ദുരിതം പെയ്ത രാവ് വിലാപഭൂമിയായി വയനാട്
കെ കെ മുസ്തഫ
അന്നും അവിടെയുള്ളവര്‍ പതിവുപോലെ രാത്രിഭക്ഷണവും കഴിച്ച് ഉറങ്ങാന്‍ കിടന്നു. എന്നാല്‍ കലിതുള്ളി പെയ്യുന്ന കനത്ത മഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. മരണത്തിലേക്കുള്ള ഉറക്കമായി പലര്‍ക്കും ഇത് മാറി. പ്രകൃതിയുടെ ഭയപ്പെടുത്തുന്ന നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഉയര്‍ന്ന ഉരുള്‍പൊട്ടലിന്റെ ശബ്ദവും ഹുങ്കാരത്തോടെയുള്ള മലവെള്ളപ്പാച്ചിലും ഗാഢനിദ്രയിലുള്ള പലരും അറിഞ്ഞില്ല. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ അവരില്‍ പലരും കഴുത്തറ്റം ചെളിയില്‍ മുങ്ങിയ നിലയിലായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
രാത്രി രണ്ടരയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് ജനങ്ങളില്‍ പലരും അറിഞ്ഞുതുടങ്ങിയത്. കനത്ത മഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നോ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. എവിടെ നോക്കിയാലും ചെളിയും വെള്ളവും മരങ്ങളും കല്ലും മാത്രം. ചെളിയില്‍ പുതഞ്ഞും അല്ലാതെയും ജീവന്‍ മാത്രം ബാക്കിയായവര്‍ രക്ഷയ്ക്കായി ആര്‍ത്തുവിളിച്ചു. ‘ആരെങ്കിലും ഓടി വരണേ, ഞങ്ങളുടെ വീടു പോയി, കൂടെയുള്ളയാളെ രക്ഷിക്കാന്‍ പറ്റുന്നില്ല, ചെളിയുടെ ഉള്ളിലാണ്, മണ്ണിന്റെ ഉള്ളിലാണ്, എങ്ങനെയെങ്കിലും അവരെയൊന്ന് രക്ഷിക്കണം, സഹായിക്കണം…’ ജീവനും ജീവിതത്തിനുമായുള്ള നിലവിളികള്‍ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിന്റെ ശബ്ദത്തില്‍ അലിഞ്ഞ് ഇല്ലാതായി.
ഒരു ഗ്രാമം അപ്പാടെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും കാണാന്‍ സാധിക്കുന്നത്. ഇവിടത്തെ സ്ഥിതി അതിഗുരുതരവും ദയനീയവുമാണ്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ദുരന്തഭൂമിയില്‍ എവിടെയും കാണാനാവുക. പ്രതീക്ഷയുടെയും പ്രത്യാശയുടെയും കിരണങ്ങളൊന്നും അവശേഷിപ്പിക്കാതെയാണ് പ്രകൃതി ഈ ഗ്രാമത്തില്‍ താണ്ഡവമാടിയത്. ദുരന്തഭൂമിയില്‍ പലയിടത്തും തങ്ങളുടെ യജമാനന്മാരെ തിരയുന്ന നായകളെ കാണാം. അലഞ്ഞുതിരിയുന്ന കന്നുകാലികളും കോഴികളുമുണ്ട്. ഉരുള്‍ നക്കിത്തുടച്ച ഭൂമിയില്‍ പഞ്ചായത്തിന്റെ രേഖകള്‍ പ്രകാരം നാനൂറിലധികം വീടുകള്‍ ഉണ്ടായിരുന്നതായാണ് കണക്ക്. എന്നാല്‍ പ്രദേശത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണ്. അവ തന്നെ ഇനി വാസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്തും കേരളത്തിലും കാലാവസ്ഥയില്‍ ഉണ്ടാകുന്നത് അസാധാരണ മാറ്റങ്ങളാണ്. ഓരോ മഴക്കാലവും വേനല്‍ക്കാലവും ഭീതിയോടെയാണ് ജനം കാണുന്നത്. ഒന്നുകില്‍ അതികഠിനമായ ചൂട്, അല്ലെങ്കില്‍ അതികഠിനമായ മഴ. മനുഷ്യവാസം തന്നെ പലയിടങ്ങളിലും അപ്രാപ്യമായി മാറുകയാണ്. പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ പോലും ഒരു മാനദണ്ഡവും ഇല്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ ദുരന്തങ്ങള്‍ ഇരട്ടിക്കുന്നു. ഏതാനും പേര്‍ നടത്തുന്ന ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതാകട്ടെ നിസ്സഹായരായ ഒരുകൂട്ടം ജനങ്ങളും. പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ നിരന്തരമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയാണ്. പുത്തുമല, കൂട്ടിക്കല്‍, കവളപ്പാറ, പെട്ടിമുടി, കൊക്കയാര്‍, കാപ്പിക്കളം തുടങ്ങി വലുതും ചെറുതുമായി നടന്ന നിരവധി ദുരന്തങ്ങള്‍. ഇതില്‍ നിന്നൊന്നും പാഠം പഠിക്കാനോ പ്രകൃതിചൂഷണം തടയാനോ നമുക്കായില്ല. അതുകൊണ്ടുതന്നെ ഓരോ പ്രാവശ്യവും ദുരന്തങ്ങളും അതിന്റെ വ്യാപ്തിയും കൂടുകയും ചെയ്തു. മുണ്ടക്കൈയില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായി 40 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സമീപപ്രദേശമായ പുത്തുമലയില്‍ ഉരുള്‍ പൊട്ടി. അന്നും നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടമായി. ഇതിന്റെ ആഘാതത്തില്‍ നിന്നു പ്രദേശത്തുള്ളവര്‍ കരകയറുന്നതിനു മുമ്പാണ് ഇപ്പോള്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും വീണ്ടും പ്രകൃതിയുടെ താണ്ഡവം അരങ്ങേറിയത്. ഓരോ പ്രകൃതിദുരന്തത്തിനും ശേഷം നാം ഒരുക്കുന്ന കരുതല്‍ അല്‍പകാലത്തേക്ക് മാത്രമുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവെന്നാണ് വീണ്ടും വീണ്ടും ഉണ്ടാകുന്ന ദുരന്തങ്ങള്‍ വെളിവാക്കുന്നത്.
ഇന്നലെ വരെയുണ്ടായിരുന്ന ഒരു മനുഷ്യവാസ പ്രദേശം പ്രകൃതിയുടെ കലിതുള്ളലില്‍ കല്ലും മണ്ണും ചെളിയും നിറഞ്ഞ പുഴയായി മാറി. ജീവനുള്ളതും ഇല്ലാത്തതുമായ മനുഷ്യര്‍ക്കൊപ്പം മണ്ണും പാറയും ചേര്‍ന്ന് കുത്തിയൊഴുകി. ജനനിബിഡമായ രണ്ടു ഗ്രാമങ്ങള്‍ ഒരു രാവ് പുലര്‍ന്നപ്പോള്‍ ചെളിയും കല്ലും നിറഞ്ഞ പ്രദേശമായി. ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നുപോലും പറയാന്‍ കഴിയാത്ത അവസ്ഥ.
കേരളത്തില്‍ നടന്ന ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണ വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും സംഭവിച്ചത്. ഉരുള്‍പൊട്ടല്‍ നടന്നത് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലാണെങ്കിലും കിലോമീറ്ററുകള്‍ അകലെയുള്ള മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയില്‍ വരെ മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും ഒഴുകിയെത്തി. പോത്തുകല്‍ നിവാസികള്‍ തങ്ങളുടെ പുഴയില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ തലങ്ങും വിലങ്ങും ഒഴുകിനടക്കുന്നതു കണ്ടു നടുങ്ങി.
ഇതിനു മുമ്പ് വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത് 2019 ആഗസ്ത് എട്ടിനായിരുന്നു. 17 ജീവനുകള്‍ എടുത്ത ആ ഉരുള്‍പൊട്ടല്‍ നടന്നിട്ട് അഞ്ച് വര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് തൊട്ടടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍ പൊട്ടിയത്. അതിശക്തമായ മഴ പെയ്യുമ്പോള്‍ വയനാട്ടില്‍ പലയിടത്തും ചെറിയ തോതില്‍ മണ്ണിടിച്ചല്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തരമൊരു വന്‍ ദുരന്തം ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ടുതന്നെ ഈ ദുരന്തം വയനാടിനെ ശരിക്കും ഉലച്ചുകളഞ്ഞു.
മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും പോലെ ജീവനാശവും മണ്ണിടിച്ചിലും ഉണ്ടായില്ലെങ്കിലും വയനാട്ടിലെ പുഴയോരങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ദുരിതവും ഓരോ വര്‍ഷവും ഇരട്ടിക്കുകയാണ്. പരിസ്ഥിതിലോല മേഖലയായ വയനാട്ടില്‍ പടുത്തുയര്‍ത്തിയ ഡാമുകള്‍ വയനാട്ടുകാര്‍ക്ക് വരുത്തുന്നതും ദുരിതം തന്നെ. വേനല്‍ക്കാലത്ത് വെള്ളം കിട്ടാതെ കൃഷിയിറക്കാനും മറ്റും കഴിയാതെ നട്ടംതിരിയുന്ന സമയത്ത് ഒരു തുള്ളി വെള്ളം നല്‍കാതെ ഷട്ടറുകള്‍ അടച്ചിടുന്ന ഡാമുകള്‍ മഴക്കാലത്ത് പുഴ നിറയുന്നതോടെ തുറന്നുവിടുന്നു. ഇതോടെ വെള്ളപ്പൊക്കമുണ്ടായി ജനം വലയുന്നു. ഇത്തരത്തില്‍ അമിതമായി വെള്ളം പരന്നൊഴുകി വന്‍ നാശനഷ്ടമാണ് ഓരോ വര്‍ഷവും വയനാട്ടുകാര്‍ക്ക് ഉണ്ടാകുന്നത്.
വയനാട്ടില്‍ 23 പഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളുമാണുള്ളത്. ഇതില്‍ 12ലധികം പഞ്ചായത്തുകള്‍ റെഡ് സോണിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി പഞ്ചായത്ത് ദുരന്തമേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നിട്ടും ഈ മല തുരന്ന് തുരങ്കപാത ഉണ്ടാക്കാനുള്ള നീക്കവുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതാണ് ദയനീയം.
2019ല്‍ പുത്തുമലയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ നിരവധി മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടെയുണ്ടായിരുന്നവര്‍ ഒറ്റനിമിഷത്തില്‍ അപ്രത്യക്ഷമാകുമ്പോള്‍ അവസാനമായി അവരുടെ മൃതദേഹമെങ്കിലും കാണാനുള്ള ഉറ്റവരുടെ ആഗ്രഹം പോലും പൂവണിയാതെ പോകുന്നു. ചൂരല്‍മലയിലും പുത്തുമലയിലും പലരെയും തിരിച്ചറിയാനോ അവര്‍ക്കായി അനേഷിക്കാനോ ആരുമില്ല. കുടുംബം ഒന്നാകെയാണ് ദുരന്തത്തില്‍ അകപ്പെട്ടത്. ഇനിയൊരിക്കലും ഇങ്ങനെ ദയനീയമായി നിലവിളിക്കേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്.
പുത്തുമല ഉരുള്‍പൊട്ടലില്‍ അഞ്ചു പേരെയാണ് കണ്ടെത്താന്‍ ഉണ്ടായിരുന്നത്. എന്നാല്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇത്തവണ സംഭവിച്ച ദുരന്തത്തില്‍ ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെ നാനൂറിനടുത്ത് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതിലേറെ പേരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഇനിയും കണ്ടെത്താനുള്ളത് ഇരുനൂറില്‍പരം പേരും. അതുകൊണ്ടുതന്നെ ഇത്തവണത്തെ യഥാര്‍ഥ മരണസംഖ്യയുടെ കണക്ക് ലഭിക്കണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
ദുരന്ത മേഖലയില്‍
തണലായി ടീം യൂണിറ്റി
