22 Sunday
December 2024
2024 December 22
1446 Joumada II 20

ദൈവസ്മരണയും പ്രാര്‍ഥനയും  ആത്മശാന്തിയുടെ വാതിലുകള്‍ – അബ്ദുല്ല അമീന്‍

ശാന്തവും സംതൃപ്തവുമായ ജീവിതം കൊതിക്കുന്നവരാണെല്ലാവരും. ഭൗതിക ജീവിതത്തിന്റെ ഘടന സുഖവും ദു:ഖവും അനുഭവപ്പെടുന്നതാണ്. സമ്പത്തോ സൗകര്യങ്ങളോ ഒരാള്‍ക്കിവിടെ ശാശ്വത സമാധാനം നല്കുന്നില്ല. ദരിദ്രര്‍ അനുഭവിക്കുന്ന സമാധാനം പലപ്പോഴും ധനികര്‍ക്ക് ലഭിക്കാതെ പോയേക്കാം. ആധുനിക സാങ്കേതിക വിദ്യകളും നവീന ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരും പലതരം അസ്വസ്ഥതകളുടെ പിടിയിലമര്‍ന്നവരാണ്. സമാധാനത്തിന്റെ വഴിയന്വേഷിച്ചുപോകുന്ന പലരും കൂടുതല്‍ അസമാധാനത്തിന്റെ മാര്‍ഗത്തിലാണ് എത്തിപ്പെടുന്നത്. സമാധാനത്തിനായി ലഹരിയെ ശരണം പ്രാപിക്കുന്നവര്‍ക്ക് അസ്വസ്ഥതകളുടെ ലോകമാണ് പിന്നീടുണ്ടാവുന്നത്.
എന്നാല്‍ മനസ്സമാധാനത്തിന്റെ ഒറ്റമൂലിയായി ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത് ‘ദൈവസ്മരണ’യെയാണ്. താന്‍ സ്വയം ജനിച്ചവനല്ലെന്നും തന്റെ ജന്മത്തിന്റെ പിന്നിലും തനിക്കാവശ്യമായതെല്ലാം ഈ ഭൂമുഖത്ത് ഒരുക്കിവെച്ചതിന്റെ പിന്നിലും ഒരു കരുത്തനായ ശക്തിയുടെ കൈ ഉണ്ടെന്നു വിശ്വസിക്കുന്നവന് ആ ദൈവത്തെ മറക്കാന്‍ കഴിയില്ല. സ്വന്തം ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ പോലും നമ്മുടെ നിയന്ത്രണത്തിലല്ല. അവയെ കൃത്യമായ രൂപത്തില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തി ഏതോ അവന്‍ തന്നെയാണ് ഇവിടെ വായുവും വെള്ളവും ഒരുക്കിവെച്ചത്. അവനെ രക്ഷകനായി അംഗീകരിക്കുകയും എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് മനസ്സമാധാനത്തിന്റെ താഴ്്‌വേരാണ്. ഈ അല്ലാഹുവിലുള്ള ഉറച്ച വിശ്വാസമാണ് മനസ്സിന്റെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നതും കാലം വരുത്തിവെക്കുന്ന ഏത് പ്രശ്‌നങ്ങളെയും നേരിടാനുള്ള കരുത്ത് വിശ്വാസിക്ക് നല്കുന്നതും. ”അതായത് വിശ്വസിക്കുകയും അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ട് ശാന്തമായിത്തീരുകയും ചെയ്യുന്നവരെ, ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള സ്മരണ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമാവുന്നത്.”(വി.ഖു 13:28)
