ദൈവത്തില്‍ ഭരമേല്‍പ്പിക്കുക ആത്മവിശ്വാസം ചോര്‍ന്നു പോകാതെ കരുത്തരായിരിക്കുക നമ്മള് – പി കെ മൊയ്തീന് സുല്ലമി
ദൈവികമായ പരീക്ഷണങ്ങള്‍ രണ്ടു നിലയില്‍ സംഭവിക്കാം. ഒന്ന്: ദൈവത്തിന്റെ സ്വന്തം വിധിയനുസരിച്ച്. രണ്ട്: മനുഷ്യരുടെ തെറ്റായ പ്രവര്‍ത്തനങ്ങളുടെ കാരണത്താല്‍. അധികപരീക്ഷണങ്ങളും സംഭവിക്കാറുള്ളത് രണ്ടാമത്തെ കാരണത്താലാകുന്നു. അല്ലാഹു പറയുന്നു: ”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു” (റൂം 41). ”നന്മയായിട്ട് നിനക്ക് എന്തൊന്ന് ലഭിച്ചാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നുണ്ടാകുന്നതാണ്.” (നിസാഅ് 79)
ബദ്റില്‍ സത്യവിശ്വാസികള്‍ ന്യൂനപക്ഷമായിരുന്നിട്ടും വജയം ലഭിച്ചത് അവരുടെ ശരിയായ പ്രവര്‍ത്തനം കൊണ്ടും അല്ലാഹുവിന്റെ സഹായം കൊണ്ടുമായിരുന്നു. എന്നാല്‍ ഉഹ്ദില്‍ പരാജയം നേരിട്ടത് അവരുടെ അനുസരണക്കേട് മൂലമായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്: ”അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന് സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ പരസ്പരം പിണങ്ങുകയും നിങ്ങളിഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിനു ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു. നിങ്ങളില്‍ ദുനിയാവിനെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്ത ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്.” (ആലുഇംറാന് 152)
അല്ലാഹുവിന്റെ സഹായത്താല്‍ ഉഹ്ദ് യുദ്ധത്തില്‍ ആദ്യം ശത്രുക്കള്‍ തോറ്റോടുകയാണുണ്ടായത്. അന്നേരം ശത്രുക്കളെ വീക്ഷിക്കാന്‍ വേണ്ടി നബി(സ) മലമുകളില്‍ അമ്പെയ്ത്തുകാരെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ നബി(സ)യുടെ കല്പന ധിക്കരിച്ച് ഗനീമത്ത് സ്വത്തുക്കള്‍ ശേഖരിക്കാന്‍ വന്നു. ഈ സമയം ശത്രുക്കള്‍ പിന്നിലൂടെ വന്ന് അക്രമിക്കുകയും മുസ്ലിംകള് പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തില്‍ എഴുപതോളം പേര് ശഹീദാവുകയുണ്ടായി. ഈ സംഭവമാണ് വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടിയത്. അല്ലാഹുവിന്റെ കല്പനകള് ധിക്കരിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുകയില്ല എന്ന് ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. ഈ സാഹചര്യത്തിലാണ് പൗരത്വബില്‍ ഭീകരതയെ വിലയിരുത്തേണ്ടതും.
