9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ജുഡീഷ്യറി  ഭരണകൂടവുമായി  ചങ്ങാത്തം  കൂടരുത് – അബ്ദുല്‍ഹമീദ് കൊച്ചി

ഭരണാധികാരികള്‍ക്ക് സ്തുതി പാടി അധികാരം കയ്യാളുന്ന ഉദ്യോഗസ്ഥര്‍ നിരവധിയുണ്ട് നമ്മുടെ രാജ്യത്ത്. ജനാധിപത്യ സംവിധാനത്തില്‍ അതിന് നല്ല അവസരങ്ങളുമുണ്ട്. എന്നാല്‍ നിയമനിര്‍മാണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് വിഭിന്നമാവേണ്ടതുണ്ട്. കാരണം, ജനാധിപത്യത്തിന്റെ പ്രധാന തൂണുകളിലൊന്നാണ് കോടതി സംവിധാനം. ഇതിലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടും. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍മിശ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചുകൊണ്ട് നടത്തിയ പ്രസംഗം തന്റെ പദവിക്ക് ചേര്‍ന്നതായില്ല. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. ഭരണത്തലവന് ഇത്തരം പ്രശംസ നല്‍കുന്നത് ഒരു സിറ്റിങ് ജഡ്ജിന്റെ ജോലിയല്ല. അത്തരം അഭിപ്രായങ്ങള്‍ നല്‍കുന്നത് സ്വതന്ത്ര നിയമവ്യവസ്ഥയെക്കുറിച്ചു സംശയം ജനിപ്പിക്കും. ജുഡീഷ്യറിയെക്കുറിച്ചും സര്‍ക്കാര്‍ കക്ഷിയാകുന്ന കേസുകളില്‍ ജഡ്ജുമാരുടെ സത്യസന്ധതയെക്കുറിച്ചും തെറ്റായ സന്ദേശം നല്‍കാനും ഇത് കാരണമാകും. സര്‍ക്കാര്‍ ഒരു നിയമ വ്യവഹാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ്. അങ്ങനെവരുമ്പോള്‍ നിയമവ്യവസ്ഥയെ അപേക്ഷിച്ച് മറ്റു പൗരന്മാരും സര്‍ക്കാരും തുല്യരാണ്. പ്രധാനമന്ത്രിയെയോ ഭരണത്തലവന്മാരെയോ പ്രശംസിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം കേസുകള്‍ പരിഗണിക്കുമ്പോള്‍ ജഡ്ജ് പുറപ്പെടുവിക്കുന്ന വിധികള്‍ വസ്തുനിഷ്ഠമല്ലെന്ന തെറ്റായ സന്ദശം നല്‍കാന്‍ അതു കാരണമാകും. 1980ല്‍ ഇന്ദിരാ ഗാന്ധി പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ അന്നത്തെ സുപ്രിം കോടതി ജസ്റ്റിസ് ഭഗവതി അവരെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. ഇതിനെ അപലപിച്ച് മുതിര്‍ന്ന അഭിഭാഷകരും റിട്ട. ജഡ്ജുമാരും രംഗത്തെത്തുകയും ചെയ്തിരുന്നു. ജുഡീഷ്യറി ഒരിക്കലും ഭരണകൂടവുമായി ചങ്ങാത്തം കൂടുകയോ പരസ്യമായി ഇത്തരം പ്രസ്താവനകള്‍ പറയുകയോ ചെയ്യാതിരിക്കുന്നതാണ് ഉചിതം.
Back to Top