20 Saturday
April 2024
2024 April 20
1445 Chawwâl 11

ദാനം, വിട്ടുവീഴ്ച, വിനയം – എം പി മുഹമ്മദ്

അബുഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ചയിലൂടെ അടിമയുടെ അന്തസ്സ് വര്‍ധിക്കുകയേള്ളൂ. അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കും.” (മുസ്‌ലിം)
മൂന്നു കാര്യങ്ങളാണ് ഈ ഹദീസിലൂടെ പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്. ഒന്നാമതായി, സ്വദഖയെക്കുറിച്ചാണ്. ദാനധര്‍മം എന്ന് മലയാളത്തില്‍ പറഞ്ഞുവരുന്ന പദങ്ങള്‍ക്കാണ് അറബിയില്‍ സകാത്ത്, സ്വദഖ എന്നിങ്ങനെ ഉപയോഗിക്കുന്നത്. സകാത്തും സ്വദഖയും തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. സകാത്ത് സമ്പത്തിന്റെ പരിധി പൂര്‍ത്തിയാവുമ്പോള്‍ നിര്‍ബന്ധമായും കൊടുക്കേണ്ടതാണ്. ഇത് നമസ്‌കാരത്തിന്റെ കൂടെ ഖുര്‍ആനില്‍ 27 പ്രാവശ്യം ചേര്‍ത്തുപറഞ്ഞതാണ്. എന്നാല്‍ സ്വദഖ ഐച്ഛികദാനവും. സേവനമെല്ലാം സ്വദഖയാണ്. മുഖത്തെ പുഞ്ചിരിയും കുടുംബത്തിന് നല്‍കുന്ന ആഹാരവുമെല്ലാം സ്വദഖയുടെ ഗണത്തില്‍ പെടും.
സ്വദഖ കൊടുക്കേണ്ടവരെ എണ്ണിപ്പറഞ്ഞിട്ടില്ല. ആശ്രിതര്‍ക്കും മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭാര്യമാര്‍ക്കും ഭര്‍ത്താവിനും അത് കൊടുക്കാം (അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്). അമുസ്‌ലിംകള്‍ക്കും കൊടുക്കാം. സംഘടിതമാവേണ്ടതില്ല, വ്യക്തിപരമാണ് നല്ലത്. അബൂഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ) പറഞ്ഞു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ഒരു ദീനാര്‍ ചെലവഴിക്കുന്നു. അടിമമോചനത്തില്‍ നീ ഒരു ദീനാര്‍ ചെലവഴിക്കുന്നു. അഗതിക്ക് ഒരു ദീനാര്‍ നീ ദാനം ചെയ്യുന്നു. നിന്റെ കുടുംബത്തിന് ഒരു ദീനാര്‍ ചെലവഴിക്കുന്നു. ഇതില്‍ ഏറ്റവും പ്രതിഫലാര്‍ഹം നീ നിന്റെ കുടുംബത്തിന് ചെലവഴിക്കുന്നതാണ്.” ഇങ്ങനെ പറയാന്‍ കാരണം, ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങളും സമൂഹത്തിന്റെ ബാധ്യതയാണ്. സ്വന്തം കുടുംബത്തിന്റെ കാര്യം വരുമാനമുള്ള പുരുഷന്റെ ബാധ്യതയാണ്.
ഹദീസില്‍ രണ്ടാമത് പറഞ്ഞത് വിട്ടുവീഴ്ചയാണ്. വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ അല്ലാഹുവിന്റെ ദാസന്റെ അന്തസ്സ് ഉയരുകയേയുള്ളൂ. ഈ വിഷയത്തില്‍ ഹുദയ്ബിയ സന്ധിയാണ് പ്രവാചക ജീവിതത്തിലെ ഏറ്റവും മികച്ച ഉദാഹരണം. ”തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു” എന്നാണ് നബിയും ശത്രുക്കളും തമ്മിലുണ്ടായ ഈ സന്ധിയെ അല്ലാഹു വിശേഷിപ്പിച്ചത്. മക്കാ വിജയം ഉള്‍പ്പെടെ ഇസ്‌ലാം അറേബ്യയില്‍ നേടിയ വിജയങ്ങള്‍ക്ക് വഴിയൊരുക്കിയത് ഹുദയ്ബിയ സന്ധിയാണെന്നാണ് പല മുഫസ്സിറുകളും അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഹദീസില്‍ സൂചിപ്പിച്ച മൂന്നാമത്തെ കാര്യം, അല്ലാഹുവിനുവേണ്ടി വിനയം കാണിക്കലാണ്. ഉമര്‍(റ) ഒരിക്കല്‍ പറഞ്ഞു: ”ജനങ്ങളേ, നിങ്ങള്‍ പരസ്പരം വിനയമുള്ളവരായിരിക്കുവിന്‍. പ്രവാചകന്‍(സ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. ആരെങ്കിലും അല്ലാഹുവിന്റെ പേരില്‍ വിനയമുള്ളവനായാല്‍ അവനെ അല്ലാഹു ഉത്തമനാക്കുന്നതാണ്. അപ്പോള്‍ അവന്‍ സ്വന്തം ദൃഷ്ടിയില്‍ ചെറിയവനും ജനങ്ങളുടെ ദൃഷ്ടിയില്‍ മഹാനുമായിരിക്കും. ഇനി ആരെങ്കിലും അഹങ്കരിക്കുന്നവനായാല്‍ അവനെ അല്ലാഹു താഴ്ത്തിക്കളയും. അപ്പോള്‍ അവന്‍ ജനങ്ങളുടെ ഇടയില്‍ നീചനും സ്വന്തം ദൃഷ്ടിയില്‍ മഹാനുമായിരിക്കും. എന്നാല്‍ അവന്‍ മനുഷ്യര്‍ക്കിടയില്‍ നായയെക്കാളും പന്നിയെക്കാളും നീചനത്രെ.”
അലി(റ) ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി രണ്ടു കയ്യിലും തൂക്കി പ്രയാസപ്പെട്ടുപോകുമ്പോള്‍ ആരെങ്കിലും സഹായിക്കാന്‍ തുനിഞ്ഞാല്‍ ‘കുടുംബനാഥനാണ് ഇത് ചുമക്കാന്‍ കടപ്പെട്ടവന്‍’ എന്ന് പറയാറുണ്ടായിരുന്നു. നബി(സ) പറഞ്ഞു: ”നിങ്ങള്‍ പരസ്പരം വിനീതരായി വര്‍ത്തിക്കണമെന്നും അങ്ങനെ ആരും ആരോടും അഹങ്കാരം നടിക്കാത്തവരും അതിക്രമം കാണിക്കാത്തവരുമാകണമെന്നും അല്ലാഹു എനിക്ക് ദിവ്യബോധനം നല്‍കിയിരിക്കുന്നു.” (മുസ്‌ലിം)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x