അടുത്ത കാലത്ത് ഇന്ത്യന്‍ മുസ്ലിംകള് വ്യത്യസ്തങ്ങളായ രീതിയില്‍ പരീക്ഷിക്കപ്പെടുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ബീഫ് നിരോധനം, കശ്മീര്‍ മുസ്ലിംകളെ തടവിലാക്കല്‍, പൗരത്വബില്‍ എന്നിവ അവയില്‍ ചിലതാണ്. ഏകസിവില്‍കോഡ് എന്ന വാള് തലക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹു സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ. അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ച് നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലാഹു നമ്മുടെ പ്രാര്‍ഥന സ്വീകരിക്കേണമെങ്കില് ചില നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. ”താങ്കളോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവരോട്) ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്ഥിക്കുന്നവന് എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതിനാല്‍ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്.” (അല്‍ബഖറ 186)
ഈ വചനം നമ്മെ നാല് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഒന്ന്: അല്ലാഹു നമ്മോട് ഏറ്റവും അടുത്തവനാണ്. അവന്റെ അടുക്കലേക്ക് മധ്യവര്‍ത്തിയുടെ ആവശ്യമില്ല. രണ്ട്: അല്ലാഹുവോട് മാത്രമേ പ്രാര്‍ഥിക്കാവൂ. അവനോടുള്ള പ്രാര്‍ഥനക്ക് മാത്രമേ ഉത്തരം ലഭിക്കൂ. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്ന് അറിയാത്ത മുസ്ലിംകളില്ല. എന്നിട്ടും അന്‍ബിയാ, ഔലിയാ, മലക്ക്, ജിന്ന്, മരണപ്പെട്ടുപോയ മഹത്തുക്കള്‍ എന്നിവരോടെല്ലാം പ്രാര്ഥിക്കുന്നവരും പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നവരുമായ വലിയ സമൂഹമിവിടെയുണ്ട്. പിന്നെ എങ്ങനെയാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുക.
മൂന്ന്: അല്ലാഹുവിന്റെ കല്പനകള് ജീവിതത്തില്‍ പുലര്‍ത്തണം. കേവലം പ്രാര്‍ഥനകള്‍ മാത്രം പോരാ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടായിരിക്കണം. നാല്: മേല്പറഞ്ഞ മൂന്ന് കാര്യങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ ഉണ്ടെങ്കിലേ അയാള്‍ നേര്‍വഴി പ്രാപിക്കൂ. അല്ലാഹുവോടുള്ള പ്രാര്‍ഥനയില്‍ മാത്രമല്ല, മറ്റു പലതിലും നാം വീഴ്ചവരുത്തുന്നുണ്ട്. അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കേണമെങ്കില്‍ നാം അവനെ മാത്രം ഭയപ്പെടുവരായിരിക്കണം. അല്ലാഹു പറയുന്നു: ”അവര്‍ അവനെ (മാത്രം) ഭയപ്പെടുന്നവരല്ല” (അഹ്സാബ് 39). ”അവരില്‍ ഒരു വിഭാഗം അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനേക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുത്തുന്നു.” (നിസാഅ് 77)
ചിലര്‍ മനുഷ്യരെ മാത്രമല്ല, ജിന്ന് പിശാചുക്കളെയും മരണപ്പെട്ടുപോയവരുടെ പ്രേതങ്ങളെയും അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നു. അല്ലാഹു പറയുന്നു: ”നിങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് പിശാച് മാത്രമാകുന്നു. അവര്‍ തന്റെ മിത്രങ്ങളെപ്പറ്റി നിങ്ങളെ ഭയപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്നെ മാത്രം ഭയപ്പെടുക.” (ആലുഇംറാന് 175) പിശാചിനെ ഭയപ്പെടുന്നവര്‍ അവന്റെ മിത്രങ്ങളായിരിക്കും എന്നാണ് മേല്‍ വചനത്തില്‍ പറഞ്ഞത്. പിശാച് ദ്രോഹിക്കും, രോഗമുണ്ടാക്കും, വധിക്കും എന്നൊക്കെ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. പിശാചുക്കള്‍ക്ക് അല്ലാഹു നല്കിയ കഴിവ് മാനസികമായി തെറ്റുകളിലേക്ക് പ്രേരണ ചെലുത്തുകയെന്നതു മാത്രമാണ്. ശാരീരികമായി പിശാച് ദ്രോഹിക്കും എന്ന് ഭയപ്പെടുന്നവരും ഭയപ്പെടുത്തുന്നവരും സത്യവിശ്വാസികളല്ലായെന്നാണ് മേല്‍വചനം ഉണര്‍ത്തുന്നത്. അല്ലാഹുവിന്റെ സഹായം ലഭിക്കണമെങ്കില്‍ ഏതൊരു കാര്യവും നാം ക്ഷമയോടെ നേരിടേണ്ടതാണ്. അക്ഷമരായോ ഒറ്റ തിരിഞ്ഞോ ഒരാളും തന്നെ ധൃതിപ്പെട്ട് തീരുമാനമെടുക്കരുത്.