അതിതീവ്രമഴ, ഉരുള്‍പൊട്ടല്‍, പ്രളയം എന്നിവ മൂലം നാട് നടുങ്ങിയ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ശക്തമായി ഉരുള്‍പൊട്ടിയ മേപ്പാടിക്കടുത്തെ മുണ്ടക്കൈ, ചൂരല്‍മല, നാദാപുരത്തെ വിലങ്ങാട് എന്നീ പ്രദേശങ്ങളില്‍ നിന്ന് പരസഹായത്തിനായി നിരവധി സഹോദരങ്ങളുടെ രോദനങ്ങളാണ് ഉയര്‍ന്നുകേട്ടത്. ദുരിതപ്പെയ്ത്തില്‍ ആശ്വാസമൊരുക്കാന്‍ യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്മെന്റിലെ വളണ്ടിയര്‍മാര്‍ ഈ സന്ദിഗ്ദ്ധ ഘട്ടത്തില്‍ കര്‍മരംഗത്തിറങ്ങി. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി മേപ്പാടി എം എസ് എ ഓഡിറ്റോറിയത്തിന് സമീപമുള്ള മസ്ജിദു റഹ്‌മാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹെല്‍പിംഗ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്വരൂപിച്ച് നല്‍കിയ അവശ്യസാധനങ്ങള്‍ ഈ പള്ളിയില്‍ ആരംഭിച്ച സ്റ്റോറില്‍ സ്റ്റോക്ക് ചെയ്യുകയും ക്യാമ്പുകളിലേക്ക് എത്തിച്ചുനല്‍കുകയും ചെയ്തു. ദിവസേന രണ്ട് തവണകളിലായി ഹെല്‍പിംഗ് ഹാന്‍ഡ്സ് വാഹനത്തില്‍ കോഴിക്കോട് നിന്ന് അവശ്യ സാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിച്ചു നല്‍കുകയുണ്ടായി.
സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന വ്യത്യസ്ത സംഘടനകളിലെ വളണ്ടിയര്‍മാര്‍ക്ക് ഭക്ഷണമൊരുക്കിയതും മസ്ജിദുല്‍ റഹ്‌മാനില്‍ ഒരുക്കിയ യൂണിറ്റി ഹബ്ബില്‍ തന്നെയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിന് മേപ്പാടി ഫാമിലി സെന്ററിന് മുന്നില്‍ രണ്ടാമതൊരു സഹായ കേന്ദ്രം യൂണിറ്റിയുടെയും ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റെയും മേല്‍നോട്ടത്തില്‍ തുറക്കുകയുണ്ടായി. ഉരുള്‍പൊട്ടലിന് ശേഷം മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ എല്ലാ ദിവസവും യൂണിറ്റി വളണ്ടിയര്‍മാര്‍ പങ്കെടുത്തു. മിക്ക ദിവസങ്ങളില്‍ നൂറോളം വരുന്ന സ്ത്രീ-പുരുഷ വളണ്ടിയര്‍മാര്‍ ദൗത്യത്തിന് ഇറങ്ങി. ചളി പൊതിഞ്ഞ് ലഭിച്ചിരുന്ന മൃതദേഹങ്ങളെ വൃത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി ഒരുക്കികൊടുക്കുകയെന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത് പ്രധാനമായും യൂണിറ്റി വളണ്ടിയര്‍മാരായിരുന്നു. 170 മൃതദേഹങ്ങളെ യൂണിറ്റി വളണ്ടിയര്‍മാര്‍ എ പി ജെ അബ്ദുല്‍ കലാം കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ശുചിയാക്കി നല്‍കി. ഈ പ്രവര്‍ത്തനത്തിന് ഷിഫ്റ്റ് ആയി രാത്രി ഏറെ വൈകിയും വളണ്ടിയര്‍മാര്‍ ഡ്യൂട്ടി എടുത്തു. മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളില്‍ നിന്ന് താമസം ഒഴിപ്പിച്ച് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസികോന്നമനത്തിന് വേണ്ടി വ്യത്യസ്ത ആക്ടിവിറ്റികള്‍ യൂണിറ്റി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തി. വയനാട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളിലും യൂണിറ്റി വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
