തൊഴിലും സമ്മര്‍ദങ്ങളും
അബ്ദുല്ല മലപ്പുറം
തൊഴില്‍ സാഹചര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ജോലിയിലുള്ള സമ്മര്‍ദം ഒരു യുവതിയുടെ ജീവനെടുത്തതിനു പിന്നാലെയാണ് തൊഴില്‍ രംഗം വീണ്ടും ചര്‍ച്ചയാവുന്നത്. ഐ ടി മേഖല കേന്ദ്രികരിച്ചാണ് ചര്‍ച്ചകളുടെ പോക്ക്. ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന അങ്ങേയറ്റം തൊഴിലാളി വിരുദ്ധവമായ പ്രസ്താവന ഒരു ഉളുപ്പുമില്ലാതെ ആവര്‍ത്തിക്കുന്ന നാരായണ മൂര്‍ത്തിയാണ് ഇവിടുത്തെ ഐ ടി മേഖലയിലെ ഒന്നാമത്തെ പേര്. ഇത്ര ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ഒരാശയം നിരന്തരം പ്രചരിപ്പിക്കുകയും തന്റെ കമ്പനിയില്‍ അത് നടപ്പിലാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്ത ഇയാള്‍ക്ക് ഇപ്പോഴും കിട്ടുന്ന സ്വീകാര്യതയും ആദരവും പ്രതീകാത്മകമാണ്.
യഥാര്‍ത്ഥത്തില്‍ ആഗോള ഐ ടി ഭീമന്‍മാര്‍ക്ക് ഇന്ത്യ സ്വീകാര്യമാക്കുന്നത് ഇവിടെയുള്ള കുറഞ്ഞ കൂലി മാത്രമല്ല, ഈ തൊഴില്‍ സംസ്‌കാരമാണ്. നാരായണ മൂര്‍ത്തി ഒരപവാദമല്ല, സമാന വാദങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നവരാണ് കൂടുതലും. ഇന്ന് ലോകത്തേറ്റവും കൂടുതല്‍ ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്ന വിഭാഗം ഇന്ത്യക്കാരായിരിക്കും. ഐ ടി കമ്പനികളുടെ തലപ്പത്തിരിക്കുന്നവരിലും വലിയൊരു വിഭാഗം ഇന്ത്യക്കാരായിരിക്കും. പക്ഷേ ഉന്നത ശ്രേണിയിലുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കാനാണ് സാധ്യത. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും മുന്‍നിര ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലെ കോണ്‍ട്രിബ്യൂട്ടേഴ്സിന്റെ ലിസ്റ്റിലൂടെയൊക്കെ നോക്കുമ്പോള്‍ പ്രാഥമികമായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം അതാണ്.
അമിത ജോലിയും ജോലി സമ്മര്‍ദവും കാരണം മരണപ്പെടുന്നവരും ആത്മഹത്യ ചെയ്യുന്നവരും ഈ തൊഴില്‍ ചൂഷണത്തിന്റെ സ്വാഭാവിക ഇരകളാണ്. അതിനെ അങ്ങനെ തന്നെ കണ്ട് രാഷ്ട്രീയ പോരാട്ടം നടത്തുകയാണ് പരിഹാരം, ഐ ടി മേഖലയിലടക്കം. ഈ ചൂഷണം ഇന്ത്യയിലെ ഐ ടി മേഖലയില്‍ വ്യവസ്ഥാപിതവും വളരെ വ്യാപകവുമാണ്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ തങ്ങള്‍ നടപടികള്‍ എടുക്കുന്നുണ്ട് എന്ന് കമ്പനികള്‍ പറയുന്നത് ശുദ്ധ തട്ടിപ്പ് മാത്രമാണ്.
‘ഉലക്ക വിഴുങ്ങിയതിന് ചുക്ക് വെള്ളം ചികിത്സ’ നല്‍കുന്നത് പോലെ ഉപരിപ്ലവം മാത്രമാണ് ഇവരുടെ പരിഹാര നിര്‍ദേശങ്ങള്‍. പരിസ്ഥിതി, സ്ത്രീ പക്ഷ നിലപാടുകളെ പറ്റി വാചാലരാവുകയും അതിനേറ്റവും സഹായകരമാവുന്ന വര്‍ക് ഫ്രം ഹോം ഓപ്ഷനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യും. തൊഴിലാളികളുടെ മാനസികാരോഗ്യത്തെ പറ്റി വാചാലരാവുകയും ‘ആഴ്ചയില്‍ 70 മണിക്കൂര്‍’ പോലുള്ള തൊഴിലാളി വിരുദ്ധ ആശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുകയും ചെയ്യും. അടിസ്ഥാന പ്രശ്നമായ തൊഴില്‍ ചൂഷണം എന്നത് ഇവരൊരിക്കലും അഡ്രസ് ചെയ്യാറില്ല. യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ആവശ്യമായ പരിഹാരം കണ്ടെത്തുകയും വേണം. തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ കണ്ടെത്തുകയും എല്ലാറ്റിനേയും പ്രതിരോധിക്കുകയും വേണ്ടതുണ്ട്. അതിസമ്മര്‍ദം നല്കുന്ന തൊഴില്‍ സാഹചര്യങ്ങളെ എതിരിടാനുള്ള പരിശീലനം നമ്മുടെ കുട്ടികള്‍ക്ക് നല്‌കേണ്ടതുമുണ്ട്.