തിരുമൊഴിയിലെ നല്ല ചര്യ – പി മുസ്തഫ നിലമ്പൂര്‍
പുണ്യത്തേയും പാപത്തേയും വ്യക്തമാക്കി തരേണ്ടത് ഇസ്‌ലാമാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനാ നിര്‍ദേശങ്ങളില്ലാത്തവ നല്ലതാണെന്ന പേരില്‍ സ്ഥാപിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. നബി(സ)യുടെ വചനത്തിന്റെ ഒരുഭാഗം മാത്രമെടുത്ത് നല്ല സുന്നത്ത് സ്ഥാപിക്കാന്‍ നബി(സ)യുടെ നിര്‍ദേശമുണ്ടെന്ന് ജല്പിക്കുന്നവര്‍ നബി(സ)യുടെ മേല്‍ കള്ളം കെട്ടിച്ചമക്കുകയാണ് ചെയ്യുന്നത്. നരകമാണവര്‍ക്കുള്ള സങ്കേതമെന്ന് അവിടുന്ന് താക്കീതു ചെയ്തിട്ടുണ്ട്.
ദീനില്‍ സ്ഥാപിതമായ സുന്നത്ത് ഏതെങ്കിലും കാലത്ത് നിര്‍ജീവമാക്കപ്പെട്ടാല്‍ അതിനെ സജീവമാക്കുകയും സ്ഥിരപ്പെട്ട സുന്നത്ത് അറിയാത്തവര്‍ക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യുന്നതും അതിന് പ്രോത്സാഹനമാകുംവിധം ആരംഭം കുറിക്കുകയും ചെയ്യുന്നത് പുണ്യകരവും പ്രതിഫലാര്‍ഹവുമാണ്.
ജരീറുബ്‌നു അബ്ദുല്ല(റ) പറയുന്നു: ഗ്രാമീണരായ ഒരു സംഘം നബി(സ)യുടെ അടുക്കല്‍ വന്നു. അവര്‍ കമ്പിളി അണിഞ്ഞിരുന്നു. അവര്‍ സഹായം ആവശ്യമുള്ള വിഷമാവസ്ഥയിലാണെന്ന് നബി(സ) മനസ്സിലാക്കി. അപ്പോള്‍ നബി(സ) ജനങ്ങളെ ദാനം നല്‍കുന്നതിനായി പ്രേരിപ്പിച്ചു. ജനങ്ങള്‍ അറച്ചു നിന്നു. അതിന്റെ നീരസം നബി(സ)യുടെ മുഖത്ത് പ്രകടമായി. തദവസരത്തില്‍ ഭാരംകൊണ്ട് കുഴഞ്ഞു പേകുമാറുള്ള വെള്ളി നാണയ സഞ്ചിയുമായി ഒരു അന്‍സാരി വന്നു. പിന്നെ മറ്റൊരാള്‍ വന്നു. അത് കണ്ടപ്പോള്‍ മറ്റുള്ളവരും (ദാനം ചെയ്യല്‍) തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ നബി(സ)യുടെ സന്തോഷം മുഖത്ത് പ്രകാശിച്ചു. നബി(സ) പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമില്‍ നല്ലചര്യ നടപ്പാക്കിയാല്‍, അതിന് ശേഷം അത് പ്രാവര്‍ത്തികമാക്കപ്പെട്ടാല്‍, നല്ല പ്രവൃത്തി ചെയ്തവനെപോലെയുള്ള പ്രതിഫലം (നടപ്പിലാക്കിയവന്) ലഭിക്കുന്നതാണ്. അതു അവരുടെ (തുടങ്ങുന്നവരുടെ) പ്രതിഫലത്തില്‍ ഒരു കുറവും വരുത്തുന്നതല്ല. ആരെങ്കിലും ചീത്തയായ ചര്യയാണ് നടപ്പില്‍ വരുത്തുന്നതെങ്കില്‍, അതിനുശേഷം അത് പ്രാവര്‍ത്തികമാക്കപ്പെട്ടാല്‍, അതുചെയ്യുന്നവരുടേതിന് തുല്ല്യമായ പാപഭാരം നടപ്പിലാക്കിയവന്റെ മേലും ചാര്‍ത്തപ്പെടും. അത് അവരുടെ കുറ്റത്തില്‍ നിന്ന് കുറവുവരുത്തുകയില്ല.” (മുസ്‌ലിം, കിതാബുല്‍ ഇല്‍മ്)
പദ വ്യത്യാസങ്ങളോടെ വിവിധ രിവായത്തുകള്‍ ഇത് സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു പുതിയ സമ്പ്രദായം ആരംഭിച്ചതിനെയല്ല നബി(സ) പ്രതിപാദിച്ചത്. പുണ്യകര്‍മമായ ദാനധര്‍മത്തിന് നബി(സ) പ്രേരണ നല്‍കിയിട്ടും അലസമായവര്‍ക്ക്, പുണ്യത്തിനായി പ്രചോദനം നല്‍കിയതിനാല്‍ അതിനെ തുടര്‍ന്നവരുടെ തുല്യ പുണ്യം വര്‍ധനവായുണ്ടാകുമെന്ന് അറിയിക്കുകയാണ് മേല്‍വചനം.
