ജെ എന്‍ യു: ആടിനെ പട്ടിയാക്കുന്നുവോ?- അബ്ദുര്‍റഊഫ് തിരൂര്‍
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് ആടിനെ പട്ടിയാക്കുന്നു. ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയാണ് മുഖം മൂടി ധരിച്ചെത്തിയ നല്പതോളം വരുന്ന സംഘം അക്രമം നടത്തിയത്. സംഭവത്തില്‍ ഏറെ ദുരൂഹത നിറഞ്ഞിരുന്നിട്ടം കാര്യക്ഷമമായി അന്വേഷണം നടത്താന്‍ മുതിരാതിരുന്ന ഡല്‍ഹി പൊലീസ് പിന്നീട് അറിയിച്ചത് കോളജ് യൂണിയന് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടവരാണ് അക്രമം നടത്തിയതെന്നായിരുന്നു.
അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ഒന്‍പതു കുട്ടികളെ തിരിച്ചറിഞ്ഞെന്നും അതില്‍ ഏഴുപേര്‍ ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകരാണെന്നും വാര്‍ത്താസമ്മേളനം നടത്തി പൊലീസ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. ഡോലന്‍ സാമന്ത, പ്രിയ രഞ്ജന്‍, സുചേത താലുക്ദാര്‍, ഭാസ്കര്‍ വിജയ് മെക്, ചുഞ്ചുന്‍ കുമാര്‍ (ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ഥി), പങ്കജ് മിശ്ര എന്നിവര്‍ ആയിരുന്നു മറ്റുള്ളവര്‍. ഇതിനെതിരെ വിദ്യാര്‍ഥി യൂണിയന് ശക്തമായി രംഗത്തുവന്നിരുന്നു.
എന്നാല്‍ പിന്നീട് പൊലീസ് വാക്കു മാറ്റിപ്പറഞ്ഞു. ജനുവരി അഞ്ചിന് രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ 37 വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞെന്നായിരുന്നു പുതിയ ഭാഷ്യം. ഇവരില്‍ ഭൂരിഭാഗവും സെമസ്റ്റര്‍ രജിസ്ട്രേഷന് പ്രക്രിയയെ അനുകൂലിക്കുകയും സ്വയം പ്രവേശനം നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. ‘യൂണിറ്റി എഗയിന്‍സ്റ്റ് ലെഫ്റ്റ്’ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് നിരീക്ഷണത്തിലാണെന്ന് വെള്ളിയാഴ്ച പൊലീസ് പറഞ്ഞിരുന്നു. ഈ ഗ്രൂപ്പാണ് ജെ എന്‍ യുവില്‍ അക്രമം സൃഷ്ടിച്ചതെന്നാണ് കരുതപ്പെടുന്നത്. തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളില്‍ ഒരാള്‍ പോലും ഇടതുപക്ഷ, വലതുപക്ഷ സംഘടനകളില്‍ നിന്നുള്ളവര്‍ അല്ലെന്ന് പൊലീസ് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.