18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ദാമ്പത്യജീവിതത്തിലെ താളപ്പിഴകള്‍ – ഹൈഫ ബിന്‍ത് റാശിദ്

കുടുംബത്തില്‍ സമാധാനവും ഭദ്രതയും ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇത് നഷ്ടപ്പെടുത്തുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെയും ഇവിടെ അവതരിപ്പിക്കുകയാണ്. അല്ലാഹുപറയുന്നു: ”നീ ഉണര്‍ത്തുക. ഉണര്‍ത്തല്‍ വിശ്വാസികള്‍ക്കു ഫലം ചെയ്യും.” (51:55). ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ ചിലത് ഇവിടെ അവതരിപ്പിക്കുകയാണ്.
ചില ഭര്‍ത്താക്കന്മാര്‍ ഗൃഹഭരണത്തിന്റെ ചുമതലകളെല്ലാം സ്ത്രീയുടെ തലയില്‍ വെച്ചുകെട്ടി അധികസമയവും വീടിനു പുറത്തുകഴിച്ചുകൂടും. വീട് അവര്‍ക്കു ഉറങ്ങാന്‍ മാത്രമുള്ള ഒരു സത്രം പോലെയാണ്. ഭാര്യയോടുള്ള അവകാശമോ അവളുടെ വികാരമോ ആവശ്യങ്ങളോ കുട്ടികളെ വളര്‍ത്തുന്ന കാര്യമോ ഒന്നും അവര്‍ പരിഗണിക്കാറില്ല. ഇത് അവളുടെ വൈകാരിക ജീവിതത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കുന്നു. യഥാര്‍ഥത്തില്‍ പുരുഷന്‍ ആദ്യമായും അവസാനമായും വീടിന്റെയും കുടുംബത്തിന്റെയും കാര്യമാണ് ശ്രദ്ധിക്കേണ്ടത്. കാരണം റസൂല്‍(സ) പറയുന്നു: ”നിങ്ങള്‍ എല്ലാവരും ഓരോ ഭരണാധികാരിയാണ്. തന്റെ ഭരണത്തിന്‍ കീഴിലുള്ളവരെ പറ്റി നിങ്ങള്‍ എല്ലാവരും ചോദ്യം ചെയ്യപ്പെടുന്നതുമാണ്.” വിവാഹത്തിനു മുമ്പുള്ള സ്വാതന്ത്ര്യവും ഇപ്പോഴത്തെ കുടുംബബാധ്യതകളും ഉത്തരവാദിത്തങ്ങളും പരസ്പരം സമന്വയിപ്പിക്കുന്ന ഒരു ജീവിതരീതി അയാള്‍ സ്വീകരിക്കേണ്ടതുണ്ട്.
പലപ്പോഴും പുരുഷന്‍ ഒരു കാര്യത്തിനു ഉത്തരവിടുമ്പോള്‍ ഭാര്യയോട് ചര്‍ച്ച ചെയ്യാതെ തന്റെ ഹിതം അവളുടെ മേല്‍ അടിച്ചേല്പിക്കുകയാണ് ചെയ്യാറുള്ളത്. കാരണം ദാമ്പത്യജീവിതത്തില്‍ അവളുടെ അഭിപ്രായത്തിന് ഒരു വിലയുമില്ല; അഭിപ്രായം പറയാന്‍ അവള്‍ക്കു അര്‍ഹതയുമില്ല. ‘പാടില്ല’ എന്ന ഒരു വാക്കു അവള്‍ക്കു ഉച്ചരിച്ചുകൂടാ. ജീവിതത്തില്‍ അവര്‍ രണ്ടുപേരെയും അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നത്തിലും യഥാര്‍ഥത്തില്‍ പങ്കാളിക്കു പരിഗണന നല്‌കേണ്ടതാണ്. എങ്കിലേ അത് രണ്ടുപേര്‍ക്കും ഒന്നിച്ചു തരണം ചെയ്യാന്‍ കഴിയുകയുള്ളൂ. ഇത് വ്യക്തമാക്കിക്കൊണ്ട് നബി(സ) പറഞ്ഞു:”നിങ്ങള്‍ സ്ത്രീകളുടെ വിഷയത്തില്‍ നന്മ ചെയ്യാനുള്ള ഉപദേശം സ്വീകരിക്കുക. കാരണം സ്ത്രീ വാരിയെല്ല് കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്.”