യാത്ര ചെയ്തു ക്ഷീണിച്ച് ഒരാള്‍ നബി(സ)യുടെ സമീപത്ത് വരികയും സഹായിക്കാന്‍ മാര്‍ഗമില്ലാതായ സമയത്ത്, ഒരാള്‍ മറ്റൊരാളെ സംബന്ധിച്ച് അറിയിക്കുകയും സഹായം ലഭിക്കപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് നബി(സ) പറഞ്ഞു: ”നന്മ അറിയിച്ചുകൊടുക്കുന്നതാരോ അവന് അത് പ്രവര്‍ത്തിച്ചതിനു തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്.” (മുസ്‌ലിം 1893)
ഖൈബര്‍ യുദ്ധത്തിന് അലി(റ)യെ നേതൃത്വം ഏല്‍പ്പിച്ചുകൊണ്ട് നബി(സ) പറഞ്ഞു: അല്ലാഹുവാണേ, നീ മുഖേന ഒരു മനുഷ്യനെ അല്ലാഹു സന്മാര്‍ഗത്തിലാക്കിയാല്‍ അത് നിനക്ക് ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ ഉത്തമമാണ്.” (ബുഖാരി 3721, മുസ്‌ലിം 2406). നോമ്പ് തുറപ്പിക്കുന്നവര്‍ക്ക് നോമ്പുകാരുടേതിന് തുല്യമായ പുണ്യം ലഭിക്കുമല്ലോ. അപ്രകാരം തന്നെ ആരാധനക്കും പുണ്യകര്‍മങ്ങള്‍ക്കും പ്രേരണ നല്‍കുന്നവര്‍ക്കും സൗകര്യം ചെയ്യുന്നവര്‍ക്കും പ്രതിഫലം ലഭിക്കുന്നതാണ്.
ബിലാലുബ്‌നുല്‍ ഹാരിസി(റ)നോട് നബി(സ) പറഞ്ഞു: നീ മനസ്സിലാക്കൂ! അദ്ദേഹം പറഞ്ഞു: നബിയെ ഞാന്‍ മനസ്സിലാക്കാം. അപ്പോള്‍ നബി(സ) പറഞ്ഞു: എനിക്ക് ശേഷം നിര്‍ജീവമാക്കപ്പെട്ട എന്റെ സുന്നത്ത് വല്ലവനും ജീവിപ്പിച്ചാല്‍ അവന് അത് ചെയ്യുന്നവരുടെ പ്രതിഫലമുണ്ട്. ഇവരുടെ പ്രതിഫലത്തില്‍ ഒരു കുറവും അത് വരുത്തുകയില്ല””(തിര്‍മിദി)
ബിദ്അത്തുകള്‍ ആരംഭം കുറിച്ചവര്‍ക്ക് അത് തുടരുന്നവരുടെ പാപഭാരം കൂടി ഏല്‍ക്കേണ്ടിവരുമെന്ന താക്കീത് നവീന വാദികള്‍ ഉള്‍കൊള്ളണം. ചീത്ത ബിദ്അത്ത് എന്നുപറഞ്ഞതില്‍ നിന്ന് നല്ല ബിദ്അത്തുണ്ടെന്ന് ജല്‍പ്പിക്കുന്നത് മൗഢ്യമാണ്. പലിശ ഇരട്ടിയായി തിന്നരുത് എന്ന് പറഞ്ഞതുകൊണ്ട് (വി.ഖു 3:130) ഇരട്ടി പലിശ മാത്രമാണ് നിഷിദ്ധമെന്ന് പറയാന്‍ കഴിയാത്തതുപോലെ.
ഇമാം ശാത്വിബി(റ) പറയുന്നു: ചീത്ത ബിദ്അത്ത് എന്നു പറഞ്ഞതില്‍ നല്ല ബിദ്അത്തിലേക്ക് സൂചനയില്ല. നിങ്ങള്‍ പലിശ ഇരട്ടിയായി തിന്നരുത് എന്ന് പറഞ്ഞതില്‍ ഇരട്ടി പലിശ മാത്രമാണ് നിഷിദ്ധമെന്ന് സൂചനയില്ലാത്തത് പോലെ, മുമ്പ് ഉദ്ധരിച്ച തെളിവുകളെല്ലാം നിരുപാധികമയി ബിദ്അത്തിനെ ആക്ഷേപിക്കുന്നതാണ്. (അല്‍ഇഅ്തിസ്വാം)