തിരിച്ചറിയാന്‍ സാധിക്കാതെ വന്ന മൃതദേഹങ്ങള്‍ സൂക്ഷിച്ച എം എസ് എ ഓഡിറ്റോറിയത്തിലെ ഡ്യൂട്ടിയിലും യൂണിറ്റി വളണ്ടിയര്‍മാരുണ്ടായിരുന്നു. വയനാട് ജില്ലയിലെ യൂണിറ്റി വനിതാ വളണ്ടിയര്‍മാരുടെ സാന്നിധ്യം പ്രത്യേകം പറണ്ടേതാണ്. ഭക്ഷണ വിതരണത്തിലും മൃതദേഹങ്ങളെ ശുചിയാക്കുന്നതിലും അമ്പതോളം വനിതാ വളണ്ടിയര്‍മാര്‍ സദാസന്നിഹിതരായിരുന്നു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, സൈതലവി എഞ്ചിനീയര്‍, സലീം മേപ്പാടി, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി, ബഷീര്‍ സ്വലാഹി, ഹാസില്‍ മുട്ടില്‍, മശ്ഹൂദ് മേപ്പാടി, യൂണിറ്റി വനിതാ വിംഗ് പ്രവര്‍ത്തകരായ ഷറീന മേപ്പാടി, ആയിഷ ടീച്ചര്‍, ഷറീന ശരീഫ്, റൈഹാനത്ത് കാപ്പംകൊല്ലി, ഖദീജ മേപ്പാടി, റംല കാപ്പംകൊല്ലി എന്നിവര്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. യൂണിറ്റി പ്രവര്‍ത്തകരുടെ കോഡിനേഷന്‍ ജാബിര്‍ വാഴക്കാട്, ഷാനവാസ് ചാലിയം, ഫഹീം പുളിക്കല്‍ എന്നിവര്‍ നിര്‍വഹിച്ചു. കോഴിക്കോട് നാദാപുരത്തെ വിലങ്ങാട് ഉരുള്‍പൊട്ടിയ പ്രദേശം യൂണിറ്റി സംസ്ഥാന സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് അംഗങ്ങളുമായി സംസാരിച്ച് ആവശ്യമായ കാര്യങ്ങള്‍ ഉറപ്പുവരുത്തികൊടുത്തു. കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ യൂണിറ്റി സംവിധാനങ്ങളുമായി ചേര്‍ന്ന് വിലങ്ങാട് ഭാഗത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ നിശ്ചയിച്ചു.
സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന സ്ഥലങ്ങളിലും യൂണിറ്റി വളണ്ടിയര്‍മാര്‍ സേവനം ചെയ്തു. ചെറുവാടി, കൊടിയത്തൂര്‍, വണ്ടൂര്‍ ഭാഗങ്ങളില്‍ പ്രളയം മൂലം മലിനമായ കിണറുകള്‍ യൂണിറ്റി വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. പുല്ലോറമ്മല്‍ മൂന്നാംപുഴക്കല്‍ വെള്ളം കയറി ചെളി നിറഞ്ഞ പള്ളി വൃത്തിയാക്കി നല്‍കി. ആരാമ്പ്രം, മൂഴിക്കല്‍, ചെറുവറ്റ, കടുപ്പിനി, അരീക്കാട്, നല്ലളം, കക്കോവ്, തിരുത്തിയാട്, വാഴക്കാട്, കീഴ്പറമ്പ്, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി നല്‍കി. വെള്ളം കയറാന്‍ സാധ്യതയുളള സ്ഥലങ്ങളിലെ വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും അതാത് ഭാഗത്തെ യൂണിറ്റി വളണ്ടിയര്‍മാര്‍ മാറ്റി നല്‍കുകയും ചെയ്തു. തൃത്താലയില്‍ വെള്ളം കയറി മാലിന്യം അടിഞ്ഞ റോഡിനെ സഞ്ചാരയോഗ്യമാക്കി ശുചീകരിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മൂലം ചാലിയാറിലൂടെ വെള്ളം കയറിയ നിലമ്പൂര്‍, എടക്കര ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയര്‍മാര്‍ വ്യാപൃതരായിരുന്നു.
രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ യുവാക്കളുടെ കര്‍മശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ ദുരന്ത നിവാരണ മുഖത്ത് ആത്മാര്‍ത്ഥമായി നിലകൊള്ളുകയെന്നത് യൂണിറ്റിയുടെ കര്‍ത്തവ്യമായി കണ്ട് വളണ്ടിയര്‍മാര്‍ ഈ പ്രയാസകരമായ കാലത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. യൂണിറ്റി സംസ്ഥാന കണ്‍വീനര്‍ ഡോ. അന്‍വര്‍ സാദത്ത്, വൈസ് ചെയര്‍മാന്‍ കെപി അബ്ദുറഹിമാന്‍ ഖുബ എന്നിവര്‍ വയനാട്ടിലെയും നാദാപുരത്തെയും പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.