മോഹഭംഗങ്ങള്‍ക്കും നിരാശക്കും വിശ്വാസിയുടെ നിഘണ്ടുവില്‍ സ്ഥാനമില്ല. ജീവിത യാഥാര്‍ഥ്യങ്ങളെയും വിവിധ പ്രതിസന്ധികളെയും ആത്മധൈര്യത്തോടെയും ശുഭപ്രതീക്ഷയോടെയും നേരിടാന്‍ അവന്ന് കഴിയണം. ഖുര്‍ആന്‍ വിശദീകരിക്കുന്ന പ്രവാചകന്മാരുടെ ചരിത്രം ഈ യാഥാര്‍ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നു. പൊന്നോമന പുത്രന്‍ യുസൂഫ്(അ) നഷ്ടപ്പെട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യഅ്ഖൂബ് നബി തന്റെ മകന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ഈജിപ്തിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന മക്കളോട് യൂസുഫിനെ അന്വേഷിക്കണം എന്ന് പിതാവ് ആവശ്യപ്പെടുന്നത്. ”എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചുനോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹു നല്കുന്ന ആശ്വാസത്തെക്കുറിച്ച് നിരാശപ്പെടുകയില്ല; തീര്‍ച്ച.”(വി.ഖു 12:87)
സമാധാനത്തിന്റെ മറ്റൊരു വഴി സ്രഷ്ടാവിനോടുള്ള പ്രാര്‍ഥനയാണ്. അല്ലാഹുവിനോട് ഒരു കാര്യം ചോദിച്ചാല്‍ അവന്‍ അത് നിരസിക്കില്ല എന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ഈ സമാധാനം ഉടലെടുക്കുന്നത്. പ്രാര്‍ഥനയുടെ ഫലപ്രാപ്തിയെ മൂന്ന് തരത്തില്‍ നബി(സ) വിശദീകരിക്കുന്നു. ഒന്നുകില്‍ ചോദിച്ചതു തന്നെ അല്ലാഹു നല്കുന്നു. അല്ലെങ്കില്‍ തനിക്ക് വരാനിരിക്കുന്ന പല വിപത്തുകളും ഈ പ്രാര്‍ഥന മുഖേന ഒഴിഞ്ഞുപോയേക്കാം. ഇതു രണ്ടും ലഭ്യമായില്ലെങ്കില്‍ പോലും പ്രാര്‍ഥന ഒരാരാധനയായതിനാല്‍ അതിന്ന് പരലോകത്ത് വലിയ പ്രതിഫലവും ലഭിക്കും. മത്സ്യത്തിന്റെ വായില്‍ അകപ്പെട്ട യൂനുസ് നബി(അ) പ്രതീക്ഷ കൈവിടാതെ അല്ലാഹുവിനെ വാഴ്ത്തുകയും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ അത്ഭുതകരമായ നിലയില്‍ രക്ഷപ്പെട്ട ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നു. ശാന്തപൂര്‍ണമായ മനസ്സുകളില്‍ നിന്നാണ് ആത്മാര്‍ഥത നിറഞ്ഞ പ്രാര്‍ഥനകള്‍ ഉയരുന്നത്. കഠിനമായ രോഗം തളര്‍ത്താതെ അയ്യൂബ് നബി(അ) പ്രാര്‍ഥനാ നിരതനായി ജീവിച്ചതും ഈ പ്രതീക്ഷയുടെ തിരി മനസ്സില്‍ കത്തിനിന്നതുകൊണ്ടാണ്.