ഭയപ്പെടുന്നവരും ഭയപ്പെടുത്തുന്നവരും സത്യവിശ്വാസികളല്ലായെന്നാണ് മേല്‍വചനം ഉണര്‍ത്തുന്നത്. അല്ലാഹുവിന്റെ സഹായം ലഭിക്കണമെങ്കില്‍ ഏതൊരു കാര്യവും ക്ഷമയോടെ നേരിടേണ്ടതാണ്. സമൂഹം ഒന്നടങ്കം ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. അല്ലാഹു പറയുന്നു: ”അവര്‍ തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് പരസ്പരമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കും” (ശൂറാ 38). ക്ഷമയും കാര്യബോധവുമില്ലാത്ത തീരുമാനങ്ങള്‍ പരാജയപ്പെടും. അത് എത്ര ആള്ബലമുണ്ടായിരുന്നാലും ശരി. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമയും നമസ്കാരവും മൂലം അല്ലാഹുവോട് സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.” (അല്‍ബഖറ 153)
അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള ആശയും പ്രതീക്ഷയും. ഒരു സത്യവിശ്വാസിക്കു ഒരിക്കലും നിരാശ പാടില്ല. അല്ലാഹു പറയുന്നു: ”അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെ പറ്റി നിരാശപ്പെടുകയില്ല. തീര്‍ച്ച” (യൂസുഫ് 87). അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശപ്പെടല്‍ കുഫ്റാകുന്നു എന്നാണ് മേല്‍ വചനത്തില്‍ സൂചിപ്പിച്ചത്. പ്രസ്തുത വചനം യഅ്ഖൂബ് നബി(അ) തന്റെ സന്താനങ്ങളോട് പറഞ്ഞതാണ്. അല്ലാഹു മറ്റൊരിടത്ത് പറയുന്നു: ”ഇബ്റാഹീം(അ) പറഞ്ഞു: വഴിപിഴച്ചവരല്ലാതെ ആരാണ് തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെടുക” (ഹിജ്റ 56).
അല്ലാഹുവിന്റെ കൃപയും സഹായവും ലഭിക്കണമെങ്കില്‍ വേരുറച്ച സത്യവിശ്വാസവും മനക്കരുത്തും ആവശ്യമാണ്. ഉഹ്ദ് യുദ്ധത്തിലെ പരാജയത്തില്‍ ദു:ഖിക്കുകയും പരിഭവിക്കുകയും ചെയ്ത പ്രവാചകനടക്കമുള്ള സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്കിയ മറുപടി ഇപ്രകാരമായിരുന്നു: ”നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്. നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്.” (ആലുഇംറാന് 139)
മുന്‍ഗാമികളായ പ്രവാചകന്മാരെയും അനുയായികളെയും അല്ലാഹു സഹായിച്ചത് അവരുടെ അചഞ്ചലമായ വിശ്വാസവും മനക്കരുത്തും കാരണമായിരുന്നു. അല്ലാഹു പറയുന്നു: ”എത്രയെത്ര പ്രവാചന്മാരോടൊപ്പം അനേകം ദൈവദാസന്മാര് യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നുകൊണ്ടും അവന് തളര്‍ന്നിട്ടില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ കീഴടങ്ങുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (ആലുഇംറാന് 146)
അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ സത്യവിശ്വാസികള്‍ ആര്‍ജിക്കേണ്ട മറ്റൊരു ഗുണം മരണത്തെ ഭയപ്പടാതിരിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: ”നബിയേ പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുന്ന പക്ഷം ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല” (അഹ്സാബ് 16). സൂറത്തുല്‍ ജുമുഅ 8-ാം വചനത്തിലും അല്ലാഹു അപ്രകാരം പറയുന്നുണ്ട്. മുന്‍ഗാമികളായ സ്വഹാബികള്‍ രണാങ്കണത്തിലേക്ക് പുറപ്പെട്ടിരുന്നത് കാരക്ക ഭക്ഷിച്ചും പുഞ്ചിരിച്ചുകൊണ്ടുമായിരുന്നെന്ന് ചരിത്രം പഠിപ്പിക്കുന്നു.
