3 Thursday
July 2025
2025 July 3
1447 Mouharrem 7

ടി കുഞ്ഞബ്ദുല്ല ഹാജി

നരിക്കുനി: കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ മുന്‍ പ്രസിഡന്റും നരിക്കുനി സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി കുഞ്ഞബ്ദുല്ല ഹാജി (80) അന്തരിച്ചു. ടൗണ്‍ പ്ലാനറായി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും കണ്ടോത്തുപാറ മസ്ജിദുറഹ്മ വിപുലീകരണത്തിലും നേതൃപരമായ പങ്ക് വഹിച്ചു. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും സഹായിക്കാനും പ്രയാസപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഉദാരമനസ്‌കത കാണിച്ച വ്യക്തിയായിരുന്നു. കുഞ്ഞബ്ദുല്ല ഹാജിയും കുടുംബവും നല്‍കിയ സഹായത്തിന്റെ തണലില്‍ ജീവിതം പച്ചപിടിപ്പിച്ച നിരവധി കുടുംബങ്ങള്‍ നാട്ടിലുണ്ട്.
രോഗം കാരണം അവശതകള്‍ അനുഭവിക്കുമ്പോഴും അദ്ദേഹം സാരഥ്യം വഹിക്കുന്ന സലഫി സ്ഥാപനങ്ങളുടെ പരിപാടികളില്‍ സംബന്ധിച്ചിരുന്നു. സനാബില്‍ സക്കാത്ത് കമ്മിറ്റി പ്രസിഡന്റ്, അല്‍ഫിത്‌റ പ്രീ സ്‌കൂള്‍ പ്രസിഡന്റ്, മസ്ജിദുറഹ്മ കണ്ടോത്തുപാറ പ്രസിഡന്റ്്, ഇ സി ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍, കെയര്‍ കണ്ടോത്തുപാറ മുഖ്യ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പി പി ആയിഷ. മക്കള്‍: കെ പി ഹാരിസ്, കെ പി അബ്ദുന്നസീര്‍, കെ പി അബ്ദുല്‍സഹീര്‍. സഹോദരങ്ങള്‍: ടി ഹസന്‍ പുന്നശ്ശേരി, ഖദീജ, ആയിശ, മറിയക്കുട്ടി, ഹലീമ, ഖദീജ, പരേതരായ ഖദീജ, പി പി മോയിന്‍കുട്ടി, പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍ (കെ എന്‍ എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), ടി കുഞ്ഞിപ്പെരി മാസ്റ്റര്‍, പി പി അഹമ്മദ്, പി പി ഹുസൈന്‍ ഹാജി, ടി കെ മൊയ്തീന്‍ കോയ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
കെ കെ റഫീഖ് പി സി പാലം

Back to Top