8 Tuesday
July 2025
2025 July 8
1447 Mouharrem 12

താലിബാൻ അമേരിക്ക ചർച്ച

അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്രയും വേഗം തലയൂരാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി താലിബാന്‍ നേതൃത്വവുമായി അമേരിക്ക നടത്തി വന്നിരുന്ന രഹസ്യ ചര്‍ച്ചകളെക്കുറിച്ചും പിന്നീട് നടന്ന പരസ്യ ചര്‍ച്ചകളെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് നടന്ന ചര്‍ച്ച കൂടുതല്‍ ഫലവത്തായതായാണ് സൂചനകള്‍. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി അഫ്ഗാനിസ്താനില്‍ തുടരുന്ന അമേരിക്കന്‍ സൈനിക നടപടി അവസാനിക്കാന്‍ സാഹചര്യമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ ദോഹയില്‍ വെച്ച് അമേരിക്കയുമായി ചര്‍ച്ച നടത്തുന്നെന്നും അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കലാണ് ചര്‍ച്ചയുടെ ഉദ്ദേശമെന്നുമുള്ള താലിബാന്‍ പ്രതിനിധിയുടെ വെളിപ്പെടുത്തല്‍ ആശ്ചര്യകരമായ ഒരു വാര്‍ത്തയായിരുന്നു. വേരോടെ പിഴുതെറിഞ്ഞു എന്ന് അമേരിക്ക അവകാശപ്പെട്ടിരുന്ന താലിബാനുമായി ഒരു സമാധാന ചര്‍ച്ച അമേരിക്ക നടത്തുന്നുവെന്ന വാര്‍ത്തയെ വളരെ പ്രാധാന്യത്തോടെയായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനെ തുടര്‍ന്ന് നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോയ ചര്‍ച്ച ഇപ്പോള്‍ ഏതാണ്ട് വിജയം കണ്ടതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അങ്ങനെയെങ്കില്‍ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും പൂര്‍ണ്ണമായും അഫ്ഗാനില്‍ നിന്ന് പിന്മാറിയേക്കും. ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് അധികം വിശ്വാസമില്ലെന്ന മുന്‍ നിലപാട് താലിബാന്‍ തിരുത്തുകയും ചര്‍ച്ചകള്‍ ഫലപ്രാപ്തിയുള്ളതാണെന്ന് അറിയിക്കുകയും ചെയ്തതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. താലിബാന്‍ രാഷ്ട്രീയകാര്യ വക്താവ് സുഹൈല്‍ ഷഹീനാണ് ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അഫ്ഗാനിസ്താനില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനും പുതിയ സര്‍ക്കാറുണ്ടാക്കുന്നതുമായും ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ ഫലമായി ഒരു കരട് കരാറിലേക്കെത്താന്‍ ഇരു കൂട്ടര്‍ക്കുമായിട്ടുണ്ടെന്നും സുഹൈല്‍ ഷഹീന്‍ അറിയിച്ചു. കരാറിലെ നിബന്ധനകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും കരാര്‍ എത്രയും വേഗം നടപ്പിലാക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണെന്നാണ് കരുതുന്നതെന്നും ഷഹീന്‍ പ്രതികരിച്ചു. അല്‍ ജസീറക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയാണ് സുഹൈല്‍ ഷഹീന്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും സേനകളുടെ പൂര്‍ണമായ പിന്മാറ്റമെന്നതാണ് താലിബാന്റെ മുഖ്യ ഉപാധി. താലിബാന്‍ നേതാക്കളുടെ യാത്രാ വിലക്കുകള്‍ ഒഴിവാക്കുക, അമേരിക്കയുടെ പക്കലുള്ള താലിബാന്‍ തടവുകാരെ കൈമാറുക തുടങ്ങിയ ആവശ്യങ്ങളും താലിബാന്റെ മുഖ്യമായ ഉപാധികളില്‍ പെട്ടതായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ കരാറിന്റെ അവസാന ധാരണകള്‍ രൂപപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന അഫ്ഗാന്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്ന് കരുതാം.

Back to Top