അല്ലാഹുവെ എപ്പോഴും അത്താണിയായി കാണാന്‍ കഴിയുന്നവര്‍ അനുഭവിക്കുന്ന സമാധാനം വലുതാണ്. ഏത് ഭാരവും ഇറക്കിവെക്കാന്‍ തനിക്കൊരിടം ഉണ്ടെന്നത് ഒരു വലിയ ആശ്വാസം തന്നെയാണ്. അല്ലാഹുവിനെ ഓര്‍ത്തും അവനില്‍ ഭരമേല്പിച്ചും ജീവിക്കുന്നവര്‍ക്ക് ഉത്ക്കണ്ഠകളില്‍ നിന്ന് മുക്തി നേടാനാവും. ദൈവസ്മരണ മായാതെ നിലനിര്‍ത്തുന്നതിലും മനസ്സമാധാനം കൈവരുത്തുന്നതിലും പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. ‘നിന്റെ നാവ് എപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാല്‍ നനഞ്ഞതായിരിക്കട്ടെ’ എന്ന് നബി(സ) നിര്‍ദേശിക്കുന്നുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നബി(സ) പഠിപ്പിച്ച പ്രാര്‍ഥന ശ്രദ്ധേയമാണ്. ”അല്ലാഹുവെ നിന്നില്‍ എല്ലാം അര്‍പ്പിച്ചുകൊണ്ടാണ് ഞാനിറങ്ങുന്നത്. സര്‍വ ശക്തിയുടെയും കേന്ദ്രം നീയാണ്’ എന്ന ആശയം വരുന്ന വചനങ്ങളും യാത്ര പുറപ്പെട്ട് വാഹനം കയറിയാല്‍ നബി(സ) നടത്തിയിരുന്ന പ്രാര്‍ഥനകളും ശ്രദ്ധിച്ചുനോക്കുക. ”ഞങ്ങള്‍ക്കീ വാഹനം സജ്ജമാക്കിത്തന്ന നാഥാ നീ പരിശുദ്ധനാണ്. ഞങ്ങള്‍ ഇതിന്ന് കഴിവുള്ളവരായിരുന്നില്ല.
ഞങ്ങളുടെ തിരിച്ചുപോക്ക് ഞങ്ങളുടെ നാഥനിലേക്ക് തന്നെയാണ്; നാഥാ ഈ യാത്രയില്‍ ഞങ്ങള്‍ക്ക് ഭക്തിയും പുണ്യവും നല്‌കേണമേ; നീ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യമാവണേ; ദൂരം കുറയ്‌ക്കേണമേ; നാഥാ നീയാണ് യാത്രയിലെ ഞങ്ങളുടെ സഹയാത്രികന്‍, കുടുംബത്തില്‍ ഞങ്ങളുടെ പ്രതിനിധിയും നീയാണ്.” മനസ്സറിഞ്ഞ് ഈ പ്രാര്‍ഥന നിര്‍വഹിച്ചു യാത്ര പോകുന്നവന്റെ സമാധാനം എത്ര വലുതാണ് എന്നോര്‍ത്ത് നോക്കുക. വീടും കുടുംബവും അല്ലാഹുവിനെ ഏല്പിച്ചാണ് അവന്‍ പോകുന്നത്; കൂടെ അല്ലാഹുവിന്റെ സാന്നിധ്യമാണ് അവന്‍ ആവശ്യപ്പെടുന്നത്. ‘അല്ലാഹുവേ; യാത്രയിലെ ദുര്‍ഘടാവസ്ഥകള്‍, വേദനിപ്പിക്കുന്ന കാഴ്ചകള്‍, വ്യക്തികളിലും സമ്പത്തിലും ഉണ്ടാകാവുന്ന ദുര്‍ഗതികള്‍ ഇവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് ശരണം തേടുന്നു’ എന്നും നബി(സ) പ്രാര്‍ഥിച്ചത് കാണാം.