അധിക പുരുഷന്മാരും താഴെ പറയുന്ന ഖുര്‍ആന്‍ വാക്യം തെറ്റായ അര്‍ഥത്തിലാണ് മനസ്സിലാക്കിയിട്ടുള്ളത്: ”പുരുഷന്മാര്‍ സ്ത്രീകളില്‍ മേല്‍ക്കോയ്മയുള്ളവരാണ്.” സ്ത്രീകളില്‍ വല്ല പിഴവും കണ്ടാല്‍ ശരിയായ രീതിയില്‍ അത് നേരെയാക്കുന്നതിനു പകരം അവരെ പീഡിപ്പിക്കാനുള്ള അവകാശമാണ് ഇതെന്നു അവര്‍ ധരിക്കുന്നു. യഥാര്‍ഥത്തില്‍ ദാമ്പത്യ ജീവിതം സ്‌നേഹത്തിന്റെയും പരസ്പരധാരണയുടെയും അടിത്തറയില്‍ കെട്ടിപ്പടുത്തതായിരിക്കണം. അതിനാല്‍ മേല്‍കാണിച്ച ഖുര്‍ആന്‍ വാക്യത്തിന് ചിലര്‍ കൊടുക്കുന്ന വ്യാഖ്യാനം തെറ്റാണ്.
ചില ഭര്‍ത്താക്കന്മാര്‍ അവരുടെ വായില്‍ നിന്നു പുറത്തുവരുന്ന വാക്കുകള്‍ ശ്രദ്ധിക്കാറില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും വികാരത്തിന്റെയും ഒരു പദം പോലും ചിലര്‍ ഉപയോഗിക്കാറില്ല. ചിലര്‍ സ്ത്രീയുടെ മാന്യതയ്ക്കു ഒരു വിലയും കല്പിക്കാതെ അസഭ്യവാക്കുകള്‍ അവരുടെ നേരെ എറിയുന്നു. ഭക്ഷണത്തിന്റെയും കുട്ടികളുടെയും കാര്യം നോക്കുന്നതിലപ്പുറം ഒരു സ്ഥാനവും അവര്‍ക്കില്ലെന്ന ഭാവത്തിലാണ് പെരുമാറ്റം. ക്രമേണ സ്‌നേഹത്തിന്റെ സ്വാദ് അനുഭവപ്പെടാത്ത ഈ ജീവിതം ഭാര്യയുടെ മനസ്സില്‍ തകര്‍ന്നതായി തീരുന്നു. ഇത്തരം പെരുമാറ്റത്തെപ്പറ്റി ചോദിച്ചാല്‍ അയാളുടെ മറുപടി ഇപ്രകാരമായിരിക്കും. അവളെ ആദരിച്ചും സ്‌നേഹം പ്രകടിപ്പിച്ചും പെരുമാറിയാല്‍ അവളുടെ മുമ്പില്‍ തന്റെ വ്യക്തിത്വം ദുര്‍ബലമായിത്തീരും. അത് അവളെ തന്നെ ധിക്കരിക്കാനും അനുസരണക്കേട് കാണിക്കാനും പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത് റസൂല്‍(സ) നിര്‍ദേശിച്ച പെരുമാറ്റരീതിക്കു വിരുദ്ധമായതാണ്. അവിടന്നു പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ സ്വന്തം ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്. ഞാന്‍ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്.”
ഭാര്യയുടെ കാര്യത്തില്‍ ഭര്‍ത്താവിനു പറ്റുന്ന അബദ്ധങ്ങളില്‍ ചിലതാണ് ഇവിടെ വിവരിച്ചത്. എന്നാല്‍ ഭാര്യയുടെ പക്കലും ചില പിഴവുകള്‍ പറ്റാറുണ്ട്.
