22 Sunday
December 2024
2024 December 22
1446 Joumada II 20

ദൈവകാരുണ്യത്തിന്റെ പൊരുള്‍ -അന്‍വര്‍ അഹ്മദ്


എല്ലാം വിശിഷ്ടമായി, അന്യൂനമായി, സുഭദ്രമായി, പൂര്‍ണതയോടെ, പാരസ്പര്യത്തോടെ സൃഷ്ടിച്ചവന്‍ എന്നാകുന്നു വിശുദ്ധ ഖര്‍ആനിലെ വിവിധ വചനങ്ങള്‍ അല്ലാഹുവെ പരിചയപ്പെടുത്തുന്നത്. ‘താന്‍ സൃഷ്ടിച്ച ഏതൊരു വസ്തുവെയും വിശിഷ്ടമാക്കിയവന്‍’ എന്നത്രെ 32:7ല്‍ അല്ലാഹുവെ വിശേഷിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേള്‍വി യും കാഴ്ചയും ബുദ്ധിയുമുള്ള മനുഷ്യനെന്ന മഹാപ്രതിഭാസത്തെ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തിയ കാര്യമാണ്.”മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.” (32:7-9)മനുഷ്യനെന്ന മഹാവിസ്മയം-ശരീരവും മനസ്സും ആത്മാവുമുള്ള മനുഷ്യന്‍- ഈ മണ്ണില്‍ നിന്ന് രൂപപ്പെടുത്തപ്പെട്ടവനാണ്. മനുഷ്യന്റെ ഭൗതിക ശരീരത്തിലുള്ള ജലാംശവും ജീവകങ്ങളും ധാതുലവണങ്ങളുമെല്ലാം ഈ ഭൂമുഖത്ത് നിന്ന് സമാഹരിക്കപ്പെട്ടതാണ്. അവന്റെ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും മണ്ണില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രതിഭാസങ്ങളാണ്. ആദിമ മനുഷ്യന്‍ കളിമണ്ണില്‍ നിന്ന് ഒരുവിധത്തില്‍ സംവിധാനിക്കപ്പെട്ടു. അനന്തര തലമുറകള്‍ മണ്ണില്‍നിന്ന് തന്നെ മറ്റൊരു വിധത്തില്‍ സംവിധാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മരണാനന്തരം അവരൊക്കെ മണ്ണിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മണ്ണില്‍ നിന്ന് മഹാപ്രതിഭകളെ ഉരുത്തിരിച്ചെടുക്കുകയും നിശ്ചിത കാലത്തിനുശേഷം അവരെ മണ്ണില്‍ തന്നെ ലയിപ്പിച്ചുചേര്‍ക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരുമുണ്ട്. എന്നാല്‍ മനുഷ്യാസ്തിത്വത്തിന്റെ വിസ്മയകരമായ വൈശിഷ്ട്യവും അവന്റെ ബാഹ്യവും ആന്തരികവുമായ മികവും അന്യൂനതയും ആരും നിഷേധിക്കുകയില്ല. മനുഷ്യന്റെ ഏതെങ്കിലും അവയവത്തിന്റെ രൂപമോ ധര്‍മമോ സ്ഥാനമോ മാറിയാല്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല. മനുഷ്യമനസ്സിന്റെ ഘടനയില്‍ ഭേദഗതി ആവശ്യമുള്ളതായി ആരും ചൂണ്ടിക്കാണിച്ചിട്ടുമില്ല.പ്രപഞ്ചനാഥന്റെ സംവിധാന വൈഭവത്തിന്റെ അനിഷേധ്യ ദൃഷ്ടാന്തമെന്ന നിലയില്‍ മനുഷ്യന് അനിതര രൂപഭാവങ്ങള്‍ നല്‍കിയ കാര്യം ഒട്ടേറെ ഖുര്‍ആന്‍ വചനങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.”ഹേ, മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താകുന്നു? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍”(82:6-8)”മണ്ണില്‍നിന്നും പിന്നെ ബീജത്തില്‍നിന്നും പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി- നിങ്ങളില്‍ ചിലര്‍ മുമ്പേ തന്നെ മരണമടയുന്നു- നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുന്നതിനും നിങ്ങള്‍ ഒരുവേള ചിന്തിക്കുന്നതിനും വേണ്ടി” (40:67).”അല്ലാഹുവാകുന്നു നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍, അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കുകയും വിശിഷ്ടവസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു” (40:64).”അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല”(30:30). ”തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റ വും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു” (95:4). ”അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.”(23:14). ”പരമകാരുണികന്‍ സൃഷ്ടിച്ചതില്‍ യാതൊരു പൊരുത്തക്കേടും നീ കാണുകയില്ല”(67:3)മനുഷ്യരില്‍ രണ്ട് തരക്കാരുണ്ട്. സ്വജീവിതത്തെയും പ്രപഞ്ചത്തെയും രചനാത്മകമായി വീക്ഷിക്കുന്നവരും നിഷേധാത്മകമായി നോക്കിക്കാണുന്നവരും. രചനാത്മകമായി വീക്ഷിക്കുന്നവര്‍ എന്തിലുമേതിലും പൂര്‍ണതയും താളപ്പൊരുത്തവും പാരസ്പര്യവും കണ്ടെത്തുന്നു. നിഷേധാത്മകമായി വിലയിരുത്തുന്നവര്‍ കാണുന്നതൊക്കെ വൈകൃതവും പൊരുത്തക്കേടും ന്യൂനതകളും അനീതിയുമായിരിക്കും.ദൈവം സര്‍വജ്ഞനും പരമകാരുണികനും സര്‍വഗുണസമ്പന്നനുമാണെങ്കില്‍ ദുരിതങ്ങള്‍ കൂത്താടുന്ന ഈ ലോകമെന്തിന് സൃഷ്ടിച്ചു? വികലാംഗരും മന്ദബുദ്ധികളുമായി എന്തിന് ഒട്ടേറെ മനുഷ്യനെ ജനിപ്പിച്ചു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ദോഷൈകദൃക്കുകളായ മനുഷ്യര്‍ എക്കാലത്തും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വൈകൃതങ്ങള്‍ക്ക് നടുവില്‍ നിന്നുതന്നെ രചനാത്മകമായ ചിന്തകൊണ്ട് സ്വന്തം ജീവിതത്തെ ഈ ചോദ്യങ്ങള്‍ക്കുള്ള ഏറ്റവും തൃപ്തികരമായ മറുപടിയാക്കി വിസ്മയം വിരിയിച്ച മനുഷ്യരെ പലരും കാണാതെ പോവുകയോ ദിവ്യാനുഗ്രഹത്തിന്റെ അനുപമ ദൃഷ്ടാന്തങ്ങളെന്ന നിലയില്‍ അവരെ വിലയിരുത്താതെ പോവുകയോ ചെയ്യുന്നു. ഹെലന്‍കെല്ലറുടെ മാതാവ് ജന്മം നല്‍കിയത് പഞ്ചേന്ദ്രിയങ്ങള്‍ക്ക് പൂര്‍ണതയുള്ള യാതൊരു വൈകല്യവും ഇല്ലാത്ത ഒരു പെണ്‍കുഞ്ഞിനെയായിരുന്നെങ്കില്‍ ആ കുഞ്ഞിന്റെ ജീവിതം ലോകശ്രദ്ധയാകര്‍ഷിക്കുമായിരുന്നോ? തന്നെ അന്ധയും ബധിരയും ഊമയുമായി സൃഷ്ടിച്ച ദൈവത്തെ നിന്ദിക്കുകയോ നിഷേധിക്കുകയോ ചെയ്യാനും ജീവിത നൈരാശ്യത്തില്‍ എല്ലാം