ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയത്തിലെ ഇവാഞ്ചലിസ്റ്റ് – ഇസ്‌ലാമോഫോബിക് അടിയൊഴുക്കുകള്‍ – ഹിശാമുല്‍ വഹാബ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം, ഇരു രാജ്യങ്ങളുടെ നയതന്ത്രബന്ധങ്ങള്‍ക്കപ്പുറത്ത് , രണ്ട് സമാന മനസ്‌കരുടെ കൂടിക്കാഴ്ചയായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സംഘപരിവാര്‍ ആസൂത്രിതമായി സംഘടിപ്പിച്ച വംശഹത്യയും അക്രമങ്ങളും ഡല്‍ഹിയില്‍ അരങ്ങേറുമ്പോള്‍ തന്നെയാണ് ഈ സന്ദര്‍ശനം നടന്നത്. 43-ലധികം പേരുടെ മരണത്തിനും വ്യാപക ആക്രമണങ്ങള്‍ക്കും വേദിയായ ഡല്‍ഹിയില്‍ അഴിഞ്ഞാടിയ ഹിന്ദുത്വ ഭീകരര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയത് അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസും അരവിന്ദ് കെജ്‌രിവാളിന്റെ അധീനതയിലുള്ള ജില്ലാ മജിസ്‌ട്രേറ്റുകളുമാണ്. ഭരണകൂടത്തിന്റെ സഹായത്താല്‍ നടത്തപ്പെട്ട മുസ്‌ലിം വിരുദ്ധ വംശീയ ഉന്മൂലനം ഡല്‍ഹിയെ കത്തിയെരിക്കുമ്പോഴും ട്രംപ് മോദിയെ വാഴ്ത്തിപ്പറഞ്ഞത്, ‘മതസ്വാതന്ത്ര്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടി മോദി കഠിനാധ്വാനം ചെയ്യുന്നു’ എന്നാണ്. അതിനാല്‍ തന്നെ ഇരുവരുടെയും സമാനമനസ്‌കതയെ കുറിക്കാന്‍ ഏറ്റവും മികച്ച വാചകം ഇസ്‌ലാമോഫോബിയ തന്നെയാണ്.
ഈ വര്‍ഷാവസാനം നവംബറില്‍ വരാനിരിക്കുന്ന അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം നോക്കിക്കാണേണ്ടത്. 2019 സപ്തംബറില്‍ മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ട്രംപ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. അമേരിക്കയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ സ്വാധീനശേഷിയെ തനിക്കനുകൂലമാക്കുവാന്‍, ട്രംപ് മോദിയെ കൂട്ടുപിടിക്കുകയാണ്. 2002-ലെ ഗുജറാത്ത് വംശഹത്യയിലെ പങ്കിനെത്തുടര്‍ന്ന് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ‘ഹൗഡി മോദി’ പരിപാടിയില്‍ അരലക്ഷം ആളുകള്‍ പങ്കെടുത്തത്, അതിനെ ഒരു വിദേശനേതാവിനെ ഇന്നേവരെ അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിലെ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തം നേടിയ പരിപാടിയാക്കി മാറ്റി. അതുപോലെ ട്രംപിന് ഇന്ത്യക്കാര്‍ക്കിടയിലുള്ള സ്വീകാര്യത, പ്യൂ റിസേര്‍ച്ച് സെന്ററിന്റെ കണ്ടെത്തല്‍ പ്രകാരം 14%ത്തില്‍ നിന്നും നാലുവര്‍ഷംകൊണ്ട് 56%ത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മറ്റൊരു രീതിയില്‍ ആഭ്യന്തരവും വൈദേശികവുമായ നയനിലപാടുകള്‍ അബദ്ധങ്ങളായി പരിണമിക്കുമ്പോള്‍ തന്നെ, ട്രംപിനെയും മോദിയെയും അമാനുഷികരും രക്ഷകരും ആയി വീരാരാധന നടത്തുന്ന പ്രചാരണങ്ങള്‍ വര്‍ധിച്ചുവരുന്നു.
അമേരിക്കന്‍ ജനസംഖ്യയുടെ 25% വരുന്ന ഇവാഞ്ചലികല്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളില്‍ 81% പേരും ട്രംപിന് 2016-ല്‍ വോട്ട് ചെയ്തവരാണ്. അമേരിക്കയെ വീണ്ടും മഹത്വത്തിലേക്ക് ഉയര്‍ത്തുക എന്ന മുദ്രാവാക്യവുമായി കടന്നുവന്ന ട്രംപിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഇവരെയാണ് അടുത്ത തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ മുന്നണി രൂപീകരിച്ച പരിപാടിയില്‍ അവര്‍ ദൈവത്തോടൊപ്പം ട്രംപിനെയും ആരാധിക്കുന്നു എന്നാണ്. ട്രംപ് ദൈവനിയോഗിതനാണെന്നും അമേരിക്കയില്‍ ക്രിസ്തുമതത്തിനും വിശ്വാസത്തിനും സവിശേഷ പരിഗണന ഉറപ്പാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേറണമെന്നുമാണ് അവര്‍ വാദിക്കുന്നത്. ദൈവശാസ്ത്രവും അമേരിക്കന്‍ ദേശീയതയും വെള്ള വംശീയതയും ഇടകലര്‍ന്നിരിക്കുന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ അജണ്ടകള്‍ പലപ്പോഴും റീഗന്‍, ബുഷ്, ട്രംപ് തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റുമാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.