ശക്തമായ കാറ്റടിക്കുമ്പോള്‍ മനുഷ്യന്‍ ഭയപ്പെടാറുണ്ട്. അതേ സമയം കാറ്റ് മനുഷ്യജീവിതത്തിന്റെ അത്യാവശ്യഘടകങ്ങളില്‍ ഒന്നുമാണ്. കാറ്റടിക്കുന്നത് കാണുമ്പോള്‍ നബി(സ) ”അല്ലാഹുവേ, ഈ കാറ്റിലുള്ള എല്ലാ നന്മകളെയും ഞാന്‍ നിന്നോട് തേടുന്നു; അതുള്‍ക്കൊള്ളുന്ന സകല വിധ തിന്മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ നേടുകയും ചെയ്യുന്നു” എന്നാണ് പ്രാര്‍ഥിച്ചിരുന്നത്. ഇടിമിന്നല്‍ പലപ്പോഴും അപകട കാരണമാവാറുണ്ട്. ”അല്ലാഹുവേ, നിന്റെ കോപം കൊണ്ട് നീ ഞങ്ങളെ ഹനിക്കരുതേ; നിന്റെ ശിക്ഷ കൊണ്ട് നീ ഞങ്ങളെ നശിപ്പിക്കരുതേ; അതിന് മുമ്പേ നീ ഞങ്ങള്‍ക്ക് സൗഖ്യമേകണേ” എന്നുള്ള പ്രാര്‍ഥന എത്ര വലിയ ആശ്വാസമാണ് വിശ്വാസികള്‍ക്ക് നല്കുന്നത്?
മക്കളെയും ബന്ധുക്കളെയും പലപ്പോഴും അന്യദേശങ്ങളിലേക്ക് യാത്ര അയക്കേണ്ടി വരും. അവിടത്തെ സാഹചര്യം ചിലപ്പോള്‍ പൂര്‍ണമായും നമ്മുടെ പ്രതീക്ഷക്കനുസരിച്ചതാവണമെന്നില്ല. ഇത്തരം യാത്രയയപ്പ് വേളകളില്‍ അവര്‍ക്കായി നാം നടത്തേണ്ട പ്രാര്‍ഥനയുടെ ആശയവും സമാധാനം നല്കുന്നതാണല്ലോ? നബി(സ) പ്രാര്‍ഥിക്കാറുള്ളത് ”നിന്റെ ദീനും വിശ്വസ്തതയും പ്രവര്‍ത്തനത്തിന്റെ പരിസമാപ്തിയും സൂക്ഷിക്കാന്‍ ഞാന്‍ അല്ലാഹുവില്‍ ഏല്പിക്കുന്നു” എന്നാണ്.
നമസ്‌കാരശേഷം നബി(സ) സ്ഥിരമായി ചൊല്ലാറുള്ള ദിക്‌റുകളും ദുആകളും മനസ്സമാധാനത്തിന്റെ മഹത്തായ വചനങ്ങളാണ്. ”അല്ലാഹുവേ നീയാണ് ശാന്തി, നിന്നില്‍ നിന്നാണ് സമാധാനം, എല്ലാം ശാന്തമാവുന്നത് നിന്നിലാണ്. നാഥാ നീ ഞങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം തരണേ, ശാന്തി ഭവനത്തില്‍ പ്രവേശനം തരണേ, നാഥാ നീ തന്നത് തടയാനോ തടഞ്ഞുവെച്ചത് തരാനോ ഒരാള്‍ക്കുമാവില്ല; നിന്റെ വിധിയെ തടുക്കാനോ പകരം നല്കാനോ ആരുമില്ല” തുടങ്ങിയ മന്ത്രങ്ങള്‍ തരുന്ന മനശ്ശാന്തി വിവരണാതീതമാണ്.
അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് കൊണ്ടാരംഭിക്കുന്ന ഏത് പ്രവര്‍ത്തനവും അനുഗ്രഹപൂര്‍ണമായതാവും എന്നത് ഏറെ പ്രതീക്ഷയും സമാധാനവും നല്‍കുന്നതാണ്. നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറം അല്ലാഹുവിന്റെ അറിവും തീരുമാനങ്ങളുമാണ് നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്നത് എന്ന ബോധ്യമുള്ളവര്‍ക്ക് എല്ലാം അവനില്‍ അര്‍പ്പിച്ചുകൊണ്ട് തന്റെ കടമകള്‍ നിര്‍വഹിക്കാനും പ്രതീക്ഷാപൂര്‍വം സമാധാനപരമായ മനസ്സുമായി കഴിഞ്ഞുകൂടാനും കഴിയുന്നതാണ്.
Back to Top