തുലച്ചുകളയാനും ആ അപൂര്‍വ പ്രതിഭ തീരുമാനിച്ചിരുന്നെങ്കില്‍ അത് എന്തൊരു നഷ്ടമാകുമായിരുന്നു. നമ്മുടെ നാട്ടില്‍ വീല്‍ചെയറിലിരുന്ന് സാക്ഷരതയുടെ പ്രകാശം വാരിവിതറിയ മുസ്‌ലിം സഹോദരി യാതൊരു വൈകല്യവുമില്ലാത്ത ഒരു യുവതിയായിരുന്നെങ്കില്‍ അവാര്‍ഡുകള്‍ അവരെ തേടിവരുമായിരുന്നോ? വൈകല്യങ്ങള്‍ വിഗണിച്ചുകൊണ്ടു കായികവും ധൈഷണികവുമായ കഴിവ് തെളിയിച്ച അനേകായിരങ്ങള്‍ക്ക് അവയവത്തികവുണ്ടായിരുന്നെങ്കില്‍ അവര്‍ ആര്‍ജിച്ച നേട്ടങ്ങളൊക്കെ  കൈവരിക്കാന്‍ കഴിയുമായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം നിഷേധാത്മകമായ ഒരു മറുചോദ്യത്തിലൊതുക്കാന്‍ ചിലര്‍ മുതിര്‍ന്നേക്കാം. ആകൃതിയിലും പ്രകൃതിയിലുമൊക്കെ ലക്ഷണമൊത്തവരായിരിക്കെത്തന്നെ മികച്ച കഴിവുകള്‍ കൈവരിക്കുന്ന മനുഷ്യരെ സൃഷ്ടിക്കാന്‍ ദൈവത്തിന് കഴിവുണ്ടായിരിക്കില്ലേ എന്നതാണ് ആ ചോദ്യം. ദൈവത്തോട് നന്ദികാണിക്കാന്‍ നൂറായിരം കാരണങ്ങളുണ്ടായാലും നിന്ദകാണിക്കാന്‍ ഒന്നോ രണ്ടോ കാരണം തെരഞ്ഞുപിടിക്കുന്നവരെ ഉത്തരം മുട്ടിക്കാന്‍ നമുക്ക് കഴിഞ്ഞെന്നുവരില്ല. എന്നാലും നമുക്ക് ചോദിക്കാം. എല്ലാ സ്ത്രീകളെയും ദൈവം പൂര്‍ണസൗന്ദര്യമുള്ളവരാക്കിയാല്‍ പിന്നെ ഭാരതസുന്ദരിയും ലോകസുന്ദരിയും ഉണ്ടാകുമോ? എല്ലാവരെയും ദൈവം ധൈഷണികമായ പൂര്‍ണതയിലെത്തിച്ചാല്‍ പിന്നെ ജ്ഞാനപീഠ പുരസ്‌കാരത്തിനും നൊബേല്‍ പ്രൈസിനും പ്രസക്തിയുണ്ടാകുമോ?ദുരിതങ്ങള്‍ എന്ന് നാം വിശേഷിപ്പിക്കുന്ന പലതിന്റെ അവസ്ഥയും ഇപ്പറഞ്ഞതില്‍ നിന്ന് ഭിന്നമായിരിക്കില്ല. എണ്ണമറ്റ രോഗങ്ങളാണ് ഇന്ന് മനുഷ്യര്‍ നേരിടുന്ന ദുരിതങ്ങളുടെ മുന്‍നിരയിലുള്ളത്. രോഗങ്ങളെ അസഹനീയമാക്കുന്നതാകട്ടെ വേദനയും. ദൈവത്തിന്റെ അസാന്നിധ്യത്തിനോ കഴിവുകേടിനോ ക്രൂരതയ്‌ക്കോ ഉള്ള തെളിവായിട്ട് രോഗത്തെയും വേദനയെയും പരിഗണിക്കുന്നത് ശരിയാണോ? വളരെ സൂക്ഷ്മമായി വിലയിരുത്തുകയും അപഗ്രഥിക്കുകയും ചെയ്യേണ്ട വിഷയമത്രെ ഇത്. പരമകാരുണികനായ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് രോഗങ്ങളാല്‍ തകര്‍ന്നടിയാന്‍ വേണ്ടിയല്ല. ഒരു നിശ്ചിത കാലപരിധിവരെ ഭൂമുഖത്ത് ശക്തവും യോഗ്യവും ചൈതന്യപൂര്‍ണവുമായ ഒരു സാന്നിധ്യമായി തുടരാന്‍ വേണ്ടിയാണ്. ”നിങ്ങള്‍ക്ക് ഒരു നിശ്ചിതകാലം വരേക്കും ഭൂമിയില്‍ വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും”(വി.ക്വു 2:36). ഭൂമിയിലെ സ്ഥാനപതി(ഖലീഫ)യായി ദൈവം നിയമിച്ച മനുഷ്യന്‍ ബാക്ടീരിയകളെയും വൈറസുകളെയും രോഗങ്ങളെയും ദൗര്‍ഭിക്ഷ്യങ്ങളെയും കാലാവസ്ഥാഭേദങ്ങളെയും അതിജീവിച്ച് ജീവന്റെ ഗ്രഹത്തെ ചൈതന്യധന്യവും ശോഭായമാനവുമാക്കി വാഴുന്നതില്‍ നിന്ന് നാം എന്ത് മനസ്സിലാക്കണം? ദുരിതങ്ങള്‍ മനുഷ്യനെ തളര്‍ത്തിയെന്നോ വളര്‍ത്തിയെന്നോ?