3 Tuesday
December 2024
2024 December 3
1446 Joumada II 1

ജയന്തിയും സമാധിയും ഇസ്‌ലാമിക സംസ്‌കാരവും

വിധി വൈപരീത്യമെന്നു പറയട്ടെ ഇസ്‌ലാമിക വിരുദ്ധ സംസ്‌കാരങ്ങളാണ് മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം ആചാരമായി കൊണ്ടാടുന്നത്. ഒരു മാസമായി നാടിന്റെ നാനാഭാഗത്തും നബിജയന്തിഘോഷങ്ങള്‍ വ്യത്യസ്ത രീതികളില്‍ നടത്തപ്പെടുന്നു. പ്രകടനപരത, ബഹളമയമായ അന്തരീക്ഷം, ഇതര സമൂഹങ്ങള അനുകരിക്കല്‍ തുടങ്ങി നിരവധി അരുതായ്മകള്‍ ഇതിനകത്തുണ്ട്. നബിയുടെ ചര്യ മാത്രം ഇതിലില്ല. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ‘ആചാര’ങ്ങളുടെ പേറ്റന്റ് ആര്‍ക്കാണ് എന്ന ഒരു തര്‍ക്കം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ ആര്‍ക്കും നിശ്ചയിക്കാവുന്നതും കാലഭേദങ്ങള്‍ക്കനുസരിച്ച് മാറാവുന്നതുമായ ആചാരങ്ങളില്ല. നിയതമായ അനുഷ്ഠാനങ്ങളേയുള്ളൂ.  അവയ്ക്ക് പ്രാദേശിക ഭേദങ്ങളില്ല. കാരണം അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനക്കനുസരിച്ചു മാത്രമേ അനുഷ്ഠാനങ്ങള്‍ നിശ്ചയിക്കപ്പെടൂ. മതത്തിന്റെ പേരിലല്ലാതെ നാട്ടാചാരങ്ങള്‍ (ഉര്‍ഫ്) ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമല്ലെങ്കില്‍ സ്വീകരിക്കാവുന്നതാണ് എന്നാണ് പണ്ഡിത മതം.
പുണ്യമെന്ന ധാരണയിലും പ്രതിഫലം പ്രതീക്ഷിച്ചും ചെയ്യുന്ന മതാചാരങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അധ്യാപനങ്ങള്‍ക്കനുസരിച്ചു മാത്രമേ ചെയ്യാന്‍ മുസ്‌ലിംകള്‍ക്കനുവാദമുള്ളൂ. അങ്ങനെയെങ്കില്‍ നബി ജയന്തി ആഘോഷിക്കാനോ ആചരിക്കാനോ ന്യായമില്ല. കാരണങ്ങള്‍ (1) നബി(സ) മുന്‍ പ്രവാചകന്മാരുടെ ജയന്തിയോ സമാധിയോ ആഘോഷിച്ചിട്ടില്ല, (2) നബി സ്വന്തം ബര്‍ത്ത് ഡേ അനുസ്മരിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല, (3) ഏതെങ്കിലും ജയന്തി ആഘോഷിക്കാന്‍ നബി(സ) സൂചന പോലും നല്‍കിയിട്ടില്ല, (4) പ്രവാചക പത്‌നിമാര്‍, ഖുലഫാ ഉര്‍റാശിദുകള്‍, മറ്റു സ്വഹാബിമാര്‍ തുടങ്ങി ആരും നബിയുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല, (5) ഉത്തമ തലമുറകള്‍ എന്ന് നബി(സ) വിശേഷിപ്പിച്ച ആദ്യ നൂറ്റാണ്ടുകാര്‍ ആരും ചെയ്തില്ല, (6) പില്‍ക്കാലത്ത് മതവിധികള്‍ക്ക് ജനങ്ങള്‍ അവലംബിച്ചിരുന്ന മദ്ഹബിന്റെ ഇമാമുകള്‍ നബിദിനം ആഘോഷിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
ഇത്രയും കാര്യങ്ങള്‍ അനിഷേധ്യ ചരിത്ര വസ്തുതകളാണ്. പിന്നെ ഏതു നിലയ്ക്കാണ് മുസ്‌ലിംകള്‍ നബിയുടെ ജന്മദിനം ആഘോഷിക്കുക. ശ്രീകൃഷ്ണ ജയന്തിയും യേശുക്രിസ്തു ജയന്തിയും കേമമായി ആഘോഷിക്കുന്ന സമുദായങ്ങളെ ചാണിനു ചാണായി അനുകരിച്ചുകൊണ്ട് നബിജയന്തി എന്ന ഒരു പരിപാടി ചില മുസ്‌ലിം വിരുതന്‍മാര്‍ സംഘടിപ്പിച്ചതാണ്. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ചില രാജാക്കന്മാര്‍ തങ്ങളുടെ ഭരണവൈകല്യം മറച്ചുവെക്കാന്‍ വിവരമില്ലാത്ത ജനത്തെ കൈയിലെടുത്തുകൊണ്ട് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയതാണ് എന്നതും ചരിത്ര വസ്തുതയാണ്. ഈയാഘോഷ ഘോഷങ്ങള്‍ പുണ്യം പ്രതീക്ഷിച്ചുകൊണ്ടാണ് ചെയ്യുന്നതെങ്കില്‍ ബിദ്അത്താണ്. ബിദ്അത്ത് പിഴച്ചവഴിയാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പ്രതിഫല പ്രതീക്ഷയില്ലാത്ത കേവലാചാരമെങ്കില്‍ ഇതൊരു വൃഥാ വേലയാണ്.
