26 Thursday
December 2024
2024 December 26
1446 Joumada II 24

ജമാഅത്തും ബിദ്അത്തും

കെ പി എസ് ഫാറൂഖി

”കര്‍മശാസ്ത്ര വിഷയങ്ങളില്‍ തങ്ങളുടെ നിലപാടിലെ കാര്‍ക്കശ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബദ്ധപ്പെടുന്ന ചിലരുണ്ട്. തറാവീഹ് നമസ്‌കാരത്തില്‍ എട്ട് റക്അത്ത് മാത്രമേ പാടുള്ളൂ എന്ന് നിര്‍ബന്ധമുള്ളവര്‍, കൂടുതല്‍ റക്അത്ത് നമസ്‌കരിക്കുന്ന ഇടങ്ങളില്‍ നിന്ന് പ്രതിഷേധാത്മക സൂചകമായോ എട്ടില്‍ കൂടുതല്‍ നമസ്‌കരിക്കുന്നത് പൊറുക്കാന്‍ പറ്റാത്ത അപരാധമാണെന്ന് കരുതിയോ എഴുന്നേറ്റു പോകുന്നവര്‍, മറ്റുള്ളവര്‍ തങ്ങളുടെ ഈ പ്രവൃത്തി എങ്ങനെ വീക്ഷിക്കുമെന്നത് അവര്‍ക്ക് പ്രശ്‌നമാകാറില്ല. പള്ളി മുഴുവന്‍ നമസ്‌കാരശേഷം കൂട്ടുപ്രാര്‍ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ ശരിയെന്ന തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധ സൂചകമെന്നോണം എഴുന്നേറ്റ് നിന്ന് സുന്നത്ത് നമസ്‌കരിക്കുന്നത് നിഷ്പക്ഷരായ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണും എന്നതും അത്തരക്കാരെ അലട്ടുന്ന ചിന്തയല്ല. ബഹുജന ഹൃദയങ്ങളില്‍ വേരോട്ടം നഷ്ടപ്പെടുന്നതും ആശയ വിനിമയത്തിന്റെയും സൗമനസ്യത്തിന്റെയും പാലം തകര്‍ക്കപ്പെടുന്നതും ഈ വിധമാണ്.” ( പ്രബോധനം 5/2/2021)
ബിദ്അത്തുകളോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ഇത:പര്യന്തമുള്ള അഴകൊഴമ്പന്‍ നിലപാടുകളെ അടിവരയിടുന്ന സ്വയംകൃത നിലപാടുകളിലെ മതപരമായ നിലപാടില്ലായ്മയാണ് ഈ വരികളില്‍ പ്രകടമാകുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിട്ടെങ്കിലും ബിദ്അത്തുകള്‍ക്കും നബിചര്യയെക്കാള്‍ മദ്ഹബ് പക്ഷപാതിത്വത്തിനും തന്നെയാണ് നാം പ്രാമുഖ്യം കല്‍പിക്കേണ്ടതെന്നും അതിനാല്‍ മതത്തിന്റെ പേരില്‍ നടമാടുന്ന അനാചാര – ദുരാചാരങ്ങളെ വിമര്‍ശിക്കാതെ അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്നും പറയാതെ പറയുകയാണ് ജമാഅത്ത് ലേഖകന്‍.