നിഷേധാത്മകമായി ചിന്തിക്കുന്നവരുടെ കണ്ണില്‍ രോഗങ്ങളും വേദനയും മറ്റു ദുരിതങ്ങളും മനുഷ്യരെ തളര്‍ത്തുന്നതിന്റെ ചിത്രങ്ങളേ ദൃശ്യമായുള്ളൂ എന്നുവരാം. എന്നാല്‍ രചനാത്മകമായി ചിന്തിക്കുന്നവര്‍ക്ക് രോഗങ്ങള്‍ എങ്ങനെ മനുഷ്യരെ കരുത്തരാക്കുന്നുവെന്നും വേദന എങ്ങനെ രക്ഷാകവചമാകുന്നുവെന്നും കണ്ടെത്താന്‍ ഏറെ പ്രയാസമുണ്ടാവില്ല. എല്ലാ രോഗത്തിലും ദൈവത്തിന്റെ ഒരു പങ്കും മനുഷ്യന്റെ ഒരു പങ്കുമുണ്ട്. യഥാര്‍ഥത്തില്‍ ദൈവത്തിന്റെ പങ്ക് രോഗമല്ല; പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ശരീരത്തെയും മനസ്സിനെയും പ്രാപ്തമാക്കുന്നതിനുള്ള അതിസൂക്ഷ്മ സംവിധാനങ്ങളാണ്. പക്ഷെ, പലപ്പോഴും നമ്മുടെ അറിവിന്റെ പരിമിതി നിമിത്തം ആ സംവിധാനങ്ങളെ തന്നെ സാക്ഷാല്‍ രോഗങ്ങളായി നാം തെറ്റുധരിക്കുകയാണ് ചെയ്യുന്നത്. ശരീരം നമുക്ക് നല്‍കുന്ന സന്ദേശം അഥവാ ശരീരം നമ്മോട് നടത്തുന്ന ഡയലോഗ്, അന്തരീക്ഷ ത്തിലെ താപവ്യതിയാനങ്ങളോട് സ്വയം പൊരുത്തപ്പെടാന്‍ ശരീരം നടത്തുന്ന വിജയകരമായ യത്‌നം, നാം കഴിച്ച തെറ്റായ ആഹാരപാനീയങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കാന്‍ ശരീരം നിര്‍വഹിക്കുന്ന പ്രതിസന്ധി നിവാരണയജ്ഞം(ക്രൈസിസ് മാനേജ്‌മെന്റ്), രോഗാണുക്കളെ നശിപ്പിച്ചും വിഷാംശങ്ങളെ നിര്‍വീര്യമാക്കിയും പുറന്തള്ളാനുള്ള പ്രതിരോധ നടപടികള്‍, മുറിവുകളും കേടുപാടുകളും സ്വയം റിപ്പെയര്‍ ചെയ്യാനുള്ള തീവ്രയത്‌നങ്ങള്‍ ഈ ഗണത്തിലൊക്കെ ഉള്‍പ്പെടുന്നതാണ് രോഗങ്ങളായി നാം ഗണിക്കുന്ന പല കാര്യങ്ങളും. യഥാര്‍ഥത്തില്‍ ഇതൊക്കെ ആരോഗ്യമുള്ള ശരീരം നിര്‍വഹിക്കേണ്ട അടിസ്ഥാനധര്‍മങ്ങളാണ്. ഈ ധര്‍മങ്ങളൊക്കെ ആയുഷ്‌കാലം മുഴുവന്‍ അന്യൂനമായി നിര്‍വഹിക്കുന്നതിനാവശ്യമായ കെട്ടുറപ്പോടെയാണ് അത്യുത്തമനായ സ്രഷ്ടാവ് (അഹ്‌സനുല്‍ ഖാലിക്വീന്‍) മനുഷ്യാസ്തിത്വമാകുന്ന മഹായന്ത്രം സംവിധാനിച്ചിരിക്കുന്നത്. ”തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടെ സൃഷ്ടിച്ചിരിക്കുന്നു.”(വി.ക്വു 95:4)ശരീരം നല്‍കുന്ന സന്ദേശം ശ്രദ്ധിക്കാതെ, ശരീരത്തിന്റെ ഡയലോഗിനോട് സമുചിതമായി സംവദിക്കാതെ, ശരീരത്തിന്റെ താപക്രമീകരണ യത്‌നങ്ങളില്‍ സഹകരിക്കാതെ, ശരീരത്തിന്റെ ക്രൈസിസ് മാനേജ്‌മെന്റിനോട് സൃഷ്ടിപരമായി പ്രതികരിക്കാതെ, ശരീരത്തിന്റെ പ്രതിരോധ നടപടികളുടെ മൗലികത മനസ്സിലാക്കാതെ, ശരീരത്തിന്റെ കുറ്റമറ്റ റിപ്പെയര്‍ യജ്ഞങ്ങളെ വിലമതിക്കാ തെ നാം കൈക്കൊള്ളുന്ന തെറ്റായ സമീപനങ്ങളും നടപടികളുമാണ് രോഗമുണ്ടാക്കുന്ന വിഷയത്തില്‍ നമ്മുടെ പങ്ക്. ഇതാണ് സാക്ഷാല്‍ രോഗം. ഇതിന് ആത്മീയവും മാനസികവും ശാരീരികവും സാമൂഹികവും സാമ്പത്തികവും സാങ്കേതികവും രാഷ്ട്രീയവും മറ്റുമായ അനേകം മാനങ്ങളുണ്ട്. അന്തിമ വിശകലനത്തില്‍ അവയൊക്കെ മനുഷ്യന്റെ വര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. വര്‍ത്തനങ്ങള്‍ക്ക് മനസ്സാണ് നിദാനം. അതുകൊണ്ടാണ് വിശുദ്ധ ക്വുര്‍ആനില്‍ അനേകം വചനങ്ങളില്‍ ”അവരുടെ മനസ്സു(ക്വല്‍ബ്)കളിലാണ് രോഗമുള്ളത്” എന്ന് ആവര്‍ത്തിച്ചുപറഞ്ഞത്.”ഞാന്‍ രോഗിയായാല്‍ അല്ലാഹുവാണ് എനിക്ക് രോഗശമനം നല്‍കുന്നത്” എന്ന് ഇബ്‌റാഹീം നബി(അ) പ്രസ്താവിച്ചത് വിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട് (26:80). രോഗിയാവുക എന്നത് തന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാര്യമാണെന്നും, രോഗശമനത്തിനുള്ള സംവിധാനമാണ് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതെന്നും ഇബ്‌റാഹീം (അ) മനസ്സിലാക്കിയിരുന്നുവെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. ‘എന്നെ സൃഷ്ടിച്ചതും എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതും എനിക്ക് തിന്നാനും കുടിക്കാനും തരുന്നതും അല്ലാഹുവാണെന്ന് വ്യക്തമാക്കിയതിന് (26:78,79) ശേഷമാണ് ഇബ്‌റാഹീം നബി(അ) ഇത് പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് അല്ലാഹു തന്നെ മരിപ്പിക്കുകയും അനന്തരം ജീവിപ്പിക്കുകയും ചെയ്യുമെന്നാണ് (26:81). ഇങ്ങനെ അല്ലാഹു ചെയ്യുന്ന കാര്യങ്ങള്‍ പ്രാധാന്യപൂര്‍വം ചൂണ്ടിക്കാണിക്കുന്നതിനിടയില്‍ രോഗത്തെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ‘അല്ലാഹു എന്നെ രോഗിയാക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞില്ല. മനുഷ്യന്റെ ഓരോ കോശത്തിലും ഓരോ അവയവത്തിലും മനുഷ്യശരീരമാകുന്ന മഹായന്ത്രത്തില്‍ മൊത്തമായും സൃഷ്ടികര്‍ത്താവ് രോഗപ്രതിരോധത്തിനും രോഗശമനത്തിനും അതിസൂക്ഷ്മമായ റിപ്പെയറിനുമായി ചെയ്തുവെച്ച അനിതരമായ സംവിധാനങ്ങളെ വിലയിരുത്തുന്ന യാതൊരാള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ ലക്ഷ്യം മനുഷ്യനെ രോഗിയാക്കുകയാണ് എന്ന് പറയാന്‍ കഴിയില്ല. ഈ വസ്തുത ലളിതമായ രൂപത്തില്‍ ഗ്രഹിച്ചവരായിരുന്നു പ്രാചീനയുഗങ്ങളിലെ ചിന്താശീലര്‍. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇന്ന് നമുക്ക് ഈ വസ്തുതയുടെ ഒട്ടേറെ സൂക്ഷ്മാംശങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നു. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് പൂര്‍ണതയോടും മികവോടും ഭദ്രതയോടും അഖണ്ഡതയോടും കൂടെത്തന്നെയാണ് എന്ന് മനസ്സിലാക്കാന്‍ ആധുനിക വിജ്ഞാനീയങ്ങളെല്ലാം മനുഷ്യനെ സഹായിക്കുന്നു.നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ ഏറെ പരാതിപ്പെടുന്നത് വേദനയെപ്പറ്റിയായിരിക്കും. ദൈവം കരുണാവാരിധിയാണെങ്കില്‍ എന്തിനാണ് ചില മനുഷ്യരെ കൊടുംവേദന അനുഭവിപ്പിക്കുന്നത് എന്ന ചോദ്യം ദൈവനിഷേധത്തിന് നല്ല ഒരു സ്‌ററാര്‍ട്ടിംഗ്‌പോയിന്റായി പലരും ഉന്നയിക്കുന്നു. എന്താണ് സത്യം? പടച്ചതമ്പുരാന്റെ അപാരമായ കാരുണ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ് യഥാര്‍ഥത്തില്‍ വേദന എന്ന പ്രതിഭാസം. വേദന ഒട്ടും ഇല്ലാതെയായാല്‍ മനുഷ്യജീവിതം സന്തുഷ്ടമാകുമോ? എങ്കില്‍ കുഷ്ഠരോഗികളായിരിക്കണമല്ലോ ഏറ്റവും സന്തുഷ്ടര്‍! വിരലുകള്‍ ആരെങ്കിലും മുറിച്ചുകൊണ്ടുപോയാല്‍പോലും അറിയാത്ത ‘ഭാഗ്യവാന്മാര്‍’!! ശരീരത്തിന്റെ ഏതൊരു ബിന്ദുവിലും പോറലേറ്റാല്‍ ഉടനെ അറിയുകയും ജാഗ്രതപുലര്‍ത്തുകയും രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതിനായി പടച്ചതമ്പുരാന്‍ സംവിധാനിച്ച അനിതരമായ കമ്യൂണിക്കേഷന്‍ ശൃംഖലയുടെ സുപ്രധാനഭാഗമാണ് വേദന. ആ നിലയില്‍ നമ്മുടെ വിശ്വസ്തനായ കാവല്‍ഭടനും സന്ദേശവാഹകനുമാണ് വേദന. റിപ്പെയര്‍ ആവശ്യമുള്ള ഭാഗത്തേക്ക് അടിയന്തര സന്നാഹങ്ങള്‍ എത്തിക്കപ്പെടുന്നത് കേന്ദ്രനാഡീവ്യൂഹത്തില്‍ വേദനയുടെ സന്ദേശമെത്തിയതിനെ തുടര്‍ന്നാണ്. റിപ്പെയര്‍ നടക്കുന്ന ഭാഗത്ത് നിതാന്ത ശ്രദ്ധ ചെലുത്താന്‍ മനുഷ്യനെ പ്രേരിതനാക്കുന്നത് വേദനയുടെ സന്ദേശമാണ്. ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും ഒരുപോലെ നമ്മുടെ കാവല്‍ഭടനായി വര്‍ത്തിക്കുകയും ബാഹ്യവും ആന്തരികവുമായ പരിക്കുകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന വേദനയെ കൊന്നുകുഴിച്ചുമൂടുന്നതാണ്. ആധുനികരില്‍ പലരും ഏറ്റവും എളുപ്പമുള്ള രോഗശമന ഉപാധിയായി കരുതുന്നത്. മുവ്വായിരം കോടി ആസ്പിരിന്‍ ഗുളികയാണത്രെ അമേരിക്കന്‍ ജനത ഈ ‘കൊലപാതക’ത്തിന് ഒരു കൊല്ലത്തില്‍ ഉപയോഗിക്കുന്നത്. എന്നിട്ടും അമേരിക്കന്‍ ജനതയുടെ ‘ഏറ്റവും വലിയ പ്രശ്‌നം’ പലതരം വേദനകള്‍ തന്നെ. വേദന നശിപ്പിക്കാന്‍വേണ്ടി വൈരാഗ്യബുദ്ധിയോടെ ഗുളികകള്‍ വാരിവിഴുങ്ങിയിട്ടും അവരെ കുഷ്ഠരോഗികളെപ്പോലെ വേദനയില്ലാത്ത അവസ്ഥയില്‍ അല്ലാഹു ആക്കാത്തതിന് അവനോട് നന്ദി പറയാന്‍ അവര്‍ക്ക് സല്‍ബുദ്ധിയുണ്ടാകുമോ?

Back to Top