ഡല്‍ഹി വിധി ജനാധിപത്യത്തിന്റെ വിജയം – മുഹമ്മദ് ഇഖ്ബാല്‍ കോഴിക്കോട്
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് തെല്ലൊന്നുമല്ലാത്ത ആത്മവിശ്വാസമാണ് പകര്‍ന്നത്. രാജ്യത്ത് സംഘപരിവാര്‍ സകല മേഖലകളിലും ഫാസിസ്റ്റ് നിലപാടുകള്‍ സ്വീകരിച്ചുവരുമ്പോള്‍ ഭീതിജനകമായ ഒരു അന്തരീക്ഷമാണ് രാജ്യത്ത് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. വര്‍ഗീയതയും വേര്‍തിരിവുമുണ്ടാക്കിയ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്തുക എന്ന ഫാസിസ്റ്റ് നയമാണ് സമീപകാലത്ത് രാജ്യത്ത് കണ്ടുവരുന്നത്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് 70 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പ് മാത്രമായിരുന്നില്ല. രാജ്യമാകെ ഉറ്റുനോക്കിയ ആവേശകരവും ഉദ്വേഗജനകവുമായ പോരാട്ടം തന്നെയായിരുന്നു. ജനമനസ്സ് നിറയ്ക്കാന്‍ ഹൃദയപൂര്‍വം യത്‌നിക്കുന്ന ഒരു സര്‍ക്കാര്‍ എങ്ങനെയായിരിക്കണമെന്ന് കെജ്‌രിവാള്‍ തെളിയിച്ചു. അതിനു ജനങ്ങള്‍ നല്‍കിയ തുടരംഗീകാരമാണ് ഈ ജനവധി.
ആരോഗ്യമേഖലയില്‍ 3500 കോടി രൂപയായിരുന്നത് 7500 കോടിയാക്കി, ജനങ്ങളുടെ ചികിത്സാഭാരം കുറയ്ക്കാന്‍ നഗരത്തില്‍ ഒട്ടേറെ ‘മൊഹല്ല’ ക്ലിനിക്കുകള്‍ സ്ഥാപിച്ചു, 200 യൂണിറ്റ് വരെ വൈദ്യുതിയും ഒരു മാസം 20,000 ലിറ്റര്‍ വരെ വെള്ളവും സൗജന്യമാക്കി, വിദ്യാഭ്യാസ വിഹിതം 6000 കോടിയില്‍ നിന്ന് 15,600 കോടിയാക്കി ഉയര്‍ത്തി, സര്‍ക്കാര്‍ സ്‌കൂളുകളില്‍ 20,000 പുതിയ ക്ലാസ്മുറികള്‍ നിര്‍മിച്ചു തുടങ്ങി സമാനതകളില്ലാത്ത മാതൃകാപദ്ധതികളാണ് കെജ്്‌രിവാള്‍ സംസ്ഥാനത്ത് നടപ്പാക്കിയത്.
22 വര്‍ഷമായി അധികാരത്തിനു പുറത്തുനില്‍ക്കുന്ന ബി ജെ പിയെ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിക്കാനായിരുന്നു സംഘപരിവാര്‍ ശ്രമം. നരേന്ദ്രമോദിക്കും അമിത്ഷാക്കും പുറമെ 200 എം പിമാരും എഴുപതോളം കേന്ദ്രമന്ത്രിമാരും 11 സംസ്ഥാന മുഖ്യമന്ത്രിമാരുമടങ്ങിയ നീണ്ട നിരയായിരുന്നു ഡല്‍ഹിയില്‍ ബി ജെ പിക്കു വേണ്ടി പ്രചാരണത്തിനെത്തിയത്.