ജി സെവന്‍ ഉച്ചകോടിയിലേക്ക് ഇറാന്‍
ജി സെവന്‍ ഉച്ചകോടിയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പങ്കെടുക്കുന്നതാണ് ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര വാര്‍ത്ത. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന വേദിയിലാണ് സരീഫിന്റെ സാന്നിധ്യമുള്ളതെന്നതും വാര്‍ത്തയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇറാനെതിരേ ഏത് നിമിഷവും യുദ്ധം ആരംഭിച്ചേക്കാമെന്ന പ്രതീതി നില നിര്‍ത്തി വന്ന അമേരിക്കക്കേറ്റ ഒരു വലിയ ക്ഷീണമെന്നാണ് ഈ വാര്‍ത്തയോട് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിക്കുന്നത്. സാധ്യമാകുന്നത്ര രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കിയും വശീകരിച്ചും ഇറാനെതിരേ നീങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കേറ്റ ഒരു വലിയ ക്ഷതമെന്നും വിശകലനങ്ങളുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഇറാനെ ജി സെവന്‍ ഉച്ചകോടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. ഇതൊരു വലിയ നയതന്ത്ര നീക്കമായിരുന്നു. ഇറാനെ തങ്ങള്‍ കൈവിട്ടിട്ടില്ലെന്നും അത്രയെളുപ്പം ഇറാനെ ഫ്രാന്‍സ് കൈവിടില്ലെന്നുമുള്ള വ്യക്തമായ ഒരു സൂചനയാണ് ഈ ക്ഷണം. ക്ഷണം കിട്ടിയ മാത്രയില്‍ അതിനെ സ്വീകരിച്ച് കൊണ്ട് ഇറാനും ആ നയതന്ത്ര നീക്കത്തിന്റെ ഗുണഭോക്താവായി മാറി. ഇറാനുമായി ആണവ കരാറൊപ്പിട്ട രാജ്യങ്ങളില്‍ മുഖ്യമായ ഒരു സ്ഥാനമാണ് ഫ്രാന്‍സിനുള്ളത്. ഉച്ച കോടിയിലേക്കുള്ള ഈ ക്ഷണം വഴി അമേരിക്കയുടെ കരാര്‍ പിന്മാറ്റത്തിന് തങ്ങളുടെ പിന്തുണയില്ലെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചിരിക്കുകയാണ്. എകപക്ഷീയമായി കരാര്‍ പിന്മാറ്റം നടത്തിയ അമേരിക്കന്‍ നടപടികളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് നേരത്തെ തന്നെ അനേകം രാജ്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള ഭരണകൂടങ്ങളെ പ്രേരിപ്പിച്ചും സമ്മര്‍ദപ്പെടുത്തിയും തങ്ങളോടൊപ്പം നിര്‍ത്തുന്ന ഒരു സമീപനമായിരുന്നു അമേരിക്ക കൈക്കൊണ്ടത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ എസും പ്രത്യേകമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.