വന്‍കിട കുത്തക വ്യാപാരിയായ ട്രംപിന്റെ വ്യക്തിപരവും സാമ്പത്തികപരവുമായ പൂര്‍വകാല ചരിത്രം, പലരും ആരോപിക്കുന്നതുപോലെ, ക്രിസ്ത്യന്‍ മതനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നിരുന്നാലും, ഇവാഞ്ചലിക്കല്‍ വിഭാഗത്തെ ട്രംപിന്റെ പിന്നില്‍ അണിനിരത്തുന്നത്, അദ്ദേഹത്തിന്റെ ആഭ്യന്തരവൈദേശിക നയങ്ങളാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ അമേരിക്കയുടെ തനത് വെള്ള സംസ്‌കാരത്തെ സംരക്ഷിച്ചു നിര്‍ത്തുമെന്നാണവര്‍ വാദിക്കുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവും ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ നിരോധനവും പോലുള്ള നയങ്ങള്‍ ഇവര്‍ പിന്തുണയ്ക്കുന്നു. വെള്ള വംശീയതയുടെ വക്താക്കളായ ഇവരില്‍ ഭൂരിഭാഗവും 1960കളില്‍ ഉയര്‍ന്നുവന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പൗരാവകാശ പ്രസ്ഥാനത്തെ എതിര്‍ത്തവരും വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കുമിടയില്‍ വിവേചനത്തിന് നിയമപ്രാബല്യത്തിന് വാദിച്ചവരുമായിരുന്നു. ഇത്തരം വംശീയ വാദങ്ങള്‍ക്ക് ക്രൈസ്തവ പ്രമാണങ്ങളെ കൂട്ടുപിടിക്കാനും അടിമത്തത്തെയും വെള്ള മേധാവിത്വത്തെയും തങ്ങളുടെ വ്യാവസായികസാംസ്‌കാരിക ആധിപത്യത്തിന് ഉപയോഗപ്പെടുത്തുവാനും അവര്‍ ശ്രമിക്കുന്നുണ്ട്.
ട്രംപിന്റെ വൈദേശിക നയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇസ്‌റായേലിന്റെ തലസ്ഥാനം തെല്‍അവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുക എന്നത്. ‘നൂറ്റാണ്ടിന്റെ കരാര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സുപ്രധാന നീക്കം, ഇസ്‌റായേലിന്റെ വാദങ്ങള്‍ക്ക് പ്രായോഗികത നല്‍കുവാനും ഫലസ്തീന്‍ ജനതയ്ക്കുമേലുള്ള സിയോണിസ്റ്റ് അധിനിവേശത്തെ സ്ഥിരീകരിക്കുവാനുമാണ്. ഇതുവഴി ജറുസലേമിന്റെ മേലുള്ള അധികാരം പൂര്‍ണമായി ഇസ്‌റായേലിന് പതിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ നീക്കത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് അമേരിക്കയിലെ ജൂതലോബിയും ക്രിസ്ത്യന്‍ സയണിസ്റ്റുകളായ ഇവാഞ്ചലിക്കല്‍ വിഭാഗവുമാണ്. ലോകാവസാനത്തിലും യേശു ക്രിസ്തുവിന്റെ പുനരാഗമനത്തിലും വിശ്വസിക്കുന്ന ഇവാഞ്ചലിക്കല്‍ വിഭാഗം, അതിന്റെ നിബന്ധനയായി കാണുന്ന പ്രധാന സംഭവമെന്നത് ജൂതരുടെ ജറൂസലേമിലെ പുരാതന ആരാധനാലയത്തിന്റെ നിര്‍മിതിയാണ്. ഹീബ്രു ബൈബിളിന്റെ വാചിക അര്‍ഥ വ്യാഖ്യാനവും ക്രിസ്ത്യന്‍ സയണിസത്തിന്റെ വളര്‍ച്ചയും ഇസ്‌റായേലിനുള്ള അമേരിക്കന്‍ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ സുപ്രധാന നീക്കത്തില്‍ നമുക്ക് കാണാവുന്നത്.
