ജിന്ന് ചികിത്സാ കൊലപാതകം അന്ധവിശ്വാസ പ്രചാരണത്തിന് വേദിയൊരുക്കിയവര്‍ മറുപടി പറയണം – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)
കോഴിക്കോട്: ജിന്ന് ചികിത്സയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കരുളായിയിയില്‍ യുവാവ് മരണപ്പെടാനിടയായത് മത നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(മര്‍കസുദ്ദഅ്‌വ) ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവാവിന്റെ മരണത്തിന് കാരണക്കാരായ ജിന്ന് ചികിത്സകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതോടൊപ്പം നവോത്ഥാന പ്രസ്ഥാനങ്ങളുടെ ബാനറില്‍ ജിന്ന് ചികിത്സ, പിശാചിനെ അടിച്ചിറക്കില്‍, മാരണം, കൂടോത്രം(സിഹ്ര്‍) തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിയവരെ തുറന്നു കാണിക്കുകയും ചെയ്യണമെന്ന് സി പി ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളുടെ നവോത്ഥാന പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ജിന്ന് ചികിത്സ, പിശാചിനെ അടിച്ചിറക്കല്‍, സിഹ്‌റ്(മാരണം) തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ഇറക്കുമതി ചെയ്ത് പ്രചരിപ്പിച്ചവര്‍ കരുളായിയിലെ ജിന്ന് ചികിത്സാ കൊലപാതകത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പള്ളികളും സ്ഥാപനങ്ങളും സ്റ്റേജുകളും പ്രസിദ്ധീകരണങ്ങളും അന്ധവിശ്വാസ പ്രചാരണത്തിന് അവസരമൊരുക്കിയപ്പോള്‍ അരുതെന്ന് പറഞ്ഞ മുജാഹിദ് പണ്ഡിതന്മാരെയും മര്‍കസുദ്ദഅ്‌വ വിഭാഗം മുജാഹിദുകളെയും ഹദീസ് നിഷേധികളെന്നും ചേകന്നൂരികളെന്നും അധിക്ഷേപിച്ചവര്‍ ഇനിയെങ്കിലും തെറ്റുതിരുത്തി നവോത്ഥാനത്തിന്റെ വഴിയിലേക്ക് തിരിച്ചുവരണം.
സിഹ്‌റിന് പ്രതിഫലനമുണ്ടെന്ന് സ്ഥാപിക്കാന്‍ നാടുനീളെ ഹദീസുദ്ധരിച്ച് പ്രചാരണം നടത്തുന്ന സി ഡി ടവര്‍ വിഭാഗം കെ എന്‍ എം സമുദായത്തോട് ചെയ്യുന്ന ദ്രോഹം എത്രമാത്രമാണെന്ന് ബോധ്യം വരാന്‍ ഇങ്ങനെയെങ്കില്‍ അധികം കാത്തിരിക്കേണ്ടിവരില്ല. ജിന്ന് ചികിത്സ, മാരണം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്ക് തെളിവായുദ്ധരിക്കുന്ന ഹദീസുകളെല്ലാം വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞതിന്റെ പേരില്‍ മര്‍കസുദ്ദഅ്‌വ വിഭാഗം മുജാഹിദുകളെ ഹദീസ് നിഷേധികളെന്നാക്ഷേപിച്ചവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് ബലിയാടാകുന്നവരോട് പ്രായശ്ചിത്തം ചെയ്യാന്‍ ബാധ്യസ്ഥമാണ്. കേരളത്തിലങ്ങോളം അന്ധവിശ്വാസത്തിന്റെ ബലിയാടുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ എത്രയും പെട്ടെന്ന് കൊണ്ടുവന്ന് നടപ്പിലാക്കണമെന്ന് കെ എന്‍ എം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു.