ഏതൊരു തിന്മയും കടന്നുവരുന്നത് നല്ലതിന്റെ ലേബലിലാവും. ബ്രാന്റഡ് വസ്തുക്കളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ വിപണിയില്‍ നിറയുന്നതുപോലെ. പ്രവാചക സ്‌നേഹമെന്ന വ്യാജേനയാണ് ജയന്തിയാഘോഷം മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. പ്രവാചക സ്‌നേഹം വിശ്വാസിയുടെ ബാധ്യതയാണല്ലോ. എന്നാല്‍ അതിനുള്ള മാര്‍ഗം ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും പ്രവാചക സ്‌നേഹം എങ്ങനെയെന്ന് കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ജീവിത മാതൃക പിന്‍പറ്റുക എന്നതു മാത്രമാണതിനുള്ള പോംവഴി. ”അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്”(33:21). അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചവര്‍ മഹത്തായ വിജയംവരിച്ചു (33:70). പറയുക നബിയേ, നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നെങ്കില്‍ എന്നെ പിന്‍പറ്റുക, അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും (3:31). ‘അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും പിന്‍പറ്റുന്ന കാലത്തോളം നിങ്ങള്‍ പിഴക്കില്ല’ എന്ന വസിയ്യത്തോടെയാണ് നബി(സ) വിട പറഞ്ഞത്. ഇതാണ് വിശ്വാസിയുടെ വഴി. ഇതിലപ്പുറം ആരെങ്കിലും താത്പര്യപ്പെട്ടാല്‍ അത് ഇസ്‌ലാമിന്റെ മാര്‍ഗമല്ല; എത്ര ആകര്‍ഷകമായി തോന്നിയാലും.
ഇസ്‌ലാമിക സംസ്‌കാരത്തില്‍ പുണ്യദിനങ്ങളുണ്ട്, പുണ്യമാസങ്ങളുണ്ട്, ആഘോഷങ്ങളുണ്ട്. അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്. ലൈലത്തുല്‍ ഖദ്ര്‍ പുണ്യദിനമാണ്. റമദാന്‍ പുണ്യമാസമാണ്. രണ്ടു പെരുന്നാളുകള്‍ ആഘോഷ സുദിനങ്ങളാണ്. ഇതിന്റെയെല്ലാം പ്രാധാന്യം മുസ്‌ലിം ലോകത്തിനും ഇതര മതസ്ഥര്‍ക്കും വ്യക്തമാണുതാനും. ഖുര്‍ആനിലൂടെ ചരിത്രം പറയപ്പെട്ട ഒരു പ്രവാചകന്റെയും ജനിമൃതികള്‍ എന്നാണെന്ന പരാമര്‍ശമില്ല. ജന്മ സ്ഥലങ്ങളോ സമാധി സ്ഥലങ്ങളോ പരാമര്‍ശമില്ല. മുഹമ്മദ് നബിയുടെ ബര്‍ത്ത് ഡേ എന്നാണെന്ന് അദ്ദേഹത്തിനുപോലും തിട്ടമില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നെങ്കില്‍ തിട്ടപ്പെടുത്തപ്പെടാതിരിക്കില്ല. എന്നാല്‍ നബി(സ) മരണപ്പെട്ടത് റബീഉല്‍ അവ്വല്‍ മാസത്തിലാണെന്നത് ചരിത്രം രേഖപ്പെടുത്തിയ യാഥാര്‍ഥ്യമാണുതാനും. റബീഉല്‍ അവ്വല്‍ മാസത്തിന്റെ മേന്മ സൂചിപ്പിക്കുന്ന ഒരു പരാമര്‍ശം പോലും വിശുദ്ധ ഖുര്‍ആനിലോ നബി ചര്യയിലോ ഇല്ലതാനും.
ഇതില്‍ നിന്നെല്ലാം നമുക്ക് വ്യക്തമാകുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ജയന്തിയും സമാധിയും ആഘോഷിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരത്തില്‍ പെട്ടതല്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ നാട്ടില്‍ ചിലര്‍, ജന്മദിനം തിട്ടമില്ലാ ത്തതിനാലാവാം, ഒരു മാസം മുഴുവന്‍ ജയന്തിയാഘോഷിക്കുന്നത്. ഈ നിലപാട് അത് ചെയ്യുന്നവര്‍ക്ക് പാരത്രിക നഷ്ടവും അനുഭവിക്കുന്നവര്‍ക്ക് ഐഹിക വിഷമവുമാണ്. അനാചാരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടവരാണ് മുസ്‌ലിംകള്‍.
Back to Top