നമസ്‌കാരത്തില്‍ ഖുനൂത്ത് നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്ന ഇമാം ശാഫി ഇറാക്കില്‍ വെച്ച് ഇമാം അബൂഹനീഫയുടെ അനുയായികള്‍ കൂടുതലുള്ള ഒരു പള്ളിയിലെത്തിയപ്പോള്‍ ഖുനൂത്ത് ഒഴിവാക്കി എന്ന കഥയാണ് തന്റെ വിതണ്ഡവാദങ്ങള്‍ക്ക് വലിയ തെളിവായി ഉദ്ധരിക്കുന്നത് എന്നതും വിചിത്രമായിരിക്കുന്നു. ഇമാം ശാഫിഈ മാത്രമല്ല, മദ്ഹബിന്റെ ഇമാമുകളെയെല്ലാം അപമാനിക്കുന്ന ഒരു നിലപാടാണ് സ്വീകരിക്കുന്നത്. കാരണം മദ്ഹബിന്റെ ഇമാമുകളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടുള്ളത് ഞങ്ങള്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫത്‌വകള്‍, ഇതിന് വിരുദ്ധമായി സ്ഥിരപ്പെട്ട ഹദീസ് കിട്ടിയാല്‍ ഞങ്ങളുടെ അഭിപ്രായങ്ങള്‍ (മതവിധികള്‍) ഉപേക്ഷിക്കുകയും ഹദീസിലുള്ളത് പ്രകാരം ചെയ്യുകയും വേണം എന്നാണ്. (വ്യവസ്ഥാപിതമായ നിലയില്‍ ഹദീസ് ശേഖരണവും ക്രോഡീകരണവും നടന്നത് പ്രമുഖരായ മദ്ഹബീ ഇമാമുമാരുടെ കാലശേഷമാണ് എന്നതും നാം ചേര്‍ത്ത് വായിക്കുക). എന്നാല്‍ മദ്ഹബി പക്ഷപാതിത്വവും വ്യക്തിപൂജയും തലക്ക് പിടിച്ചവര്‍ സ്ഥിരപ്പെട്ട ഹദീസുകളെ അവഗണിക്കുകയും സ്ഥിരപ്പെട്ട ഹദീസുകള്‍ക്ക് വിരുദ്ധമായ മദ്ഹബീ ഫത്‌വകള്‍ക്ക് തന്നെ പ്രാമുഖ്യം നല്‍കിപ്പോരുകയും ചെയ്തു.
മുസ്‌ലിം സമൂഹത്തിലെ വിഭാഗീയതയുടെ പ്രതീകമായ മദ്ഹബി പക്ഷപാതിത്വത്തെ എപ്പോഴും തഴുകിത്തലോടുകയും ‘എല്ലാ കൂട്ടരും ഞങ്ങളിലുണ്ട്’ എന്ന് പറയുന്നതും എഴുതുന്നതും അഭിമാനമായി കരുതുകയും സ്ഥിരപ്പെട്ട നബിചര്യയെ ശാഖാപരമായി കണ്ട് ഭൂരിപക്ഷം എന്ത് ചെയ്യുന്നു എന്ന് നോക്കി അതിനനുസരിച്ച് മതവിഷയളില്‍ നിലപാടെടുക്കുകയും ചെയ്യുന്ന ജമാഅത്തുകാരില്‍ നിന്ന് ഇത്തരം അപസ്വരങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്. മതവിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുക എന്ന നിലപാടിലെ നിലപാടില്ലായ്മയാണ് ഇപ്പോഴും ഇങ്ങനെയൊക്കെ എഴുതാനും പറയാനും ദൃഷ്ടരാക്കുന്നത് എന്നതും വ്യക്തം.
ഇരുപതും മുപ്പതും നാല്‍പതും റക്അത്ത് തറാവീഹ് നമസ്‌കരിക്കുന്ന പള്ളിയില്‍ എത്തിപ്പെട്ടാല്‍ 8 റക്അത്ത് നമസ്‌കരിച്ച് മതിയാക്കാതെ ആ പള്ളിയില്‍ എത്രയാണോ നമസ്‌കരിക്കുന്നത് അതില്‍ മുഴുവന്‍ പങ്കെടുക്കണം എന്നും നമസ്‌കാരാനന്തര കൂട്ടുപ്രാര്‍ഥന എന്ന ബിദ്അത്തുള്ള പള്ളിയില്‍ എത്തിപ്പെട്ടാല്‍ ആ ബിദ്അത്തില്‍ പങ്കാളിയായി അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം എന്നും ഒരു മത പ്രസിദ്ധീകരണത്തിലൂടെ ദുര്‍ബോധനം നടത്തുന്നവര്‍ താഴെ പറയുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ധാര്‍മികമായി ബാധ്യസ്ഥരാണ്. ചോദ്യം ഇവയാണ്:
റമദാനിലാകട്ടെ, അല്ലാത്തപ്പോഴാകട്ടെ, നബി(സ) പതിനൊന്ന് റക്അത്തിനെക്കാള്‍ ഖിയാമുല്ലൈല്‍ വര്‍ധിപ്പിച്ചിട്ടില്ല എന്ന ആയിശ(റ)യുടെ ഹദീസ് നിങ്ങള്‍ ജമാഅത്തുകാര്‍ അംഗീകരിക്കുന്നുണ്ടോ? നബി(സ) ഫര്‍ദ് നമസ്‌കാരാനന്തരം കൂട്ടുപ്രാര്‍ഥന നടത്തുകയും സ്വഹാബികളെല്ലാം ആമീന്‍ പറഞ്ഞ് അതിനോട് സഹകരിക്കുകയും ചെയ്ത ഒരു സംഭവമെങ്കിലും സ്ഥിരപ്പെട്ട ഹദീസില്‍ നിന്ന് ഉദ്ധരിക്കാമോ?
