യന്തരമില്ലാത്ത ഘട്ടങ്ങളില്‍ മാത്രമേ അനുവദനീയമാകൂ. ഇന്ന് അന്ധന്മാരായ യാചകന്മാര്‍ പോലും ലക്ഷക്കണക്കില്‍ ആസ്തിയുള്ളവരാണ്. എന്നിട്ടും അവരത് അവസാനിപ്പിക്കാറില്ല. മാത്രവുമല്ല അവരില്‍ ക്രിമിനലുകളും നിരവധിയാണ്. ഇസ്‌ലാം എന്നത് യാചനാ പ്രസ്ഥാനമല്ല എന്ന് നാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. യാചകരെ അതില്‍ നിന്നും മോചിപ്പിച്ച് അവര്‍ക്ക് സംരക്ഷണം നല്‍കല്‍ അവര്‍ ജീവിക്കുന്ന മഹല്ലിലെ സമ്പന്നന്മാരുടെയോ ഗവണ്‍മെന്റിന്റെയോ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്.
അതിനൊക്കെ നമ്മുടെ മഹല്ലുകള്‍ ഒരുപാട് വളര്‍ന്നുവരേണ്ടതുണ്ട്. ചില ഖുര്‍ആന്‍ വചനങ്ങള്‍ യാചനാ സംവിധാനത്തിന് തെളിവാണെന്ന് ചിലര്‍ തെറ്റുദ്ധരിച്ചിട്ടുണ്ട്. അതിപ്രാകരമാണ്: ”ചോദിച്ചുവരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്”(സുഹാ 10). മേല്‍ പറഞ്ഞ വചനം മാത്രമല്ല, താഴെ വരുന്ന വചനവും അതിനോട് കൂട്ടി യോജിപ്പിക്കാം. ”അവരുടെ സമ്പത്തുകളില്‍ ചോദിക്കുന്നവനും ഉപജീവനം തടയപ്പെട്ടവനും ഒരവകാശമുണ്ട്”(ദാരിയാത് 19). മേല്‍വചനം യാചനക്ക് തെളിവല്ല. കാരണം അത് സമ്പന്നന്മാരോടുള്ള കല്‍പനയാണ്. അഥവാ തങ്ങളുടെ സമ്പത്തുക്കളില്‍ മേല്‍ പറഞ്ഞ രണ്ട് കൂട്ടുര്‍ക്കും അവകാശമുണ്ട് എന്ന് അല്ലാഹു ഉണര്‍ത്തുകയാണ്. ഒരു മഹല്ലിലെ സമ്പന്നന്‍ തന്റെ സകാത്തിന്റെ വിഹിതം ദരിദ്രന്മാര്‍ക്ക് നല്‍കാത്ത പക്ഷം പ്രസ്തുത ദരിദ്രന്മാര്‍ക്ക് അത് ചോദിച്ചുവാങ്ങാന്‍ അവകാശമുണ്ട്. അത്തരക്കാരെ വിരട്ടിവിടാന്‍ പാടില്ലായെന്നുമാണ് മേല്‍പറഞ്ഞ വചനങ്ങളുടെ താല്‍പര്യം.
മൂന്ന്: സമ്പത്ത് ഒരു വിഭാഗം ആളുകളില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന സമ്പ്രദായം ഇല്ലായ്മ ചെയ്യാനാണ് സകാത്ത് സമ്പ്രദായം നടപ്പില്‍ വരുത്തിയത്. അല്ലാഹു പറയുന്നു: ”ധനം നിങ്ങളില്‍ നിന്നുള്ള സമ്പന്നര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്”(ഹശ്ര്‍ 7). മുസ്‌ലിംകളില്‍ ദീനീ കാര്യങ്ങളില്‍ സമ്പൂര്‍ണത നേടിയവര്‍ വളരെ വിരളമാണ്.
നമസ്‌കരിക്കുന്നവര്‍ സകാത്ത് കൊടുക്കുകയില്ല. സകാത്തും നമസ്‌കാരവും ഭാഗികമായി നിര്‍വഹിക്കും. നോമ്പനുഷ്ഠിക്കുകയില്ല. മേല്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഏറെക്കുറെ നിര്‍വഹിക്കുമെങ്കിലും ആരോഗ്യവും സാമ്പത്തിക ശേഷിയും ഉണ്ടായിട്ടും ഹജ്ജു നിര്‍വഹിക്കില്ല. ഈ നാല് കാര്യങ്ങളും ചിലപ്പോള്‍ പ്രവര്‍ത്തിച്ചെന്നുവരും. എന്നാല്‍ അവന്റെ ശഹാദത്ത് കലിമ സമ്പൂര്‍ണമായിരിക്കുന്നതല്ല. അഥവാ തൗഹീദ് നഷ്ടപ്പെടുത്തുന്നവനായിരിക്കും. അല്ലാഹു വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് ചോദിക്കുന്ന ഒരു ചോദ്യം ഇപ്രകാരമാണ്: ”നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ?”(അല്‍ബഖറ 85)
അല്ലാഹുവിന്റെ മറ്റൊരു കല്പന ഇപ്രകാരമാണ്: ”സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു”(അല്‍ബഖറ 208). ദീനില്‍ ഏറ്റവുമധികം പ്രതിഫലം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ദാനധര്‍മങ്ങള്‍ക്കാണ്. എന്നാല്‍ ജനങ്ങള്‍ അവഗണിക്കുന്നതും ദാനധര്‍മമാണ്. അല്ലാഹു അരുളി: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടി ഇരട്ടിയായി നല്‍കുന്നു”(അല്‍ബഖറ 261) അപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്തെങ്കിലും ദാനം ചെയ്താല്‍ എഴുനൂറു മടങ്ങും അതിന്റെ ഇരട്ടിയും പ്രതിഫലം നല്‍കപ്പെടും എന്നാണ് ഈ വചനത്തിന്റെ താല്‍പര്യം. സാധാരണയായി മറ്റുള്ള സല്‍കര്‍മങ്ങള്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലം അതിന്റെ പത്ത് മടങ്ങാണ്.
അല്ലാഹു അരുളി: ”വല്ലവനും ഒരു നന്മ കൊണ്ടു വന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവന് നല്‍കപ്പെടുകയുള്ളൂ”(അന്‍ആം 160). ദാനധര്‍മങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികവും പിശുക്കന്മാരാണ്. അല്ലാഹു അരുളി: ”ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍”(ഹശ്ര്‍ 9). ദാനധര്‍മങ്ങള്‍ ചെയ്യാന്‍ മടി കാണിക്കുന്ന സമ്പന്നര്‍ നരകത്തില്‍ കടക്കും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.
അല്ലാഹു അരുളി: ”എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവന്ന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതാ ണ്”(ലൈല്‍ 8:10). ദാനധര്‍മങ്ങള്‍ നരകത്തില്‍ നിന്നും അകറ്റപ്പെടാന്‍ കാരണമാകുകയും ചെയ്യും. അല്ലാഹു അരുളി: ”പരിശുദ്ധി നേടുവാനായി തന്റെ ധനം നല്‍കുന്ന സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് (നരകത്തില്‍ നിന്ന്) അകറ്റി നിര്‍ത്തപ്പെടുന്നതാണ്”(ലൈല്‍ 17-18)