ദുരിതങ്ങളില്‍ കരുണയുടെ വാഹകരായി മാറുക
സയ്യിദ് സുല്ലമി
ഇനിയും ആഴവും വ്യാപ്തിയും എത്രയെന്ന് തറപ്പിച്ചു പറയാന്‍ കഴിയാത്തത്ര വലിയൊരു മഹാ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. യുദ്ധഭൂമിയില്‍ എന്നപോലെ മനുഷ്യ ശരീരങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന കാഴ്ചകള്‍. ശാന്തമായി ഉറങ്ങിയ ജനങ്ങളെ ദുരന്തം വേട്ടയാടി. അതിശക്തമായ മലവെള്ള പാച്ചിലില്‍ വാഹനങ്ങള്‍, മരക്കമ്പുകള്‍, ചെളി, ചപ്പുചവറുകള്‍ എന്നിവയ്ക്കിടയില്‍ മനുഷ്യന്റെ കൈയും കാലും മാത്രമല്ല ആന്തരികാവയവങ്ങള്‍ പലതും പലയിടത്തായി കിടക്കുന്ന രംഗം. വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്നു. ഗ്യാസ് സിലിണ്ടറുകള്‍ ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ പുഴയാകെ നിറഞ്ഞ് ഒഴുകിപ്പോവുന്നു.
വര്‍ത്തമാനകാലത്തെ സുഖാഡംബരങ്ങളും മറ്റു ഭൗതികനേട്ടങ്ങളും പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും മുന്നില്‍ ഒന്നുമല്ല. മനുഷ്യര്‍ അഹങ്കരിക്കുന്നതും അനീതി കാണിക്കുന്നതും അധാര്‍മികതകളില്‍ ഏര്‍പ്പെടുന്നതും ദുര്‍ബലരായ ജനവിഭാഗത്തിനു മേല്‍ ചിലര്‍ നടത്തിയ നിഷ്ഠൂരമായ അധിനിവേശവും അക്രമവും വിശിഷ്യാ പ്രകൃതിചൂഷണങ്ങള്‍ എന്നിവ നിമിത്തം വലിയ ദുരന്തങ്ങളും പരീക്ഷണങ്ങളും ഉണ്ടാവാം.
മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, പിഞ്ചുമക്കളെ നഷ്ടമായവര്‍, സഹോദരങ്ങളെ നഷ്ടമായവര്‍ തുടങ്ങി പതിറ്റാണ്ടുകള്‍ അധ്വാനിച്ചുണ്ടാക്കിയ വീടും സമ്പാദ്യവും എല്ലാം തകര്‍ന്നുപോയി. ഉടുവസ്ത്രം മാത്രം അവശേഷിക്കുന്നവര്‍, മനോഹരമായ വില്ലകളില്‍ സുഖസുഷുപ്തിയോടെ താമസിച്ചിരുന്നവര്‍ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലോ ആശുപത്രിയിലോ കഴിയുന്നു. ഏതെങ്കിലും പ്രത്യേക ഏരിയയിലെ മാത്രമല്ല മനുഷ്യ ലോകത്തെ തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്ന ദുരന്തങ്ങളാണ് നടന്നത്. കുറ്റപ്പെടുത്തലുകള്‍ക്കോ ആക്ഷേപങ്ങള്‍ക്കോ പകരം ഇപ്പോള്‍ നമുക്ക് കരുണയുടെ ഉറവയാകാന്‍ സാധിക്കുകയാണ് വേണ്ടത്.
കരുണ ഉദ്‌ഘോഷിക്കുന്ന
ഗ്രന്ഥം
ജനങ്ങളോട് കരുണ ചെയ്യുക. മാതാപിതാക്കള്‍, പ്രായം ചെന്നവര്‍, കുഞ്ഞുങ്ങള്‍, രോഗികള്‍, അനാഥകള്‍, വിധവകള്‍, പരീക്ഷണങ്ങള്‍ക്ക് വിധേയരായവര്‍ തുടങ്ങി എല്ലാവരോടും കരുണ കാണിക്കണമെന്ന് ഖുര്‍ആന്‍ ഊന്നിപ്പറയുന്നു. അല്ലാഹു ഏറ്റവും വലിയ കാരുണികനാണ്, സ്‌നേഹവും കൃപയും ചൊരിയുന്നവനാണ്, ദയാപരനാണ്. അവന്‍ പരമകാരുണികനും കരുണാനിധിയുമായവന്‍. പ്രവാചകനെ നിയോഗിച്ചതു പോലും ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ 21:107ല്‍ പറയുന്നു:
”അല്ല, അനാഥയെ നിങ്ങള്‍ ആദരിക്കുന്നില്ല, പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല” (വി.ഖു: 89: 17,18). ”എന്നിട്ട് ആ മലമ്പാത അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക്, അല്ലെങ്കില്‍ കടുത്ത ദാരി്രദ്യമുള്ള സാധുവിന്” (വി.ഖു: 90: 11-16).
”മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രേ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍” (വി.ഖു: 107: 1-3). നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുകയും, നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ദോഷബാധയെ സൂക്ഷിച്ചവര്‍” (വി.ഖു: 2:177). ഇങ്ങനെ ശതക്കണക്കിന് വിശുദ്ധ വചനങ്ങള്‍ മനുഷ്യ കുലത്തെ പഠിപ്പിക്കുന്നത് കരുണയുടെ വര്‍ഷം ചൊരിയുകയെന്നതാണ്. ദുരിതം പേറുന്ന ഏവര്‍ക്കും മത-ജാതി പരിഗണനകള്‍ കൂടാതെ കരുണ ചെയ്യുക.
കരുണയുടെ
പ്രവാചകാധ്യാപനങ്ങള്‍
നബിവചനങ്ങളിലും കരുണയുടെ അധ്യാപനങ്ങള്‍ ധാരാളം കാണാം: ”നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവിന്‍, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും”, ”ആര്‍ കരുണ ചെയ്യുന്നില്ലയോ അവര്‍ക്ക് കരുണ ചെയ്യപ്പെടുകയില്ല” തുടങ്ങിയ നബിവചനങ്ങള്‍ കലവറയില്ലാതെ കാരുണ്യം ചൊരിയാന്‍ നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യരോട് മാത്രമല്ല മിണ്ടാപ്രാണികളോട് പോലും നന്മ ചെയ്യുക. പൂച്ചയ്ക്ക് ഭക്ഷണം നല്‍കുകയോ പുറത്ത് പോയി സ്വയം ഭക്ഷണം കണ്ടെത്താന്‍ അനുവദിക്കുകയോ ചെയ്യാതെ അതിന്റെ മരണം വരെ ബന്ധിച്ച സ്ത്രീ നരകത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്ന് ബുഖാരിയില്‍ കാണാം. മരുഭൂമിയില്‍ ദാഹം കൊണ്ട് മണ്ണ് കപ്പുന്ന ഒരു നായക്ക് വെള്ളം നല്‍കിയതിനാല്‍ സ്വര്‍ഗത്തില്‍ പോയ വ്യക്തിയുടെ കാര്യവും പ്രവാചക അധ്യാപനത്തില്‍ കാണാം” (ബുഖാരി, മുസ്‌ലിം).
നമുക്കും ചെയ്യാം
മഹാ ദുരന്തം വന്നപ്പോള്‍ ചിലര്‍ നടത്താന്‍ നിശ്ചയിച്ച വലിയ വിവാഹാഘോഷങ്ങള്‍ ചെറുതാക്കി ദുരന്തത്തില്‍ ബാക്കിയായ നിരാലംബര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ തീരുമാനിച്ചത് ഏറെ സന്തോഷകരമായ കാര്യമാണ്. പണം കൊണ്ട് അര്‍മാദിച്ച് കഴിയാന്‍ ആഗ്രഹമുള്ള വലിയ സമ്പന്നനായ ഒരു വ്യാപാരി ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ചതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഈ ദുരന്തത്തില്‍ സഹായം ചെയ്യാന്‍ വേണ്ടി കേവലം എന്തെങ്കിലും നല്‍കുക എന്നതല്ല, ആത്മാര്‍ഥതയോടെ പരമാവധി ചെയ്യുക. ‘യൂണിറ്റി’ എന്ന സന്നദ്ധസേവന സംഘവും ‘ഹെല്‍പ്പിങ് ഹാന്‍ഡ്‌സും’ വലിയ സേവനങ്ങളാണ് ദുരന്തമുഖത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. കെഎന്‍എം മര്‍കസുദ്ദഅ്‌വ സകാത്ത് ഫൗണ്ടേഷന്‍ വ്യവസ്ഥാപിതമായി അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കുന്നു. ഉരുള്‍പൊട്ടലില്‍ വിഷമം അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ നാം തയ്യാറാവുക.