1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ദേശീയ സുരക്ഷാ നിയമം: ഭരണകൂടം എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കുന്നു: കെ എന്‍ എം

കോഴിക്കോട്: ദേശീയ സുരക്ഷാനിയമം നടപ്പില്‍ വരുത്തി രാജ്യത്താകമാനം നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ വീര്യം ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തരംതാണ നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ല കടലുണ്ടി ഇക്കോ പാര്‍ക്കില്‍ സംഘടിപ്പിച്ച ക്യാമ്പ് അഭിപ്രായപ്പെട്ടു. കുറ്റം ചുമത്താതെ ആരെയും കസ്റ്റഡിയിലെടുക്കാനും കരുതല്‍ തടങ്കലില്‍ വെക്കാനും അധികാരം നല്‍കുന്ന ഈ നിയമത്തില്‍ വിചാരണ കൂടാതെ 12 മാസം തടവിലിടാനും വകുപ്പുണ്ട്.
ജാതിമതരാഷ്ട്രീയ ഭേദമെന്യേ രാജ്യത്തുനിന്ന് ഉയരുന്ന നീതിക്കും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടിയുള്ള മുറവിളിയില്‍ അസ്വസ്ഥരായ ഭരണകൂടം കരിനിയമങ്ങള്‍ ഇറക്കി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്. തുല്യനീതിക്കും അവസര സമത്വത്തിനുമെതിരെയുള്ള നീക്കത്തെ ജനാധിപത്യ സമര മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കങ്ങള്‍ വ്യാമോഹം മാത്രമാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. രാജ്യത്ത് രൂപപ്പെട്ട മതേതര ഐക്യത്തെ അന്ധമായ താല്‍പര്യങ്ങളുടെ പേരില്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും അത് ചെറുത്ത് തോല്‍പ്പിക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. എം അബ്ദുറശീദ് മടവൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുറഹ്മാന്‍ സുല്ലമി, പി സി അബ്ദുറഹിമാന്‍, മെഹബൂബ് ഇടിയങ്ങര, കുഞ്ഞിക്കോയ ഒളവണ്ണ, ഫൈസല്‍ ഇയ്യക്കാട്, മുഹമ്മദലി കൊളത്തറ, എന്‍ ടി അബ്ദുറഹ്മാന്‍, സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു.

Back to Top