ഇവാഞ്ചലിക്കല്‍ വിഭാഗത്തിന്റെ പ്രധാന അജണ്ടകള്‍ മുന്നോട്ടുവെക്കുന്നത് ജീവിത അനുകൂല നയങ്ങളാണ്. അവര്‍ ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗരതിയെയും നിശിതമായി വിമര്‍ശിക്കുന്നു. ട്രംപിന്റെ ഈ നിലയ്ക്കുള്ള നീക്കങ്ങള്‍ അവരില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കുന്നു. ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം വെട്ടിക്കുറച്ചും ഫെഡറല്‍ കോടതികളില്‍ സാമ്പ്രദായിക ന്യായാധിപന്മാരെ നിയോഗിച്ചും ഇവാഞ്ചലിക്കല്‍ വിഭാഗത്തിന്റെആവശ്യങ്ങള്‍ ട്രംപ് നിറവേറ്റുന്നുണ്ട്. അതുപോലെ അമേരിക്കയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ട്രംപ്, പലപ്പോഴും തന്റെ നിലപാടുകള്‍ കടുത്ത ദേശീയ വാദത്തിലേക്കും സൈനിക മേധാവിത്വത്തിലും ഊന്നിയിട്ടാണ് അവതരിപ്പിക്കുന്നത്. അതേസമയം, ട്രംപിന്റെ യുദ്ധ അനുകൂല, കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളിലെ ഒരുവിഭാഗം ഉയര്‍ന്നുവരുന്നുണ്ട്.
ട്രംപ് മുന്നോട്ടുവെക്കുന്ന അജണ്ടകള്‍ ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കേവലം സാമ്പത്തികദേശീയ താല്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ കാവലാള്‍ മാത്രമായ ട്രംപിനെ രക്ഷകനായി കണക്കാക്കുന്നത് യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കുന്നതാണ്. ലോകത്ത് പലവിധ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അമേരിക്ക നടത്തിയ അധിനിവേശങ്ങളെ വെള്ളപൂശാന്‍ വേണ്ടിയാണ് ഈ അതിമാനുഷിക ന്യായങ്ങള്‍ ചമയ്ക്കുന്നത്. അമേരിക്കയുടെ ലോകപോലീസ് എന്ന വാദം, പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അസ്ഥിരതയിലേക്ക് തള്ളിവിടുകയും ഇസ്‌റായേലിനെ സംരക്ഷിക്കുകയും ഇറാനെതിരെ സൈനിക നീക്കങ്ങള്‍ നടത്തുകയും ചെയ്യാനുള്ള ഉപായമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍തന്നെ ഇവാഞ്ചലിക്കല്‍ വാദങ്ങള്‍ കേവലം അമേരിക്കന്‍ ജനതയ്ക്ക് മാത്രമല്ല, ലോകത്തുടനീളമുള്ള മനുഷ്യര്‍ക്ക് പേടി സ്വപ്‌നങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കൊളോണിയലിസത്തിനും വംശീയ ഉന്മൂലനങ്ങള്‍ക്കും അടിമത്തത്തിനും വിവേചനങ്ങള്‍ക്കും ന്യായങ്ങള്‍ ചമയ്ക്കുന്ന മതനേതൃത്വങ്ങള്‍, മതങ്ങളുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് മാറിക്കൊണ്ട് അധികാരത്തിന് സേവ ചെയ്യുകയാണ്. അതുപോലെ തന്നെ, വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍, മറ്റുള്ളവരെ അനുകരിക്കുന്ന തരത്തിലുള്ള സൗഹാര്‍ദങ്ങള്‍ നയിക്കുന്നത് കൂടുതല്‍ അധിനിവേശങ്ങളിലേക്കും അക്രമങ്ങളിലേക്കുമാണ്.
ലോകരാഷ്ട്രങ്ങള്‍ കൂടിയാലോചനപ്രകാരം തീരുമാനിച്ച കരാറുകള്‍ ലംഘിച്ചുകൊണ്ട്, ഏകപക്ഷീയമായ സാമ്രാജ്യത്വ കല്‍പനകള്‍ ട്രംപ് പുറപ്പെടുവിച്ചതാണ് ഇറാന്‍ ആണവകരാറിനെ അസാധുവാക്കിയ നടപടിയില്‍ നാം വീക്ഷിച്ചത്. എന്നാല്‍ അതിന്നെതിരിലും, ഇസ്‌റായേലിന്റെ തലസ്ഥാനമാറ്റത്തിന്റെ വിഷയത്തിനുമെതിരിലും ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നത് പ്രതീക്ഷാര്‍ഹമാണ്. ട്രംപിനെ പിന്തുടര്‍ന്ന് കുടിയേറ്റ വിരുദ്ധ ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമവും നടപ്പിലാക്കാന്‍ തുനിഞ്ഞ ബി ജെ പിയെ വിവിധ ആഗോള സംഘടനകള്‍ അപലപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മുസ്‌ലിം വിരുദ്ധ വംശഹത്യ നടന്നപ്പോഴും ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ഉഭയപ്രസ്താവന ഇറക്കിയ ട്രംപിനെയും മോദിയെയും ലോകമാധ്യമങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ബെര്‍ണി സാന്‍ഡേര്‍ഡ് വരുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നത് ആശാവഹമാണ്. വംശീയതയുടെയും സ്വജനപക്ഷപാതത്തിന്റെയും രക്ഷകദൗത്യം ചമയുന്ന നേതാക്കളെ അധികാരത്തില്‍ നിന്നും പടിയിറക്കുവാനുള്ള പ്രതിരോധങ്ങള്‍ ലോകത്തുടനീളം ചടുലമായി രൂപപ്പെടുന്നു എന്നത് പ്രതീക്ഷാവഹമാണ്.
`