അമിതമായ മരണഭയം ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് നമ്മുടെ മേല്‍ ചാടിവീണ് നമ്മെ നശിപ്പിച്ചു കളയാനുള്ള അവസ്ഥയുണ്ടാക്കുമെന്ന് നബി(സ) മുന്നറിയിപ്പ് നല്കുന്നു: ”ഭക്ഷണം കഴിക്കുന്നവര്‍ ഭക്ഷണങ്ങൡലേക്ക് വലിഞ്ഞുകൂടന്നതു പോലെ മറ്റുള്ള സമുദായങ്ങള്‍ നിങ്ങള്‍ക്കെതിരില്‍ വലിഞ്ഞുകൂടുന്നതാണ്. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കുമോ? നബി(സ) പറഞ്ഞു: അല്ല നിങ്ങള്‍ എണ്ണത്തില്‍ ധാരളമുണ്ടായിരിക്കു. പക്ഷെ, നിങ്ങള്‍ മലവെള്ളത്തില്‍ ഒഴുകിവരുന്ന ചണ്ടിയെപ്പോലെ ആയിരിക്കും. ശത്രുവിന്റെ മനസ്സില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള മതിപ്പ് അല്ലാഹു എടുക്കുകയും നിങ്ങളുടെ മനസ്സില്‍ ഒരുതരം ദൗര്‍ബല്യം അവന് ഇട്ടുതരികയും ചെയ്യും. എന്താണ് ആ ദൗര്‍ബല്യം? നബി(സ) പറഞ്ഞു: ദുനിയാവിനോടുള്ള ആര്‍ത്തിയും മരിക്കാനുള്ള മടിയുമാണത്.” (അബൂദാവൂദ്)
സത്യവിശ്വാസികളെന്ന് അവകാശപ്പെടുന്ന നമുക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കണമെങ്കില്‍ നാം തൗഹീദില്‍ അടിയുറച്ചവരായിരിക്കണം. അല്ലാഹു പറയുന്നു: ”നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയു ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്കിയതുപോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവര്‍ക്ക് പ്രാതനിധ്യം നല്‍കുകയും അവര്‍ക്ക് അവന് തൃപ്തിപ്പെട്ടുകൊടുത്ത അവരുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന് സ്വാധീനം നല്‍കുകയും ചെയ്യുന്നതാണെന്ന്. അവര്‍ എന്നെയായിരിക്കും ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല” (നൂര്‍ 55)
മേല്‍ വചനത്തില്‍ അടങ്ങിയത് മൂന്ന് കാര്യങ്ങളാണ്. ഒന്ന്: ഭരണം, രണ്ട്: മതപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യം. മൂന്ന്: നാട്ടില്‍ നിര്‍ഭയരായി ജീവിക്കാനുള്ള സ്വാതന്ത്ര്യം. ഇവ അല്ലാഹുവിന്റെ സഹായത്താല്‍ നമുക്ക് ലഭിക്കണമെങ്കില്‍ അവന് വെച്ച നിബന്ധന അവനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അതിനാല്‍ തൗഹീദിലേക്ക് നാം തിരിച്ചുവരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ രണ്ട് ലോകത്തും നമുക്ക് രക്ഷയുള്ളൂ.