ഭാര്യ ചിലപ്പോള്‍ അവളുടെ സ്വന്തം സാമ്രാജ്യത്തില്‍ താമസിക്കാനാണ് ഇഷ്ടപ്പെടുക. സ്വന്തമായൊരുവീട്, അവിടെ അവള്‍ ഇഷ്ടപ്പെടുന്ന രൂപത്തിലുള്ള ക്രമീകരണം. പക്ഷേ, കുടുംബചുറ്റുപാട് പലപ്പോഴും ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ നിര്‍ബന്ധിക്കും വിധത്തിലായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ചില സ്ത്രീകള്‍ ഭര്‍ത്താവിന്റെ മാതാവിനോട് ആദരപൂര്‍വം പെരുമാറുന്നതില്‍ വൈമുഖ്യം കാണിക്കും- വിശേഷിച്ചും മാതാവിനു പ്രായമായിട്ടുണ്ടെങ്കില്‍. ഇത് വീട്ടില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കും. പ്രശ്‌നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ഭര്‍ത്താവ് മറ്റൊരു വീട്ടിലേക്കു താമസം മാറ്റുന്നതിലേക്കാണ് അത് എത്തിച്ചേരുക. ഇത്തരം നടപടികള്‍ക്കെല്ലാം കാരണക്കാരി ഭാര്യയാണെന്ന ചിന്ത അയാളുടെ മനസ്സില്‍ അടിയുറച്ചിരിക്കും. ഇത് ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ പ്രശ്‌നങ്ങളുടെ പുതിയ വാതില്‍ തുറക്കും.
ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വറ്റാത്ത കിണറായാണ് കാണുന്നത്. മാര്‍ക്കറ്റിലെ ഏറ്റവും പുതിയ വസ്തുക്കള്‍ വാങ്ങാനും മാറുന്ന ഫാഷനനുസരിച്ച് ഉടുപ്പുകള്‍ മാറ്റാനും മുന്തിയ വീട്ടുപകരണങ്ങള്‍ വാങ്ങാനും അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു. ഒരു കൂട്ടുകാരിയുടെയോ പരിചയക്കാരിയുടെയോ വശം ഇത് കണ്ടെത്തിയതായിരിക്കും കാരണം. ഇങ്ങനെ ആവശ്യമുന്നയിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വരുമാനമൊന്നും അവള്‍ കണക്കിലെടുക്കുകയില്ല. ഭാര്യയെ തൃപ്തിപ്പെടുത്താനായി അയാള്‍ കടക്കാരനായി മാറുന്നു. തന്റെ പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ അവള്‍ ഭര്‍ത്താവിന്റെ മേല്‍ സാമ്പത്തികഭാരം കെട്ടിയേല്‍പിക്കാന്‍ പാടില്ല.
ദാമ്പത്യ ജീവിതത്തെപ്പറ്റി ഭാര്യക്കും ഭര്‍ത്താവിനും വികലമായ ചില വീക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. വിവാഹത്തിന്റെ ലക്ഷ്യം ലൈംഗികദാഹം ശമിപ്പിക്കലാണെന്നു ചില യുവാക്കള്‍ ധരിക്കുന്നു. അതുപോലെ ചില യുവതികള്‍ തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തം മറന്നു പ്രവര്‍ത്തിക്കാറുമുണ്ട്. അതിനാല്‍ ദാമ്പത്യജീവിതത്തെപ്പറ്റി യുവതീ യുവാക്കള്‍ക്കു നേരത്തെ തന്നെ ഒരു ധാരണയുണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതാണ്.
സ്‌നേഹത്തിന്റെ അടിത്തറയില്‍ നിലകൊള്ളുന്ന, പ്രശ്‌നങ്ങളില്ലാത്ത ഒരു ദാമ്പത്യജീവിതം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതാണ് വിശുദ്ധഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നതും. ”ഒറ്റ ദേഹത്തില്‍ നിന്നു നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണ് അവന്‍. അതില്‍നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു- അവളോടൊത്തു സമാധാനമടയാന്‍” (7:189)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x