ജി സി സി യോഗത്തിലേക്ക് ഖത്തറിനെ ക്ഷണിച്ച് സൗദി
മക്കയില്‍ വെച്ച് നടക്കാനിരിക്കുന്ന അടുത്ത ജി സി സി യോഗത്തിലേക്ക് ഖത്തറിനെ സൗദി രാജാവ് ക്ഷണിച്ചതാണ് ഏറ്റവും പ്രാധാന്യമുള്ള ഒരു മിഡില്‍ ഈസ്റ്റ് വാര്‍ത്ത. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ട് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ക്ഷണിക്കുകയായിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇറാന്‍ അമേരിക്കന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി ജി സി സി യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഒരു യുദ്ധമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് അടിയന്തിരമായി ഒരു യോഗം ചേരുന്നത്. മിക്കവാറും ജി സി സി രാജ്യങ്ങളും സ്വന്തം നിലക്ക് ആഭ്യന്തര സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ തങ്ങളുടെ നിലനില്പിന് ഭീഷണികളുണ്ടാകാത്ത സാഹചര്യം ഉറപ്പ് വരുത്താനും ഓരോ രാജ്യങ്ങളും പദ്ധതികള്‍ ആവിഷകരിച്ച് വരുന്നുണ്ട്. അതിനിടെയാണ് അടിയന്തരമായ ഒരു ജി സി സി യോഗം ഇപ്പോള്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത്. സൗദി ഖത്തര്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തതില്‍ പിന്നെ ഖത്തറിനെ ജി സി സിയില്‍ പുറത്താക്കാനുള്ള നടപടികളായിരുന്നു സൗദി പക്ഷത്ത് നിന്ന് ഉണ്ടായിരുന്നത്. മുമ്പ് നടന്ന ജി സി യോഗങ്ങളില്‍ ഖത്തറിനെ പങ്കെടുപ്പിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തി വന്ന സൗദി ഇപ്പോള്‍ ഖത്തര്‍ അമീറിനെ വിളിക്കാനും യോഗത്തിലേക്ക് ക്ഷണിക്കാനും തയാറായത് ഒരു ശൂഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഒരു പക്ഷേ സൗദി ഖത്തര്‍ പ്രശ്‌നങ്ങളില്‍ ഒരു മഞ്ഞുരുക്കം നടക്കാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അനുമാനിക്കുന്നു. എന്നാല്‍ യുദ്ധം ഒരു കാരണവശാലും നടക്കില്ലെന്നും അമേരിക്ക കേവലം മനശാസ്ത്ര യുദ്ധമാണ് ഇപ്പോള്‍ നടത്തുന്നതെന്നുമാണ് ഇറാന്റെ നിലപാട്.