നാട്ടിലെ യാഥാസ്ഥിക പുരോഹിത വിഭാഗത്തിന്റെ പള്ളിയില്‍ നടക്കുന്ന മൗലൂദ്, റാത്തീബ്, ഖുതുബിയ്യത്ത്, ബദ്‌രീങ്ങളുടെ ആണ്ട് തുടങ്ങിയ അനാചാര – ദുരാചാരങ്ങളില്‍ അതില്‍ നിന്ന് വിട്ട് നിന്നാല്‍ അവരെന്ത് വിചാരിക്കും എന്ന് വിചാരിച്ച് അതില്‍ പങ്കെടുക്കുമോ?
‘അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് ബിദ്അത്ത്’ എന്ന് ബിദ്അത്തിനെ നിര്‍വചിച്ച് ‘ബിദ്അത്ത് സുന്നത്തിന്റെ നിഷേധമാണ്’ എന്ന ലേഖനത്തില്‍ (പ്രബോധനം 5/2/2021) പറഞ്ഞതാണോ ഈ കുറിപ്പിന്റെ തുടക്കത്തില്‍ കൊടുത്ത ജനങ്ങള്‍ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് ബിദ്അത്ത് ചെയ്യുക തന്നെയാണ് വേണ്ടത് എന്ന ആശയത്തെ ദുര്‍ബോധനം ചെയ്യുന്ന ലേഖനത്തിലെ വരികളാണോ ഏതാണ് ജമാഅത്തിന്റെ ആദര്‍ശം? സംശയമില്ല ബിദ്അത്തുകളെ ശാഖാപരമായി കണ്ട് അവയോട് സഹകരണാത്മക സമീപനം സ്വീകരിക്കണം എന്നത് തന്നെ. അതിലേക്ക് അടിവരയിടുന്ന ജമാഅത്ത് വാരികയില്‍ തന്നെ വന്ന ഒരു വാചകം ഇപ്രകാരം:
‘ശാഖാപരമായ വിഷയങ്ങളില്‍ നാം തീവ്രനിലപാട് സ്വീകരിച്ചിരുന്നില്ല. സുന്നീ പള്ളികളില്‍ നാം നമസ്‌കരിക്കാന്‍ പോകും. അവര്‍ കൂട്ടുപ്രാര്‍ഥന നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കും. അവര്‍ ഖുനൂത്ത് ഓതുമ്പോള്‍ അതിലും പങ്കുചേരും. അങ്ങനെ ഒരു സമീപനം സ്വീകരിച്ചിരുന്നതിനാല്‍ അവര്‍ക്ക് നമ്മില്‍ നിന്ന് തീര്‍ത്തും അകന്നുനില്‍ക്കാനോ ബന്ധങ്ങള്‍ മുറിച്ചുകളയാനോ സാധിച്ചിരുന്നില്ല.'( പ്രബോധനം 2008 നവംബര്‍ 29 .കെ ടി യുടെ പ്രസ്ഥാന യാത്രകള്‍ എന്ന ലേഖനം)
2021 ലെ പ്രബോധന വാചകത്തോടൊപ്പം 2008 ലെ പ്രബോധന വാചകവും കൂടി ചേര്‍ത്തുവായിച്ചാല്‍ സുന്നത്തും ബിദ്അത്തും ജമാഅത്തെ ഇസ്‌ലാമി എന്ന പാര്‍ട്ടിക്ക് എത്രമേല്‍ ശാഖാപരവും അപ്രധാനവുമാണ് എന്ന് ഏതൊരാള്‍ക്കും നിഷ്പ്രയാസം വായിച്ചെടുക്കാം. അനുഭവങ്ങളും അങ്ങനെ തന്നെയാണല്ലോ!

Back to Top