ജമാഅത്തിന്റെ രാഷ്ട്രീയം – കെ പി എസ് ഫാറൂഖി
”രാജ്യത്തെ സംഘപരിവാറില്‍ നിന്ന് രക്ഷിക്കാന്‍ മതേതര മനസ്സുള്ള ജനങ്ങളോടൊപ്പം ചേര്‍ന്ന് ജനാധിപത്യ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ മുസ്‌ലിം സമൂഹം രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി.” (മാധ്യമം 15/01/2019)
ആരിഫലി സാഹിബ് എപ്പോഴും അങ്ങനെയാണ.് ശ്രദ്ധേയവും വ്യതിരിക്തവും നിര്‍മാണാത്മകവുമായ അഭിപ്രായങ്ങളും പ്രസ്താവനകളും വേണ്ട സമയത്ത് വേണ്ടവിധം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുള്ള അപൂര്‍വം ജമാഅത്ത് നേതാക്കളില്‍ ഒരാളാണദ്ദേഹം. മുമ്പ് 2007-ലെ ഒരു ഡിസംബറില്‍ കണ്ണൂരിലെ പ്രസ്‌ക്ലബ്ബില്‍ വന്ന് അദ്ദേഹം നടത്തിയ ഒരു പത്രസമ്മേളനത്തിലും പത്രക്കാരുടെ ഒരു ചോദ്യത്തിന് വളരെ പോസിറ്റീവായ മറുപടി പറഞ്ഞ് അദ്ദേഹം ശ്രദ്ധേയനായത് നമുക്കെല്ലാം അറിയാവുന്നതുമാണല്ലോ. അന്നദ്ദേഹം ജമാഅത്തിന്റെ കേരള അമീറായിരിക്കെ പറഞ്ഞത്, മൗദൂദിയുടെ ആശയങ്ങളല്ല ജമാഅത്തെ ഇസ്‌ലാമി പ്രാവര്‍ത്തികമാക്കുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നുമാണ്.
ഇപ്പോഴിതാ 12 വര്‍ഷത്തിന് ശേഷം അഖിലേന്ത്യാ നേതൃപദവിയിലിരുന്നുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ശക്തമായിത്തന്നെ ആഹ്വാനം ചെയ്യുന്നു അദ്ദേഹം! വളരെ സ്വാഗതാര്‍ഹമായ കാര്യം തന്നെയാണിത്. എന്നാല്‍ ചില അവ്യക്തതകള്‍ ആരിഫലി സാഹിബ് ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതാക്കള്‍ ക്ലിയര്‍ ചെയ്യേണ്ടതുണ്ട്. അവയില്‍ ചിലത് താഴെ സൂചിപ്പിക്കുന്നു: പ്രമുഖ ജനാധിപത്യ പാര്‍ട്ടികളില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുകയും സജീവമാകുകയും ചെയ്ത് മതേതര സര്‍ക്കാറിനെ രംഗത്ത് കൊണ്ടുവരിക എന്നത് തന്നെയാണോ ജമാഅത്ത് ഇത്തരം പ്രസ്താവനകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്? ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിക്കാതെ അരാഷ്ട്രീയവാദികളായി ആരും മാറിനില്‍ക്കരുത് എന്നും എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം എന്നും തന്നെയല്ലേ ഉദ്ദേശിക്കുന്നത്?
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ആഹ്വാനം ആത്മാര്‍ഥമായിട്ടാണെങ്കില്‍ ജമാഅത്ത് ചെയ്യേണ്ടത് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ഫാസിസ്റ്റ് ശക്തികള്‍ക്ക് കടന്നുവരാന്‍ വഴി എളുപ്പമാവുകയും ചെയ്യുന്ന പിന്തിരിപ്പന്‍ പ്രവര്‍ത്തന മാര്‍ഗത്തില്‍ നിന്ന് പിന്മാറുക എന്നതാണ്. വെല്‍ഫയര്‍ പാര്‍ട്ടി മുഖേന മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന പണി തുടര്‍ന്നുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് പറയുന്നത് തികഞ്ഞ ആത്മവഞ്ചനയാണെന്ന കാര്യം വ്യക്തമാണല്ലോ. പതിറ്റാണ്ടുകളോളം വോട്ടുപോലും ചെയ്യാതെ ജനാധിപത്യവ്യവസ്ഥയോട് മുഖം തിരിഞ്ഞുനിന്നവര്‍ അതിനെക്കാള്‍ ബുദ്ധിശൂന്യമായ പ്രതിലോമ നിലപാടുമായി വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കി ഇപ്പോള്‍ രംഗത്തുവരുന്നതിന്റെ പിന്നിലെ പാര്‍ട്ടി താല്പര്യം ജമാഅത്ത് പുന:പരിശോധിക്കണം.
ഇക്കാലമത്രയും, ഇപ്പോഴും ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം വരണമെന്ന ഉദ്ദേശത്തോടെയൊന്നുമല്ലാതെ ഇവിടുത്തെ ജനാധിപത്യ-മതേതരത്വ ശക്തികള്‍ക്ക് വോട്ടു ചെയ്യുകയും അത്തരം രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് രാജ്യസേവനം ചെയ്യുകയും ചെയ്യുന്ന ജമാഅത്തേതര മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കുചേര്‍ക്കുകയാണെന്ന പഴയ വാദം ജമാഅത്തിന് ഇപ്പോഴുമുണ്ടോ എന്ന കാര്യവും അവര്‍ വ്യക്തമാക്കണം. ഇവിടത്തെ മറ്റ് ജനാധിപത്യ-മതേതരത്വ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിക രാഷ്ട്രവ്യവസ്ഥയുടെ സംസ്ഥാപനത്തിന് വ്യത്യസ്തമായ എന്ത് സംഭാവനകളാണ് ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി നിര്‍വഹിക്കുന്നത് എന്ന് ജമാഅത്ത് വ്യക്തമാക്കണം. ഇത്തരം വ്യക്തതകള്‍ വരുത്തിയിട്ടായിരിക്കണം ജമാഅത്ത് നേതാക്കള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യേണ്ടത്. അല്ലെങ്കില്‍ കലങ്ങിയ വെള്ളത്തില്‍ നിന്ന് എന്തുതരം മീനിനെയാണ് പിടിക്കുക എന്നെങ്കിലും ജമാഅത്ത് വ്യക്തമാക്കണം!